തമിഴ്‌നാട് – കർണാടക സംസ്ഥാനങ്ങളെ വിറപ്പിച്ച സൈക്കോ ശങ്കർ എന്ന സീരിയൽ കില്ലർ

ലേഖകൻ : ബിജുകുമാർ ആലക്കോട് (Original Post).

ബിജുകുമാർ ആലക്കോട്.

23-08-2009. തമിഴുനാട്ടിലെ തിരുപ്പൂർ ജില്ലയിലെ അദിയൂർ റോഡ് ജങ്ക്ഷൻ. സമയം രാത്രി 8.30 ആയിരിയ്ക്കുന്നു. ചെറിയൊരു കവലയാണ് അദിയൂർ റോഡ് ജങ്ക്ഷൻ. പെരുമനല്ലൂരിൽ നിന്നും ഈറോഡു നിന്നുമുള്ള റോഡുകൾ കൂടിച്ചേര ുന്നിടം. രാത്രി ആയതോടെ ആൾത്തിരക്ക് വളരെ കുറഞ്ഞിരിയ്ക്കുന്നു. 39 വയസ്സുള്ള ജയമണി എന്ന യുവതി അവിടെ, ഇറോഡിലേയ്ക്കുള്ള ബസു കാത്തു നിൽക്കുകയാണ്. ഏറെ നേരമായിട്ടും ബസ്സൊന്നും കിട്ടിയില്ല. ഇറോഡു ബസുകളൊന്നും ആ കവലയിൽ നിർത്തിയില്ല എന്നതാണു കാര്യം. അവിടെ നിന്ന ഒരാളോട് അന്വേഷിച്ചപ്പോഴാണു കാര്യം മനസ്സിലായത്, രാത്രി 8.00 മണിയ്ക്കു ശേഷമുള്ള ബസുകൾക്കൊന്നും അവിടെ സ്റ്റോപ്പില്ല. ജയമണിയ്ക്ക് ആശങ്കയേറി. രാത്രി കൂടുതൽ കനക്കുകയാണ്. ഒരു മണിക്കൂറിനടുത്ത് യാത്ര ചെയ്ത് ഇറോഡിലെത്തണം. അതിന്റെ പ്രാന്ത്രത്തിലാണു അവളുടെ വീട്.

കാങ്കയം വനിതാപൊലീസ് സ്റ്റേഷനിലെ ഒരു കോൺസ്റ്റബിളാണ് ജയമണി. സാധാരണ വൈകുന്നേരം ഡ്യൂട്ടിയ്ക്കു ശേഷം നേരത്തെ തന്നെ വീട്ടിലെത്തുന്നതാണ്. എന്നാൽ ഇന്നു അവർക്കു ഡ്യൂട്ടി, അടുത്ത പൊലീസ് സ്റ്റേഷനായ പെരുമനല്ലൂരിൽ ആയിരുന്നു. തമിഴുനാട് ഉപമുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സന്ദർശനാർത്ഥം വാഹനനിയന്ത്രണത്തിനു കൂടുതൽ പൊലീസ് ആവശ്യമുണ്ടായിരുന്നു. അങ്ങനെയാണു ജയമണി പെരുമനല്ലൂരിൽ എത്തിയത്. ഡ്യൂട്ടിയ്ക്കു ശേഷം ബസ് പിടിച്ച് അദിയൂർ റോഡ് ജംക്ഷനിൽ എത്തുമ്പോൾ എട്ടുമണി കഴിഞ്ഞിരുന്നു.

ഇനിയും ബസ് കാത്തുനിൽക്കുന്നതിൽ അർത്ഥമില്ലെന്നു അവൾക്കു മനസ്സിലായി. തുടർന്ന് അതിലെ പോയ ബൈക്കുകൾക്ക് കൈകാണിച്ചു നോക്കി. മിക്കതും അവളെ ശ്രദ്ധിച്ചു പോലുമില്ല. ചിലർ അരികെ വന്നുവെന്നുവെങ്കിലും അവരുദ്ദേശിച്ച തരമാണെന്നു തോന്നാത്തതിനാലാവാം ഓടിച്ചു പോയി. ഏകദേശം എട്ടേമുക്കാലോടെ അതിലെ വന്ന ഹീറോ ഹോണ്ടാ ബൈക്ക് അവളുടെ അരികിൽ നിർത്തി.. മുപ്പതുവയസ്സു കടന്ന സുമുഖനായ ഒരു യുവാവായിരുന്നു ബൈക്കിലുണ്ടായിരുന്നത്. “സർ, ഞാനൊരു പൊലീസ് കോൺസ്റ്റബിളാണ്. എനിയ്ക്ക് ഇറോഡ് എത്തണം. ബസുകളൊന്നും ഇവിടെ നിർത്തുന്നില്ല. അടുത്ത ബസ് കിട്ടുന്ന സെങ്കപ്പള്ളി ജംക്ഷനിൽ എന്നെയൊന്നു ഡ്രോപ്പ് ചെയ്യാമോ?“ “അതിനെന്താ മാഡം. കയറിക്കൊള്ളു..“ ആ യുവാവ് ഭവ്യതയോടെ പറഞ്ഞു. ജയമണി ആശ്വാസത്തോടെ ആ ഹീറോ ഹോണ്ടയുടെ പിന്നിൽ കയറി. ബൈക്ക് മുന്നോട്ടു പോയി.

