ബെെജു ഏട്ടാ… ഗിരീഷ് ഏട്ടാ.. ഞങ്ങളുടെ മനസുകളിലൂടെ എന്നും ജീവിക്കും

എഴുത്ത് – ജോമോൻ വാലുപുരയിടത്തിൽ.

അവിനാഷിയിൽ നടന്ന അപകടത്തിൽ നമ്മോടു വിടപറഞ്ഞ ഗിരീഷേട്ടനും ബൈജു ചേട്ടനും, രണ്ടും ഇണക്കുരുവികളെ പോലെ ആയിരുന്നു ആദ്യമായി കണ്ട നാള്‍ മുതല്‍. ഞങ്ങള്‍ കാണുമ്പോള്‍ ‘ഇണ പ്രാവുകള്‍ എത്തിയല്ലൊ’ എന്നൊക്കെ പറഞ്ഞ് കളിയാക്കുമായിരുന്നു. അത്രക്ക് ദൃഡം ആയിരുന്നു അവരുടെ സൗഹൃദം.

എപ്പോഴും ഒരുമിച്ച് ബസ് കാലത്ത് എത്തിയത് മുതല്‍ ജോണ്‍സന്‍റെ കടയിലെ ചായ കുടി ആയാലും, അമ്മച്ചി കടയില്‍ നിന്നും കാലത്തെ ദോശ ആയാലും, അല്ലെങ്കില്‍ ഹോട്ടലിലെ ഉച്ച ഊണായാലും, അതുമല്ലെങ്കില്‍ അയ്യപ്പ ടെമ്പിളിലെ അമ്പലത്തില്‍ പോയുള്ള ഉച്ച ഊണിന് ആയാലും, ബസ് വൃത്തി ആക്കുന്നതും അങ്ങനെ എവിടെയും എപ്പോഴും ഒരുമിച്ച് അവസാനം പോയപ്പോഴും ഒരുമിച്ച്.

ഗിരീഷ് ഏട്ടനെ ആണ് ആദ്യം ആയി പരിചയപ്പെടണത്. പെട്ടെന്ന് ഇണങ്ങണ സ്വഭാവം, നല്ല തമാശക്കാരന്‍, എല്ലാവരോടും നല്ല സൗഹൃദം. പീനിയയില്‍ വരണ KSRTC ജീവനക്കാരില്‍ പരിജയമില്ലാത്തവരായി ആരും തന്നെ ഇല്ല ആള്‍ക്ക്.

ഞങ്ങളുടെ കൂട്ടൂകെട്ട് ആരംഭമെ ബംഗളൂരു പീനിയയിലെ KSRTC ബസ് പാര്‍ക്കിങ്ങില്‍ വച്ചായിരുന്നു. സുഹൃത്തായ മുരളി ആണെന്നെ ഗിരീഷേട്ടനെ ആദ്യം ആളെ പരിചയപെടുത്തുന്നത്. ആദ്യമായി കാണണ ഒരു ജാഡയും ഇല്ല, നിഷ്കളങ്ക മനുഷ്യന്‍. ആ പരിചയം പിന്നീട് അതിവേഗം തന്നെ വലിയ സൗഹൃദമായ് മാറി. പിന്നീട് ഫോണ്‍ വിളി വാട്സാപ് മെസേജ് അങ്ങനെ.

പലപ്പോഴും വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാറില്ല. അതിനെ ഞങ്ങള്‍ തമ്മില്‍ വഴക്ക് കൂടിയിട്ടുള്ളു. എപ്പോഴേലും തിരിച്ച് വിളിക്കും, ഇല്ലെ പീനിയ വരുമ്പോള്‍ കാണും. ചിരിച്ചോണ്ട് മൂവാറ്റുപുഴ ഭാഷ പറയും. “കുടുംബത്ത് കേറിയാൽ ഞാന്‍ ഫോണ്‍ നോക്കാറില്ലട. ഉള്ള സമയം വീട്ടുകാരിത്തിയോടും കൊച്ചിനും ഒപ്പം നിക്കണ്ട്ര. അപ്പഴ നിന്‍റെ ഒരു ഫോണ്‍.” വീടു പണിക്ക് ശേഷം എപ്പോഴും വിളിക്കും “നീ പെരുമ്പാവൂര്‍ക്ക് വാടാ, നിന്‍റെ ബാംഗ്ലൂര്‍ പോലല്ല പെരുമ്പാവൂര്‍. നീ വാടയെര്‍ക്ക. നമ്മക്ക് ചൂണ്ട ഇടാം. അടിച്ച് പൊളിക്കാം. നീ വാടയര്‍ക്ക.” പിന്നീടാവട്ടെ എന്ന് മാറ്റി വച്ചത് ഇപ്പോള്‍ വലിയ കുറ്റബോധം.

