എല്ലാവരും ഒരേപോലെ കുറ്റം പറയുന്ന ഒരു വിഭാഗമാണ് ബസ് ജീവനക്കാർ. ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്ന ജീവനക്കാർ ഉണ്ടെങ്കിലും കുറ്റം പറയുമ്പോൾ എല്ലാവരെയും ചേർത്ത് അങ്ങ് പറയും. അതാണല്ലോ പൊതുജനം. എന്നാൽ ബസ് ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ ആർക്കെങ്കിലും അറിയാമോ? അത് അറിയണമെങ്കിൽ ഒരു ദിവസം ബസ്സിൽ ജോലി ചെയ്തു തന്നെ നോക്കണം. ബസ് ജീവനക്കാരുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും പങ്കുവെച്ചുകൊണ്ട് Arun Punnakuttickal എന്ന ഒരു സ്വകാര്യ ബസ് ജീവനക്കാരൻ ഒരു കുറിപ്പ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. എല്ലാ തൊഴിലാളികളെയും കാടടച്ചു കുറ്റം പറയുന്ന നമ്മുടെ സമൂഹം ഇത് വായിക്കേണ്ടതാണ്. കുറിപ്പ് താഴെ കൊടുക്കുന്നു.
“ബസ്സുകാരുടെ കുറ്റങ്ങൾ മാത്രം മനസ്സിൽ വെച്ച് ബസ്സിൽ കയറുന്നവരോടും ബസ്സുകാരെ മോശം ആയി കാണുന്നവരോടും അത് പോലേ പ്രൈവറ്റ് ബസ് പൂട്ടികെട്ടാൻ ആഗ്രഹിക്കുന്നവരോടും.. ഞാൻ ഒരു ബസ്സ് ഡ്രൈവർ ആണ്. ഞാൻ ചെയ്ത ജോലിയിൽ ഏറ്റവും ബുദ്ധിമുട്ട് ഉള്ള ജോലിയാണിത്. രാവിലെ 6.05 ന് ബസ് എടുത്താൽ നിർത്തുന്നത് രാത്രി 7 (പല ബസ്സുകളുടെയും സമയം വ്യത്യസം) മണിക്ക് ആണ്. ഒരു പക്ഷെ ഏറ്റവും കൂടുതൽ ആളുകളുമായി ഇടപഴകുന്ന ജോലി. ഇത്രയും ആളും സമയവു൦ വെച്ച് ജോലി ചെയ്യുമ്പോൾ സഹോദരാ കയറുന്ന യാത്രക്കാരും മാന്യമായി പെരുമാറണം.
ബസ് ജോലിക്കാരുടെ മൊത്തം കുഴപ്പമല്ല, ബസ്സുകാരുടെ തെറ്റ് അല്ലങ്കിൽ പോലും അടിക്കുക അനാവശ്യം വിളിക്കുക ഇതും യാത്രക്കാർ ചെയ്യുന്നതാണ്. കാരണം ബസ് ജീവനക്കാരനെ അടിച്ചാൽ തിരിച്ചടി ഉണ്ടാവില്ല എന്ന് എല്ലാവരും ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.. ഇത്രയും ടെൻഷനും സമ്മർദ്ദവും വെച്ച് ജോലി ചെയ്യുമ്പോൾ ബസ് ജോലിക്കാരും ചിലപ്പോൾ തിരിച്ചും പ്രതികരിച്ചിട്ടുണ്ടാവും. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന മേഖലകളിൽ ഒന്നു കൂടിയാണ് ബസ്. അത് പൂട്ടി പോയാൽ ഒരു ലക്ഷത്തിലധികം ആളുകൾക്ക് ജോലി ഇല്ലാതാവും. കുറച്ചു ആളുകൾ കാരണം മൊത്തം നിങ്ങൾ അങ്ങനെ എന്ന് കരുതരുത്. എല്ലാ ജോലികളിലും ഇത്തരം ആളുകൾ ഉണ്ടാവും.
