ഒരു വ്യക്തിയുടെ മരണം എപ്പോൾ എപ്രകാരം സംഭവിച്ചു എന്നു ശാസ്ത്രീയമായ രീതിയിൽ നിർണ്ണയിക്കുന്നതിനുള്ള പ്രത്യേകതരം ശസ്ത്രക്രിയാ രീതിയാണ് പോസ്റ്റ്മോർട്ടം (ആംഗലേയം- Postmortem) . ഇംഗ്ലീഷിൽ ഒട്ടോപ്സി എന്നും ഇത് അറിയപ്പെടുന്നു. ഈ പ്രക്രിയയിൽ മരിച്ച വ്യക്തിയുടെ ശരീരം ബാഹ്യവും ആന്തരികവുമായ വിവിധ പരിശോധനകൾക്ക് വിധേയമാക്കുന്നു. ഈ പ്രക്രിയയിൽ വൈദഗ്ദ്ധ്യം നേടിയ ഡോക്റ്ററെ പതോളജിസ്റ്റ് എന്നുവിളിക്കും. ഒന്നോ അതിലധികമോ പതോളജിസ്റ്റുകളും സംഘവും ചേർന്നായിരിക്കും പോസ്റ്റ്മോർട്ടം നടത്തുന്നത്.
പോസ്റ്റ്മോർട്ടം ഏറിയ പങ്കും നിയമപരമായ കാരണങ്ങളാലാണ് നടത്തപ്പെടുന്നതെങ്കിലും, ചില സാഹചര്യങ്ങളിൽ മരണഹേതുവായ രോഗാവസ്ഥകണ്ടുപിടിക്കുവാനായും ഇത് ചെയ്യാറുണ്ട്. ക്രിമിനൽ കേസുകൾ, അപകടങ്ങൾ, ആത്മഹത്യകൾ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടു നടത്തുന്ന പോസ്റ്റ്മോർട്ടത്തെ ഫോറൻസിക് ഒട്ടോപ്സി എന്നും, രോഗവസ്ഥകണ്ടുപിടിക്കാനായും മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കു നടത്തുന്ന പോസ്റ്റ്മോർട്ടത്തെ ക്ലിനിക്കൽ അല്ലെങ്കിൽ അക്കാഡമിക് ഒട്ടോപ്സി എന്നും വിളിക്കുന്നു.
മൃതശരീരത്തിന്റെ ബാഹ്യഭാഗങ്ങൾ വിശദമായി പരിശോധിച്ച ശേഷം, നെഞ്ച്, ഉദരം, തലയോട് എന്നിവ തുറന്നുള്ള പരിശോധനകൾ മിക്കവാറും എല്ലാ പോസ്റ്റ്മോർട്ടങ്ങളുടെയും ഭാഗമാണ്. പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കിയ മൃതദേഹം അതിനുശേഷം ഭംഗിയായി തുന്നിച്ചേർത്ത് പൊതുദർശനത്തിനുതകുന്ന രിതിയിൽ മാറ്റിയെടുക്കുന്നതും പോസ്റ്റ്മോർട്ടം പ്രക്രിയയുടെ ഭാഗമാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം തയ്യാറാക്കുന്ന റിപ്പോർട്ടിനെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നുവിളിക്കുന്നു. നിയമപരമായ പ്രക്രിയകൾ ഉൾപ്പെടുന്ന എല്ലാ കേസുകളിലും വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പോസ്റ്റ് മോർട്ടത്തിനു മുൻപായി ഇൻഡ്യയിൽ പോലീസോ മജിസ്ട്രേറ്റോ പ്രേതവിചാരണ (ഇൻക്വസ്റ്റ്) നടത്തിയിരിക്കും . അന്വേഷണോദ്യോഗസ്ഥനാണ് പോസ്റ്റ്‌മോർട്ടം പരിശോധന നടത്താനുള്ള സാഹചര്യമുണ്ടോ എന്ന് പരിശോധിച്ച് തീരുമാനമെടുക്കുന്നത്.
ചരിത്രം : “സ്വയമേവ കാണുക” എന്നർത്ഥമുള്ള ഗ്രീക്ക് വാക്കായ ഒട്ടോപ്‌സിയ എന്ന വാക്കിൽ നിന്നാണ് ഇംഗ്ലീഷിലെ ഒട്ടോപ്‌സി എന്ന വാക്കിന്റെ ഉത്ഭവം. ചരിത്രം പരിശോധിച്ചാൽ, മനുഷ്യശരീരം തുറന്ന് ആന്തരികാവയങ്ങൾ പുറത്തെടുക്കുകയും പരിശോധിക്കുകയും, സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്ന പ്രക്രിയ, ബി.സി. 3000 നോടടുത്ത് പുരാതന ഈജിപ്‌ഷ്യന്മാർ മമ്മികൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ചെയ്തിരുന്നു എന്ന് കാണാവുന്നതാണ്.
