താൻ ജനിക്കും മുൻപേ ഈ ലോകത്തോട് വിടപറഞ്ഞ തൻ്റെ ചേച്ചിയെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞു കേട്ടറിഞ്ഞ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് മുൻ കെഎസ്ആർടിസി കണ്ടക്ടറും ഇപ്പോൾ വാട്ടർ അതോറിറ്റി ജീവനക്കാരിയുമായ പ്രിയ ജി.വാര്യർ. പ്രിയയുടെ വികാരനിർഭരമായ ആ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ..
“ഞാനൊന്നല്ല രണ്ടാണ്… ന്റെ ചേച്ചിക്കും നിക്കും ഇടയിൽ ഒരു കുട്ടി ണ്ടായിരുന്നു പ്രസന്ന.. ഇന്ന് ജീവിച്ചിരിപ്പുണ്ടേൽ Subash Krs ന്റെ പ്രായം കാണും..ചില്ലിട്ട പ്രസന്നയുടെ ഫോട്ടോ കണ്ടാണ് ഞാൻ വളരുന്നത് പ്രസന്നയെ കുറിച്ച് അമ്മമ്മ പറയാറുണ്ട്.. ഞങ്ങടെ കുടുംബത്തിൽ ഏറ്റവും വേഗത്തിൽ പുഞ്ചിരിച്ചു തുടങ്ങിയതവളായിരുന്നെന്ന്… കമിഴ്ന്ന് കിടന്നത്, മുട്ടു കുത്തി നിന്നത്, കിടന്നിടത്ത് നിന്നും എണീറ്റത്, എഴുന്നേറ്റ് പിച്ചവെച്ച് നടക്കാൻ ശ്രമിച്ചത് എല്ലാം.. അമ്മമ്മയെ കട്ടിലിൽ കിടക്കുമ്പോൾ കട്ടിലിൽ കൊത്തി പിടിച്ച് നിന്ന് ആ കുഞ്ഞു കൈകൾ കൊണ്ട് അമ്മമ്മയെ വിളിച്ചുണർത്തുമായിരുന്നത്രെ…എന്നിട്ടൊരൊറ്റ ഇരുത്തം നിലത്തേക്ക് … അവിടെ കിടന്ന് എഴുന്നേൽപ്പിക്കാൻ പരമാവതി ശബ്ദം ണ്ടാക്കി വിളിക്കുമായിരുന്നെന്ന്… ഒന്നിൽ കൂടുതൽ വളകൾ ഇട്ടു കൊടുത്താൽ ഇഷ്ടമില്ലാത്ത രീതിയിലുള്ള ഭാവങ്ങൾ കാണിക്കുമായിരുന്നെന്ന്… അമ്മമ്മ ഇടക്കിടെ പറയാറുണ്ട്…
പായയിൽ കിടന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു പ്രസന്നയുടെ. എത്ര പുഞ്ചിരിയോടെയാണെന്നോ മുഖമുയർത്തി നിലാവൊഴുകുന്ന പോലെ പ്രകാശം പരത്തുന്നത്. ഇപ്പഴും ഞാനൊരു ഫോട്ടോക്ക് തയ്യാറെടുക്കുമ്പോൾ പ്രസന്നയെ ഓർക്കാറുണ്ട്. മുഖത്ത് കാണുന്ന ആ പുഞ്ചിരി അവളത്ര ചെറുപ്പത്തിൽ കാണിക്കുന്നെങ്കിൽ ഇപ്പോഴെനിക്കെന്തുകൊണ്ടായികൂടാ. അമ്മമ്മയുടെ കൂട്ടായ കാളികുട്ടിയമ്മയൊക്കെ വരുമ്പോൾ ആ കൈകളിലേക്ക് ചാടി കേറുമായിരുന്നവൾ. ആരേയും ഭയപ്പെടാതെ. എന്തിനേയും നേരിടാനുള്ള കരുത്തോടെ. ഓരോ ദിവസവും പ്രസന്ന മുഖ്ത്തോടെ ജീവിച്ചു കൊണ്ടിരുന്നവൾ. അച്ഛൻ വരുമ്പോൾ അവളേറെ സന്തോഷത്തോടെ നോക്കിയിരുന്നു കാണണം. ചേച്ചിയോട് കുഞ്ഞ് കുഞ്ഞ് കൺപീലി അടയുന്നത് പല പ്രാവശ്യം കാണിച്ചു കൊടുത്തിരിക്കണം. ന്നിട്ട് പൊട്ടിച്ചിരിച്ചിട്ടുണ്ടാവും…
അപ്രതീക്ഷിതമായ പനി പ്രസന്നക്ക് താങ്ങാൻ കഴിയാതെ വന്നപ്പോൾ വാടി തളർന്നു. അമ്മാവൻ പറഞ്ഞു.”ഏത് ഹോസ്പിറ്റലിൽ കൊണ്ടു പോയാലും വേണ്ടില്ല, കുട്ടീടെ ജീവൻ കിട്ടിയാൽ മതിയെന്ന്”. അവസാന നിമിഷത്തിൽ അവൾ പതുക്കെ അമ്മയുടെ നിറയുന്ന കണ്ണിലേക്ക് നോക്കി പറയാൻ ശ്രമിച്ചിരിക്കാം ” അമ്മേ… എന്നെ എന്റെച്ഛന്റെ പറമ്പിൽ വെച്ചാൽ മതിയേ…. വലിയൊരു മാവിൻ ചുവട്ടിൽ മതി. അവിടെയാണേൽ നിറയെ കുട്ടികൾ വരുമല്ലോ മാങ്ങ പെറുക്കാൻ. മാവിൻ കൊമ്പത്ത് ഊഞ്ഞാലിട്ടു കൊടുക്കണം. കൂടെയുള്ളവർ ആടുമ്പോൾ നിക്ക് നോക്കി കിടക്കാലോ. പറങ്കിമാവിൻ കൂട്ടത്തിനടുത്ത് ആയാൽ അത്രേം ഷ്ടാവും. ഞാനേറെ കൊതിച്ചിരുന്നതാണമ്മേ ഒരു പറങ്കിമാങ്ങ കഴിക്കാൻ.”