അല്പദൂരം കഴിഞ്ഞതോടെ അത്, മെയിൻ റോഡിൽ നിന്നു മാറി ഒരു ചെറിയ റോഡിലേയ്ക്കു കയറി. എന്താണു വഴി മാറിയതെന്നു ജയമണി അയാളോടു ചോദിച്ചു. “ഇതു കാളിപ്പാളയം കൂടിയുള്ള എളുപ്പവഴിയാണു മാഡം..“ അയാൾ പറഞ്ഞു. വിജനമായ ആ റോഡിൽ വെളിച്ചവും കുറവായിരുന്നു. കുറച്ചുസമയം ഓടിയ ശേഷം അതൊരിടത്തു നിർത്തി. “പപ്പാതി മൊടക്ക്“ എന്ന ശ്മശാനമായിരുന്നു അത്. ഭയവിഹ്വലയായ ജയമണി ബൈക്കിൽ നിന്നിറങ്ങി. അവൾ അതിവേഗം പിന്നോട്ടേയ്ക്ക് നടന്നു. പെട്ടെന്ന്, പിന്നിൽ നിന്നും ഒരു വെട്ടേറ്റ് അവൾ വീണു. കൈയിൽ ചോരയിറ്റുന്ന വെട്ടരിവാളുമായി അയാൾ ആ യുവതിയുടെ മേൽ കയറി ഇരുന്നു. അവളുടെ മുഖത്തും മാറിലുമെല്ലാം അയാൾ പരുക്കേൽപ്പിച്ചു. തുടർന്ന് ബോധരഹിതയായ ആ യുവതിയെ ക്രൂരമായി ബലാൽസംഗം ചെയ്തു. ശ്മശാനത്തിൽ നിന്നും നായ്ക്കളുടെ ഓരിയിടലും കാലൻ കോഴികളുടെ മൂളലും ഉയർന്നുകൊണ്ടിരുന്നു. അതിനിടയിൽ ജയമണിയുടെ ഞരക്കം അലിഞ്ഞുപോയി..

അടുത്ത ദിവസം തന്നെ ജയമണിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണമാരംഭിച്ചു. ജയമണി രാത്രി വീട്ടിലേയ്ക്ക് മൊബൈലിൽ വിളിച്ചിരുന്നു. അതിൻ പ്രകാരം അവൾ രാത്രി എട്ടരയോടെ അദിയൂർ റോഡ് ജംക്ഷനിൽ ഉണ്ടായിരുന്നു എന്നു മനസ്സിലായി. അവിടെയുണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്തതിൽ നിന്നും, രാത്രിയിൽ ഒരു ഹീറോ ഹോണ്ടാ ബൈക്കിൽ കയറി അവൾ പോയതായും മനസ്സിലായി. തുടർന്നുള്ള അന്വേഷണം വഴിമുട്ടി. ജയമണിയുടെ യാതൊരു വിവരവും ലഭിച്ചില്ല.