മരണകാരണം നിർണ്ണയിക്കുന്നതിന്റെ ഭാഗമായി ശവശരീരങ്ങൾ തുറന്നു പരിശോധിക്കുന്നത് മറ്റു പല പ്രാചീന നാഗരികതകളും അംഗീകരിച്ചീരുന്നില്ല. ഇപ്രകാരം ശരീരം തുറക്കുന്നത്, മരിച്ച വ്യക്തിയുടെ മരണാനന്തര ജീവിതത്തിനു ഭംഗം വരുത്തും എന്ന വിശ്വാസമാണ് അന്നുണ്ടായിരുന്നത്. പുരാതന ഗ്രീക്കിൽ പോസ്റ്റ്മോർട്ടങ്ങൾ സാധാരണമല്ലായിരുന്നു. ബി.സി. 150 ആണ്ടോടുകൂടി പുരാതന റോമർ നിയമനടപടികളിൽ, പോസ്റ്റ്മോർട്ടങ്ങളിൽ പാലിക്കേണ്ട നടപടികളെപ്പറ്റി കൃത്യമായ നിബന്ധനകൾ നിലവിൽ വന്നു. ബി.സി 44 ൽ, ജൂലിയസ് സീസർ വധിക്കപ്പെട്ടപ്പോൾ നടത്തിയ ഒട്ടോപ്‌സി റിപ്പോർട്ടിൽ, സീസറിന്റെ ശരീരത്തിലേറ്റ രണ്ടാമത്തെ കുത്ത് ആണ് മരണകാരണമായതെന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
റോമാക്കാരുടെ പോസ്റ്റ്മോർട്ട പരിശോധനകൾ പല മാറ്റങ്ങളോടെ കൃത്യമായ നിഷ്കർഷകളില്ലാതെ വീണ്ടും അനേകവർഷങ്ങൾ തുടർന്നു. ഇന്ന് ഉപയോഗിക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനകൾ അനാറ്റമികൽ പതോളജി രീതിലുള്ളതാണ്. ജിയോവാനി ബറ്റീസ മൊർഗാഗ്‌നി (1682 – 1771) എന്ന ഇറ്റാലിയൻ അനാറ്റോമിസ്റ്റ് ആണ് അനാറ്റമിക് പതോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത്. The Seats and Causes of Diseases Investigated by Anatomy എന്ന പേരിൽ ഇദ്ദേഹം 1769 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് പതോളജി ശാഖയിൽ എഴുതപ്പെട്ട ആദ്യ പ്രാമാണിക ഗ്രന്ഥം. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വൈദ്യശാസ്ത്രജ്ഞനായിരുന്ന റുഡോൾഫ് വിർച്ചോവ് ഒട്ടോപ്സി രീതികളെ സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
പോസ്റ്റ് മോർട്ടങ്ങളെ പ്രധാനമായും നാലു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1,മെഡിക്കോ-ലീഗൽ ഒട്ടോപ്‌സി അഥവാ ഫോറൻസിക് ഒട്ടോപ്‌സി: ഒരു മരണത്തിന്റെ കാര്യകാരണങ്ങൾ കണ്ടെത്തുക എന്നതാണ് ഈ രീതിയിലുള്ള പോസ്റ്റ്മോർട്ടങ്ങളുടെ ഉദ്ദേശം. നിയമം അനുശാസിക്കുന്ന രീതിയിൽ, കൊലപാതകം, അപകടം, സംശയാസ്പദ സാഹചര്യങ്ങളിലെ മരണം തുടങ്ങിയവക്കാണ് ഈ രീതി ഉപയോഗിക്കുന്നത് .2,ക്ലിനിക്കൽ അഥവാ പതോളജിക്കൽ ഒട്ടോപ്‌സി : ഒരു വ്യക്തിയുടെ മരണത്തിനു നിദാനമായ പ്രത്യക്ഷമോ അപ്രത്യക്ഷമോ ആയ രോഗാവസ്ഥ കണ്ടുപിടീക്കുന്നതിനായാണ് ഈ രീതിയിലുള്ള പോസ്റ്റ്മോർട്ടം നടത്തുന്നത്. ഗവേഷണവുമായി ബന്ധപ്പെട്ടും ഈ രീതി അനുവർത്തിക്കാറുണ്ട്. 3, അനാറ്റമിക് അഥവാ പഠനാവശ്യത്തിനുള്ള പോസ്റ്റ്മോർട്ടം : മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട് നടത്തുന്നു.4, “ദൃശ്യ” മാധ്യമങ്ങൾ ഉപയോഗിച്ച് ശരീരം കീറിമുറീക്കാതെ ചെയ്യുന്ന ഒട്ടോപ്‌സി. മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (MRI), കമ്പ്യൂട്ടഡ് ടോമോഗ്രാഫി (CT) തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും.
