എഴുത്ത് – അശ്വിൻ കെ.എസ്.
കെഎസ്ആർടിസി പോലെ തന്നെ മലയാളികൾ അന്തർസംസ്ഥാന യാത്രയ്ക്കായി ആശ്രയിക്കുന്ന ചില സ്വകാര്യ ബസ് സർവ്വീസുകളെ പരിചയപ്പെടാം.
1. കല്ലട ട്രാവൽസ് : 1975 ൽ രൂപം കൊണ്ട സ്ഥാപനമാണ് കല്ലട ട്രാവൽസ്. കല്ലട ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച കല്ലട ട്രാവൽസ് കേരളത്തിലെ ഏറ്റവും വലിയ ട്രാവൽസുകളിൽ ഒന്നാണ് ഇന്ന്. കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് ആദ്യമായ് ബസ്സ് സർവീസ് തുടങ്ങിയ സ്വകാര്യ കമ്പനി കല്ലട ട്രാവൽസാണ് എന്നാണ് പറയപ്പെടുന്നത്. 2002 ലാണ് KSRTC ബാംഗ്ലൂരിലേക്ക് ബസ്സുകൾ ഓടിച്ചുതുടങ്ങുന്നത്. കല്ലട ട്രാവൽസിനു സ്വന്തമായും മറ്റു കരാറുകളിലൂടെയും ഇന്ന് 160 ഓളം ബസ്സുകൾ ഉണ്ട്. ഇവ കേരളം, കർണാടകം,തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലേക്ക് ദിനംപ്രത്രി സർവീസ് നടത്തുന്നുണ്ട്.
മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ ട്രാവൽസുമായി ഒത്തുചേർന്നു എറണാകുളത്തു നിന്ന് മുംബൈയിലേക്കും കല്ലട ട്രാവൽസ് ട്രിപ്പ് ചെയ്യുന്നുണ്ട്. യാത്രക്കാരിൽ നിന്ന് റീഫണ്ട്, മോശമായ പെരുമാറ്റം, ആക്സിഡന്റ് എന്നിവ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ദിനംപ്രതി കല്ലട ട്രാവല്സിനെതിരെ വരുന്നുണ്ടെങ്കിലും ഇന്നും കല്ലട ട്രാവൽസിന്റെ ദിനം പ്രതിയുള്ള യാത്ര ലാഭകരമായി തന്നെ തുടരുന്നു എന്നതാണ് മറ്റൊരു വസ്തുത. ഇരിങ്ങാലക്കുട സ്വദേശി സുരേഷ് കല്ലട എന്ന വ്യക്തിയാണ് കല്ലട ട്രാവൽസ് നടത്തുന്നത്. നിലവിൽ 32 ലക്ഷം കിലോമീറ്ററുകൾ താണ്ടിയ വോൾവോ B9R ബസ് സ്വന്തമായി ഉള്ളത് കല്ലട ട്രാവൽസിനു മാത്രമാണ്. ബാംഗ്ലൂരിലെ മഡിവാള മാരുതി നഗറിലാണ് കല്ലടയുടെ ആസ്ഥാനം.
2. കെ പീ എൻ ട്രാവൽസ് : 1972 ൽ കെ പീ നടരാജൻ രൂപം നൽകിയ സ്ഥാനപാണ് കെ പീ എൻ ട്രാവൽസ്. ഏഴാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള കെ പീ നടരാജന് ബസ്സുകളോടും വാഹനങ്ങളോടും ഉണ്ടായിരുന്ന അടങ്ങാത്ത കമ്പമാണ് ഇന്ന് കെ പീ എൻ ട്രാവൽസായി വളർന്നത്. വളരെ പെട്ടെന്നായിരുന്നു കെ പീ എൻ ട്രാവൽസിന്റെ വളർച്ച. തമിഴ്നാട്ടിലെ സേലത്താണ് കെ പീ എൻ ട്രാവൽസിന്റെ ആസ്ഥാനം. തമിഴ്നാട്ടിൽ നിന്ന് നിരവധി അന്തർസംസ്ഥാന സർവീസുകൾ ആദ്യമായി രൂപീകരിച്ചത് കെ പീ എൻ ട്രാവൽസാണ്. ചെന്നൈ, കോയമ്പത്തൂർ, ഹൈദരാബാദ്, മധുരൈ, ബാംഗ്ലൂർ എന്നിങ്ങനെ നിരവധി സ്ഥലങ്ങളിലേക്ക് കെ പീ എൻ ട്രാവൽസ് സർവീസ് നടത്തുന്നുണ്ട്.
