റോഡിലെ കുഴിയിൽ അത്തപ്പൂക്കളമിടുന്ന പെൺകുട്ടി; വ്യത്യസ്തമായ ഒരു പ്രതിഷേധം

മഴക്കാലമായാൽ കേരളത്തിലെ റോഡുകളിൽ പലതും കുഴികൾ കൊണ്ട് നിറയാറുണ്ട്. അതിൽ എടുത്തു പറയേണ്ട ഒരു സ്ഥലമാണ് എറണാകുളം നഗരം. പേരിന്റെ തനിമ നിലനിർത്തുന്നതിനായാണോ എന്തോ, എറണാകുളം മഴക്കാലത്ത് എന്നും ‘കുള’മായിരിക്കും. ഇത്തവണ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഡുകൾ കുണ്ടും കുഴിയും നിറഞ്ഞു സഞ്ചരിക്കുന്നവർക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്.

ധാരാളമാളുകൾക്കാണ് ദിനംപ്രതി റോഡുകളിലെ കുഴികളിൽ വീണു പരിക്കേൽക്കുന്നത്. പ്രത്യേകിച്ചും ഇരുചക്രവാഹന യാത്രക്കാർ. നിരവധിയാളുകൾ പല രീതിയിൽ പ്രതിഷേധങ്ങൾ നടത്തിയിട്ടും വേണ്ടപ്പെട്ട അധികാരികൾക്ക് യാതൊരു കുലുക്കവുമില്ല താനും. അടുത്തിടെ റോഡിലെ കുഴിയിൽ വീണു പരിക്ക് പറ്റിയ യുവാവ് അവിടെയിരുന്നു തന്നെ പ്രതിഷേധിക്കുന്ന ചിത്രവും വൈറലായിരുന്നു. പ്രതിഷേധങ്ങൾ കനത്ത രീതിയിൽത്തന്നെ നടന്നുകൊണ്ടിരിക്കുന്ന ഈ വേളയിൽ വേറിട്ട, കൗതുകകരമായ ഒരു പ്രതിഷേധമാണ് ജനശ്രദ്ധയാകർഷിക്കുന്നത്.

റോഡിലെ കുഴിയിൽ അത്തപ്പൂക്കളമിട്ടുകൊണ്ട് ഓണത്തെ വരവേൽക്കുന്ന പെൺകുട്ടി… എറണാകുളം പനമ്പിള്ളി നഗറിലെ കുഴിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഈ ഫോട്ടോഷൂട്ട് അരങ്ങേറിയത്. റോഡിൽ പൂ ‘കുളം’ എന്ന തലക്കെട്ടോടെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഈ ചിത്രം അനേകമാളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. അനുലാൽ വി. എന്ന ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണുകളാണ് മനോഹരമായ ഈ ദൃശ്യം പകർത്തി നമുക്ക് മുന്നിലെത്തിച്ചത്. നിയ ശങ്കരത്തിൽ എന്ന യുവ മോഡലാണ് ഈ ചിത്രത്തിൽ പൂക്കളമിടുന്നത്. മൂന്ന് വര്‍ഷത്തോളമായി മോഡലിങ് രംഗത്ത് ശ്രദ്ധേയമാണ് നിയ. രണ്ട് തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ഓണക്കാലമായതിനാൽ ഇന്ന് പലവിധത്തിലുള്ള ഓണച്ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം തികച്ചും വേറിട്ട സ്വഭാവം പുലര്‍ത്തുന്നതാണ് ഈ ചിത്രം. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ മനോഹരമായ ഒരു ഫോട്ടോഷൂട്ടിലൂടെ വ്യത്യസ്തമായ രീതിയില്‍ അധികാരികള്‍ക്കു മുന്നിലെത്തിക്കുക എന്നതായിരുന്നു ഇതിന്റെ അണിയറപ്രവർത്തകരുടെ ലക്ഷ്യവും. വിചാരിച്ചതിലും അപ്പുറമാണ് ഈ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ച സ്വീകരണവും, പ്രതികരണങ്ങളും.

ജില്ലയിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ രണ്ടാഴ്ചയ്ക്കകം നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടറുടെ കര്‍ശന നിര്‍ദേശം. റോഡുകള്‍ നന്നാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള 45 റോഡുകളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താനായി കണ്ടെത്തിയിട്ടുള്ളത്.

കലൂര്‍-പാലാരിവട്ടം റോഡ്, കലൂര്‍-പാലാരിവട്ടം റോഡ്, കലൂര്‍-കത്രിക്കടവ് റോഡ്, കാരണക്കോടം-കത്രിക്കടവ്, തമ്മനം റോഡ്, പാലാരിവട്ടം ബൈപ്പാസ് ജംക്ഷന്‍ റോഡ്, കാക്കനാട്-പാലാരിവട്ടം റോഡ്, ഇടപ്പള്ളി-ചേരാനെല്ലൂര്‍ റോഡ്, ഇടപ്പള്ളി-കളമശേരി റോഡ്, വൈറ്റില-കുണ്ടന്നൂര്‍ റോഡ്, വൈറ്റില-പൊന്നുരുന്നി റോഡ്, കട്ടക്കാര റോഡ്, കത്രിക്കടവ്-പൊന്നുരുന്നി റോഡ്, പുല്ലേപ്പടി റോഡ്, കലൂര്‍-പൊറ്റക്കുഴി റോഡ്, അരൂര്‍-വൈറ്റില റോഡ്, മരട്-കുണ്ടന്നൂര്‍ റോഡ്, മരട്-പേട്ട റോഡ്, ചമ്പക്കര-പേട്ട റോഡ്, കെആര്‍എല്‍ റോഡ്, സീപോര്‍ട്ട്-എയര്‍ പോര്‍ട്ട് റോഡ്, കരിങ്ങാച്ചിറ-തിരുവാങ്കുളം റോഡ്, കരിങ്ങാച്ചിറ-ചോറ്റാനിക്കര റോഡ്, മിനി ബൈപ്പാസ് റോഡ്, വൈക്കം-പൂത്തോട്ട റോഡ്, എറണാകുളം-വൈപ്പിന്‍ റോഡ്, ബോള്‍ഗാട്ടി-എറണാകുളം റോഡ്, പണ്ഡിറ്റ് കറുപ്പന്‍ റോഡ്, തേവര-വെണ്ടുരുത്തി റോഡ്, വളഞ്ഞമ്പലം-രവിപുരം റോഡ്, കെഎസ്ആര്‍ടിസി-കത്രിക്കടവ് റോഡ്, ജിസിഡിഎ ഗാന്ധിനഗര്‍ റോഡ്, കെ.കെ. റോഡ്- കുമാരനാശാന്‍ ജംക്ഷന്‍, ഓള്‍ഡ് തേവര- ഫോര്‍ഷോര്‍ റോഡ്, ഇടക്കൊച്ചി-പാമ്പായിമൂല റോഡ് എന്നീ റോഡുകളിലെ വിവിധ ഭാഗങ്ങളാണ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ, ചിത്രം – അനുലാൽ വി., മോഡൽ – നിയ ശങ്കരത്തിൽ.