എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ.
കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ പതിവിലും നേരത്തേ എത്തി. പ്ളാറ്റ് ഫോമിലെ ബഞ്ചിൽ ഇരിയ്ക്കാൻ ഒരുങ്ങവേയാണ് ശശിയേട്ടനെ കണ്ടത്. സേലം റെയിൽവേ ഡിവിഷനിൽ ഈറോഡ് ഷെഡിൽ ടെക്നീഷ്യനാണ് അദ്ദേഹം. രണ്ട് റെയിൽവേക്കാർ കണ്ടുമുട്ടിയാൽ പട്ടാളക്കാരുടെ “ഞാൻ അന്ന് ഡറാഡൂണിൽ ആയിരുന്നപ്പോ…” എന്ന് തുടങ്ങുന്ന ബഡായി ഒന്നും ഏഴയലത്ത് വരില്ല എന്നൊരു അടക്കം പറച്ചിലുണ്ട് കേട്ടോ.
ഞങ്ങളും തുടങ്ങി പുതിയ നയങ്ങളും, പരിഷ്കാരങ്ങളും, വണ്ടി വിശേഷങ്ങളും. അങ്ങനെ അങ്ങനെ പറഞ്ഞിരിക്കെ കൊയിലാണ്ടി സ്റ്റേഷൻറെ വടക്കൻ അതിർത്തിയിൽ കണ്ണൂർ – യെശ്വന്തപ്പൂർ എക്സ്പ്രസ്സിൻറെ ഒറ്റക്കണ്ണ് തെളിഞ്ഞു. ശശിയേട്ടനോട് യാത്ര പറഞ്ഞ് ഞാൻ ഏതോ ഒരു കോച്ചിൽ കയറി. എമർജൻസി ഡ്യൂട്ടി പാസ്സുമായി ടിക്കറ്റ് ഇൻസ്പക്ഷൻ സ്റ്റാഫിനെ തിരഞ്ഞു.
അപ്പോഴാണ് കോച്ചുകൾ കൂടിച്ചേരുന്ന ഭാഗത്ത്, അതായത് ടോയ്ലറ്റിനടുത്ത് ഒരാൾക്കൂട്ടം ശ്രദ്ധയിൽ പെട്ടത്. നാലോ അഞ്ചോപേർ..!! അടുത്തെത്തിയപ്പോൾ അവർ വാതിൽ തള്ളി തുറക്കാനുള്ള ശ്രമത്തിലാണ് എന്ന് മനസ്സിലായി. ഒരുവേള റിപ്പയറിംഗ് ചെയ്യാൻ വന്ന സ്റ്റാഫാണോ എന്ന് കരുതി നടക്കാൻ ശ്രമിക്കവേ, മൂക്കിലേയ്ക്ക് ഇരച്ചെത്തിയ മദ്യത്തിൻറെ ഗന്ധം തിരിച്ചറിഞ്ഞ് ഞാൻ അവരിൽ ഒരാളോട് ചോദിച്ചു, “നിങ്ങൾ റെയിൽ റെയിൽവേ സ്റ്റാഫാണോ?” അല്ല എന്ന് മറുപടി.
ഞാൻ വീണ്ടും ചോദിച്ചു പിന്നെ നിങ്ങളീ കാണിക്കുന്നതെന്താണ്? (ഇത്തിരി അധികാര സ്വരത്തിൽ ആയിരുന്നെന്ന് ഇപ്പൊ തോനുന്നു).
അത് ചോദിക്കാൻ താനാരാ ?. റെയിൽവേ സ്റ്റാഫാണ് ! ഇച്ചിരി സംഭവം ആക്കികൊണ്ടായിരിക്കണം, കഴുത്തിലിരുന്ന ഐഡി കാർഡിൻറെ വള്ളി ഒന്ന് വലിച്ച് നേരെയിട്ടു.
ആ മനുഷ്യൻ പതിയെ കളം കാലിയാക്കി, ഒപ്പം നേരത്തെ കിട്ടിയ മദ്യത്തിൻറെ ഗന്ധവും. കുറ്റം പറയരുതല്ലോ ചിലപ്പോൾ സാനിറ്റൈസറിൻറെ ആയിരിക്കാം. ഇപ്പൊ അതിൻറെ സീസൺ ആണല്ലോ!! ഏത്? പോരാത്തതിന് ഈ വണ്ടി ‘കേന്ദ്രഭരണ പ്രദേശത്ത് നിർത്തുകയും ഇല്ല എന്ന് ഞാനോർത്തു.
അപ്പോൾ, ബാക്കിയുള്ളതിൽ ഒരാൾ പറഞ്ഞു. വാതിലിൽ ആരോ മുട്ടുന്നുണ്ട്, ഉള്ളിൽ കുടുങ്ങിപ്പോയതായിരിക്കും. ശരിയാണ് വീണ്ടും മുട്ടൽ! ആരോ ശക്തിയായി ഇടിയ്ക്കുന്നു, എന്തോ പറയുന്നുണ്ട്. എന്നാൽ വണ്ടിയുടെ കുതിപ്പിൽ ഒന്നും വ്യക്തമായിരുന്നില്ല.
പഴുതുകളില്ലാത്ത വാതിലിന് അടിവശത്ത് വായുസഞ്ചാരത്തിനായുള്ള ഗ്രില്ലുകളിലൂടെ ഞാൻ ആ വ്യക്തിയോട് സംസാരിയ്ക്കാൻ ശ്രമിച്ചു.