ഒരു മാസത്തിനുശേഷം, സെപ്തംബർ 19 നു പൊലീസിനു ഒരു വിവരം ലഭിച്ചു. പപ്പാതിമൊടക്ക് ശ്മശാനത്തിൽ നിന്നും ഒരു യുവതിയുടെ ശരീരാവശിഷ്ടങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി എന്നതായിരുന്നു അത്. ശ്മശാനത്തിൽ സംസ്കരിച്ച ശരീരം ആയിരുന്നില്ല അത്. പൊലീസെത്തി. അധികം വൈകാതെ തന്നെ അത് ജയമണിയുടെ ബോഡി ആണെന്നു തിരിച്ചറിഞ്ഞു. അവൾ മരണപ്പെടുമ്പോൾ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നോക്കിയ മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടത്തിൽ നിന്നും, ജയമണി ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടതായും കത്തികൊണ്ടുള്ള പരിക്കേറ്റാണു മരണം സംഭവിച്ചതെന്നും ബോധ്യപ്പെട്ടു. കൊലപാതകിയെ കണ്ടെത്തുവാനായി തിരുപ്പൂർ പോലീസ് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

ഹീറോ ഹോണ്ടാ ബൈക്കുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിൽ നിന്നും, ഒരു ബൈക്കുമോഷണപ്പരാതി പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു. അണ്ണാദുരൈ എന്നൊരാൾ സമർപ്പിച്ചതായിരുന്നു അത പൊലീസിൽ പരാതിപ്പെട്ടെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നിരുന്നില്ല. ബൈക്ക് മോഷണം പോയ സ്ഥലത്തെ കൂടുതൽ അന്വേഷണങ്ങളിൽ നിന്നും, സംശയിക്കപ്പെടാവുന്ന ഒരാളുടെ വിവരങ്ങൾ കിട്ടി. അയാളുടെ വിവരങ്ങൾ ക്രിമിനൽ റിക്കാർഡുകളുമായി ഒത്തുനോക്കിയപ്പോഴാണു അവർ ഞെട്ടിയത്. രണ്ടാഴ്ച മുൻപ്, നാമക്കൽ എന്ന സ്ഥലത്ത് 50 കാരിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ആ കേസിൽ പൊലീസ് അനേഷിയ്ക്കുന്ന ജയശങ്കർ എന്നയാളുമായി എല്ലാ വിധത്തിലും ഇയാളും പൊരുത്തപ്പെട്ടിരുന്നു. ഇരു കൊലകളുടെയും മോഡസ് ഒപ്പറാൻഡിയും ഒരേ പോലെയായിരുന്നു. ക്രൂരമായ പീഡനം, തുടർന്ന് ബലാൽസംഗവും കൊലപാതകവും.

ഒരു മാസത്തിനകം, ഒക്ടോബർ 19 നു ജയശങ്കറെ പൊലീസ് അറസ്റ്റു ചെയ്തു. അയാളെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ അടച്ചു. തിരുപ്പൂർ, സേലം, ധർമ്മപുരി എന്നിവിടങ്ങളിലായി നടന്ന 13 ബലാൽസംഗ-കൊലപാതകങ്ങൾ ചെയ്തത് ജയശങ്കറാണെന്ന് പൊലീസ് കണ്ടെത്തി. തട്ടിക്കൊണ്ടു പോയ ജയമണിയെ അനവധി തവണ ബലാൽസംഗം ചെയ്ത ശേഷമാണു കൊലപ്പെടുത്തിയത്. തുടർന്ന് ജഡം ശ്മശാനത്തിൽ കുഴിച്ചിടുകയായിരുന്നു.

തമിഴുനാട്ടിലെ സേലം ജില്ലയിലുള്ള കന്നിയൻ പട്ടി ഗ്രാമത്തിൽ, മാരിമുത്തു എന്നയാളുടെ മകനായിരുന്നു ജയശങ്കർ. നാഷണൽ പെർമിറ്റു ലോറി ഡ്രൈവർ. ഭാര്യയും മൂന്നു പെണ്മക്കളുമുണ്ട്. ദീർഘമായ ലോറി യാത്രയ്ക്കിടയിൽ ഹൈവേകളിൽ കണ്ടെത്തുന്ന ലൈംഗികതൊഴിലാളികളായിരുന്നു അയാളുടെ പ്രധാന ഇരകൾ. അടുത്തുള്ള ഏതെങ്കിലും കുറ്റിക്കാട്ടിലേയ്ക്കു കൂട്ടിക്കൊണ്ടു പോകുന്ന ഇരകളെ മുറിവേൽപ്പിച്ചു പീഡിപ്പിയ്ക്കുകയാണു അയാളുടെ മുഖ്യവിനോദം. ഇതിനായി, ഒരു ചെറിയ സർജിക്കൽ കത്തി അയാൾ സൂക്ഷിച്ചിരുന്നു. മുറിവേറ്റു വേദനീയ്ക്കുന്ന ഇരയുടെ ശബ്ദം അയാളെ ഹരം കൊള്ളിച്ചു. ഇതിനിടയിൽ അവരോടു ക്ഷമ ചോദിയ്ക്കാനും അയാൾ മടിച്ചില്ല.

