പേരാമ്പ്ര – കടിയങ്ങാട് വഴി പൂഴിത്തോടിലേക്ക് പൗർണമി ബസ്സിൽ ഒരു കിടിലൻ യാത്ര..

വിവരണം – Anurag Anu.

കുറച്ച് കാലം തൊട്ട് കേക്കുന്നതാണ് പൗർണ്ണമി ബസ്സിനെപ്പറ്റിയും പൂഴിത്തോടിനെപ്പറ്റിയും. അതേ വണ്ടിയിൽ ബസ്സുപ്രാന്തന്മാർടെ കൂടെ പൂഴിത്തോടേക്കൊരു യാത്രയെന്ന പ്ലാൻ കേട്ടപ്പൊ യാത്രക്ക് പുറമേ കഴിഞ്ഞ മീറ്റിന് വരാത്ത കടം തീർക്കാനൊരു കുഞ്ഞ് അവസരം ആയിരിക്കൂലോന്നൊരു പ്ലാനും ഉണ്ടായിരുന്നു.

രാവിലെ 10:25 നെടുക്കുന്ന പൂഴിത്തോട് ട്രിപ്പിൽ പൂഴിത്തോട്ടേക്കുള്ള യാത്രയും തുടങ്ങി വഴിനീളെയുള്ള കാഴ്ചകൾ കണ്ട് പൂഴിത്തോടെത്തി പിന്നീട് അതേ തിരിച്ചുപോരലിൽ തന്നെ ഇങ്ങോട്ട് പോരാനും ആയിരുന്നു പ്ലാൻ.

ആഴ്ചകൾക്ക് മുന്നേ ഉള്ള പെട്ടിസീറ്റിനുള്ള അവകാശവാദങ്ങളും പാസഞ്ചേർസിന് ബുദ്ധിമുട്ടുണ്ടാക്കാതെ തന്നെ മുന്നിൽ സ്ഥലം പിടിക്കാനുള്ള നീക്കവുമായി എല്ലാരും നേരത്തേ തന്നെ പുതിയ സ്റ്റാൻഡിലെത്തിയിരുന്നു. ഞാൻ 9:45നും. പെട്ടി സീറ്റിലിരുന്നുള്ള പതിവ് തള്ളുമത്സരങ്ങൾക്കിടയിൽ തൃശൂരീന്ന് ഹാരിസ്ക്കയും വാളയാർ പരമശിവം എന്ന് സ്വയം വിളിച്ചോണ്ടിരിക്കുന്ന സുൽത്താനും സിറാജും പിന്നെ ത്രയംബകൻ ബസ് ഉടമ ജീവക് ഏട്ടനും യാത്രയിൽ കൂടാനെത്തിയിരുന്നു.

ഞായറാഴ്ച ആയിരുന്നതോണ്ട് വലിയ തിരക്കൊന്നും ഉണ്ടാവില്ലാന്നുള്ള പ്രതീക്ഷ അതുപോലെ തന്നെ ഫലിച്ചു. പൂഴിത്തോട് വരെയും മുന്നിൽ കയ്യടക്കിയ സീറ്റുകൾ ആർക്കും വിട്ടുകൊടുക്കേണ്ടി വന്നില്ല. വണ്ടിയങ്ങനെ മെല്ലെ നടക്കാവും കടന്ന് അത്തോളിയും കടന്ന് ഉള്ള്യേരി എത്തിയപ്പോ ബസ്സിനെ വലവീശിപ്പിടിച്ച് അൽ മോഡറേറ്റർ റോഷനും കൂടെക്കൂടി. കാണാനും മാത്രം വല്ലാണ്ട് ഒന്നും അവിടെയില്ല എന്നൊക്കെ അച്ചായൻ മുൻകൂർ ജാമ്യം എടുത്തിരുന്നെങ്കിലും വേറൊരാവശ്യത്തിന് മുൻപൊരിക്കൽ പെരുവണ്ണാമൂഴി പോയിട്ടുള്ള എനിക്ക് അവിടന്നും ഉള്ളിൽ പോയുള്ള പൂഴിത്തോടിനെപ്പറ്റി ഊഹിക്കാമായിരുന്നു.

പേരാമ്പ്രയൊക്കെ കടന്ന് സൂപ്പിക്കട എത്തിയപ്പഴേക്കും കൂട്ടത്തിലാരോ നിപ്പയെന്ന് വിളിച്ചുപറഞ്ഞതും എല്ലാരും പത്രങ്ങളിലും മറ്റുമായി കേട്ടറിഞ്ഞും ഈയടുത്ത് വൈറസ് സിനിമയിലൂടെ കണ്ടുമറിഞ്ഞ നമ്മൾ പൊരുതിത്തോൽപ്പിച്ച ‘നിപ്പ’യാദ്യം വന്ന നാടിലൂടെയാണല്ലോ നമ്മൾ പോണതെന്നോർത്തു.

