“ബസ്സ് ഒരുപാട് ഇസ്തം..” – ബസ് ഒരു വികാരമാണ്, നൊസ്റ്റാൾജിയയാണ്, ലോകമാണ്…

എഴുത്ത് – Arun Punnakuttickal.

പേനപിടിക്കാന്‍ തുടങ്ങിയ കുഞ്ഞുന്നാളില്‍ പൂക്കളേയും പൂമ്പാറ്റാകളേയും വരഞ്ഞു വെച്ച കടലാസില്‍ നമ്മള്‍ ആദ്യം വരച്ച ചിത്രങ്ങളിലൊന്ന് ബസ്സിന്റേതായിരുന്നു. പഠിച്ച് വലിയ ആളാവാന്‍ വേണ്ടി സ്‌കൂളിലേക്ക് പോകാന്‍ തുടങ്ങിയ കാലം തൊട്ട് ഓരോ ദിവസവും നമ്മെ കൊണ്ടുപോയത് ഈ ബസായിരുന്നു. സ്‌കൂളില്‍ നിന്നും കോളജില്‍ നിന്നും വലിയ വലിയ ഫീസ് വാങ്ങുമ്പോഴും ഇരുപത്തഞ്ചും അമ്പതും പൈസ വാങ്ങിയിട്ട് കൊണ്ടുപോയ നന്മയായിരുന്നു ഓരോ ബസ്സും. അതിന് ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ല.

കണ്ടക്ടറേയും ഡ്രൈവറേയും ആരാധനയോടെ നോക്കിക്കണ്ടൊരു ബാല്യമുണ്ടായിരുന്നില്ലെ നമുക്ക്? മോന് വലുതാകാമ്പോള്‍ ആരാവാനാണ് ആഗ്രഹമെന്ന് ചോദിക്കുമ്പോള്‍ ഡോക്ടറും പോലീസുമെന്ന് പറയുന്ന കൂട്ടത്തില്‍ കണ്ടക്ടാറവണമെന്നും ഡ്രൈവറാവണമെന്നും പറഞ്ഞിരുന്നില്ലെ പണ്ട്? സ്‌കൂളിലേക്ക് പോകുന്ന യാത്രയില്‍ കണ്ടക്ടറും ഡ്രൈവറും ഒന്ന് ചിരിച്ചാല്‍ നമുക്കന്ന് പെരുന്നാളിന്റെ സന്തോഷമായിരുന്നില്ലെ? പഠിപ്പിച്ച മാഷിനേയും പഠിച്ച സ്‌കൂളിനേയും ഓര്‍ക്കുന്ന കൂട്ടത്തില്‍ ചിലപ്പോള്‍ മഴയും വെയിലും കൊണ്ട് നമ്മെ സ്‌കൂളിലേക്കെത്തിച്ച ബസ്സിന്റെ ചിത്രമുണ്ടാവില്ലേ?

നമ്മള്‍ കണ്ടക്ടറോട് തട്ടികയറിയിട്ടുണ്ടാവും, ഡ്രൈവറെ തെറിവിളിച്ചിട്ടുണ്ടാവും, ക്ലീനറെ തള്ളിമാറ്റിയിട്ടിറ്റുണ്ടാവും. പക്ഷെ എന്നിട്ടും പരിഭവിക്കാതെ നമ്മെ ചുമന്നുകൊണ്ടുപോയ നന്മയായിരുന്നു അവര്‍. നാലിലൊന്ന് കണ്‍സഷന്‍ നിങ്ങളുടെ ഔദാര്യമല്ല ഞങ്ങളുടെ അവകാശാമാണെന്ന് പറഞ്ഞിട്ട് നമ്മള്‍ എത്രയോ വട്ടം സമരം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇരുപത്തി അഞ്ചു രൂപ വിലയുള്ള ഹോട്ടലുകാരന്റെ ഊണിന് പത്തുരൂപയാക്കണമെന്ന് പറഞ്ഞ് ഒരിക്കലും നമ്മള്‍ സമരം ചെയ്തിട്ടില്ല. പഠിക്കാനുള്ള നോട്ട് ബുക്കിന്റെ വില നാലിലൊന്ന് മതിയെന്ന് പറഞ്ഞ് ഒരിക്കലും നമ്മള്‍ കട തല്ലി തകര്‍ത്തിട്ടില്ല. നിങ്ങളോര്‍ത്തിട്ടുണ്ടോ എസ്.ടി തരില്ലെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചിരുന്നുവെങ്കില്‍ നമ്മുടെ പഠനം എത്ര ദുഷ്ക്കരമാകുമായിരുന്നുവെന്ന്.

