ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടി വനത്തിലേക്ക്

വിവരണം – അരുൺ കളപ്പില.

ശ്വാസം അടക്കിപ്പിടിച്ചനുഭവിച്ച അതി കഠിനമായൊരു വനയാത്രയാണിത്. ആനച്ചൂരിൽ, ഇരുണ്ട കാട്ടിലൂടെ കടന്നുപോകുമ്പോൾ നാമറിയാതെ അനുഭവിക്കുന്ന ഒരു ലഹരിയുണ്ട്. അതാണീ യാത്രയുടെ ജീവൻ.

കാടിനെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റേയും ആഗ്രഹമാണ്, കാടിനെ നോവിക്കാതെ നിശബ്ദമായി മരങ്ങളെ, പക്ഷികളെ, മൃഗങ്ങളെ ഒക്കെ കണ്ടു നടക്കുക എന്നത്.അപൂർവമായാണ് അത്തരം ഭാഗ്യങ്ങൾ നമ്മെ തേടിയെത്തുക. അത്തരമൊരു ഭാഗ്യം ഒരിക്കൽ ലഭിച്ചിരുന്നു. ട്രൈബൽ കോളനിയിലെ സന്നദ്ധപ്രവർത്തനങ്ങൾക്കായി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ പെർമിഷനോടെ കുട്ടമ്പുഴ ജനമൈത്രി പോലീസിനൊപ്പം പൂയംകുട്ടിയിലേക്ക് ഒരു യാത്ര.

ആ യാത്രയിൽ കണ്ടത് മുഴുവൻ കാടും അതിനുള്ളിലെ ജീവിതവുമാണ്. ഈ നിബിഢവനമേഖലയ്ക്കുള്ളിൽ മുതുവാൻ സമുദായത്തിൽപ്പെട്ട നിരവധി ആദിവാസി ഊരുകൾ കാണാം. അവിടേയ്ക്കുള്ള ഫോർവീൽ ജീപ്പ് യാത്ര അതിമനോഹരമായൊരു കാടനുഭവമാണ്. വഴികളില്ലാത്ത കാട്ടിലൂടെ, മുമ്പെങ്ങോ ചക്രങ്ങൾ ഉരുണ്ട അടയാളങ്ങളിലൂടെ ഫോർവീൽ ജീപ്പ് ഓടിച്ചുകയറ്റുന്ന സി പി ഓ അഭിലാഷ് സാറിനെ നമിക്കാതെ വയ്യ..!! വേറൊരാൾക്കും ഇത്ര ആത്മവിശ്വാസത്തോടെ ഇവിടെ വണ്ടിയോടിക്കാൻ കഴിയില്ല.

കുട്ടമ്പുഴ സ്റ്റേഷനിലെ ജനമൈത്രി പോലീസ്, ഊരുകളിലെ ക്ഷേമാന്വേഷണത്തിന്റെ ഭാഗമായി ഇടയ്ക്കിടെ ഇങ്ങനെ കാടിനുള്ളിലേക്ക് യാത്ര ചെയ്യാറുണ്ട്. കാടും നാടും പൂയംകുട്ടിയാറിന്റെ ഇരുവശത്തുമായി മുഖാമുഖം നിൽക്കുന്ന കടവാണ് ബ്ലാവന. മ്ലാവന എന്നായിരുന്നത്രേ പണ്ട് ഈ കടവിന്റെ പേര്. മ്ലാവ് പുഴനീന്തികടന്നു നാട്ടിലിറങ്ങിയ ഇടമായിരുന്നതിനാലാണ്
അങ്ങനെയൊരു പേര് ലഭിച്ചത്. കാലപ്പഴക്കത്തിൽ മ്ലാവന ബ്ലാവനയായി രൂപപ്പെട്ടു.

രണ്ടു വലിയവള്ളങ്ങൾ കൂട്ടിക്കെട്ടിയ താൽക്കാലിക ജങ്കാർ സംവിധാനത്തിലാണ് ജീപ്പ് പുഴ കടത്തുക. പുഴക്കയ്ക്കരെ കാട് തുടങ്ങുന്നു. കടവിറങ്ങിയപ്പോൾ വന്യതയും നിഗൂഢതയും നിഴലിച്ചു നിൽക്കുന്ന വനത്തിന്റെ കവാടമായി ഫോറസ്റ് വക ചെക്പോസ്റ്റ്. കടത്തിന് കൂക്കിവിളിക്കുന്ന ദൂരത്തിലെവിടെയെങ്കിലും വള്ളക്കാരനുണ്ടാകും. ഇടവിട്ട് യാത്രക്കാരുണ്ടിവിടെ.
വനത്തിനുള്ളിൽ അഞ്ചുകിലോമീറ്റർ അകലെ കല്ലേലിമേട്ടിൽ തദ്ദേശീയരായ ചില കർഷകകുടുംബങ്ങൾ
താമസിച്ചു വരുന്നു.