വഴിനീളെ ഒരു ഗൈഡ് കണക്ക് സ്ഥലങ്ങൾ പറഞ്ഞുതന്ന് പൊയ്ക്കൊണ്ടിരുന്ന ജിനൂപേട്ടൻ നിപ്പയോട് പൊരുതിമരിച്ച കാവൽമാലാഖ ‘ലിനി സിസ്റ്റർ’ടെ വീടും കാണിച്ചുതന്നു. എല്ലാരും തന്നെ കുറച്ച് സമയം അവരുടെ ഓർമ്മകളിലേക്ക് ഒന്ന് പോയിവന്നു.

പേരാമ്പ്രയൊക്കെ കഴിഞ്ഞ് ഉള്ളിലേക്ക് പോകുന്തോറും ബസ്സിനെയും ജീവനക്കാരെയും വീട്ടിലെ ആളുകളെപ്പോലെ കാണുന്ന ആളുകളായിത്തുടങ്ങിയിരുന്നു യാത്രക്കാർ. ഓരോ സ്ഥലവും പറഞ്ഞ് നിർത്തിത്തരാൻ അച്ചായനും ഒരു മടിയും കൂടാണ്ട് നിർത്തി വെയ്റ്റ് ചെയ്ത് ലൈറ്റൊക്കെ ഇട്ടു തന്ന് ഓടിക്കാൻ ജിനൂപേട്ടനും കട്ട സപ്പോർട്ടുമായി കണ്ടക്ടർ അഭിയേട്ടനും ക്ലീനർ സിബിയേട്ടനും ഉണ്ടായിരുന്നെങ്കിലും ഓടിപ്പോയി ഫോട്ടോയെടുക്കാനും മഴയത്തോടാനും മടി എനിക്കുമാത്രമായിരുന്നു.

അങ്ങനെ യാത്ര പെരുവണ്ണാമൂഴിയിലെത്തി. മനോഹരമായ സ്ഥലം.. ഡാമും കണ്ടു ബസ് പിന്നെ ഫോറസ്റ്റിലേക്ക് കേറി. റോഡിന് സൈഡിൽ ‘ആനയുണ്ട് സൂക്ഷിക്കുക ‘ എന്ന ബോർഡ് കണ്ടപ്പോൾ ഞങ്ങൾ ഒച്ചപ്പാടുണ്ടാക്കിയപ്പോൾ ബസിലുണ്ടായിരുന്ന യാത്രക്കാർ ഒന്നടക്കം ചിരിച്ചു. പക്ഷെ ആനയും കരടിയും മറ്റുമുള്ള ആ കാട്ടിൽ കൂടിയാണ് ദിവസവും ഡ്യൂട്ടി കഴിഞ്ഞ് രാത്രിക്ക് പൗർണമിയിലെ പണിക്കാർ പോകുന്നത് എന്നറിഞ്ഞപ്പോൾ അവരോട് വളരെ സ്നേഹവും തോന്നി.

ഫോറസ്റ്റും കഴിഞ്ഞ് ചെമ്പനോട എന്ന സ്ഥലത്ത് എത്തി. അവിടെ നിന്ന് ഞായറാഴ്ച്ച പള്ളിയിൽ പോയിട്ട് വരുന്ന കുറേ യാത്രക്കാരെയും കേറ്റി വണ്ടി വീണ്ടും യാത്ര തുടങ്ങി. അതിനിടെ നമ്മുടെ ഷഹീർ വണ്ടിയുടെ കണ്ടക്ടർ ആയി ബാഗും മെഷീനും എടുത്ത് അവൻ ടിക്കറ്റ് കൊടുത്ത് തുടങ്ങി. അങ്ങനെ ചെറിയ ഒരു ഹെയർ പിൻ വളവും കയറ്റങ്ങളുമൊക്കെയായി ബസ് പൂഴിത്തോട് എത്തി.

കോഴിക്കോടുള്ള കാലാവസ്ഥയിൽ നിന്നും‌ ഒരുപാട് മാറിയ കാലാവസ്ഥയാണ് പൂഴിത്തോടേത്. കാര്യമായും മഴയായിരുന്നു. അങ്ങനെ ആ മലമുകളിൽ എത്തി. അവിടെ ഞങ്ങൾ പൂഴിത്തോട് പടിഞ്ഞാറത്തറ ഫോറസ്റ്റ് റോഡിന്റെ ആരംഭവും കണ്ടു.

പൂഴിത്തോട് പോയി അരമണിക്കൂറോളം ഉള്ള ഗ്യാപ്പിൽ ഫുഡും കഴിച്ച് കൊറേ ഫോട്ടോയും എടുത്ത് കുറച്ച് സംസാരിച്ചിരിക്കാനും ഒക്കെയായിരുന്നു പ്ലാനെങ്കിലും അതിനെ തകിടം മറിച്ചാണ് തിരിച്ചിറക്കിയ വണ്ടി റോഡ് സൈഡിലെ കുഴിയിൽ താഴ്ന്നുപോയത്.