നൂറ്റണ്ടിലെ പ്രളയ കാലത്താണ് ഞങ്ങള്‍ കട്ട കമ്പനി ആവണത്. കേരളത്തിലേക്ക് പോകുവാന്‍ കഴിയാതെ ബസുകള്‍ ഇവിടെ കുടുങ്ങി. ഓഫീസ് കഴിഞ്ഞ് ഭാര്യ ജോലി കഴിഞ്ഞ് വരണ വരെ ഞാനും Sreeraj P R, Venu Nair, പത്തനംതിട്ട സ്കാനിയ ബസിലെ Roy Mon John ചേട്ടനും, കൊട്ടാരക്കര സ്കാനിയ ബസിലെ Najeem Kareem ഇക്കയും, Sunil G Nair, കോട്ടയം വോള്‍വോയിലെ Joseph അഛായനും, Tijo Thomas Cheruvil ചേട്ടനും, തിരുവല്ല ഡീലക്സിലെ Ashalan Sree ചേട്ടനും ഞങ്ങള്‍ എല്ലാവരും ഏതെങ്കിലും ഒരു ബസില്‍ ഒത്ത് കൂടും. പിന്നെ പാട്ടും വര്‍ത്തവാനവും പരസ്പരം കളി ആക്കലും രാഷ്ട്രീയം പറച്ചിലും അങ്ങനെ ആഘോഷം ആയിരുന്നു വണ്ടിയില്‍.

എന്‍റെ ഭാര്യക്ക് നെെറ്റ് ഡ്യൂട്ടി ഉള്ള സമയം ബസിലാവും ഉറക്കം. എല്ലാരും ഒരുമിച്ച് ഭക്ഷണം കഴിപ്പും, വെറുതെ ജാലഹള്ളി വരെ നടത്തവും, മെട്രോ യാത്രയും, പര്‍ചെയ്സും. ആരുടേലും കാശൊന്നും വലുതായില്ലെങ്കിലും മജിസ്റ്റിക്ക് ചിക്ക് പേട്ട് പോയി വെറുതെ സാധനങ്ങള്‍ക്ക് വില പറഞ്ഞ് പിന്നെ വരാം എന്ന് പറഞ്ഞ് പോരും.

ആ സമയത്താണ് പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് സഹയഹസ്തവുമായി ആയീ ടീം ആനവണ്ടി ബ്ലോഗ് മുന്നോട്ട് വരണത്. നല്ല ഒരു ആശയം ആയിരുന്നു. ബംഗളൂരുവില്‍ നിന്നും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സാധനങ്ങള്‍ പ്രളയ ബാധിത സ്ഥലക്കളിലെത്തിക്കുക. അങ്ങനെ സോഷ്യല്‍ മീഡിയ കൂട്ടയ്മയിലൂടെയും ഫേസ് ബുക്ക് പോസ്റ്റുകളിലൂടെയും അനേകം ആളുകള്‍ സാധനങ്ങള്‍ എത്തിച്ച് തന്നു, നമ്മുടെ എല്ലാ ബസുകളും നിറയെ.