പീഡനങ്ങൾക്കൊടുവിൽ മൃഗീയമായ ബലാൽസംഗം. തുടർന്ന് ഇരയെ മുറിവേൽപ്പിച്ചോ ശ്വാസം മുട്ടിച്ചോ കൊലപ്പെടുത്തും. കൊലച്ചെയ്യപ്പെടുന്നത് ലൈംഗീകതൊഴിൽ ചെയ്യുന്നവരായതുകൊണ്ടു തന്നെ കാര്യമായ അന്വേഷണമൊന്നും നടക്കില്ല. ഇതു ജയശങ്കറിനു തന്റെ ക്രൂരവിനോദം തുടരാൻ സഹായകരമായി. കഠിനമായ മനോവൈകൃതത്തിനുടമയാണ് ജയശങ്കറെന്ന് മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പു നൽകി. അതോടെ അയാൾ സൈക്കോ ശങ്കർ എന്നറിയപ്പെട്ടു തുടങ്ങി. കോയമ്പത്തൂർ സെൻട്രൽ ജയിലിൽ പ്രത്യേക നിരീക്ഷണത്തിൽ അയാളെ പാർപ്പിച്ചു. സൈക്കോ ശങ്കറിന്റെ പേരിൽ നിരവധി കേസുകൾ ഉള്ളതിനാൽ വിചാരണയ്ക്കും റിമാൻഡ് നീട്ടാനും മറ്റുമായി പലപ്പോഴും ജയിലിനു വെളിയിൽ കൊണ്ടു പോകേണ്ടതുണ്ടായിരുന്നു. ധർമ്മപുരിയിൽ അയാൾക്കെതിരെ ഒരു കൊലക്കേസുണ്ട്. അതിന്റെ വിചാരണ നടക്കുകയാണ്. കോയമ്പത്തൂരിൽ നിന്നും സായുധരായ രണ്ടു പൊലീസുകാരുടെ സംരക്ഷണയിലാണു അയാളെ ധർമ്മപുരിയ്ക്കു കൊണ്ടു പോകുന്നതും കൊണ്ടുവരുന്നതും.

2011 മാർച്ച് 17. അന്നു അയാളെ ധർമ്മപുരി കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. ചിന്നസാമി, രാജവേലു എന്നിവർക്കാണു ശങ്കറിന്റെ എസ്കോർട്ടു ഡ്യൂട്ടി. അയാളുമായി അവർ ധർമ്മപുരിയിലെത്തി, കോടതിയിൽ ഹാജരാക്കി, വൈകുന്നേരം കോയമ്പത്തൂർക്കു തിരിച്ചു. രാത്രി ഒമ്പതരയോളമായി സേലം ബസ് സ്റ്റാൻഡിലെത്തുമ്പോൾ. ദീർഘമായ യാത്രകൊണ്ട് പൊലീസുകാർ ഇരുവരും തളർന്നു പോയിരുന്നു. തനിയ്ക്കു മൂത്രമൊഴിയ്ക്കണമെന്ന് ശങ്കർ ആവശ്യപ്പെട്ടു. അവർ സമ്മതിച്ചു. അല്പം ഇരുളിലേയ്ക്കു മാറി അയാൾ മൂത്രമൊഴിയ്ക്കാനിരുന്നു. ഒരു ചായ കിട്ടുമോ എന്ന നോട്ടത്തിലായിരുന്നു പൊലീസുകാർ. അല്പമകലെ ഒരു തട്ടുകട അവർ കണ്ടു. അങ്ങോട്ടു പോകാനായി ശങ്കറിനെ വിളിച്ചു. മറുപടി ഒന്നുമുണ്ടായില്ല. പരിഭ്രാന്തരായ ചിന്നസാമിയും രാജവേലുവും അവിടമെല്ലാം തിരഞ്ഞു. ശങ്കറിന്റെ പൊടി പോലുമുണ്ടായിരുന്നില്ല.

