നമ്മുടെ നാട്ടിലെ ബസ്സുകാരുടെ മത്സരയോട്ടം പ്രസിദ്ധമാണല്ലോ. അതിപ്പോൾ പ്രൈവറ്റ് ആയാലും കെഎസ്ആർടിസി ആയാലും ജനങ്ങളുടെ ജീവൻ വെച്ചു കളിക്കുന്ന ബസ് ഡ്രൈവർമാർ എന്നും നാടിനു ആപത്തു തന്നെയാണ്. എത്രയോ ആളുകളുടെ ജീവൻ ഇവരുടെ മത്സരയോട്ടവും, തെറ്റായദിശയിൽ കയറിവരുന്നത് കൊണ്ടുമൊക്കെ പൊലിഞ്ഞിരിക്കുന്നു. എത്രയോ കുടുംബങ്ങൾ അനാഥമായിരിക്കുന്നു. അതിനേക്കാളുമേറെ, എത്രയോ ആളുകൾ ഇന്നും ജീവച്ഛവമായി ജീവിച്ചു തീർക്കുന്നു. ഇതിനെല്ലാം ഉത്തരവാദി ആരാണ്?
കേരളത്തിൽ ഏറ്റവും കൂടുതൽ മരണപ്പാച്ചിൽ നടക്കുന്നത് വടക്കൻ ജില്ലകളിൽ ആണെന്നു പറയാം. എൻ്റെ സുഹൃത്തായ എമിൽ ജോർജ്ജിന് കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്നും തലശ്ശേരിയിലേക്കുള്ള കാർ യാത്രയ്ക്കിടെ ഉണ്ടായ ഒരു അനുഭവമാണ് ഇതിനൊരുദാഹരണമായി പറയുവാൻ പോകുന്നത്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ എമിൽ ആ അനുഭവം വീഡിയോ (കാറിലെ ഡാഷ് ക്യാമറയിൽ പതിഞ്ഞത്) സഹിതം ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. എമിലിന്റെ പോസ്റ്റ് താഴെ കൊടുക്കുന്നു.
“ഇരിട്ടിയിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുവായിരുന്നു. മത്സരിച് ഓടി വരുന്ന രണ്ട് ബസ്സുകൾ. ഒരണ്ണം ലൈറ്റ് ഒക്കെ ഇട്ട് ആംബുലൻസ് വരുന്നപോലെ മറ്റൊന്നിനെ overtake ചെയ്യാൻ ശ്രെമിക്കുന്നു. വണ്ടി നിർത്തി കൊടുത്തു. പക്ഷെ ആ ഡ്രൈവർക്ക് ഞാൻ റോഡിൽ നിന്ന് കാട്ടിൽ ഇറക്കി കൊടുക്കണം എന്നായിരുന്നു മനസ്സിൽ. സമയം വേണ്ടേ ഇറക്കാൻ ആണെങ്കിലും. റോഡിലെ രാജാവ് അല്ലേ? ഓവർടേക്കിങ് മിസ്സ് ആയ കലിപ്പ് തീർക്കാൻ ഒന്ന് ഇടിക്കാൻ വെട്ടിക്കുന്നു (അതാണ് വലിയ തെമ്മാടിതരം). എന്നിട്ട് ഓടിച്ചു പോകുന്നു.
KL 13 AF 6821 Miya Miya ബസ്. പിറകേ വന്ന ബൈക്കുകാരുടെയും കിളി പോയി. എല്ലാവരും ഒന്ന് നിർത്തി ജീവിതം തിരിച്ചു കിട്ടിയല്ലോ എന്ന് പറഞ്ഞത് ഓടിച്ചെന്നു പോയി. ബസ് ഡ്രൈവിംഗ് സംസ്കാരം മാറിയേ പറ്റു. അല്ലങ്കിൽ നാളെ ഇവൻ ഒക്കെ ശരിക്കും ആരെ എങ്കിലും ഇടിച്ചു കൊല്ലും. എന്തോക്കെയൊ നടപടികൾ ഒക്കെ എടുക്കാൻ പോവാ എന്ന് ഇന്നത്തെ വാർത്തയിൽ കണ്ടു. അതുകൊണ്ട് പോസ്റ്റിയതാണ്. ഞാൻ വലിയ മാന്യൻ ആണ് എന്ന് അവകാശപ്പെടുന്നുമില്ല.”
ഈ സംഭവം എമിലിന്റെ കാറിലെ ഡാഷ് ക്യാമറയിൽ പതിഞ്ഞിരുന്നു. ആ ദൃശ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഒന്നു കണ്ടുനോക്കൂ…
കേരളത്തിലുടനീളം യാത്ര ചെയ്യുന്ന എനിക്കും ഇത്തരം അനുഭവങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ പ്രതികരിച്ചിട്ടുമുണ്ട്. പ്രതികരിക്കുമ്പോൾ ബസ്സുകാർ പറയുന്ന ന്യായം “അവർക്ക് സമയത്തിന് ഓടിയെത്തണം, റോഡ് മോശമാണ്” എന്നതൊക്കെയാണ്. അതൊക്കെ ശരി തന്നെ. പക്ഷേ, ഒരു ബസ്സിന്റെ സമയം പാലിക്കുവാനായി മറ്റുള്ളവരുടെ ജീവനുകൾ ബലി കൊടുക്കേണ്ടതുണ്ടോ? ഇത് പ്രൈവറ്റ് ബസ്സുകാരെ മാത്രം കുറ്റം പറയുന്നതല്ല, കെഎസ്ആർടിസിയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.
മോട്ടോർ വാഹനവകുപ്പ് ഇത്തരം മത്സരയോട്ടങ്ങൾക്കെതിരായി കർശന നടപടി എടുക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഇനിയും നിരപരാധികളുടെ ജീവൻ നമ്മുടെ നിരത്തുകളിൽ ഹോമിക്കപ്പെടും. ബസ്സുകൾ മാത്രമല്ല, മറ്റെല്ലാ വാഹനങ്ങളും ബാക്കിയുള്ളവരുടെ ജീവന് ഹാനികരമായി ഡ്രൈവ് ചെയ്യാതിരിക്കുക.
1 comment
Enth parayan aarodu parayan. Aareyenkilum okke idichu kazhiyumbol ee naanamketta vargangal action edukkulu.ithu kandu prethikarikkan okke aarkanu samayam. nammude okke kashtakalam