അന്നാണ് Baiju Valakathil ഏട്ടനെ നല്ല ഒരു കോര്‍ഡിനേറ്റര്‍ ആയി കാണണത്. എങ്ങനെ സാധനം പായ്ക്ക് ചെയ്യണം, ആദ്യം ഏത് വയ്കണം, എങ്ങനെ വച്ചാല്‍ കൂടുതല്‍ സാധനങ്ങള്‍ കയറ്റാം അങ്ങനെ കുറെ കാര്യങ്ങള്‍ അറിവുള്ള നല്ല വ്യക്തി. എപ്പോഴും മുഖത്ത് പുഞ്ചിരി മാത്രം. എപ്പോ പീനിയ വന്നാലും വിളിക്കും. ഞാനും സുഹൃത്ത് ശ്രിരാജും പോവും. സംസാരിച്ചിരിക്കും, ബസുകളുടെ ഫോട്ടൊ എടുക്കും. എന്നെ എപ്പോഴും കളിയാക്കും “ഈ പടം പിടുത്തമെ ഉള്ളല്ലൊ ഇതു വല്ലൊം വെളിച്ചം കാണണുണ്ടൊ” എന്നൊക്കെ പറഞ്ഞ്. പ്രായത്തില്‍ ഞങ്ങള്‍ ഇളയതാണെങ്കിലും ഞങ്ങളെ ‘ജോമോനണ്ണ, ശ്രീരാജണ്ണ’ എന്നാരുന്നു വിളിക്കണതും.

ഒരു തവണ മാത്രെ രണ്ടു പേരോടും ഒപ്പം യാത്ര ചെയ്തിട്ടുള്ളു. രണ്ടു പേരും അങ്ങനെ സ്പീഡില്‍ വിട്ടു പോകയോ റാഷ് ഡ്രെെവിങ്ങൊ ഒന്നും തന്നെ ഇല്ല. സ്മൂത്ത് ഡ്രെെവിങ്ങ്. ഞാന്‍ ഇവിടം തൊട്ട് അവിടെ വരെ, അവിടം തൊട്ട് നീ ഓടിക്കണം എന്നൊന്നും ഉള്ള അളവ് കോലൊന്നും കണ്ടിട്ടില്ല. “ബെെജൂ നീ കൊറച്ച് ഓടിക്ക്. മടുക്കമ്പോ വിളിക്ക്. ഞാന്‍ കുറച്ച് റസ്റ്റ് എടുക്കട്ടെ. ഒറക്കം വന്ന പറയണം, കെട്ര” അങ്ങനെയങ്ങനെ ഒരേ മനസുള്ള രണ്ട് പേര്‍.

എന്ത് കാര്യങ്ങള്‍ ഉണ്ടേലും പറയും KSRTC യിലെ ആയാലും കുടുംബ കാര്യം ആയാലും. അങ്ങനെയാണ് ബസ്സിലെ യാത്രക്കാരിയായ ഡോക്ടര്‍ കവിത വാര്യര്‍ക്ക് സുഖം ഇല്ലാതെ ആയ കാര്യം പറയുന്നത്. ഞാനത് വെെകീട്ട് ഒരു കുറിപ്പെഴുതി ഞങ്ങളുടെ ഗ്രൂപ്പ് ആയ ആനവണ്ടി ട്രാവല്‍ ബ്ലോഗില്‍ ഇട്ടു. ആള് കാലത്ത് എന്നെ വിളിച്ച് ഓരേ വഴക്കും. നമ്മള്‍ തമ്മില്‍ അറിയാന്‍ ഉള്ളത് നീ FBല്‍ ഇട്ടത് എന്തിനാ എന്ന്. മനുഷ്യസഹജമായി നമ്മള്‍ അത് ചെയ്യണ്ടതാണ്. നാളെ നമ്മുക്ക് എന്ത് വന്നാലും നോക്കാന്‍ ആരേലും ദെെവം ഇത് പോലെ ഒരുക്കും. ഇതൊന്നും നാട്ടാരെ അറിയിക്കണ്ട കാര്യം ഇല്ല എന്നൊക്കെ ബൈജു ചേട്ടൻ പറഞ്ഞു. ഞാന്‍ പറഞ്ഞു “ബെെജു ഏട്ട ആത് ഒരു ക്ലോസ്ഡ് ഗ്രൂപ്പ് ആണ്. ആരും വല്യ കാര്യം ഒന്നും ആക്കില്ല.”

