വിവരണം – Jamshid Puthiyedath.
വിമാന, ബസ് യാത്രാ സൗകര്യങ്ങൾ കുറ്റമറ്റ രീതിയിലുണ്ടെങ്കിലും നമ്മൾ മലയാളികളിലേറെയും കൊങ്കൺവഴി ട്രെയിൻ യാത്ര ചെയതാണ് മുംബൈയ്ക്കു പോവാറ്. ഒരുപാടു കവാടങ്ങളുള്ള മഹാനഗരത്തിലേക്ക് നമ്മൾ മലയാളികളും ഒട്ടുമിക്ക ദക്ഷിണേന്ത്യക്കാരും പ്രവേശിക്കുന്ന കവാടമാണ് ‘പൻവേൽ’. നമുക്ക് പരിചിതമല്ലാത്തൊരു യാത്രാ രീതിയാണ് പിന്നീടങ്ങോട്ട് നമ്മെ സഞ്ചരിപ്പിക്കുന്നത്. ഒരു മിനിറ്റിൽ താഴെ മാത്രം ഇറങ്ങാനും കയറാനും സമയം ലഭിക്കുന്ന സബർബൻ ട്രെയിനിൽ പൻവേലിൽ നിന്നും കാണ്ഡേശ്വർ – ബേലാപ്പൂർ – നെറൂളിലൂടെ വാശി വരെ നമ്മൾ സഞ്ചരിയ്ക്കുന്നത് മുംബൈയുടെ രണ്ടാം പതിപ്പായ “നവി മുംബൈ” യിലൂടെയാണ്. വാശിയിൽ നിന്നും ഒരു കിലോമീറ്ററിനടുത്തു നീളമുള്ള പാലത്തിലൂടെ ട്രെയിനിലോ , റോഡുമാർഗ്ഗമോ സഞ്ചരിച്ച് “ചെമ്പൂരിൽ (Mankhurd railway station) ” പ്രവേശിക്കുമ്പോൾ മാത്രമേ നമ്മൾ യഥാർത്ഥ മുംബൈയിൽ എത്തുന്നുള്ളൂ.
വളരെ പ്ലാൻഡ് ആയ നിർമ്മിതികളായതിനാലാവാം നവി മുംബൈയില് ഒന്നിനും ഒരു കുറവുമനുഭവപ്പെടില്ല. അംബരചുംബികളായ കെട്ടിടങ്ങളും, വളരെ വീതിയുള്ള റോഡുകളും സെക്ടറുകളാക്കിത്തിരിച്ച് വിശാലത തോന്നുന്ന രീതിയിലുള്ള ഗല്ലികളുമടങ്ങി എല്ലാം ഒരു അടക്കത്തിൽ കാണപ്പെടുന്നു. വെള്ളം, വൈദ്യുതി എന്നിവയ്ക്കു പുറമെ ഗ്യാസ് ലൈനിനു പോലും ഭൂഗർഭ സംവിധാനം. നവി മുംബൈയിലെ റെയിൽവേ സ്റ്റേഷനുകളെല്ലാംതന്നെ രണ്ടു ഭാഗവും പൂർണ്ണമായും പ്ലാറ്റ്ഫോം ഉള്ളവയാണ്. മുംബൈയുടെ IT ഹബ്ബും ഇൻഡസ്ട്രീയൽ -ബിസിനസ് ഏരിയയും ഇപ്പോൾ നവിയിൽത്തന്നെ. പ്രശസ്തമായ DY പാട്ടീൽ സ്റ്റേഡിയം നെറൂളിലുണ്ട്. “വാശി മാർക്കറ്റ് ” പച്ചക്കറി-ധാന്യ- പലവ്യജ്ഞനങ്ങളുടെ ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നാണ്.