വാതിലിൻറെ ലോക്ക് തുറക്കാൻ കഴിയുന്നില്ല എന്നും, അരമണിക്കൂറിലേറെ ആയെന്നും പറഞ്ഞു. പ്രായം ഉള്ളവർ ആരേലും ആണെങ്കിൽ, ഭയത്താൽ എന്തെങ്കിലും സംഭവിക്കുമോ എന്ന് എനിയ്ക്ക് ആശങ്ക ഉണ്ടായിരുന്നു. വയസ്സ് ഇരുപത്തിരണ്ടേ ഉള്ളൂ എന്നറിഞ്ഞപ്പോൾ, ഭയം കൊണ്ട് ഒന്നും സംഭവിയിയ്ക്കില്ല എന്ന് എനിയ്ക്ക് തോന്നി.
മനസ്സിൽ ആദ്യം ഓർമ്മ വന്നത് സുഹൃത്തും, മംഗലാപുരത്തെ മെക്കാനിക്കൽ സ്റ്റാഫും ആയ ശരത്തിനെ ആണ്. വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. അവൻ പറഞ്ഞതനുസ്സരിച്ച് കോച്ചിൻറെ നമ്പറും വിശദമായ വിവരങ്ങളും അയച്ചുകൊടുത്തു. 2 മിനിറ്റുകൾക്ക് ശേഷം അവൻ തിരിച്ചുവിളിച്ചു. കോഴിക്കോട് ഓഫീസിൽ അറിയിച്ചിട്ടുണ്ട്. അവിടെ നിന്നും വിഷയം പരിഹരിക്കപ്പെടും. സമയക്കുറവുള്ളതിനാൽ പറ്റിയില്ലെങ്കിൽ ഷൊർണ്ണൂരീന്നു പരിഹരിയ്ക്കാം എന്ന് മറുപടി.
ഇതിനിടയിൽ വാതിലിൽ പലതവണ മുട്ടലിൻറെ താളം ഉണ്ടായിരുന്നു. ഞാൻ വീണ്ടും ഗ്രില്ലിനടുത്തേക്ക് താഴ്ന്നിരുന്നു. “എന്താ പേര്?”
“ഫൈസൽ.” “കോഴിക്കോടുന്ന് പുറത്തിറങ്ങാം, ചിലപ്പൊ ഷൊർണ്ണൂരിന്ന് ആവും പേടിക്കണ്ട” ഞാൻ പറഞ്ഞു. “അയ്യോ ഷൊർണ്ണൂരോ?” “എന്താ അതിന് മുന്നേ ആണോ ഇറങ്ങേണ്ടത്?” “അല്ല തിരുപ്പൂരാണ്.” “അപ്പൊപിന്നെ തീരെ പേടിക്കണ്ടല്ലോ, ധൈര്യായി ഇരുന്നോളൂ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഒന്നുരണ്ട് വർത്താനങ്ങൾക്കിടെ വണ്ടി കോഴിക്കോട് എത്തുമ്പോൾ ശരത്തിൻറെ സന്നാഹങ്ങൾ തയ്യാറായിരുന്നു. ഞാൻ പിന്നെയും ടിക്കറ്റ് ഇൻസ്പെക്ഷൻ സ്റ്റാഫിനെ തിരഞ്ഞു. വണ്ടി കോഴിക്കോട് നിന്നും പതിയെ നീങ്ങിത്തുടങ്ങി. തരപ്പെട്ട ഒരു സീറ്റിൽ ഇരിയ്ക്കാൻ ശ്രമിച്ചെങ്കിലും ഇരുപ്പുറച്ചില്ല. ഞാൻ ആ പഴയ കമ്പാർട്ട് മെൻറിനെ ലക്ഷ്യമാക്കി നടന്നു.
ആ ടോയ്ലറ്റ് വാതിൽ തുറന്ന് കിടന്നിരുന്നു. അതിനടുത്ത് ആ പഴയ നാലഞ്ച് പേർക്കൊപ്പം നിന്നിരുന്ന, ഇതുവരെ സംവദിച്ച ശബ്ദത്തിൻറെ രൂപത്തെ കണ്ടു. വീണ്ടും സംസാരിച്ചു. ഫൈസൽ രേഖപ്പെടുത്തിയ നന്ദി മനസ്സാൽ ശരത്തിന് കൈമാറി ഞാൻ തിരികെ നടക്കാൻ തുടങ്ങവേ, വീണ്ടും ആ പഴയ ഗന്ധം!!
തിരിഞ്ഞ് നോക്കിയപ്പോൾ, നമ്മുടെ ആ പഴയ ചേട്ടൻ വേറൊരാളിൻറെ ചുമലിലൂടെ തലയിട്ട് മാസ്ക് താഴ്ത്തിവെച്ച് വെളുക്കെ ചിരിയ്ക്കുന്നുണ്ടായിരുന്നു. എനിയ്ക്കും നന്നേ ചിരി വന്നു. ഇപ്പോൾ അത് ശരിയ്ക്കും സാനിറ്റൈസറാണ് എന്ന് ചിന്തിക്കാൻ മനസ്സ് പ്രേരിപ്പിച്ചു. ഫോൺ റിംഗ് ചെയ്യുന്നുണ്ട്, സ്ക്രീനിൽ “SARATH/MAQ.” അതിവേഗത്തിൽ അവസരോചിതമായി കൃത്യനിർവ്വഹണം നടത്തിയ ശരത്തിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.