പക്ഷെ അത് സോഷ്യല്‍ മീഡിയ വലിയ തോതില്‍ ഏറ്റെടുത്തു. പല പേജുകളിലും ഷെയര്‍ ആയി. വലിയ വാര്‍ത്ത ആയി ഓണ്‍ലെെന്‍ ന്യൂസിലും പത്ര മാധ്യമങ്ങളിലും എത്തി. ആ നല്ല പ്രവൃത്തിക്ക് KSRTC യുടെ ഭാഗത്ത് നിന്നും അന്നത്തെ MD ടൊമിന്‍ തച്ചന്‍കരി അഭിനന്ദന കത്തും നല്‍കി ആദരിച്ചു രണ്ട് പേരെയും.

അവസാനമായി രണ്ട് പേരും വിളിക്കുന്നത് 2020 ജനുവരി ഒന്നിന് ആയിരുന്നു. എന്‍റെ അനിയന് എറണാകുളത്ത് വച്ച് ഒരു ആക്സിഡന്‍റ് സംഭവിച്ചു. അത് ഞാന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തീരുന്നു. “ജോമോനണ്ണ എന്താ പറ്റിയത്? എറണാകുളം അല്ലെ, ഒന്ന് കൊണ്ടും പേടിക്കണ്ട. എന്താവശ്യത്തിനും ഞങ്ങളുണ്ട്. ആശുപത്രി കേസ് ആയാലും, പോലീസ് സഹായം ആയാലും എന്തിനും ആള് ഹോസ്പിറ്റലില്‍ പോകാനും തയ്യാറായി. അനിയന്‍റെ നമ്പറും അവന്‍റെ കൂടെ ഉള്ള സുഹൃത്തുക്കളുടെ നമ്പറും വാങ്ങി.

പക്ഷേ തലക്ക് ക്ഷതം ഉള്ള കാരണം അവനേ വേഗം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പിന്നീട് പോകണ്ട എന്ന് വിളിച്ചറിയിച്ചു. അപ്പോഴേക്കും എന്‍റെ ആനവണ്ടി സുഹൃത്തുക്കള്‍ ആയ Jishnu, Rudit Mathews എന്നിവർ അവിടെ എത്തിയിരുന്നു. ആ വിവരവും ഫോണിലറിയിച്ചു. അപ്പോൾ “ആ നീ കേറി പോര്, കേസിന്‍റെ എന്തൊവശ്യത്തിനും ഞാനുണ്ട്” എന്ന് ബൈജു ചേട്ടൻ പറഞ്ഞു.ഇതിനിടെ ഗിരീഷ് ഏട്ടനും വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. സാരം ഇല്ലഡെര്‍ക്കാ എല്ലാം ശരി ആവും എന്ന് ആശ്വസിപ്പിച്ചു.

ഞങ്ങള്‍ ആനവണ്ടി പ്രാന്തന്‍മാര്‍ക്ക് KSRTC ഒരു വികാരമാണ്. അതിലെ നല്ല ജീവനക്കാര്‍ സിനിമാ നടന്‍മാരെ പോലെ തന്നെ ഞങ്ങളുടെ ഹീറോസും. മരണം രംഗ ബോധമില്ലാത്ത കോമളിയാണ്, ക്ഷണിക്കാത്ത അതിഥിയാണ്, വിധിയുടെ ക്രൂരത എന്നൊക്കെ പറയാം. പക്ഷെ എന്‍റെ ജേഷ്ഠ സ്ഥാനത്തുള്ള രണ്ട് പേരെയാണ് ദെെവമെ ഇത്ര വേഗം നി തട്ടിപറിച്ചെടുത്തത്.

അതേ നിങ്ങള്‍ മരിക്കണില്ല ബെെജു ഏട്ടാ… ഗിരീഷ് ഏട്ടാ.. ഞങ്ങളുടെ മനസുകളിലൂടെ എന്നും ജീവിക്കുന്നു. നിങ്ങളുടെ ആ നിറ പുഞ്ചിരിയുള്ള മുഖം എന്നും മായാതെ ഞങ്ങളുടെ മനസിലുണ്ടാവും.