ഇന്ത്യയിൽ നടത്തപ്പെടുന്ന പോസ്റ്റ്മോർട്ടം പരിശോധനകളിൽ ഭൂരിഭാഗവും ഫോറൻസിക് ഒട്ടോപ്‌സി വിഭാഗത്തിൽപ്പെടുന്നവയാണ്. ഒരു വ്യക്തിയുടെ മരണകാരണം (Cause of Death) ശാസ്ത്രീയമായ നിരീക്ഷണങ്ങളുടെ അടീസ്ഥാനത്തിൽ നിർണ്ണയിക്കുക എന്നതാണ് ഫോറൻസിക് ഒട്ടോപ്‌സിയുടെ പ്രധാന ലക്ഷ്യം. ഈ പരിശോധനയുടെ ഫലങ്ങൾ തുടർന്നുവരുന്ന നിയമപരമായ കാര്യങ്ങളിൽ പ്രധാനപ്പെട്ട രേഖകളായി പരിഗണിക്കപ്പെടൂന്നു.
ശരീരത്തിലെ മുറിവുകളെ സംബന്ധിച്ച ആധികാരിക രേഖയാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇൻക്വസ്റ്റ് (പ്രേതവിചാരണ) നടപടിയിൽ കണ്ടെത്തിയ രീതിയിലാണോ ശരീരത്തിൽ മുറിവുകളുണ്ടായത് എന്ന കാര്യം വിശകലനം ചെയ്ത് അന്വേഷണോദ്യോഗസ്ഥനെ സഹായിക്കാൻ ഫോറൻസിക് സർജന് കഴിയും. വിശദാംശങ്ങൾ ലഭ്യമല്ലാത്ത സാഹിചര്യത്തിൽ മരണവുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങൾ മുറിവുകളിൽ നിന്നും രക്തക്കറകളിൽ നിന്നും മറ്റും പുനരാവിഷ്കരിക്കാനും സാധിക്കും. ജീവനുള്ളപ്പോഴാണോ മരണശേഷമാണോ ശരീരത്തിൽ മുറിവുകളുണ്ടായത്, സ്വയമുണ്ടാക്കാൻ സാധിക്കുന്ന തരമാണോ മുറിവുകൾ, മുറിവേറ്റശേഷം പരേതന് എന്തൊക്കെ പ്രവൃത്തികൾ ചെയ്യാൻ സാധിക്കും തുടങ്ങിയ ചോദ്യങ്ങൾക്കും ചിലപ്പോൾ ഓട്ടോപ്സിയിലൂടെ ഉത്തരം ലഭിച്ചേയ്ക്കാം. മരണമുണ്ടായ സാഹചര്യം (Manner of Death) സംബന്ധിച്ച സൂചനകൾ ഫോറൻസിക് സർജന് ഓട്ടോപ്സിയിലൂടെയും വേണ്ടിവന്നാൽ മരണം നടന്ന സ്ഥലം പരിശോധിച്ചും മറ്റും കണ്ടെത്താൻ സാധിക്കും. ഇന്ത്യയിലെ സംവിധാനത്തിൽ കേസന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥനാണ് മരണമുണ്ടായ സാഹചര്യം കണ്ടെത്താനുള്ള ഉത്തരവാദിത്തം. ഇതിൽ പോലീസുദ്യോഗസ്ഥനെ സഹായിക്കുകയാണ് ഫോറൻസിക് സർജൻ ചെയ്യുക.
പരേതനെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ തിരിച്ചറിയാൻ സഹായിക്കുന്ന കാര്യങ്ങൾ കണ്ടെത്തി രേഖപ്പെടുത്തുക എന്നത് ഓട്ടോപ്സിയുടെ ഒരു ലക്ഷ്യമാണ്. അസ്ഥികളുടെയും പല്ലുകളുടെയും മറ്റും മാറ്റങ്ങളിൽ നിന്ന് പ്രായം; ശരീരം ഛിന്നഭിന്നമായിട്ടുണ്ടെങ്കിൽ പോലും അസ്ഥികളിൽ നിന്ന് ആളുടെ ഉയരം എന്നിങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ഫോറൻസിക് സർജന് സാധിക്കും. പണ്ട് ചെയ്തിട്ടുള്ള ശസ്ത്രക്രീയകളുടെ തെളിവുകൾ, പച്ചകുത്തിയതിന്റെയും മറ്റും വിവരണം, പുകവലി, മുറുക്ക് തുടങ്ങിയ ശീലങ്ങൾ എന്നിവയെല്ലാം ശരീരത്തിൽ തെളിവുകൾ അവശേഷിപ്പിക്കും. ശരീരത്തിലെ തഴമ്പുകളിൽ നിന്ന് ജോലി, മതവിശ്വാസം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും സൂചനകൾ ലഭിക്കും.
പോസ്റ്റ്‌മോർട്ടം പരിശോധനയിൽ, ആന്തരാവയവങ്ങൾ, രക്തം, ആഹാരാവശിഷ്ടങ്ങൾ തുടങ്ങിയവയുടെ സാമ്പിളുകൾ വിശദമായ ഫോറൻസിക് പരിശോധനകൾക്കായി എടുക്കാറുണ്ട്. ഈ പരിശോധനാ റിപ്പോർട്ടുകളുടെയും, പോസ്റ്റ്മോർട്ടം നടത്തുന്ന അവസരത്തിൽ പതോളജിസ്റ്റ് നേരിൽ കണ്ടുമനസ്സിലാക്കുന്ന കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഒരു പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കുന്നത്.