സൈക്കോ ശങ്കർ രക്ഷപെട്ടു എന്ന വാർത്ത തമിഴുനാടിനെ ഞെട്ടിച്ചു. ഇത്ര ഭീകരനായ ഒരു ക്രിമിനലിനെ അശ്രദ്ധമായി കൈകാര്യം ചെയ്തതിനു പൊലീസിനെ എല്ലാവരും പഴിച്ചു. ചിന്നസാമിയെയും രാജവേലുവിനെയും സസ്പെൻഡു ചെയ്തു. സൈക്കോ ശങ്കറിനെ സഹായിച്ചു എന്ന പേരിൽ അവക്കെതിരെ കേസുമെടുത്തു. പിറ്റേ ദിവസം, കോൺസ്റ്റബിൾ ചിന്നസാമി, സർവീസ് റിവോൾവർ കൊണ്ട് വെടിവെച്ച് ആത്മഹത്യ ചെയ്തു.

കോയമ്പത്തൂർ പൊലീസ് കമ്മീഷണർ ശൈലേന്ദ്ര ബാബു ഒരു സ്പെഷ്യൽ ടീമിനു രൂപം നൽകി. റേസ് കോഴ്സ് പൊലീസ് ഇൻസ്പെക്ടർ പെരിയ സാമിയുടെ നേതൃത്വത്തിൽ രണ്ടു സബ് ഇൻസ്പെക്ടർമാരും പതിനഞ്ചു കോൺസ്റ്റബിൾമാരും ഉൾപ്പെടുന്നതായിരുന്നു ടീം. സൈക്കോ ശങ്കറിന്റെ ഫോട്ടോ അച്ചടിച്ച ലുക്കൗട്ട് നോട്ടീസുകൾ എമ്പാടും പതിച്ചു. അയൽ സംസ്ഥാനങ്ങളിലേയ്ക്കും മുന്നറിയിപ്പ് നൽകി. അയാൾ എത്തിപ്പെടാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം പൊലീസ് അരിച്ചു പെറുക്കിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. കൂടുതൽ അന്വേഷണങ്ങൾക്കിടെ ശങ്കറിനു ഒരു മൊബൈൽ ഫോൺ ഉണ്ടെന്നു പൊലീസിനു മനസ്സിലായി. അതു ട്രേസ് ചെയ്തതിൽ നിന്നും, അയാൾ ഡൽഹിയിലെത്തിയെന്നു മനസ്സിലായി. ഉടൻ പൊലീസ് സംഘം ഡൽഹിയിലേയ്ക്കു തിരിച്ചു. അധികം വൈകാതെ അയാളുടെ മൊബൈൽ മുംബായിൽ എത്തിയതായി കണ്ടെത്തി. ഈ ഘട്ടത്തിൽ, പൊലീസ് പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ ശങ്കർ തന്റെ മൊബൈൽ നശിപ്പിച്ചു കളഞ്ഞു. അതോടെ പൊലീസ് വീണ്ടും ഇരുട്ടിലായി. അടുത്ത നാല്പതു ദിവസങ്ങൾക്കുള്ളിൽ കർണ്ണാടകയിലെ ചിത്ര ദുർഗ്ഗ പ്രദേശത്തു നിന്നും ആറു ബലാൽസംഗ-കൊലപാതക കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. ഇതോടെ സൈക്കോ ശങ്കർ കർണാടകയിലേയ്ക്കു കടന്നതായി സംശയിയ്ക്കപ്പെട്ടു. ശങ്കറിന്റെ ഫോട്ടോ പതിച്ച ലുക്കൗട്ട് നോട്ടീസുകൾ കർണാടക പൊലീസ് പുറത്തിറക്കി.

2011 മെയ് 4. കർണാടകയിലെ ബിജാപ്പൂർ ജില്ലയിലെ എലഗി ഗ്രാമം. രാവിലെ സമയം. ചന്ദ്രകല ഹോത്തഗി എന്ന യുവതി ഒറ്റയ്ക്ക് തന്റെ വയലിൽ ജോലി ചെയ്യുകയായിരുന്നു. അപ്പോൾ ദൂരെ നിന്നും ഒരു ബൈക്ക് വന്നു വയലോരത്തു നിർത്തി. ബൈക്കിൽ നിന്നും ഒരാൾ അവളുടെ അടുത്തേയ്ക്കു വന്നു. അല്പം ഭക്ഷണവും വെള്ളവും കിട്ടുമോ എന്നയാൾ ചോദിച്ചു. അപരിചിതനെ സംശയഭാവത്തിൽ അവൾ നോക്കി. പിന്തിരിഞ്ഞു. ഉടൻ അയാൾ അവളുടെ മേൽ ചാടിവീണു, ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചു. ചന്ദ്രകലയുടെ ഉച്ചത്തിലുള്ള ബഹളം കേട്ട് അകലെ നിന്നും അവളുടെ ഭർത്താവ് പ്രകാശും സഹോദരന്മാരും ഓടി വന്നു. അവരെക്കണ്ട്, അപരിചിതൻ രക്ഷപെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രകാശിന്റെ ബലിഷ്ഠമായ കരങ്ങൾ അയാളെ കീഴ്പ്പെടുത്തി.