വാശിപ്പാലം കടക്കുന്നതോടെ സംഗതി മാറുന്നു. വലിയ കെട്ടിടങ്ങളൊക്കെ കാണാമെങ്കിലും ചുറ്റിലും ചേരിയാൽ മൂടപ്പെട്ടിരിക്കുന്നു. അത് നീണ്ട് നീണ്ട് റെയിൽപാളത്തിൽ വരെയെത്തും. ചേരിയിലാണെങ്കിലും നല്ലൊരു വിഭാഗം വിദ്യാഭ്യാസവും മാന്യമായ തൊഴിലും നേടിയെടുക്കുന്നതിൽ വിജയിക്കുന്നു. ചെമ്പൂരിൽ നിന്നും 17 Kms ഉള്ള “Eastern Free Way” യിലൂടെ തുരങ്കത്തിലൂടെയും പാലത്തിലൂടെയും മാത്രം സഞ്ചരിച്ചാൽ മഹാനഗരത്തിന്റെ ഹൃദയഭാഗമായ “CST (ഛത്രപതി ശിവാജി ടെർമിനസ്) /Victoria Terminus” ൽ എളുപ്പത്തിൽ എത്താം. ഈ പാത വളരെ മനോഹരമാണ്. പല പഴയ കെട്ടിടങ്ങൾക്കും മുകളിലൂടെയുള്ളൊരു പാത, യാത്ര ആസ്വാദകരമാക്കും. ഇത്തരം പാതകൾ ദാദർ, മാഹിം ദാഗത്തൊക്കെയുണ്ടെങ്കിലും , ഇത്രയും നീളത്തിലിതുപോലുള്ളത് “Eastern Free Way” ആണ്.
Chembur നിന്നും വലതു ദിശയിലേക്കാണ് Andhery,Airport ഒക്കെ വരുന്നത്. 2015 ൽ ലോകത്തിലെ ഏറ്റവും നല്ല എയർപോർട്ടിനുള്ള അംഗീകാരം കിട്ടിയിട്ടുണ്ടെങ്കിൽ , ഒരു മുംബൈ യാത്രികനും ഒഴിച്ചുകൂടാനാവാത്ത കാഴ്ചതന്നെയാവണമല്ലോ CS എയർപോർട്ടും(Sahar International Airport എന്നായിരുന്നു പഴയപേര്). Leela Palace, ITC തുടങ്ങി ആഡംഭരത്തിന്റെ അവസാന വാക്കുകൾക്കുദാഹരണങ്ങളായ സ്റ്റാർ ഹോട്ടലുകൾക്ക് നടുവിലായുള്ള എയർപോർട്ടിനു ചുറ്റിലും മഹാനഗരത്തിന്റെ ഐശ്വര്യമായ ചേരിയും കാണാം. നമുക്കൊക്കെ പ്രിയങ്കരരായ താരരാജാക്കൻമാരധികവും ഈ എയർപോർട്ടിൽ നിന്ന് അധിക ദൂരമില്ലാത്ത കടലോരങ്ങളിലൊക്കെയാണ് താമസം.
അന്ധേരി മുതൽ കുർള വരെ മെട്രോയിൽ സഞ്ചരിച്ചാലറിയാം, അത് പൂർണ്ണമായും പ്രൈവറ്റ് (റിലയൻസ്) ആണെന്ന്. കുർള വലിയൊരു ജംഗ്ഷനാണ്. താനെ ,CST ,അന്ധേരി അങ്ങിനെ പല സുപ്രധാന റൂട്ടിലേയ്ക്കുമുള്ള ജംഗ്ഷൻ. നമുക്കാവശ്യമുള്ള റൂട്ടിലെയ്ക്കുള്ള ട്രെയിനിൽ നിശ്ചിത സമയത്തിനുള്ളിൽ കയറിപ്പറ്റുകയെന്നത് ശ്രമകരവും അല്പം അപകടകരവുമാണെന്നതിൽ എതിരഭിപ്രായം പറയാനൊക്കില്ല. കുർളയിൽ ഈ തിരക്ക് മുതലെടുക്കുന്നവരുമുണ്ടുതാനും.