പോസ്റ്റ്മോർട്ടത്തിനായി ഒരു മൃതദേഹം പോസ്റ്റ്‌മോർട്ടം ടേബിളിൽ എത്തിക്കുന്നതിനു മുമ്പ് തന്നെ, മൃതദേഹം ലഭിച്ച സ്ഥലത്തുനിന്നുള്ള സാഹചര്യതെളിവുകൾ മറ്റു ബന്ധപ്പെട്ട വസ്തുകൾ ഇവയൊക്കെ പോലീസ് വിഭാഗം ശേഖരിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ഉപോൽബലകമായേക്കാവുന്ന തെളിവുകൾ ശരീരത്തിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, അവ നഷ്ടമാകാത്ത രീതിയിൽ ശരീരം ഒരു പ്രത്യേക ബാഗിനുള്ളിൽ നിക്ഷേപിച്ചാണ് പോസ്റ്റ്‌മോർട്ടം നടത്തുന്ന ക്ലിനിക്കിലേക്ക് കൊണ്ടുപോകുന്നത്. കേരളത്തിലെ സർക്കാരുത്തരവനുസരിച്ച് എല്ലാ പോസ്റ്റുമോർട്ടങ്ങളും വൈകിട്ട് അഞ്ചുമണിക്കുമുമ്പായി നടത്തണം എന്നു വ്യവസ്ഥയുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രാത്രി സമയത്ത് കൃത്രിമവെളിച്ചത്തിന്റെ സഹായത്തോടെ പോസ്റ്റ് മോർട്ടം അനുവദിച്ചിട്ടുണ്ട്.
ഒരു ഫോറൻസിക് സർജനാണ് (ഇദ്ദേഹവും ഫോറൻസിക് മെഡിസിനിൽ സ്പെഷ്യലൈസ് ചെയ്ത ആളായിരിക്കും) സാധാരണഗതിയിൽ ഫോറൻസിക് ഒട്ടോപ്സി നടത്തുന്നത്. ഇന്ത്യയിലെ നിയമമനുസരിച്ച് എം.ബി.ബി.എസ് പാസ്സായ എല്ലാ ഡോക്ടർമാർക്കും സർക്കാരിന്റെ നിർദ്ദേശമുണ്ടെങ്കിൽ ഓട്ടോപ്സി നടത്താം. കേരളത്തിൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഫോറൻസിക് വിഭാഗം പ്രഫസർമാരെ പോലീസ് സർജന്മാർ എന്നും പോലീസ് സർജനു കീഴിലുള്ള വിദഗ്ദ്ധ ഡോക്ടർമാരെ ഡെപ്യൂട്ടി പോലീസ് സർജൻ, അസിസ്റ്റന്റ് പോലീസ് സർജൻ എന്നീ വിശേഷണങ്ങളിലും വിളിക്കുന്നുണ്ട്. പോലീസ് സർജന്മാർക്ക് ഏതൊക്കെ ജില്ലകളിലെ ജോലി ചെയ്യാം എന്നതുസംബന്ധിച്ച് സർക്കാർ വ്യവസ്ഥകൾ ഉണ്ടാക്കിയിട്ടുണ്ട്.
സൂര്യപ്രകാശത്തിൽ ഓട്ടോപ്‌സി ചെയ്യണമെന്ന നിബന്ധന മഞ്ഞനോവ് (മഞ്ഞപ്പിത്തം), ഓക്സിജനേഷൻ കുറയുന്നതുമായി ബന്ധപ്പെട്ട ശരീരത്തിന്റെ നീലിമ (cyanosis), ക്ഷതങ്ങൾ എന്നിവ വ്യക്തമായും തനത് നിറത്തിൽ തന്നെ കാണാനും സാധിക്കണം എന്നതുകൊണ്ടാണ്. ക്ഷതങ്ങളുടെ പോസ്റ്റ്മോർട്ടം ചെയ്യുന്നത് ആരായാലും, നിരീക്ഷണങ്ങൾ ഒരുപോലെ ആകണം എന്ന ശാസ്ത്രതത്വം മാനിച്ചാണ് സൂര്യവെളിച്ചത്തെ ആശ്രയിക്കുന്നത്. മാത്രവുമല്ല ചിലസ്ഥലങ്ങളിലെങ്കിലും മരണം നടന്ന സ്ഥലത്തിനടുത്ത് തന്നെ ഓട്ടോപ്സിയും ചെയ്ത് തീർക്കാറുണ്ട്. ഓട്ടോപ്സിക്കുള്ള സ്ഥിരം സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളിൽ (താലൂക്ക്,ദ്വിതീയ കേന്ദ്രങ്ങൾ)) മറകെട്ടി അവിടെവച്ചുതന്നെ ചെയ്യാറുമുണ്ട്. സാഹചര്യ തെളിവുകളും വസ്തുവഹകളും നശിപ്പിക്കപ്പെട്ടു പോകാതിരിക്കാനിത് സഹായകമാണ്. സൂര്യപ്രകാശത്തിന്റെ ആവശ്യകത മുന്നിൽകണ്ടുകൊണ്ട് ഓട്ടോപ്സി മുറികളുടെ മച്ചിൽ കണ്ണാടി വച്ച് സൂര്യവെളിച്ചത്തെ കടത്തിവിടാൻ സൗകര്യമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇന്ന് ട്യൂബ് ലൈറ്റ് പോലെ സർവ്വസാധാരണമായ പ്രകാശസ്രോതസ്സുകൾ ഉപയോഗിച്ചും ഓട്ടോപ്‌സി ചെയ്യാറുണ്ട്.
