മാസ്ക്ക് വെക്കാൻ ഈ യാത്രക്കാർക്ക് എന്താണിത്ര മടി?

എഴുത്ത് – ഷെഫീഖ് ഇബ്രാഹിം.

കുട്ടികളുമായി അനാവശ്യമായി പൊതുഗതാഗത സംവിധാനത്തില്‍ ആവശ്യമായ സുരക്ഷാ സംവിധാനമില്ലാതെ പൊതുനിരത്തിലും, ബസ്സുകളിലും സഞ്ചരിക്കുന്നവരും ശ്രദ്ധിക്കുക. ബസ്സുകളില്‍ സഞ്ചരിക്കുമ്പോള്‍ മാത്രമുളള ഒരു ഉപാധിയായി മാത്രം മാസ്ക് ഉപയോഗിക്കുന്നവരുണ്ട്..പോക്കറ്റിലും മറ്റും മാസ്ക് ഭദ്രമായി വെച്ചിരിക്കുകയാണ്..

മാസ്ക്ക് കഴുത്തിലിട്ട് സഞ്ചരിക്കുന്നവരും കുറവല്ല, ചിലര്‍ക്ക് ശ്വാസ തടസ്സം ഉണ്ടാകുമെന്ന്. പിന്നീട് ശ്വാസതടസ്സം വരാതിരിക്കുവാനാണ് മാസ്ക്ക് വായും,മുക്കും മറച്ച് ഉപയോഗിക്കുന്നത് എന്ന് പറയേണ്ടി വരാറുമുണ്ട്. രണ്ടു ചെവികളിലും കെട്ടി തൂക്കിയിട്ടിരിക്കുന്നവരുമുണ്ട്. അതെന്തിനാണ് എന്നും മനസ്സിലായിട്ടില്ല.ഹോട്ടലിലൊക്കെ സാമൂഹിക അകലമൊക്കെ വലിയൊരു തമാശയാണ്.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു യുവാവ് ആദ്യം തലയില്‍ തൊപ്പി വെച്ചിരിക്കുകയാണ് എന്നാണ് കരുതിയത്.പിന്നെയാണ് മനസ്സിലായത് മാസ്ക് തലയില്‍ വെച്ചിരിക്കുകയാണെന്ന്. ഇതൊക്കെ ആര്‍ക്ക് വേണ്ടിയാണ് എന്ന ചിന്ത എപ്പോഴാണ് നമുക്ക് ഉണ്ടാകുന്നത്.അതൊക്കെ മനസ്സിലാകുമ്പോള്‍ എല്ലാം കൈവിട്ട് പോകുമോ?

മാസ്ക് ധരിക്കാതെ കഴിഞ്ഞ ഒരു ദിനം അമ്മയോടൊപ്പം എടത്വ – തിരുവല്ല ബസ്സില്‍ യാത്ര ചെയ്ത കുട്ടിയുടെ അമ്മയോട് യാത്രക്കിടയില്‍ മാസ്ക് എവിടെ എന്ന് ചോദിച്ചപ്പോള്‍ പൊട്ടിപോയി എന്ന്. പക്ഷേ ബസ്സില്‍ നിരീക്ഷപ്പോള്‍ കണ്ടുമില്ല. ബാഗില്‍ സൂക്ഷിച്ചിരുന്ന മാസ്കിന്‍റെ കവര്‍ കുട്ടിയുടെ അമ്മയുടെ നേര്‍ക്ക് ചൂണ്ടി ഇതിലൊരെണ്ണം എടുത്തു മകന് കെട്ടി നല്‍കുവാന്‍ നിര്‍ദ്ദേശിച്ചു. മാസ്ക് കൈകള്‍ കൊണ്ട് സ്പര്‍ശിക്കാന്‍ ശ്രമിച്ചില്ല.