അപരിചിതന്റെ മുഖം കണ്ട പ്രകാശിനും കൂട്ടർക്കും, പൊലീസ് പതിച്ച ലുക്കൗട്ട് നോട്ടീസിലെ രൂപം ഓർമ്മ വന്നു. അവർ അയാളെ പിടിച്ചു കെട്ടി ജലകി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പിടിയിലായത് സൈക്കോ ശങ്കർ തന്നെയെന്നു മനസ്സിലാക്കാൻ കർണാടക പൊലീസിനു ഒട്ടും വിഷമമുണ്ടായില്ല. അവർ അയാളെ ചിത്രദുർഗ്ഗ പൊലീസിനു കൈമാറി.
വിവരമറിഞ്ഞ കോയമ്പത്തൂർ പൊലീസ് ചിത്രദുർഗയിലെത്തി. പിടിയിലായത് സൈക്കോ ശങ്കർ തന്നെയെന്ന് അവരും സാക്ഷ്യപ്പെടുത്തി. ചിത്ര ദുർഗ പ്രദേശത്തെ ആറു കൊലക്കേസുകൾ അയാൾക്കെതിരെ ചാർജു ചെയ്യപ്പെട്ടു. കോയമ്പത്തൂർ നിന്നു രക്ഷപെട്ട സൈക്കോ ശങ്കർ, അടുത്ത ദിവസങ്ങളിൽ തന്നെ ധർമ്മപുരിയിൽ ഒരു കൊലപാതകം ചെയ്തിരുന്നു. മുംബൈയിൽ നിന്നും ചിത്രദുർഗ-ബെല്ലാരി പ്രദേശത്തെത്തിയ അയാൾ ബലാൽസംഗവും കൊലപാതകവും തുടരുകയായിരുന്നു. അതിനിടയിൽ മോഷ്ടിച്ച ബൈക്കുമായാണ് എലഗിയിലെത്തിയതും പിടിയിലായതും. കർണാടകയിലെ കേസുകളിൽ 27 വർഷം തടവിനു ശിക്ഷിയ്ക്കപ്പെട്ട സൈക്കോ ശങ്കറിനെ, ബംഗ്ലൂരിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രത്യേക സുരക്ഷയിൽ തടവിലിട്ടു.

2013 സെപ്തംബർ-1 പ്രഭാതം. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ അലാറം മുഴങ്ങി. പരിഭ്രാന്തരായ വാർഡർമാർ പരക്കം പാഞ്ഞു. ജയിൽ സൂപ്രണ്ടിന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും മുഖം വിളറി വെളുത്തിരുന്നു. അവർ നിസ്സഹായരായി പരസ്പരം നോക്കി. ജയിൽ ആശുപത്രിയിലെ പ്രത്യേക സെല്ലിൽ കിടത്തിയിരുന്ന സൈക്കോ ശങ്കർ ജയിൽ ചാടി രക്ഷപെട്ടിരിയ്ക്കുന്നു..!

അവിശ്വസനീയമായിരുന്നു ആ വാർത്ത. കാരണം അത്രയേറെ സുരക്ഷാ സംവിധാനങ്ങളാണ് ഈ ജയിലിൽ ഉള്ളത്. ജയിൽ ആശുപത്രിയിലെ സെല്ല് എപ്പോഴും പൂട്ടിയിരിയ്ക്കും. അബ്ദുൾ നാസർ മദനി ഉൾപ്പെടെയുള്ള തടവുകാർ ഈ ആ ആശുപത്രിയിൽ ഉള്ളതിനാൽ ഓരോ മുപ്പതു മിനുട്ടിലും ഗാർഡുകൾ വന്ന് സെല്ലുകൾ പരിശോധിയ്ക്കും. ആശുപത്രി വിട്ട് പുറത്തിറങ്ങിയാൽ പോലും 20 അടി (6 മീറ്റർ) ഉയരമുള്ള ഒരു മതിലുണ്ട്. അതിനു മുകളിൽ കൂർത്ത ചില്ലുകൾ പതിച്ചിട്ടുണ്ട്. ആ മതിൽ കടന്നാൽ വീണ്ടും 15 അടി (4.50 മീറ്റർ) ഉയരമുള്ള മറ്റൊരു മതിൽ. അതിലും ചില്ലുകൾ പതിച്ചിരിയ്ക്കുന്നു. ഈ മതിലുകൾ എല്ലാം കടന്നാലും തുടർന്നുള്ള 30 അടി (9.00 മീറ്റർ) ഉയരമുള്ള പുറം മതിൽ കടക്കുക അസാധ്യമാണ്. അതിനു മുകളിൽ കനത്ത വൈദ്യുത വേലിയുണ്ട്. 24 മണിക്കൂറും അതിൽ കൂടി കറണ്ട് പ്രവഹിച്ചു കൊണ്ടിരിയ്ക്കും. പിന്നെങ്ങനെ സൈക്കോ ശങ്കർ ഈ ജയിലിൽ നിന്നും രക്ഷപെട്ടു? ആർക്കും ഒരു ഉത്തരവും ഉണ്ടായില്ല.

