“കേറിവാടാ മക്കളേ.. ഇന്ന് യാത്ര ഫ്രീ…” ആദ്യദിനം വിദ്യാർത്ഥികൾക്ക് ‘ഫ്രീ’ യാത്രയുമായി പ്രൈവറ്റ് ബസ്സുകാർ…

സ്വകാര്യ ബസ്സുകൾ തുടങ്ങിയ കാലം മുതൽക്കേയുള്ളതാണ് വിദ്യാർത്ഥികളും ബസ് ജീവനക്കാരുമായുള്ള വഴക്കുകൾ. പഠന കാലത്ത് ഒരു തവണയെങ്കിലും ബസ് ജീവനക്കാരുമായി തർക്കിക്കാത്ത അല്ലെങ്കിൽ അവരുടെ ചീത്ത കേൾക്കാത്ത വിദ്യാർഥികൾ കുറവായിരിക്കും. കാലങ്ങളോളം തലമുറകളായി തുടർന്നു വരുന്ന ഈ കലാപരിപാടികൾക്ക് ഇപ്പോൾ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങിയെന്ന സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു കേരളത്തിലെ സ്‌കൂളുകൾ തുറന്നത്. പൊതുവെ പ്രൈവറ്റ് ബസ്സുകാരുമായുള്ള അടിപിടി വാർത്തകൾ പ്രതീക്ഷിച്ചിരുന്ന ആളുകളുടെ മുന്നിലെത്തിയത് സ്‌കൂൾ തുറന്ന ആദ്യ ദിനം വിദ്യാർത്ഥികളെ സൗജന്യമായി കൊണ്ടുപോയ ചില ബസ്സുകളുടെ വാർത്തയും ചിത്രങ്ങളുമാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി നിരവധി ബസുകാരാണ് ഇത്തരത്തിൽ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സൗജന്യയാത്ര നടത്തിയത്.

സ്‌കൂളുകൾ തുറക്കുന്നതിനു മുന്നേ തന്നെ ബസ്സുകാർ ഈ സൗജന്യയാത്രയുടെ വിവരങ്ങൾ സോഷ്യൽ മീഡിയകൾ വഴി ഷെയർ ചെയ്തിരുന്നു. ഒടുവിൽ ആ ദിനം വന്നെത്തിയപ്പോൾ അവരെല്ലാം വാക്കു പാലിക്കുകയും ചെയ്തു. ചില സർവീസുകളിൽ ബസ് മുതലാളിമാരും ജീവനക്കാരും ചേർന്നാണ് വിദ്യാർത്ഥികളെ വരവേറ്റത്. വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർക്ക് മധുരം നൽകിയും ചില ബസ്സുകാർ സന്തോഷം പങ്കുവെയ്ക്കുകയുണ്ടായി.

മുന്നിൽ ‘വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര’ എന്നു വെളിപ്പെടുത്തുന്ന പോസ്റ്ററുകളും ഫ്ളക്സുകളും പതിച്ചുകൊണ്ട് സർവ്വീസ് നടത്തിയ ബസുകളെ ആദ്യമൊക്കെ ആളുകൾ തെല്ലൊരു അത്ഭുതത്തോടെയായിരുന്നു നോക്കിയത്. ചില ബസ്സുകാർ ഫ്ലാഗ് ഓഫ് ചടങ്ങുകൾ വരെ നടത്തുകയുണ്ടായി. ഈ പരിപാടികളിൽ വിദ്യാർത്ഥി യൂണിയൻ നേതാക്കളടക്കമുള്ളവർ പങ്കെടുക്കുകയും ചെയ്തു.എന്തായാലും ഇന്ത്യയും പാക്കിസ്ഥാനും എന്നപോലെ അറിയപ്പെട്ടിരുന്ന ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ നല്ലൊരു ബന്ധം ഉടലെടുക്കുവാൻ പോകുന്നതിന്റെ നല്ല സൂചനകളായി ഈ സംഭവത്തെ നമുക്ക് കാണാം.

വിദ്യാർത്ഥികൾക്ക് ബസ്സുകളിൽ കൺസെഷൻ തുക മിനിമം ഒരു രൂപയാണ്. സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും (KSRTC യിൽ പ്ലസ്‌ടു വരെയുള്ള, കാർഡ് കൈവശമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയാണ്). സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്കിൽ യാത്ര ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്നും ഇത് നിഷേധിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും കേരളാ പൊലീസ് അറിയിച്ചിട്ടുണ്ട്.

പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് അവർ യുണിഫോമിലാണെങ്കിൽ സ്വകാര്യ ബസുകളിൽ നിബന്ധനകൾക്ക് വിധേയമായി കൺസെഷൻ അനുവദിക്കേണ്ടതാണ്. കൂടാതെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്ന് ലഭിക്കുന്ന കൺസെഷൻ ഐഡന്റിറ്റി കാർഡ് ഉള്ള എല്ലാ വിദ്യാർത്ഥികൾക്കും കൺസെഷൻ അനുവദിക്കേണ്ടതാണെന്നും സ്കൂൾ പ്രവൃത്തി ദിവസങ്ങളിലെല്ലാം ഇത് ബാധകമാണെന്നും അധികൃതർ അറിയിച്ചു.

കൺസെഷൻ ആവശ്യപ്പെടുന്ന വിദ്യാർത്ഥികളെ പരസ്യമായി അപമാനിക്കുക, മോശമായി പെരുമാറുക, ബസിൽ കയറ്റാതിരിക്കുക, ബസ് പുറപ്പെടുന്നതുവരെ വിദ്യാർത്ഥികളെ ബസിനു വെളിയിൽ നിർത്തുക, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നിവ കുറ്റകരമാണ്. ഇത്തരം സംഭവങ്ങളുണ്ടായാൽ മോട്ടോർ വാഹനവകുപ്പിനോ പൊലീസിനോ പരാതി നൽകാവുന്നതാണെന്നും അധകൃതർ അറിയിച്ചു.