പതിവുപോലെ ഇന്നലേയും ജോലി കഴിഞ്ഞ് കൊല്ലം KSRTC യിൽ എത്തിയപ്പോൾ രാത്രി 9.15. പിന്നെ ബൈക്കും എടുത്ത് തിരികെ വരുന്ന വഴി വണ്ടിയുടെ ദാഹം തീർക്കാൻ മുളങ്കാടകം ക്ഷേത്രത്തിൻ്റെ കിഴക്ക് വശമുള്ള ദേവീ പമ്പിൽ കയറിയപ്പോൾ, മറ്റൊരു വണ്ടിയിൽ പെട്രോൾ അടിച്ചു കൊടുക്കുന്ന പ്രായമായ അമ്മയെ ശ്രദ്ധിച്ചത്.
പ്രായത്തിൻ്റെ പരിഭവം ഒന്നുമില്ലാതെ വളരെ ആക്ടീവായി ജോലി ചെയ്യുന്ന (സമയം 9.30) ആ അമ്മയെ കണ്ടപ്പോൾ, മറ്റ് പോയിൻ്റിൽ ആൾ ഇല്ലാതിരുന്നിട്ടും ഞാൻ കാത്ത് നിന്നു. നിലവിലെ വണ്ടിയിൽ ഇന്ധനം നിറച്ചിട്ട് അമ്മ എന്നെ വിളിച്ചു. നൂറു രൂപയ്ക്ക് പെട്രോൾ അടിച്ചു. അപ്പോഴെല്ലാം ഞാൻ അമ്മയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രൂപ കൃത്യമായി രേഖപ്പെടുത്തുന്നതിലും, പെട്രോൾ മൊത്തം വണ്ടിയുടെ ടാങ്കിൽ വീഴുന്നതുവരേയും ശ്രദ്ധയോടെ ഉള്ള ജോലി.
പൈസ കൊടുത്തിട്ട് ഞാൻ ചോദിച്ചു “എത്ര മണിക്ക് തീരും അമ്മെ ജോലി”? “അത് 10.30 ആകുമ്പോഴേക്കും പമ്പ് അടയ്ക്കും” അമ്മയുടെ മറുപടി. “ഇത്രയും പ്രായം ആയില്ലെ.
ഇപ്പോഴുത്തെ സാഹചര്യം ഒക്കെ മോശമല്ലെ. ജോലിക്ക് പോകണ്ട എന്ന് മക്കൾ ഒന്നും പറയില്ലെ” എന്ന് ഞാൻ ചോദിച്ചു. മാസ്ക് ധരിച്ചിരുന്നെങ്കിലും അമ്മയുടെ ചിരി ഞാൻ ഉള്ളാലെ കണ്ടു. “ജോലി ചെയ്ത് ജീവിക്കുന്നതിൽ എന്നും സന്തോഷമാണ്. അതിനാകുന്നത് വരെ ചെയ്യണം. അതൊരു പ്രത്യേക സുഖമാണ് മോനെ.” എനിക്ക് മറുപടി പറഞ്ഞ് അടുത്ത വാഹനത്തിന് പെട്രോൾ നൽകാനായി കൈകാട്ടി ക്ഷണിച്ചു.
ഇതിനിടയിൽ ഞാൻ പേര് ചോദിച്ചു. “പ്രഭാവതി അമ്മ” എന്ന് മറുപടി. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോൾ “ആയിക്കോട്ടെ” എന്ന് പറഞ്ഞ് നിന്നു തന്നു. പേഴ്സിൽ നിന്നും കൈയ്യിൽ തടഞ്ഞ ഒരു നോട്ട് (ചെറുതാണ് അതേയുള്ളു) എടുത്ത് “എൻ്റെ ഒരു സന്തോഷത്തിന്” എന്ന് പറഞ്ഞ് കൈയ്യിൽ കൊടുത്തപ്പോൾ ഒന്നമ്പരന്നെങ്കിലും സന്തോഷത്തോടെ സ്വീകരിച്ചു. പമ്പിൽ നിന്ന് തിരികെ ഇറങ്ങുമ്പോൾ ഒന്നുകൂടി അമ്മയെ തിരികെ നോക്കി. അടുത്ത വാഹനത്തിന് ഇന്ധനം നിറയ്ക്കാനായി ചുറുചുറുക്കോടെ നീങ്ങുന്ന പ്രഭാവതിയമ്മ. ആ കാഴ്ച ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.
കടപ്പാട് പോസ്റ്റ്.