ഗ്രൂപ്പിലെ കപ്പൽ വേണമെങ്കിലും തള്ളി നീക്കുന്ന മെമ്പേർസിനേം കൊണ്ട് പോയ ബസ്സിനെ തള്ളാൻ പുറത്തൂന്നൊരു തെണ്ടീടേം സഹായം വേണ്ടാന്ന് പറഞ്ഞോണ്ട് ട്രിപ്പിലില്ലാത്ത പല അതികായന്മാരേം മനസ്സിൽ ധ്യാനിച്ച് ഓടാതെകിടക്കുന്ന ഏതോ പെർമിറ്റ് രാഗത്തിൽ ഒരു തള്ളങ്ങ് വച്ചുകൊടുത്തപ്പോൾ വണ്ടി കേറിപ്പോന്നു. പിന്നെ അഭിജിത്ത് സ്പോൺസർ ചെയ്ത ബിരിയാണി കഴിക്കാൻ എല്ലാരും സജ്ജരാവേം ചെയ്തു.

പിന്നെ എല്ലാവരും കൂടി നിന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത് കോഴിക്കോടിന് തിരിച്ചു. വണ്ടിയെടുക്കാൻ കുറച്ച് താമസിച്ചതിനാൽ ഡ്രൈവറേട്ടൻ നല്ല വിടലായിരുന്നു. അതിനിടെ പൂഴിത്തോടേക്ക് വരുന്ന പൗർണമിയുടെ മറ്റൊരു ലോക്കൽ വണ്ടി കൂടി കണ്ടു ഡെൽവിൻ. അപ്പോഴാണ് ആ സത്യം അറിഞ്ഞത് ഈ നാട്ടിലേക്കുള്ള ബസ് സർവീസുകൾ ഇവ രണ്ടും മാത്രമേയുള്ളു നിലവിലിപ്പൊ.

 

പണ്ട് ഒരുപാട് ബസുകൾ ഉണ്ടായിരുന്നുവെങ്കിലും ആളുകൾ കുറഞ്ഞതോടെ അവയെല്ലാം നിന്നു പോയതാണെന്ന്. ശരിയാണ് ബസിൽ തിരക്കേയില്ല. പക്ഷെ കാത്ത് നിൽക്കുന്ന യാത്രക്കാരെ ഇവർ നിരാശരാക്കാറില്ല. ആളില്ലെങ്കിലും ഇവർ ട്രിപ്പ് മുടക്കാറില്ലത്രെ.. പൗർണമിയുടെ മുതലാളിക്ക് ഒരു ബിഗ് സല്യൂട്ട്….

പക്ഷെ ഞങ്ങളെ ഏവരെയും അമ്പരിപ്പിച്ചത് മുൻപിലെ പെട്ടി സീറ്റിൽ നിന്നും ഞങ്ങളെ എണീപ്പിക്കാൻ കുറച്ച് ലേഡീസ് ശ്രമിച്ചപ്പോൾ ഞങ്ങളെ അവിടെ തന്നെ ഇരുത്തി ആ ചേച്ചിമാരെ കാര്യം പറഞ്ഞ് മനസ്സിലാക്കി കണ്ടക്ടർ അഭിയേട്ടൻ ഞങ്ങടെ കൂടെ കട്ടയ്ക്ക് നിന്നതായിരുന്നു. തിരിച്ചുള്ള ട്രിപ്പിന് വൻ ലോഡായിരുന്നു. ഡോർ വരെ ആളായിരുന്നു. അത് കൊണ്ടാവണം മുൻപിലെ ഡോറിൽ നിന്ന സുൽത്താൻ കോഴിക്കോട് എത്തിയപ്പോഴേക്കും മടുത്ത് പോയത്.

ഇങ്ങനൊരു ട്രിപ്പെന്ന പ്ലാൻ കൊണ്ടുവന്ന Sulthan Musafir Kp ക്കും കട്ടക്ക് ഓടിനടന്ന് കൂടെ നടന്ന Martin Achayan ഉം, ഉച്ചത്തെ ഭക്ഷണം പിറന്നാൾച്ചിലവായി സ്പോൺസർ ചെയ്ത അഭിജിത്തിനും, പൗർണമി ട്രാൻസ്പോർട്ടിനും, അതിലെല്ലാമുപരി എല്ലാവിധ സൗകര്യങ്ങളും യാതൊരു മടിയും കൂടാണ്ട് ഒരുക്കി ഞങ്ങടെ കൂടെ നിന്ന പൗർണമിയുടെ സ്വന്തം സാരഥിക്കും ജീവനക്കാർക്കും ഒരുപാടൊരുപാടൊരുപാട് നന്ദി.

വാൽ : നാലാം ക്ലാസിൽ സ്കൂളീന്ന് ടൂറുപോയപ്പൊ പോലും യാത്രാവിവരണം എഴുതാത്ത ഒരുത്തൻ എഴുതിയതാണ്. ഇതിനുമുൻപ് പലരും പോയി എഴുതിയ മനോഹരമായ വിവരണങ്ങളോടൊന്നും താരതമ്യം ചെയ്ത് അവരെ അപമാനിക്കരുതേ.