” വടാപാവ്” ആണ് , കോഴിക്കോടുകാർക്ക് ‘പഴംപൊരി’പോലെ മുംബൈ നഗരത്തിലെ ഏറ്റവും ജനകീയമായ ഭക്ഷണം. പക്ഷെ നമ്മളെപ്പോലെ, പ്രധാന ഭക്ഷണത്തിന് മുൻപോ പിൻപോ കഴിക്കുന്നൊരു ലഘു ഭക്ഷണമല്ല, കേവലമൊരു ബന്നിൽ രണ്ടുമുളകും അല്പം മാവ് പൊരിച്ചതുമടങ്ങുന്ന ‘വടാപാവ്’. മറിച്ച് നമ്മുടെ നാട്ടിലെ രണ്ടു പൊറോട്ടയും കറിയും കഴിക്കുന്ന മേനിയാണവരിൽ കാണാനാവുക. ഇത്തരം വടാപാവു കേന്ദ്രങ്ങളെ ചുറ്റിപ്പറ്റി ചെറു ചായത്തട്ടുകളും കാണാം. മുംബൈ നഗരത്തിലെ ‘കട്ടിംഗ് ചായ ‘യ്ക്കുമൊരു പ്രത്യേക രുചിയാണ്.
നല്ല വെജിറ്റേറിയൻ ഭക്ഷണശാലകൾ ഒരുപാടു കാണാം ഈ വിശാല നഗരത്തിൽ അങ്ങിങ്ങായി. ” പട്ടരച്ചായൻ ( Taiju Thomas)” ആണ് അതൊക്കെ കാണിച്ചു തന്നതും, അവിടെയൊക്കെ സ്ഥിരമായിട്ടു പോവേണ്ടുന്ന സ്ഥിതി വിശേഷമുണ്ടാക്കിയതും. നോൺ വെജ് തട്ടകങ്ങളുമുണ്ടൊരുപാട്. ബാന്ദ്രയിൽ ഒരു ഷാലിമാർ ഹോട്ടലുണ്ട്. റെയിൽവേയുടെ വെസ്റ്റ് ഭാഗത്ത്. മുംബൈയുടെ മറ്റൊരു പ്രത്യേകതയാണ്, East & West. അത് റെയിൽപാളങ്ങളെയും സ്റ്റേഷനെയും അടിസ്ഥാനമാക്കിയുള്ളൊരു തരം തിരിവാണ്. അപ്പൊ , ഷാലിമാറിലെ “ഹൈദരാബാദി ബിരിയാണി ” , ഉച്ചയ്ക്ക് കഴിച്ചു മടുത്താ രാത്രീം കഴിക്കണമെന്നൊക്കെ തോന്നുമാറ് ടേസ്റ്റാ.
“ആധുനിക മുംബൈ”യിലെ ഏറ്റവും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയേതെന്നു ചോദിച്ചാൽ എന്റെ മുൻപിൽ ഒരേയൊരു ഉത്തരമേ ഉള്ളൂ. ബാന്ദ്ര സ്റ്റേഷനടുത്തുനിന്നും ഒരു “ടാസ്കി” വിളിക്കുക. എന്നിട്ട് വെർളി സീലിങ്കിലൂടെ പോവണമെന്ന് ആ പത്മിനിക്കാരനോട് പറയുക. Uber ഉം Olaയു മൊക്കെയുണ്ടെങ്കിലും ആ പ്രീമിയർ പത്മിനി യാത്രയും മുംബൈയുടെ ഹരങ്ങളിലൊന്നാണ്. Bandra-Worli Sea link(അഥവാ, രാജീവ് ഗാന്ധി സീലിങ്ക്) ഒരു അദ്ഭുത നിർമ്മിതിയാണ്. കടലിലൂടെ 5 കിലോമീറ്ററുകളോളം ഒരായിരം തൂക്കുകമ്പികളാൽ അലങ്കരിച്ചുവച്ച്, വളരെ വിശാലമായി, ബലത്തിൽ നിർമ്മിക്കപ്പെട്ടത്. ആ ഭംഗി മറ്റൊരു പാലത്തിനും ഞാനിന്നുവരേ കണ്ടിട്ടില്ല. ഇന്ത്യയിൽ പക്ഷെ, പാലങ്ങളുടെ പട്ടികയിലാദ്യം വരുന്നത് ഹൗറയും പാമ്പനുമാണെന്നു തോന്നുന്നു.
