കർണാടക ആർടിസിയ്ക്കു പകരം കേരള ആർടിസിയുടെ ചിത്രം; ന്യൂസ് പേജിൽ പൊങ്കാല…

കെഎസ്ആർടിസി എന്ന പേരിനെച്ചൊല്ലി തർക്കങ്ങൾ ഉണ്ടെങ്കിലും നിലവിൽ കേരള – കർണാടക സംസ്ഥാനങ്ങളുടെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളും ആ പേര് ഉപയോഗിക്കുന്നുണ്ട്. ഇതുമൂലം വാർത്തകൾ കൊടുക്കുമ്പോൾ ബസ്സുകളുടെ ചിത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ചില ന്യൂസ് ചാനലുകൾക്ക് മാറിപ്പോകാറുണ്ട്. അത്തരത്തിൽ ചിത്രം മാറിപ്പോയതുകൊണ്ട് അമളിപറ്റിയിരിക്കുകയാണ് Real News Kerala എന്ന ഓൺലൈൻ ന്യൂസ് പേജിന്.

Real News Kerala യുടെ റിപ്പോർട്ടിംഗ് പ്രകാരം സംഭവം ഇങ്ങനെ – “ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ആദൂരിനും മുള്ളേരിയക്ക് ഇടയിൽ തിങ്കളാഴ്ച രാവിലെ 7.10 മണിയോടെയാണ് സംഭവം. അഡൂരില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കര്‍ണാടക എസ്ആർടിസി ബസാണ് അപകടത്തില്‍പെട്ടത്.

ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. മുന്‍ഭാഗത്തെ ഒരു ടയറാണ് ഊരിത്തെറിച്ചത്. ഇതേതുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിലെ സൂചന ബോര്‍ഡില്‍ ഇടിച്ച ശേഷം 12 മീറ്ററോളം മുന്നോട്ടുപോയി റോഡില്‍ ഉരഞ്ഞു നില്‍ക്കുകയായിരുന്നു. ടയര്‍ താഴെ കുഴിയിലേക്ക് പതിച്ചു. റോഡിന്റെ ഒരു വശത്ത് 20 മീറ്ററോളം താഴ്ചയുള്ള വലിയ കുഴിയാണ്. ബസ് ഈ ഭാഗത്തേക്ക് നീങ്ങാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.”

സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത് കർണാടക ആർടിസിയുടെ ബസ് ആണെങ്കിലും ന്യൂസ് പേജ് അഡ്‌മിൻ ബസ്സിന്റെ ചിത്രത്തിനായി ഗൂഗിളിലോ മറ്റോ തപ്പിയപ്പോൾ കിട്ടിയതാകട്ടെ, കേരള ആർടിസിയുടെ ഒരു സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ ചിത്രവും. ‘കേരള ആർടിസി ഏതാ? കർണാടക ആർടിസി ഏതാ?’ എന്നറിയാത്ത അയാൾ ഈ വാർത്തയ്ക്ക് കേരള ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ ചിത്രം അങ്ങ് പോസ്റ്റ് ചെയ്തു.

വാർത്ത ആനവണ്ടി പ്രേമികളിലാരുടെയോ ശ്രദ്ധയിൽപ്പെട്ടതോടെ അത് കെഎസ്ആർടിസി ഫാൻസിനിടയിൽ ചർച്ചാവിഷയമായി. പിന്നെയങ്ങോട്ട് തെറ്റായ ചിത്രം നൽകി ന്യൂസ് പോസ്റ്റ് ചെയ്ത ചാനലിനെതിരെയുള്ള രോഷപ്രകടനമായിരുന്നു കണ്ടത്. Real News Kerala യുടെ ഫേസ്‌ബുക്ക് പേജിൽ ആനവണ്ടിപ്രേമികൾ ഉൾപ്പെടെയുള്ളവർ പൊങ്കാലയിടുകയാണ്. അതിനിടയ്ക്ക് ചാനലിന്റെ ടെലഫോൺ നമ്പർ ഒപ്പിച്ച് നേരിട്ടു വിളിച്ച് പൊങ്കാല അർപ്പിച്ച വിരുതന്മാരുമുണ്ട് കൂട്ടത്തിൽ.

മറ്റു സംസ്ഥാനങ്ങളിലുള്ള ന്യൂസ് പോർട്ടലിൽ ആയിരുന്നു ഇത്തരം തെറ്റുകൾ സംഭവിച്ചിരുന്നതെങ്കിൽ അത് പിന്നെയും ന്യായീകരിക്കാമായിരുന്നു. എന്നാൽ ഒരു മലയാളം ന്യൂസ് പോർട്ടൽ ഇത്തരത്തിലുള്ള വലിയൊരു തെറ്റ് ചെയ്തതാണ് എല്ലാവരെയും രോഷം കൊള്ളിച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് വാർത്ത നൽകിയ ന്യൂസ് പേജ്.

മാസങ്ങൾക്ക് മുൻപ് ഇത്തരത്തിൽ ചിത്രം മാറി നൽകിയതിനെത്തുടർന്ന് പ്രമുഖ മാധ്യമമായ ‘ഡെക്കാൻ ക്രോണിക്കിൾ’ ഇതേ പ്രതിഷേധത്തിനിരയായി, അവസാനം ചിത്രം നീക്കം ചെയ്തിരുന്നു. എന്തായാലും ചിത്രം നീക്കി, മാപ്പു പറയുന്നത് വരെ പൊങ്കാല തുടരുമെന്നാണ് ആനവണ്ടി പ്രേമികളും, യാത്രക്കാരുടെ കൂട്ടായ്മകളുമൊക്കെ പറയുന്നത്. അല്ലാത്തപക്ഷം കെഎസ്ആർടിസിയുടെ ശ്രദ്ധയിൽപ്പെടുത്തി നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.