പാശ്ചാത്യരാജ്യങ്ങളിൽ, പോസ്റ്റ്‌മോർട്ടം പരിശോധന നടത്തുന്ന മുറികളുടെ ഭിത്തികളിൽ കാണാവുൻന്ന ഒരു ചുവരെഴുത്ത് ഇങ്ങനെയാണ് “Hic locus est ubi mors gaudet succurrere vitae” ലാറ്റിൻ ഭാഷയിലെഴുതിയിരിക്കുന്ന ഈ വാചകത്തിന്റെ അർത്ഥം “This is the place where death rejoices to help those who live” അഥവാ, “മരിച്ചുപോയവർ ജീവിച്ചിരിക്കുന്നവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന സ്ഥലം” എന്നാണ്. വാക്കുകളുടെ അർത്ഥം പോലെ, തന്നിലവശേഷിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഓരോ മൃതശരീരവും പോസ്റ്റ്മോർട്ടം ചെയ്യുന്ന പതോളജിസ്റ്റിനോട് നിശ്ശബ്ദമായി സംവദിക്കുന്നു.
പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തുന്ന മൃതശരീരം, ആദ്യമായി ബാഹ്യപരിശോധനകൾക്ക് വിധേയമാക്കുന്നു. ശരീരത്തിൽ കാണപ്പെടുന്ന വസ്ത്രങ്ങൾ, അവയുടെ സ്ഥാനം മുതലായവ രേഖപ്പെടുത്തിയശേഷം വസ്ത്രങ്ങൾ നീക്കം ചെയ്യുന്നു. ശരീരത്തിൽ കാണപ്പെട്ടേക്കാവുന്ന പാടുകൾ, പരിക്കുകൾ, മുറിവുകൾ, നിറവ്യത്യാസങ്ങൾ, അസാധാരണമായ മറ്റു കാര്യങ്ങൾ എന്നിവ റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നു. കൈകാലുകളിലെ നഖങ്ങൾ, വിരലുകൾ എന്നിവയെല്ലാം വിശദമായി ഈ അവസരത്തിൽ തെളിവുകൾക്കായി പരിശോധിക്കുന്നു. എന്തെങ്കിലും വസ്തുക്കൾ ഈ പരിശോധനകൾക്കിടയിൽ കണ്ടാൽ, അവയുടെ സാമ്പിളുകൾ ശേഖരിക്കുന്നു. മുറിവുകൾ ഉണ്ടെങ്കിൽ അവയുടെ വലിപ്പം, ആഴം തുടങ്ങീയവും രേഖപ്പെടുത്തുന്നു. ആവശ്യമെങ്കിൽ, ഫോട്ടോഗ്രാഫുകളും ഈ അവസരത്തിൽ എടുത്തു സൂക്ഷിക്കും. മൃതദേഹത്തിന്റെ ഭാരം, നീളം മുതലായവ അളക്കുന്നു.
അതിനുശേഷം, മൃതദേഹത്തിന്റെ അടീയിൽ, നെഞ്ചിനു സമാന്തരമായി “ബോഡി ബ്ലോക്ക്” എന്നറിയപ്പെടുന്ന ഒരു ചതുരക്കഷണം വയ്ക്കുന്നു. റബർ കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ ഉണ്ടാക്കിയിട്ടുള്ള ചതുരാകൃതിയിൽ ഒരു ഇഷ്ടികയുടെ വലിപ്പത്തിലുള്ള കട്ടയാണിത്. ഇന്ത്യയിൽ സാധാരണഗതിയിൽ ഒരു മരക്കഷണമാണ് ഇതിനുപയോഗിക്കുക. ഇതിൽ കിടത്തിയിരിക്കുന്ന മൃതദേഹത്തിന്റെ നെഞ്ചിൻകൂട് (trunk) ഉയർന്നും തോളും കൈകളും അതിനേക്കാൾ താഴ്ന്ന ഒരു തലത്തിലുമായിരിക്കും. ശരീരം തുറന്നു പരിശോധിക്കാൻ ഈ രീതിയിൽ മൃതദേഹം കിടത്തുന്നതുമൂലം കൂടുതൽ സൗകര്യമൊരുങ്ങുന്നു.