നല്ല സൗകര്യങ്ങളുള്ള ബസ്സുകളും, സൗമ്യമായി പെരുമാറുന്ന ജീവനക്കാരുമായിരുന്നു കെ പീ എൻ ട്രാവൽസിന്റെ മുഖമുദ്ര. തമിഴ്നാട് – കർണാടകം അതിർത്തിയിൽ കൊടുമ്പിരി കൊണ്ട കാവേരി പ്രശ്നത്തിൽ കെ പീ എൻ ട്രാവൽസിന്റെ അൻപതോളം ബസ്സുകൾ പ്രതിഷേധക്കാർ തീവെച്ചിരുന്നു. വടക്കേ ഇന്ത്യൻ ബിസിനസ്സ് ഭീമന്മാരുടെ വരവോടെ കെ പീ എൻ ട്രാവൽസ് കനത്ത മത്സരമാണ് ബിസിനസ്സ് രംഗത്ത് നേരിടുന്നത്. ദീർഘദൂര യാത്രകളിൽ കെ പീ എൻ ട്രാവൽസ് തിരഞ്ഞെടുക്കുന്ന ആളുകളുടെ എണ്ണവും ചെറുതല്ല. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ പീ എൻ ട്രാവൽസ് ദിനംപ്രതി സർവീസുകൾ നടത്തുന്നുണ്ട്.
3. പർവീൺ ട്രാവൽസ് : 50 വർഷങ്ങളിലേറെയായി പ്രവർത്തിച്ചുവരുന്ന ട്രാവൽസാണ് പർവീൺ. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇവർക്ക് സൗത്ത് ഇന്ത്യയൊട്ടാകെ 75 സർവീസുകൾ ദിനംപ്രതി ഉണ്ട്. എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് നിരവധി അന്തർസംസ്ഥാന സർവീസുകൾ ഉണ്ട് പർവീണിന്. ട്രാവൽ രംഗത്ത് പർവീണിന് മാത്രമായി അവകാശപ്പെടാവുന്ന നിരവധി വസ്തുതകൾ ഉണ്ട്.
അന്തർസംസ്ഥാന സർവീസ് രംഗത്ത് ആദ്യമായി ഓൺലൈൻ ബുക്കിങ് സംവിധാനം കൊണ്ടുവന്നത് പർവീൺ ട്രാവൽസാണ്. മെഴ്സിഡസ് ബെൻസ് ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ മൾട്ടി ആക്സിൽ ബസ്സ് വാങ്ങിയത് പർവീൺ ട്രാവൽസാണ്. ട്രാവൽ ടൂറിസം രംഗത്ത് 14 ഓളം അവാർഡുകൾ പർവീൺ ട്രാവൽസിനുണ്ട്. ഡെക്കാൻ ഓട്ടോസിന്റെ നിർമ്മിതിയായ സോങ്ടോങ് ബസ്സ് സ്വന്തമായി ഉള്ള ഏക അന്തർസംസ്ഥാന ട്രാവൽ കമ്പനിയാണ് പർവീൺ ട്രാവൽസ്. ഈ ബസ്സ് ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്കും തിരിച്ചും ആണ് സർവീസ് നടത്തുന്നത്. ഇവയ്ക്കെല്ലാം പുറമെ സമൂഹ നന്മ പ്രൊമോട്ട് ചെയ്യുന്ന ” ഗോ ഗ്രീൻ” , ” റെസ്പെക്ക്ട് വിമൺ ” എന്നിങ്ങനെ ഇനീഷ്യേറ്റിവുകൾ പർവീൺ ട്രാവൽസ് പ്രാവർത്തികമാക്കിയിട്ടുണ്ട്.
4. സുപ ട്രാവൽസ് : എറണാകുളം നിവാസികൾക്കാണ് ഈ പേര് കേരളത്തിൽ കൂടുതൽ സുപരിചിതം ആയിരിക്കുക. സുപ ട്രാവൽസ് വളരെയേറെ പഴക്കം ചെന്ന അപകട രഹിത അന്തർസംസ്ഥാന സർവീസുകളിൽ ഒന്നാണ്. എറണാകുളം – കോയമ്പത്തൂർ സർവീസാണ് ഇതിൽ ഏറ്റവും പേരുകേട്ടത്.