വെർളി – CST യാത്രയ്ക്കിടയിൽ ഒരിക്കൽ ടാക്സിക്കാരന്റെ സഹായത്തോടെ അംബാനിസാബിന്റെ, 600 ലേറെ വേലക്കാരുള്ള , 63 നിലയുടെ ഉയരമുള്ള 27 നിലയുള്ള സൗധം പോയിക്കണ്ടിരുന്നു. ഒരു വീടുവരെ അദ്ഭുതങ്ങളുടെ പട്ടികയിലുണ്ട്. സമയമുണ്ടെങ്കിൽ പോയിക്കാണുക. അകത്തുകയറാൻ മാർഗ്ഗമൊന്നുമില്ലാട്ടോ.
ലാലേട്ടന്റെ പടത്തിൽ കണ്ടപോലെത്തന്നെയാണ് മറാത്തുകാർക്ക് ഗണേശോത്സവം. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പബ്ലിക് പ്ലേസിലെ ആട്ടവും പാട്ടും അവസാനിക്കുന്നത് ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതോടെയാണ്. മറ്റു പലയിടങ്ങളിലുമുണ്ടെങ്കിലും ചോപ്പാട്ടി ബീച്ച്, അവിടെയാണ് ആ ദിവസത്തെ പരിപാടികൾ പൊടിപൊടിക്കുന്നത്. ആ ഒരു തിരക്കിനും ആരവത്തിനും സാക്ഷിയായിട്ടുണ്ട്.
2014-15 ൽ ജോലി സംബന്ധമായി ഒരു ആറു മാസത്തോളം മഹാനഗരത്തെ അറിയാനുള്ളൊരു അനുഗ്രഹമുണ്ടായി. അറിഞ്ഞതിലേറെ അറിയാൻ ബാക്കിയാക്കി വിടപറയേണ്ടി വന്നു. മുംബൈയെക്കുറിച്ച് ഒരാൾ ഇന്നലെ എഴുതിവച്ചത് കണ്ടപ്പോൾ , പ്രവാസത്തിന്റെ ചില്ലുകൂട്ടിലാണെങ്കിലും എന്റെ ഓർമ്മകളെയൊന്ന് പകർത്തണമെന്നു തോന്നി. വേറൊരു നഗരത്തിനും അവകാശപ്പെടാനാവാത്ത പ്രത്യേകതകൾ ഈ നഗരം, മഹാനഗരം നമുക്കു കാട്ടിത്തരുന്നു. പ്രതീക്ഷയുടെ ചെറുതിരി പ്രകാശമെങ്കിലും മുന്നിൽ കണ്ട് നാടുവിട്ടിരുന്ന മുൻതലമുറയ്ക്ക് ഒരു മേൽവിലാസമുണ്ടാക്കിക്കൊടുത്ത നഗരം , പുതുതലമുറയെയും സ്വീകരിച്ചു കൊണ്ടേയിരിക്കുന്നു. നരിമാൻ പോയിന്റും കൊളാബയും മംഗൾദാസ് മാർക്കറ്റുമൊക്കെ സഞ്ചാരികൾക്ക് വേറിട്ട വിരുന്നൊരുക്കും. തീർച്ച…