ബാംഗ്ലൂർ സിറ്റി പൊലീസ് കമ്മീഷണർ രാഘവേന്ദ്ര ഔരാഡ്‌കർ ജയിൽ സന്ദർശിച്ചു. ആശുപത്രിയിലെ സെൽ, താക്കോൽ ഉപയോഗിച്ചാണു തുറന്നിരിയ്ക്കുന്നത്! ശങ്കറിനു എങ്ങനെ താക്കോൽ കിട്ടി എന്നതിനു ഉത്തരമില്ലായിരുന്നു. അകത്തു നിന്നു കൈയിട്ടാൽ എത്തുന്ന സ്ഥാനത്താണു താഴ് ഉണ്ടായിരുന്നത്. ഇത്രയേറെ ഉയരമുള്ള മതിലുകൾക്കു മുകളിൽ അയാൾ എങ്ങനെ കയറിപ്പറ്റി എന്നതും ആശ്ചര്യകരമായിരുന്നു. പുറം മതിലിലെ വൈദ്യുത വേലി അന്നേ ദിവസം പ്രവർത്തിച്ചിരുന്നില്ല..! പവർ കട്ടായിരുന്നത്രേ..! എന്നാൽ കമ്മീഷണറുടെ പരിശോധനയിൽ മനസ്സിലായത്, വൈദ്യുത വേലി സ്ഥിരമായി തകരാറിൽ ആയിരുന്നു എന്നാണ്.

പുറം മതിൽ അദ്ദേഹം ചുറ്റിനടന്നു പരിശോധിച്ചു. അവിടെ ഒരു ഭാഗത്ത് ചോരത്തുള്ളികൾ കാണപ്പെട്ടു. കൂടാതെ മുകളിൽ നിന്നും താഴേയ്ക്ക് കൂട്ടികെട്ടിയിട്ട ബെഡ് ഷീറ്റും ബെൽട്ടും തൂങ്ങിക്കിടന്നിരുന്നു. അതു മതിലിന്റെ പകുതിയിൽ താഴെ മാത്രമേ എത്തുമായിരുന്നുള്ളു. മതിലിനു സമീപമായി കുറച്ചു ചെളി നിറഞ്ഞ പ്രദേശമുണ്ട്. ഷീറ്റിൽ തൂങ്ങി ഇറങ്ങിയ സൈക്കോ ശങ്കർ ചെളിയിലേയ്ക്കാവും ചാടിയിരിയ്ക്കുക. അതിന്റെ അടയാളങ്ങളുണ്ട്. മതിലിനു മുകളിൽ വച്ചു പരിക്കേറ്റതിന്റെ ആവാം ചോരത്തുള്ളികൾ. ഇത്രയും ഉയരത്തിൽ നിന്നും ചാടിയാൽ കാലിനു പരിക്കേൽക്കാതിരിയ്ക്കാൻ സാധ്യത കുറവാണ്. അയാൾ അധികദൂരം രക്ഷപെട്ടു പോകാൻ സാധ്യതയില്ല.