റേഷൻകടയും പലചരക്കുകടയും സഹജന്റെ ചായക്കടയും ചേരുന്നതാണ് കല്ലേലിമേട് ജംഗ്ഷൻ. ഇവിടെ റോഡ് രണ്ടായി തിരിയുന്നു. ഇടത്തേക്കുള്ളത് തലവെച്ചപ്പാറ, തേര എന്നീ രണ്ടു കുടികളിലേക്കുള്ളതാണ്. വലത്തേക്കുള്ളത് കുഞ്ചിപ്പാറ വഴി വാര്യത്തേക്കും. വാര്യത്തിനടുത്ത് മീൻകുളം, ഉറിയൻപെട്ടി എന്നീ ആദിവാസി ഊരുകൾ കൂടിയുണ്ട്. കാടിനുള്ളിലെ മുഴുവൻ ആദിവാസി കുടുംബങ്ങളിലേക്കുമുള്ള റേഷൻ സാധനങ്ങൾ എത്തിക്കുന്നത് കല്ലേലിമേട്ടിലെ റേഷൻകടയിലാണ്. അതുകൊണ്ടുതന്നെ വനത്തിനുള്ളിലെ അത്യാവശ്യ വ്യാപാരകേന്ദ്രമായി
ഇതറിയപ്പെടുന്നു.

തദ്ദേശീയരായ ഗ്രാമീണർ കൃഷിയും പശുവളർത്തലും ചെറിയ കച്ചവടങ്ങളുമായി കഴിഞ്ഞുകൂടുന്നു. പാതയോരത്ത് ചെറിയ കോൺക്രീറ്റ് വീടുകൾ. വീടിനുചുറ്റും കാപ്പി, കുരുമുളക്,റബ്ബർ കൂടാതെ ചെറുവിളകളും കൃഷിചെയ്തുവരുന്നു. ഇടയ്ക്കൊക്കെ ആനയും കാട്ടുപന്നികളും വിളകൾ നശിപ്പിക്കുന്നതാണ് ഇവരുടെ കാർഷികജീവിതം നേരിടുന്ന പ്രധാന വെല്ലുവിളി. കല്ലേലിമേട്ടിൽ നിന്നും മൂന്നുകിലോമീറ്റർ അകലെയാണ് കുഞ്ചിപ്പാറ കോളനി. കല്ലേലിമേട്ടിൽ നിന്നാണ് കാട് അതിന്റെ നിഗൂഢതയും വന്യതയുമായി പുറത്തേക്ക് വരുന്നത്.

സ്വാമിക്കുത്ത് കഴിഞ്ഞാൽ ആനച്ചൂരിന്റെ ഗന്ധമുള്ള വഴികൾ. വഴികൾക്കിരുവശവും ഇലപ്പടർപ്പുകൾക്കിടയിൽ തലപൊക്കിനോക്കുന്ന മാൻകൂട്ടങ്ങൾ, മ്ലാവ്, മരക്കൊമ്പിൽ കുരങ്ങുകൾ, പക്ഷികൾ.. മരങ്ങളുടെ നിഴലുകൾക്കിടയിൽ പുള്ളിപ്പുലികളോ, കടുവകളോ വരെ കണ്ടേക്കാം. മറ്റിടങ്ങളിലെപ്പോലെതന്നെ മുതുവാൻ സമുദായത്തിൽപ്പെട്ട കുടുംബങ്ങളാണ് കുഞ്ചിപ്പാറയിലും താമസിക്കുന്നത്.

ഈ മേഖലയിലെ ഏകാദ്ധ്യാപക വിദ്യാലയം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. എട്ടുവർഷം മുമ്പ് സ്കൂൾ കഴിഞ്ഞ് കാടിറങ്ങിയ അധ്യാപികയെ കുഞ്ചിപ്പാറയ്ക്കും കല്ലേലിമേട്ടിനും ഇടയിലുള്ള നടവഴിയിൽ വെച്ച് ഒറ്റയാൻ കുത്തിക്കൊലപ്പെടുത്തിയിരുന്നു. മരിച്ചുപോയ ടീച്ചറിന് പകരം ബ്ലാവനയിലുള്ള മറ്റൊരു അദ്ധ്യാപികയാണിപ്പോൾ ജീവൻ പണയപ്പെടുത്തി നിരന്തരം കാടുകയറുന്നത്. ആനയും കടുവയും പുലിയുമൊക്കെ ഉൾപ്പെടുന്ന വനമേഖലയിലെ കാട്ടുപാതയിലൂടെ
ആദിവാസികുട്ടികൾക്ക് വേണ്ടി യാത്രചെയ്യുകയാണവർ.