അമ്മയുടെ നിറകണ്ണുകൾ കവിളിലേക്കൊഴുകാതിരിക്കാൻ വേണ്ടിയായിരിക്കണം അവളൊന്നും മിണ്ടാത്തത്. ആരും ശബ്ദമുയർത്തി നിലവിളിച്ചില്ല.. ഒരാൾക്ക് പോലും ശക്തിയുണ്ടായിരുന്നില്ല. മൃതദേഹമെന്ന് ആർക്കും കരുതാനാവില്ല. അത്രക്കും ശാന്തമായ മുഖഭാവം. കുളിപ്പിച്ചതിനു ശേഷം ചന്ദനവും ഭസ്മവുമണിഞ്ഞ് തൂവെള്ള വസ്ത്രം കൊണ്ട് മൂടി ഉമ്മറത്ത് കിടത്തിയിരിക്കുകയാണ്. മുറ്റത്ത് കൈകോട്ടും മഴുവും പരസ്പരം പറയുന്നുണ്ട് “നമ്മളെന്തു പാപം ചെയ്തു ഇതൊക്കെ കാണാൻ…” വാര്യത്തിന്റെ പരിസരങ്ങളിൽ അവിടവിടെയായി തൂണുപോലിരിക്കുന്നവർ, വാടി തളർന്ന ഇലക്കറിയെ പോലുള്ളവർ, താടിക്ക് കൈയും കൊടുത്തിരിക്കുന്നവർ.. ഒരുപാടൊരുപാട് പേർ.
പ്രസന്ന ഉറക്കെ പറയുന്നുണ്ടായിരുന്നു “അമ്മേ.. ന്നെ കിടത്താൻ ത്തിരി സ്ഥലം മതി ട്ടൊ…. ആറടിയൊന്നും വേണ്ടേയ്” ന്ന്. ഒന്നര വയസ്സിൽ പട്ടട തയ്യാറാക്കുന്നുണ്ടായിരുന്നില്ല. കാരണം പട്ടടയാൽ ആഴ്ന്നിറങ്ങുന്ന തീജ്വാല രക്ഷിതാക്കളിലേക്ക് തന്നെയാവും ഏറെ കാലത്തേക്ക് എത്തുക. അമ്മിഞ്ഞ പാൽ കുടിച്ചു മതിവരാത്ത പ്രസന്ന അമ്മയോട് പറയുന്നുണ്ടായിരിക്കണം. “സുമതിയമ്മേ…. ഞാൻ പോയി വരട്ടെ..” ആ മുഖത്ത് ചെറിയൊരു പുഞ്ചിരി ഒളിഞ്ഞു കിടപ്പുണ്ട്. ” മ്മേ..വിഷമിക്കണ്ട.. എന്റെ പകരമായല്ല ഞാൻ തന്നെ അമ്മേടെ വയറ്റിൽ ജനിച്ചോളാം. നിക്ക് മത്യായില്ല മ്മേടെ പാല് കുടിച്ചിട്ട്, ചൂട് പറ്റി കിടന്നിട്ട്,.വയറിൽ വയറൊട്ടി കിടന്നിട്ട്, കവിളിൽ ടപ്പേന്ന് കുഞ്ഞുകൈകൾ കൊണ്ട് കിന്നാരം പറഞ്ഞിട്ട്. ഒന്നും മതിയാവുന്നില്ലമ്മേ. ഞാനിനിയും വരാം. എന്നെ അന്ന് പ്രിയയെന്ന് വിളിച്ചാൽ മതി. ഏവർക്കും പ്രിയപ്പെട്ടവളായി ജീവിക്കാൻ കൊതിയാവുന്നമ്മേ. അന്ന് ഞാനൊരിക്കലും ങ്ങനെ ചെറുപ്രായത്തിൽ വിട പറയില്ല. എത്ര തവണ എന്നെ ഇതു പോലെ ഭൂമിയിൽ നിന്ന് വിളിച്ചാലും എനിക്കെന്ന് കൊതി തീരുന്നോ അന്നേ ഭൂമിയിൽ നിന്ന് വിട പറയൂ.”
ഈ മനോഹരമായ പ്രകൃതിയിൽ നിന്നും കൂട്ടുകൂടിയ നൻമയുള്ള മനുഷ്യരിൽ നിന്നും ജീവിച്ച് കൊതി തീരുന്നില്ലൊരിക്കലും. പിന്നെങ്ങനെ പോവാനാണ് സഹോ.. ഇവരോടൊക്കെ നിക്കൊന്ന് പറയണം ന്ന്ണ്ട്…..”ബ്ളേ….. ദ്ദ് പ്രിയയല്ല പ്രസന്നയാണെന്ന്….”