നെഞ്ചും വയറും പരിശോധനയ്ക്കായി തുറക്കുന്നതിന് രണ്ടു രീതികളുണ്ട്. മൂർച്ചയേറിയ ഒരു കത്തിയുപയോഗിച്ച്, ഇരു തോളുകളുടെയും മുകളിൽ നിന്ന് ആരംഭിച്ച്, നെഞ്ചിന്റെ ഏകദേശം മധ്യഭാഗം വരെ നീളുന്ന V ആകൃതിയിലും ആഴത്തിലൂള്ളതുമായ ഒരു മുറിവ് ഉണ്ടാക്കുകയും അവിടെനിന്ന് താഴേക്ക് അടിവയറോളം (pubic area) നീളുന്ന മറ്റൊരു മുറിവുണ്ടാക്കുകയും ചെയ്ത് ശരീരം തുറക്കുകയാണ് വിദേശങ്ങളിൽ സാധാരണ ചെയ്യുന്ന രീതി. ‘Y’ ആകൃതിയിലുള്ള ഈ മുറിക്കൽ രീതിയാണ് പരക്കെ പോസ്റ്റ് മോർട്ടങ്ങളിൽ ഉപയോഗിക്കപ്പെടുന്നത്. കഴുത്തിനു മുന്നിൽ മുറിവുണ്ടാകാത്തതിനാൽ ശവശരീരം കഴുത്തു പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിപ്പിച്ച് ഫ്യൂണറലിലും മറ്റും പ്രദർശനത്തിനു വയ്ക്കാനുള്ള സൗകര്യത്തിനായാണിതു ചെയ്യുന്നത്. താടിക്കു തൊട്ടു താഴെനിന്ന് ഇടുപ്പെല്ലിനു മുകളിൽ വരെ നെടുകേ ഒറ്റ മുറിവുണ്ടാക്കിയാണ് ഇന്ത്യയിൽ സാധാരണയായി ഓട്ടോപ്സിക്കായി ശരീരം തുറക്കുന്നത് (‘I’ ആകൃതിയിൽ ശരീരം തുറക്കുന്ന രീതി). പുക്കിൾ ഭാഗത്ത് ഈ മുറിവ് ഒരല്പം ഇടത്തേക്ക് മാറീയതിനുശേഷമാണ് താഴേക്ക് നീളുന്നത്.മനുഷ്യശരീരത്തിലെ സുപ്രധാനഭാഗങ്ങളായ നെഞ്ച് (Thorax), വയർ (adbomen) എന്നീ രണ്ടു അറകളിലേയും ആന്തരികാവയങ്ങളെ നേരില് കണ്ടു മനസ്സിലാക്കുവാനും പഠിക്കുവാനും ഈ രീതിയിലുള്ള മുറിക്കൽ ഏറെ സഹായകരമാണ്.
രക്തചംക്രമണത്തിന്റേയും, രക്തസമ്മർദ്ദത്തിന്റെയും അടിസ്ഥാനമായ ഹൃദയമിടിപ്പ് മരിച്ച വ്യക്തിയിൽ ഇല്ലാത്തതിനാൽ, മുറിവുകളിൽ നിന്ന് സാധാരണഗതിയിൽ രക്തസ്രാവം വളരെ കുറവായിരിക്കും. Y ആകൃതിയിലുള്ള മുറീവിൽ നിന്ന് നെഞ്ചിന്റെ വശങ്ങളിലേക്ക് ത്വക്കും അതുമായി ബന്ധിച്ചിരിക്കുന്ന മാംസവും തുടർന്ന് പിളർത്തി മാറ്റുന്നു. മുകളിലേക്ക് കഴുത്തിനു തൊട്ടുതഴെവരെയും ഇതേരീതിയിൽ മാംസവും ത്വക്കും മാറ്റുന്നു. നെഞ്ചിന്റെ ഇരുവശങ്ങളിലുമുള്ള വാരിയെല്ലുകൾ പ്രത്യേക ടൂളുകൾ ഉപയോഗിച്ച് മുറിച്ചതിനുശേഷം, നെഞ്ചിൻകൂടിന്റെ മുൻഭാഗം ഒരുമിച്ച് ഒരു പാളിയായി എടുത്തുമാറ്റുന്നു. ഇതോടെ ശ്വാസകോശങ്ങളും ഹൃദയവും കാണാറാകുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം നെഞ്ചിൻകൂട് ശരീരത്തിൽ പുനഃസ്ഥാപിക്കുന്നതിനുവേണ്ടീയാണ് ഇങ്ങനെ ഒരു പ്ലേറ്റായി എടുത്തുമാറ്റുന്നത്.