കുഞ്ചിപ്പാറയിൽ നിന്നും എട്ടുകിലോമീറ്റർ അകലെയാണ് വാര്യംകുടി. ശൂലമുടിയ്ക് താഴെയാണത്. കാടിനോട് മല്ലിട്ട് അത്യാവശ്യം കൃഷിചെയ്ത് ഉപജീവനം കഴിക്കുന്ന ജനതയാണിവിടെ. ദൈനംദിനജീവിതത്തിന് ആവശ്യമായത് കൃഷിയിലൂടെയും മറ്റു വനവിഭവങ്ങൾ ശേഖരിച്ചും കണ്ടെത്തുന്നു. കുടിയ്ക്ക് ചുറ്റും ചെറിയ തോതിൽ കൃഷി നടത്തിയിരിക്കുന്നു. കരനെല്ല് കൊയ്ത്തിന് പാകമായി കിടക്കുന്നു. ചെറിയ ചെറിയ കാപ്പിത്തോട്ടങ്ങൾ. അതിനുചുറ്റും മരച്ചില്ലയിൽ ഏറുമാടങ്ങൾ. അതിരുകടന്നെത്തുന്ന കൊമ്പന്മാരേയും കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളേയും പാട്ടകൊട്ടി തുരത്തുന്നത് ശ്രമകരമായ ജോലിയാണ്.

കുടിയിൽ കുട്ടികൾക്കായി കട്ടകെട്ടി നിർമിച്ച അംഗൻവാടി കെട്ടിടം കാണാം. വീടുകൾ മുഴുവൻ മറ്റിടങ്ങളിലെ പോലെ മൺകട്ടകൊണ്ട് നിർമ്മിച്ച് പുല്ലോ തകരഷീറ്റോ കൊണ്ട് മേഞ്ഞതു തന്നെ. കുടികളിലേക്കാവശ്യമായതൊക്കെ പുറമെ നിന്നും എത്തുന്നുണ്ടെങ്കിലും ആദിവാസി ജീവിതങ്ങൾ എത്രയോ കാലം പിന്നിലാണ്. ഏതു കാലാവസ്ഥയിലും കാടിനൊപ്പം ജീവിക്കാനാണവർ ആഗ്രഹിക്കുന്നത്.

കുട്ടമ്പുഴ പോലീസ് സ്റ്റേഷന്റെ പരിധിയിൽ പെടുന്നതിനാൽ ജനമൈത്രി പോലീസ് കൃത്യമായി കുടികളിലെത്തി വിവരങ്ങൾ ആരായുന്നുണ്ട്. അവരുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ചോദിച്ചറിയുന്നു. നിരന്തരമായ ഇത്തരം അന്വേഷണങ്ങളും പുറമെ നിന്നുള്ള സഹായങ്ങളുമാണ് അവർക്കാവശ്യം. ചുറ്റിലും കൂടിയ ഓരോ കണ്ണുകളിലും അതിന്റെ തിളക്കമുണ്ട്.

വാര്യംകുടിയിൽ നിന്നാണ് മഞ്ചണന്റെ കഥകേട്ടത്. മുതുവാൻ സമുദായത്തിൽ നിന്നും കാടിനോട് മല്ലിട്ട് വളർന്നുവന്ന കൃഷിക്കാരനാണയാൾ. കൃഷിചെയ്ത് സമ്പാദിച്ച പണമുണ്ടെങ്കിലും വാര്യത്തുനിന്നും അഞ്ചുകിലോമീറ്റർ അകലെയുള്ള കൊടുംകാട്ടിൽ മാപ്പിളപ്പാറ കുടിയിലെ പുല്ലുമേഞ്ഞ ചെറിയ വീട്ടിലാണ് മഞ്ചണന്റെ താമസം. വനത്തിനുള്ളിലെ നാല്പതേക്കറോളം വരുന്ന കൃഷിഭൂമിയിൽ കാപ്പിയും കുരുമുളകും ഏലവുമൊക്കെ കൃഷിചെയ്ത് വിളവെടുത്ത് വെയിലിൽ ഉണക്കി തലച്ചുമടായി കോതമംഗലത്തെയോ അടിമാലിയിലെയോ സുഗന്ധവ്യഞ്ജന മാർക്കറ്റിൽ കൃത്യമായെത്തുന്ന കർഷകനാണയാൾ. പതുക്കെ പതുക്കെ പണം സ്വരുക്കൂട്ടി ഒരിക്കൽ അയാൾ ഒരു ജീപ്പ് വാങ്ങി. മഞ്ചണന്റെ ജീപ്പ് വന്നതിൽ പിന്നെ കുടിയിലേക്ക് ചെറിയൊരു ജീപ്പ് പാത രൂപപ്പെട്ടു. ഇവിടേക്കുള്ള എല്ലാ റേഷൻ സാധനങ്ങളും പതിനേഴ് കിലോമീറ്റർ അകലെയുള്ള കല്ലേലിമേട്ടിൽ നിന്നും ഈ ജീപ്പിൽ എത്തിക്കുന്നു.