എന്തു പറഞ്ഞാലും ബസ് ഒരു നൊസ്റ്റാള്‍ജിക് ഫീലിംഗാണ്. ഓര്‍മ്മയുടെ റോഡരികില്‍ ബസ് കാത്തുനില്‍ക്കുന്നൊരു കുട്ടിയാവാറുണ്ട് നമ്മള്‍ പലപ്പോഴും. നിങ്ങളോര്‍ക്കുന്നില്ലെ അമ്മയുടെ കൈ പിടിച്ച് ബസ് കയറിയത്. അരികത്തെ സീറ്റിനുവേണ്ടി വാശിപിടിച്ചത്, സൈഡ് സീറ്റിലിരുന്ന് പുറം കാഴ്ച കണ്ടത്. മുന്നിലുള്ള ബസ്സിനെ തോല്‍പ്പിക്കാന്‍ ആക്‌സിലേറ്ററില്‍ പിന്നെയും കാലമര്‍ത്തുന്ന ഡ്രൈവറെ നായകനെ പോലെ നോക്കി നിന്നതും, അയാളെ മനസ്സ് കൊണ്ട് സപ്പോര്‍ട്ട് ചെയ്തതും, നമ്മുടെ ബസ് മുന്നിലെത്തിയ നേരത്ത് ഏതോ കളി ജയിച്ച വികാരത്തോടെ
കയ്യടിച്ചുപോയതും.

സ്റ്റെപ്പില്‍ യാത്ര ചെയ്ത് ക്ലീനറാവാന്‍ കൊതിച്ച അഞ്ചാം ക്ലാസുകാരനാവാറില്ലെ നമ്മുടെ മനസ്സ് ചിലപ്പോള്‍? ഓര്‍മ്മകള്‍ക്ക് കളര്‍ഫുള്ളായൊരു ബസ്സിനോളം അഴകുണ്ടിപ്പോള്‍. ആദ്യമായി രാത്രി ബസ്സില്‍ യാത്ര ചെയ്തപ്പോള്‍ മനസ്സനുഭവിച്ച ഒരനുഭൂതിയുണ്ട്. നിറയെ ലൈറ്റിട്ട ബസ് കൗതുകം കൊണ്ട് മനസ്സിനെ പൊതിഞ്ഞിട്ടുണ്ട്. ബസ്സിലായിരുന്നില്ല ഹൃദയത്തിലായിരുന്നു അന്ന് ലൈറ്റ് കത്തിയത്.

ചിലപ്പോള്‍ ബസ് സങ്കടമായിരിക്കും. കാത്തുകാത്തിരുന്ന് എത്താതെ പോയ ബസ് നമുക്ക് മുന്നില്‍ പെരുവഴിയുടെ അസ്വസ്ഥത സമ്മാനിച്ചിട്ടുണ്ടാവും. ഓടിയെത്തുമ്പോഴേക്കും അപ്പുറത്തൂടെ നീങ്ങിപോകുന്ന ബസ്സിനെ നോക്കി നിരാശയോടെ നിന്നിട്ടുണ്ടാവും. ചിലപ്പോള്‍ ചെയ്ഞ്ചില്ലാത്തതിന്റെ പേരില്‍ കുറേ ആളുകളുടെ മുന്നില്‍വെച്ച് കണ്ടക്ടര്‍ തെറിപറഞ്ഞപ്പോള്‍ ഒന്നും പറയാനാവാതെ കണ്ണ് നിറഞ്ഞുപോയിട്ടുണ്ടാവും. തുടക്കം മുതല്‍ ഒടുക്കം വരെ യാത്ര ചെയ്യുന്ന നമ്മള്‍ സീറ്റിനുവേണ്ടി കാത്തിരിക്കുമ്പോള്‍ പകുതിയില്‍ നിന്ന് കയറുന്നവര്‍ക്കൊക്കെ സീറ്റു കിട്ടിയാലും നമുക്കൊരു സീറ്റ് ഒത്തുവരാത്തൊരവസ്ഥയുമുണ്ടാകും ല്ലെ…