പ്രൈവറ്റ് ബസ് പൂട്ടി പോകുന്നതിൽ സന്തോഷിക്കുന്നവരോട്. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന മേഖലകളിൽ ഒന്നാണ് പ്രൈവറ്റ് ബസ്. പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷത്തിൽ അധികം തൊഴിലാളികൾ ഉണ്ടാവും. ഇവർക്ക് കൂടി പണി നഷ്ടപ്പെട്ടാാൽ എന്താകും അവസ്ഥ? ഈ ബസ്സ് കൊണ്ട് ജീവിച്ചു പോകുന്ന വേറേ ചിലരുണ്ട്. സ്പെയർ പാട്സ് കച്ചവടക്കാരൻ, അതിലെ തൊഴിലാളി, വർഷോപ്പ് ജീവനക്കാർ, ബസ് കഴുകുന്ന തൊഴിലാളികൾ, പിന്നേ ബസ്സുകാരല്ലാത്ത തൊഴിലാളികളും ഉണ്ട്. ബസ്സുകാർ ഭക്ഷണം കഴിക്കുന്ന തട്ട് കട, ചെറിയ ഹോട്ടൽ, പിന്നേ ലോട്ടറി, ബുക്ക് കച്ചവടം, കർചീഫ് കച്ചവടം, കടല – ഇഞ്ചി മുട്ടായി കച്ചവടം, ചെപ്പിതോണ്ടി തൊട്ട് പാൽക്കായം വരേ കൊണ്ട് നടക്കുന്ന കച്ചവടക്കാർ ഇങ്ങനെ ഉള്ളവരൊക്കെ ബുദ്ധിമുട്ടും. ചുരുക്കി പറഞ്ഞാൽ തൊഴിലാളികളും അവരുടെ കുടുംബങ്ങളും തൊട്ട് അഞ്ചു ലക്ഷത്തിൽ അധികമം ആളുകളുടേ ജീവിതം മുട്ടും..
ഇനി ബസ് ജീവനക്കാരന്റെ കുടുംബ ജീവിതം. ലീവില്ലാത്ത പണിയാണ്. രണ്ടു ദിവസം ലീവ് എടുക്കണമെങ്കിൽ വേറേ ഒരു ബസ് തൊഴിലാളിയെ തിരഞ്ഞു പിടിച്ചു വേണം. ഈ ബസ് ജീവനക്കാർ രാത്രി 8 മണിക്കൊ 9 മണിക്കൊ ബസ് നിറുത്തി രണ്ടു മൂന്നും കിലോമീറ്റർ അപ്പുറത്തേ തന്റെ വീട്ടിലേക്ക് പെട്ടെന്ന് എത്താൻ ശ്രമിക്കും തന്റേ പോന്നോമന മക്കൾ ഉറങ്ങുന്നതിന് മുൻപ് കയ്യിലുള്ള മുട്ടായിയൊ പഴങ്ങളോ സന്തോഷത്തോടെ കൊടുക്കാൻ. “അച്ഛാ..” എന്നുള്ള വിളി കേൾക്കാൻ കൊതിച്ച് വീട്ടിലെത്തുമ്പോഴെക്കും കുട്ടികൾ ഉറങ്ങിയിട്ടുണ്ടാവും. രാവിലെ തൊട്ട് രാത്രി വരേ വളയം പിടിച്ചും, ബസ്സിലൂടേ ഓടി നടന്നും ഡോർ തുറന്നും ബെൽ അടിച്ചും യാത്രക്കാരേ കഴിയാവുന്ന ശബ്ദത്തിൽ വിളിച്ചു കയറ്റിയും ക്ഷീണിച്ച് പെട്ടെന്ന് കിടക്കും.
കിടന്ന് കൊതി തീരുന്നതിന് മുൻപേ 5 മണിയായി. വേഗം കൊട്ടിപ്പിടഞ്ഞ് എണീറ്റ് വീണ്ടും ബസ്സിലേക്ക് ഓടും. ഇതിനിടയിൽ കുടുംബ ജീവിതം കിട്ടിയാൽ ആയി. ബസിലെത്തിയാലോ നാട്ടുകാരുടെ തെറിവിളി. എല്ലാത്തിനും സ്വകാര്യ ബസിനെ ചാർജ് ചെയ്യുന്നവർ എന്ത് കൊണ്ടാണ് ഓവർലോഡിന് ബസിനെ ചാർജ് ചെയ്യാത്തത്. കുട്ടികളെ ഡോർ അടയ്ക്കാതെ തൂക്കി വലിച്ചു കൊണ്ട്പോയാലും അധികൃതർ മിണ്ടാത്തത് വെറുതെയല്ല. മിണ്ടിയാൽ പകരം വേറെ സംവിധാനം കാണേണ്ടിവരും സർക്കാരിന്. ഇത്രയും പറഞ്ഞത് ഞങ്ങളുടെ ബുദ്ധിമുട്ട് നാട്ടുകാർ അറിയാൻ വേണ്ടി മാത്രം. ഞങ്ങളെ അഭിനന്ദിക്കേണ്ട.. ഉപദ്രവിക്കാതിരുന്നാൽ മതി. ഞങ്ങളും അരി വാങ്ങിക്കോട്ടെ.. കുടുംബം നോക്കാൻ വേണ്ടിയാ ഞങ്ങളും ജോലി ചെയ്യുന്നത്. നിങ്ങളെ പോലെ ഞങ്ങളും മനുഷ്യരാണ്.”