ആത്മഹത്യ ചെയ്യാൻ തുനിഞ്ഞയാളെ ജീവിതത്തിലേക്ക് തിരികെ വിളിച്ച് പോലീസുകാർ…

കടപ്പാട് – Jeneesh cheraampilly.

ജീവിതത്തില്‍ ഏതെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ ആരോ നിയോഗിച്ചവരെ പോലെ നമ്മുടെ രക്ഷകരായി ചിലര്‍ വരും. അവരെ നമ്മള്‍ ദൈവതുല്ല്യരായിട്ടോ ചിലപ്പോ ദൈവമായിട്ട് തന്നെയാകും കണക്കാക്കുക.

ഈ കഴിഞ്ഞ 20ാം തിയതി കളമശ്ശേരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ Saju Raghuraman ഉം സല്‍മാനും റോമിയോ പട്രോളിങ് ഡ്യൂട്ടിക്കിടെ മദ്യപിച്ച് വാഹനമോടിച്ച് വന്ന ആലുവ കുന്നത്തേരി സ്വദേശിയായൊരു മധ്യവയസ്ക്കനെ പിടിച്ചു സ്റ്റേഷനിലെത്തിച്ചു. സാധാരണ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പോലെയല്ലാതെ എന്തോ ഒളിച്ച് വെച്ച് സംസാരിക്കുന്ന പോലെ തോന്നിയപ്പോള്‍ അവരും അന്നത്തെ GD ചാര്‍ജ് ഉദ്യോഗസ്ഥന്‍ ASI ഫൈസല്‍ സാറും സൗഹൃദത്തോടെ ചോദിച്ചപ്പോള്‍ അദ്ദേഹം യഥാര്‍ത്ഥ സംഭവം തന്നെ പറഞ്ഞു.

അന്ന് വീട്ടില്‍ വെച്ച് ചെറിയ മദ്യ ലഹരിയില്‍ മകനുമായി എന്തോ നിസാര കാര്യത്തിന് വഴക്കിട്ടതിന്‍റെ അവനോട് കുടുംബത്ത് നിന്ന് ഇറങ്ങി പോകാന്‍ പറഞ്ഞു . ആ ദേഷ്യത്തില്‍ മകനും കുടുംബവും വീട്ടില്‍ നിന്ന് ഇറങ്ങിപോകാനുളള ഒരുക്കം നടത്തുന്നതിനിടയില്‍ ഇദ്ദേഹം ടൂവീലര്‍ എടുത്ത് നേരെ പോയത് ബീവറേജിലേക്കാണ്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അറംപറ്റിയതു പോലാകുന്നത് കണ്ട വിഷമത്തില്‍ മദ്യം വാങ്ങി വീട്ടിലെത്തി മൂക്കറ്റം മദ്യപിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു അയാളുടെ ഉദ്ദേശം.

കാര്യങ്ങളെല്ലാം മനസ്സിലായപ്പോള്‍ അയാളെ അടുത്തൊരു സുഹൃത്തിനെ പോലെ കണ്ട് ഉപദേശിച്ചപ്പോള്‍ നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം കേട്ടിരുന്നു. പിന്നീട് മകനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ചെറുതായിട്ട് പറഞ്ഞു. അപ്പോ തന്നെ മകന്‍ സ്റ്റേഷനിലേക്ക് പാഞ്ഞു വന്നു. നിറ കണ്ണുകളോടെ രണ്ടു പേരും പരസ്പരം കൈപിടിച്ച കാഴ്ച സ്റ്റേഷനില്‍ ആ സമയത്തുണ്ടായ എല്ലാവരുടേയും കണ്ണുകള്‍ നിറച്ചിരുന്നു. ഈ സമയം വേറൊരു ഡ്യൂട്ടിക്കായി പുറത്ത് പോയതിനാല്‍ സജുവിനേയും സല്‍മാനേയും കാണാന്‍ പറ്റാത്തതിനാല്‍ അടുത്ത ദിവസം അവരെ കാണാന്‍ ഞങ്ങള്‍ വരുമെന്ന് പറഞ്ഞു സ്റ്റേഷനിലെ നടപടിക്രമങ്ങൾ എല്ലാം തീര്‍ത്ത് അവര്‍ വീട്ടിലേക്ക് യാത്രയായി .

പറഞ്ഞ് പോയത് പോലെ പിറ്റേന്ന് അവര്‍ രണ്ടു പേരും ഇവരെ കാണാന്‍ സ്റ്റേഷനില്‍ വന്നു. പക്ഷേ അവര്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയത് കൊണ്ട് അവരെ കാണാന്‍ സാധിച്ചില്ല . എന്നാലും ആ സമയം പാറാവ് ഡ്യൂട്ടിയിലുണ്ടായ ജിജു സാറിന്‍റെ കൈയ്യില്‍ നിന്ന് അവരുടെ മൊബൈല്‍ നമ്പര്‍ വാങ്ങി അവിടെ നിന്ന് തന്നെ വിളിച്ച് നന്ദി പറഞ്ഞാണ് അവര്‍ മടങ്ങിയത്.

ഒരു സാധാരണ കേസ് പോലെ കണ്ട് അന്നയാളെ അവര്‍ പറഞ്ഞ് വിട്ടിരുന്നെങ്കില്‍ ഈ കാണുന്ന സന്തോഷം അവരുടെ കുടുംബത്തില്‍ ഇനിയൊരിക്കലും ഉണ്ടാകില്ലായിരുന്നു. പോലീസിന്‍റെ കുറ്റം മാത്രം ചികഞ്ഞു നടക്കുന്ന ചിലരുണ്ട്. അവരോടൊക്കെ മാത്രം പറയുകയാണ് അറിയപ്പെടാതെ പോകുന്ന ഇത്തരം സംഭവങ്ങള്‍ ഓരോ പോലീസുകാരന്‍റെ ഔദ്യോഗിക ജീവിതത്തില്‍ ഒത്തിരിയുണ്ടാകും. കുറ്റങ്ങള്‍ മാത്രം കണ്ടെത്തി കഥയെഴുതുമ്പോള്‍ കേള്‍ക്കുന്ന മോശം വിളികളില്‍ ഓരോ പോലീസുകാരന്‍റേയും മനസ്സ് തളരാതിരിക്കുന്നത് അത്തരത്തിലുളള ഒത്തിരി പേരുടെ മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനകള്‍ ഒന്നു കൊണ്ട് മാത്രം ആയിരിക്കണം.