ശരീരം ഇപ്രകാരം തുറന്നുകഴിയുമ്പോൾ ആന്തരാവയങ്ങൾ പൂർണ്ണമായും കാണാറാകും. തുടർന്ന് ആന്തരാവയവ പരിശോധന ആരംഭിക്കുന്നു. ആന്തരാവയവങ്ങളുടെ പരിശോധന നടത്തുന്നതിനു വിവിധ അംഗീകൃതരീതികൾ ഉപയോഗിക്കുന്നുണ്ട്. ഒന്നുകിൽ ആന്തരാവയവങ്ങൾ എല്ലാം കൂടീ ഒരുമിച്ച് ശരീരത്തിൽ നിന്നു വേർപെടുത്തിയതിനുശേഷം, അവയെ വെവ്വേറെയായി പരിശോധിക്കുന്നു. അല്ലെങ്കിൽ ഈ അവയവയങ്ങൾ പതോളജിസ്റ്റ് നിശ്ചയിക്കുന്ന ഒരു ക്രമത്തിൽ വേർപെടുത്തി പരിശോധിക്കുന്നു. രണ്ടായാലും, പോസ്റ്റ്മോർട്ടം നടത്തുന്ന കേസിന്റെ സ്വഭാവമനുസരിച്ചാണ് ഈ രീതികൾ തീരുമാനിക്കപ്പെടുക. ആന്തരാവയങ്ങളെ ഒരുമിച്ച് ശരീരത്തിൽ നിന്നു വേർപെടുത്തുന്ന രീതിയെ എൻ മാസെ ടെക്ക്നിക്ക് ഓഫ് ലെട്യൂൾ (en masse technique of letulle) എന്നും, രണ്ടാമതു പറഞ്ഞരീതിയെ എൻ ബ്ലോക്ക് മെത്തേഡ് ഓഫ് ഘോൺ (en bloc method of Ghon) എന്നും വിളിക്കുന്നു. ഓരോ ആന്തരാവയവത്തിന്റെയും വലിപ്പം, ഭാരം എന്നിവ പരിശോധിക്കുകയും റീപ്പോർട്ടിൽ രേഖപ്പെടൂത്തുകയും ചെയ്യും. ആന്തരാവയവങ്ങൾ ഒരുമിച്ചു വേർപെടുത്തുന്ന രീതിയിൽ, തൊണ്ടയിൽ നിന്നാരംഭിച്ച് ശ്വസനനാളിയുടെ തുടക്കം മുതൽ, വൻകുടലിന്റെ അവസാനഭാഗം വരെ ഒരുമിച്ച് ഒരു പിണ്ഡമായി ശ്രദ്ധാപൂർവം മുറീച്ചു മാറ്റിയെടുത്തിട്ട്, ഭാഗങ്ങൾ പരിശോധിക്കുന്നു.
ആന്തരാവയങ്ങളുടെ പരിശോധനയുടെ ഏകദേശരൂപം ഇനി പറയും വിധമാണ്. ഹൃദയം സ്ഥിതിചെയ്യുന്ന പെരികാർഡിയൽ സാക് തുറന്ന് ഹൃദയത്തിന്റെ അവസ്ഥ വീക്ഷിക്കുന്നു. പൾമണറി ധമിനികളിൽ നിന്നോ ഹൃദയ അറകളിൽ നിന്നോ രക്തസാമ്പിളുകൾ ശേഖരിച്ചേക്കാം. വിഷാംശപരിശോധനയ്ക്കുവേണ്ടീയാണിതു ചെയ്യുന്നത്. പൾമണറീ ധമനി മുറീച്ച് അവിടെ ഏതെങ്കിലും തരത്തിലുള്ള ബ്ലോക്ക് ഉണ്ടോ എന്നു പരിശോധിക്കുന്നു. അതിനുശേഷം ഹൃദയം ശരീരവുമായി ബന്ധിച്ചിരിക്കുന്ന ഞരമ്പുകളിൽ നിന്നും പേശികളിൽ നിന്നും വേർപെടൂത്തുന്നു. ബ്രോങ്കസ്, ആർട്ടറി, വെയിൻ എന്നിവ മുറിച്ചു മാറ്റി ഇടതു ശ്വാസകോശവും, തുടർന്നു വലതു ശ്വാസകോശവും വേർപെടൂത്തുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന അസുഖങ്ങൾ, ശ്വാസകോശത്തിൽ കടന്നുകൂടാൻ സാധ്യതയുള്ള മറ്റു വസ്തുക്കൾ തുടങ്ങിയവ ഈ അവസരത്തിൽ പ്രത്യേകം പരിശോധിക്കുന്നു.
അടുത്തതായി ദഹനവ്യവസ്ഥയിലെ അവയവങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ആമാശയത്തിലെ ഭക്ഷണാവശിഷ്ടങ്ങൾ പരിശോധിക്കുന്നതിൽ നിന്നും മരണം നടന്നിട്ട് ഏകദേശം എത്രസമയമായി എന്ന് അനുമാനിക്കാനാവും. തുടർന്ന് കരൾ, പാൻക്രിയാസ്, കുടലുകൾ മുതലായവ പരിശോധിക്കുന്നു. അവ എടുത്തുമാറ്റിയ ശേഷം വൃക്കകളും യൂറീനറി സിസ്റ്റവും പരിശോധനകൾക്ക് വിധേയമാക്കുന്നു.