കോയമ്പത്തൂർ ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച വിവിധ കോളേജുകളിലേക്ക് ക്ളാസുകൾക്കായി പോകുന്ന വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചായിരുന്നു ഈ സർവീസ് ആദ്യം തുടങ്ങിയത്, പിന്നീട് ഇത് വളരെ പ്രിയമേറിയതായി മാറി. കോയമ്പത്തൂരിന് പുറമെ തേനി, ബോഡിനായ്ക്കനൂർ, മധുരൈ എന്നിവിടങ്ങളിലേക്കും ശൂപാ ട്രാവൽസ് സർവീസ് നടത്തുന്നുണ്ട് എറണാകുളം സൗത്തിലെ എൻസൈൻ ബിൽഡിങ്സിൽ ആണ് ഇവരുടെ ആസ്ഥാനം.
5. കേരളാ ലൈൻസ് : 2013 ലാണ് കേരളാ ലൈൻസ് സ്വതന്ത്ര നാമത്തിൽ അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കുന്നത്. പിന്നീട് സിദ്ധഗംഗ ട്രാവല്സിനോടൊപ്പം ചേർന്നാണ് ഇവരുടെ പ്രവർത്തനം. കേരളത്തിൽ എറണാകുളം, ചോറ്റാനിക്കര, പത്തനംതിട്ട , കാഞ്ഞിരപ്പള്ളി – കോട്ടയം, തിരുവനന്തപുരം എന്നിവടങ്ങളിൽ നിന്ന് ഇവർക്ക് ദിനംപ്രതി അന്തർസംസ്ഥാന സർവീസുകളുണ്ട്. നിലവിൽ ഉള്ള സർവീസുകൾക്കുപരിയായി പുതിയ ബസ്സ് മോഡലുകളും സർവീസുകളും തുടങ്ങാനിരിക്കുകയാണ് കമ്പനി.
ഇതിന്റെ ആദ്യപടിയായി ഈ വർഷം വോൾവോയുടെ ചെയ്സിൽ പ്രകാശ് ബോഡി ബിൽഡേഴ്സ് അവരുടെ പരിഷ്കരിച്ച മോഡലായ സെലെസ്റ്റ് ഇനത്തിൽ പുറത്തിറക്കിയ വോൾവോ ബി 11 ആർ കേരളാ ലൈൻസ് സ്വന്തമാക്കിയിട്ടുണ്ട്. ഇത് നിലവിൽ എറണാകുളം – ബാംഗ്ലൂർ റൂട്ടിലാണ് സർവീസ് നടത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ കേരളാ ലൈൻസിന്റെ സ്കാനിയ ബസ്സ് തമിഴ്നാട്ടിലെ സേലത്തിനടുത്തു വെച്ച് അപകടത്തിൽ പെട്ടിരുന്നു. ബാംഗ്ലൂർ മലയാളികളിൽ നിന്ന് കേരളാ ലൈൻസിനെ കുറിച്ചുള്ള അഭിപ്രായത്തിൽ ഇവ അധികവും കൃത്യസമയം പാലിക്കുന്ന സർവീസുകളാണെന്നാണ് പറയുന്നത് അതിനായി ഡിന്നർ ബ്രെയ്ക്ക് ഒഴിവാക്കുന്നുവെന്നു പരാതിയുയർന്നിരുന്നു.
ഇവയ്ക്കുപുറമെ നിലവിൽ ഗ്രീൻലൈൻ എന്ന ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ട്രാവൽസ് ഇപ്പോൾ മലയാളി യാത്രക്കാർക്കിടയിൽ മികച്ച അഭിപ്രായം നേടുന്നുണ്ട്. വിവിധ ബുക്കിങ് ആപുകളിൽ വരുന്ന റിവ്യൂ, റെയിറ്റിംഗ് അടിസ്ഥാനത്തിലാണ് ഇത്. വലിയ ബിസിനസ്സ് ഭീമന്മാരായ അൽഹിന്ദ് ഗ്രൂപ്, ഓറഞ്ച് ട്രാവൽസ്, വീ ആർ എൽ, എസ് ആർ എസ് എന്നിവരുടെയെല്ലാം കടന്നുവരവോടെ വലിയ മത്സരമാണ് ഇന്ന് അന്തർസംസ്ഥാന ട്രാവൽസ് രംഗത്ത് കണ്ടുവരുന്നത്.