ബസ് ചിലപ്പോള്‍ കൗതുകമായിരിക്കും. നിറഞ്ഞു കവിഞ്ഞ ബസ്സിലാണെങ്കിലും നിരവധി പേര്‍ നില്‍ക്കുന്നുണ്ടെങ്കിലും എവിടെയെങ്കിലും സീറ്റുണ്ടോ എന്ന് നോക്കി നമ്മുടെ കണ്ണുകള്‍ നാലുഭാഗത്തേക്കും ഓടും. അതൊരു സൈക്കോളജിയാണ്. നാട്ടില്‍ നിന്നുള്ള ആദ്യ ബസ് പുറപ്പെട്ട് അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ അടുത്ത ബസ്സുമുണ്ടാവും. പക്ഷെ, ആദ്യബസ് കിട്ടാന്‍ വേണ്ടി ഓടി കിതച്ച് പോകും നമ്മള്‍. അതും ഒരു സൈക്കോളജിയാണ്.

ബസ്സില്‍ നിരവധി മുഖങ്ങളുണ്ടാവും. ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കുന്നവര്‍, വയസ്സന്മാരെ മൈന്റാക്കാതെ ഇയര്‍ഫോണില്‍ പാട്ടുകേള്‍ക്കുന്നവര്‍, നില്‍ക്കാനാവാത്തവര്‍ക്ക് സീറ്റൊഴിഞ്ഞ് കൊടുത്ത് മാതൃക പകരുന്ന നന്മയും ബസ്സിനുള്ളിലുണ്ടാവും. കയ്യില്‍ കൈകുഞ്ഞുള്ള സ്ത്രീ ഇരിക്കാന്‍ ഇടമില്ലാതെ കഷ്ടപ്പെടുമ്പോള്‍ മാറികൊടുക്കാതെ സ്വാര്‍ത്ഥതയാവുന്ന പെണ്ണുങ്ങളെയും കാണാം. ഞാനും ഒരമ്മയാണെന്ന സത്യം അവര്‍ മറക്കും. ചിലപ്പോള്‍ കൂടെ കയറിയവന്‍ ടിക്കറ്റെടുക്കട്ടെയെന്ന് പറഞ്ഞ് മാറി മാറി നില്‍ക്കുന്ന പിശുക്കനും, അവന്‍ എടുത്തേക്കല്ലെ ഇത് ഞാന്‍ നല്‍കും എന്ന് പറഞ്ഞ് ഓടുന്ന നന്മയും ബസ്സിനുള്ളില്‍ കാണാം. അതെ, ബസ് ഒരു ലോകമാണ്.

ബസ് ഓടാത്ത ദിവസം നാടും റോഡുമുറങ്ങും. ബസ്സില്ലാത്ത ദിവസം വിദ്യാര്‍ത്ഥികളും ജനങ്ങളും പെരുവഴിയിലാവും. ബസ്സില്ലാത്ത ദിവസം മറ്റുള്ളവര്‍ കൊള്ള സംഘങ്ങളെ പോലെ പെരുമാറും. ചെറിയ പൈസക്ക് ലക്ഷ്യ ദിക്കിലെത്തുന്നതിന്റെ അനുഗ്രഹം നമ്മളറിയുന്നത് ബസ്സിലാത്ത നേരത്തായിരിക്കും. ബസ്സ് ഇല്ലാതാകുമ്പോഴെ ബസ്സിന്റെ വില അറിയുകയുള്ളുവെന്ന്
മറ്റു വാഹനത്തിനുവേണ്ടി നോട്ട് എണ്ണികൊടുക്കുമ്പോള്‍ നമ്മള്‍ തിരിച്ചറിയും.

എന്തായാലും ഓരോ ബസ്സും ഓടിക്കൊണ്ടിരിക്കുന്നത് നമ്മുടെ ഹൃദയത്തിലൂടെയാണ്. കാറും ബൈക്കുമൊക്കെ സ്വന്തമാകുന്നതിന് മുമ്പ് ബസ് നമ്മുടെ ജീവിതത്തോട് ഒട്ടിച്ചേര്‍ന്ന വികാരമായിരുന്നുവെന്ന് നിങ്ങളുടെ മനസ്സും ഓര്‍മ്മിച്ചു പറയുന്നില്ലെ? “ബസ്സ് ഒരുപാട് ഇസ്തം…”