അടുത്തതായി പരിശോധിക്കുന്നത് തലച്ചോറാണ്. ബോഡി ബ്ലോക്ക് ഉപയോഗിച്ച് തല ഉയർത്തിവയ്ക്കുന്നു. അതിനുശേഷം തലയുടെ പുറകിൽ ഇരുചെവികളുടെയും നേരെ പുറകിൽ നിന്ന് ആരംഭിക്കുന്നവിധത്തിൽ ഒരു മുറിവ് തലയുടെ കുറുകേ ഉണ്ടാക്കുന്നു. ഈ മുറിവിൽ നിന്ന് ആരംഭിച്ച്, തലയോട്ടിയെ പൊതിഞ്ഞിരിക്കുന്ന ചർമ്മം, മുടീയുൾപ്പടെ രണ്ടൂ പാളികളായി വിഭജിച്ച്, ഒരു പാളി നെറ്റിയുടെ ഭാഗത്തേക്കും മറൂപാളി കഴുത്തിനു മുകളിലേക്കും വരത്തക്കവിധത്തിൽ വേർപെടുത്തുന്നു. അതിനുശേഷം, സ്ട്രൈക്കർ വാൾ (Stryker saw) എന്നപേരായ ഒരു ടൂൾ ഉപയോഗിച്ച്, തലയോട്ടീയുടെ മധ്യഭാഗത്തുനിന്നാരംഭിച്ച് പിന്നിലേക്ക് പോകുന്നധത്തിൽ ഒരു തൊപ്പിയുടെ ആകൃതിയിൽ തലയോട്ടി മുറീച്ചുമാറ്റുന്നു. പോസ്റ്റ് മോർട്ടത്തിനുശേഷം ഈ “തൊപ്പി” തിരികെ വച്ച് വീണ്ടൂം ചർമ്മം തുന്നിച്ചേർക്കുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്.
തലച്ചോറ് നിലവിലുള്ള അവസ്ഥയിൽ പരിശോധിക്കുന്നു. രോഗാവസ്ഥകൾ, രക്തസ്രാവം, പരിക്കുകൾ മുതലായവ ഈ അവസരത്തിലാണ് നോക്കുന്നത്. അതിനുശേഷം തലച്ചോറിനെ പൂർണ്ണമായും മുറിച്ചു മാറ്റി പുറത്തെടുത്ത് പരിശോധിക്കുന്നു. കൈകാലുകൾ, മുഖം എന്നിവ സാധാരണഗതിയിൽ ഒരു പോസ്റ്റ്മോർട്ടത്തിലും തുറന്നു പരിശോധിക്കാറീല്ല. ശരീരത്തിനു പുറത്തേക്ക് മാറ്റിയ അവയവങ്ങൾ പരിശോധനയ്ക്കു ശേഷം ആവശ്യാനുസരണം സാമ്പിൾ ചെയ്യും. അതിനുശേഷം മൃതദേഹം വീണ്ടും പഴയതുപോലെ തുന്നിച്ചേർക്കുന്നു.
പോസ്റ്റ്മോർട്ടം നടത്തപ്പെട്ട ശരീരത്തെ തുന്നിച്ചേർത്ത്, മുറിവുകൾ കാണാത്തവിധത്തിലാക്കി, പൊതുദർശനത്തിനും സംസ്കാരത്തിനും ഉതകുംവിധമാക്കുന്ന പ്രക്രിയയയാണിത്. ഉദരം, നെഞ്ച് എന്നീ അറകൾക്കുള്ളിൽ കോട്ടൺ പഞ്ഞികൊണ്ടൂള്ള ഒരു ലൈനിംഗ് കൊടൂക്കുന്നു. അതിനുശേഷം മുറിച്ചു മാറ്റിയ അവയവങ്ങൾ ഒരു പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിച്ച് തിരികെ ഈ അറകളിലാക്കി ഉദരം തുന്നിക്കെട്ടുന്നു. നെഞ്ചിൻകൂട് (chest plate) തിരികെ വച്ച്, അതിനു മുകളിലേക്ക് പോസ്റ്റ് മോർട്ടത്തിന്റെ തുടക്കത്തിൽ വശങ്ങളിലേക്ക് നീക്കി വച്ച പേശിയും ചർമ്മവും തിരികെയാക്കി തുന്നിക്കെട്ടുന്നു. അവസാനമായി ഇളക്കി മാറ്റിയ തലയോട്ടിയുടെ ഭാഗം യഥാസ്ഥാനത്തെക്ക് വച്ച്, ഇരുവശത്തേക്കും നീക്കിയിരുന്ന ശിരോചർമ്മവും തുന്നിക്കെട്ടുന്നു. ഇതിനുശേഷം ശരീരം സംസ്കാരത്തിനായി തിരിച്ചു നൽകുന്നു.
കടപ്പാട് – വിക്കിപീഡിയ.