അവരുടെ എതിര്‍ സീറ്റില്‍ ഇരുന്ന പ്രായമുളള ഒരു യാത്രികന്‍ ചോദിച്ചു. ഗവണ്‍മെന്‍റ് സ്കീമിലാണോ പ്രസ്തുത മാസ്ക് ആ കുട്ടിക്ക് നല്‍കിയത് എന്ന്. അല്ല എന്നും, എനിക്ക് ഉപയോഗിക്കുവാന്‍ സൂക്ഷിച്ചിരിക്കുന്നതാണെന്നും, ആ കുട്ടിയുടെ പ്രായത്തില്‍ എനിക്കൊരു മകളുണ്ട് എന്ന് പറഞ്ഞു എന്‍റെ ജോലി തുടര്‍ന്നു.

ആ ട്രിപ്പില്‍ തന്നെയാണ് ഒരു യാത്രികനോട് പല തവണ മാസ്ക് ഇടുവാന്‍ നിര്‍ദ്ദേശിച്ചിട്ടും അദ്ദേഹം കുറച്ച് സമയം വെയ്ക്കും പിന്നീട് അത് പിന്നെയും മാറ്റി വെയ്ക്കും. മാസ്ക് ഇടുന്ന മറ്റ് യത്രികരെയും നിരുത്സാഹപ്പെടുത്തുന്നതായി ശ്രദ്ധയില്‍ വന്നു. അതിനു ശേഷമാണ് കുട്ടിയുമായി ബന്ധപ്പെട്ട സംഭവം. അതുകൂടി കഴിഞ്ഞപ്പോള്‍ സങ്കടമാണ് ഉണ്ടായത്.

ഇന്ന് കണ്ണൂരില്‍ ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകനായ ഡ്രൈവര്‍ സഹോദരന് കോവിഡ് ആണെന്ന വാര്‍ത്ത ഞങ്ങളെയെല്ലാം സങ്കടപ്പെടുത്തുന്നു. അതോടൊപ്പം ഭയത്തിലാക്കുന്നുമുണ്ട്. വ്യക്തമായ സുരക്ഷാ സംവിധാനമില്ലാതെ ഇനിയും തുടര്‍ന്നാല്‍ ഉണ്ടാകുന്ന ഇത്തരം രോഗവ്യാപനങ്ങള്‍ക്ക് പാവപ്പെട്ട തൊഴിലാളികളെ ദയവായി കുറ്റപ്പെടുത്തരുത്.

മാസ്കും,ഗ്ളൗസ്സും,ഫേസ്മാസ്ക്കുമെല്ലാം തൊഴിലിടങ്ങളില്‍ ഞങ്ങളുടെ അവകാശങ്ങളാണ്. അത് കൃത്യമായി കെ.എസ്സ്.ആര്‍.ടി.സിയിലെ ഓരോ തൊഴിലാളിക്കും ലഭിക്കുന്നുണ്ടോ എന്നും,ലഭ്യമാകുന്നില്ല എങ്കില്‍ അതിനായി ശ്രമിക്കേണ്ട ഉത്തരവാദിത്തം തൊഴിലാളികള്‍ അംഗത്വമുളള ഓരോ സംഘടനകള്‍ക്കും ഉണ്ടെന്ന് ഒരിക്കല്‍ കൂടി പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു.

കെ.എസ്സ്.ആര്‍.ടി.സിയെ ജീവനു തുല്യമാണ് സ്നേഹിക്കുന്നത്. പക്ഷേ, മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിക്കുവാന്‍ അടിയന്തിരമായ ഇടപെടല്‍ ഉണ്ടാകണം.ഇനിയുമെങ്കിലും. പ്രിയപ്പെട്ട യാത്രികരെ കെ.എസ്സ്.ആര്‍.ടി.സി ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ യാത്ര മാത്രമായിരുന്നു ആദ്യം സുരക്ഷമാത്രമായിരുന്നു ചുമതലയില്‍ എങ്കില്‍ ഇപ്പോള്‍ നിങ്ങളുടെ ആരോഗ്യവും ഞങ്ങള്‍ക്ക് പ്രധാനമാണ്.സുരക്ഷാസംവിധാനങ്ങളില്ലാതെയുളള യാത്രക്ക് വലിയ വില നല്‍കേണ്ടി വരാം.