മാപ്പിളപ്പാറക്കുടിയിൽ നിന്നുള്ള മടക്കയാത്രയിൽ കുന്നിൻ നെറുകയിൽ പുൽമേട്ടിൽ അൽപനേരം കാറ്റുകൊണ്ട് നിന്നു. തൊട്ടുമുന്നിൽ മഞ്ഞുപൊതിഞ്ഞ് ശൂലമുടി തലയുയർത്തി നിൽക്കുന്നു. മനോഹരമാണ് പുൽമേട്ടിലെ കാഴ്ച. ചുറ്റിലും പരന്നുകിടക്കുന്ന താഴ്വരകൾക്കപ്പുറം ഒരുപാട് ദൂരെ, എത്രയെത്ര പട്ടണങ്ങളുടെ വെളിച്ചങ്ങൾ. വടക്കുകിഴക്കേ മലനിരയിൽ വെട്ടിത്തിളങ്ങുന്ന പട്ടണം വാൽപ്പാറയാണെന്ന് സി പി ഓ അനുരാജ് മാഷിന്റെ സാക്ഷ്യപ്പെടുത്തലും ജോളി സാറിന്റെ പിന്താങ്ങലും.

തെക്കുകിഴക്ക് ഉറിയൻപെട്ടിയ്ക്കപ്പുറം മൂന്നാർ. പടിഞ്ഞാറേ ചെരുവിലെ തിളക്കമുള്ള വെളിച്ചങ്ങൾ നെടുമ്പാശ്ശേരി എയർപോർട്ടാണത്രെ. ഇരുളിനൊപ്പം താഴ്വരയിൽ നിന്നും ചൂളംവിളിച്ചെത്തുന്ന തണുത്ത കാറ്റ് ശരീരത്തെ പൊതിയുന്നു. കടലുപോലെ ചുറ്റിലും പരന്നുകിടക്കുന്ന കാഴ്ചകൾ ശൂലമുടിക്കൊപ്പം വലുതാകുന്നു. കാടിനുള്ളിലെ ചെറുവഴികൾ താണ്ടി ജീപ്പ് താഴേക്കിറങ്ങുമ്പോൾ ഉള്ളുനിറയെ ആദിവാസികളുടെ ജീവിതമായിരുന്നു.

പറിച്ചുമാറ്റാൻ കഴിയാത്തവിധം കാടിനുള്ളിൽ പൊരുത്തപ്പെട്ടുപോയ ജീവിതമാണ് അവരുടേത്. കാടിനുള്ളിൽ സുഖമായി ജീവിക്കാനുള്ള വഴികൾ മാത്രമാണവർ നിരന്തരം തേടുന്നത്. കാടിനോട് പൊരുത്തപ്പെടുന്ന സുരക്ഷിതമായ വീട്, ഭക്ഷണം, മറ്റത്യാവശ്യങ്ങൾ, മലയിറങ്ങിയെത്താനുള്ള ചെറിയ സുരക്ഷിതമായ ഒരു വഴി ഇത്രയൊക്കെ മതിയാകും. ജീപ്പ് കാടിറങ്ങുന്നു. ഇരുളിനൊപ്പം അതിന്റെ ചക്രങ്ങൾ അരണ്ട വെളിച്ചത്തിൽ പാതകളെ തേടുന്നു. ദൂരെ ശൂലമുടി ഇപ്പോൾ മേഘങ്ങൾക്കിടയിൽ മറഞ്ഞു. Location: എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽപ്പെട്ട കുട്ടമ്പുഴ പഞ്ചായത്ത്.