ബാംഗ്ലൂർ പൊലീസ് ഒരു റെഡ് അലെർട്ട് പുറപ്പെടുവിച്ചു. അതിഭീകര കൊലയാളിയും സെക്സ് മാനിയാക്കുമായ സൈക്കോ ശങ്കർ ജയിൽ ചാടിയിരിയ്ക്കുന്നു. ഒറ്റയ്ക്കു സഞ്ചരിയ്ക്കുന്ന സ്ത്രീകൾ ജാഗ്രത പാലിയ്ക്കുക. കഴിവതും ഒറ്റയ്ക്കു സഞ്ചരിയ്ക്കാതിരിയ്ക്കുക. സംശയാസ്പദ സാഹചര്യത്തിൽ ആരെക്കണ്ടാലും പൊലീസിനെ അറിയിയ്ക്കുക. ഇതൊക്കെ ആയിരുന്നു മുന്നറിയിപ്പ് നിർദ്ദേശങ്ങൾ.

കന്നട, തെലുഗു, തമിഴ്, മറാഠി, ഇംഗ്ലീഷ് ഭാഷകളിൽ സൈക്കോ ശങ്കറിന്റെ ഫോട്ടൊ അച്ചടിച്ച പതിനായിരത്തിലധികം പോസ്റ്ററുകളും എഴുപത്തയ്യായിരം ലഘുലേഖകളും ഇറങ്ങി. കർണാടകയിലും അയൽ സംസ്ഥാനങ്ങളിലുമായി ഇവ പതിച്ചു. കർണാടക പൊലീസ് അതിന്റെ എല്ലാ ശക്തിയോടെയും കൂടി ഒരു നരവേട്ട ആരംഭിച്ചു.
സൈക്കോ ശങ്കറിന്റെ തമിഴുനാട്ടിലെ വീട് പൊലീസ് നിരീക്ഷണത്തിൽ വെച്ചു. പരിക്കേറ്റിട്ടുള്ളതിനാൽ ആരുടെയെങ്കിലും സഹായം തേടാതിരിയ്ക്കില്ല അയാൾ എന്നു അവർ ഉറപ്പിച്ചു.

സൈക്കോ ശങ്കറിന്റെ പഴയ പരിചയക്കാരെയൊക്കെ പൊലീസ് തേടിപ്പിടിച്ചിരുന്നു. എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടനടി അതു പൊലീസിനു കൈമാറാൻ അവർക്കു കർശന നിർദ്ദേശം നൽകി. അധികം വൈകിയില്ല, അവരിലൊരാളുമായി ശങ്കർ ബന്ധപ്പെട്ടു. ഏതോ ഒരു പബ്ലിക് ബൂത്തിൽ നിന്നുമായിരുന്നു അത്. തനിയ്ക്ക് പുറത്തേക്കു രക്ഷപെട്ടു പോകാൻ സൗകര്യമൊരുക്കിത്തരണമെന്നായിരുന്നു ആവശ്യം. താൻ ശ്രമിക്കാമെന്നും നാളെ വീണ്ടും വിളിയ്ക്കാനും അയാൾ ശങ്കറിനോട് പറഞ്ഞു. ഉടൻ തന്നെ പൊലീസിനെ വിവരമറിയ്ക്കുകയും ചെയ്തു. പൊലീസ് പറഞ്ഞതിൻ പ്രകാരം, കുഡ്‌ലു ഗേറ്റ് എന്ന സ്ഥലത്തെ പഴയൊരു കെട്ടിടത്തിലെത്താൻ അയാൾ ശങ്കറിനോടു പറഞ്ഞു. പഴയൊരു ബൈക്കും കുറച്ചു പണവും താൻ റെഡിയാക്കിയിട്ടുണ്ട് എന്നായിരുന്നു വാക്ക്. അതു വിശ്വസിച്ച ശങ്കർ എത്താമെന്നു പറഞ്ഞു.

കുഡ്‌ലു ഗേറ്റിലെ പഴയ കെട്ടിടത്തിലെത്തിയ സൈക്കോ ശങ്കറിനെക്കാത്ത് അദൃശ്യമായി പൊലീസ് ഇരിപ്പുണ്ടായിരുന്നു. കാലിനു പരുക്കേറ്റിരുന്ന അയാൾ ആയാസപ്പെട്ട് വലിഞ്ഞാണു നടന്നിരുന്നത്. ഒട്ടും പ്രയാസം കൂടാതെ പൊലീസ് അയാളെ പൊക്കി. പരപ്പന അഗ്രഹാര ജെയിലിൽ സൈക്കോ ശങ്കറിനായി പ്രത്യേക സെൽ ഒരുങ്ങി. 24 മണിക്കൂറും CCTV നിരീക്ഷണം. സദാസമയവും പ്രകാശിച്ചു നിൽക്കുന്ന ബൾബുകൾ. ചികിൽസ ആവശ്യമായി വന്നാൽ അതിനുള്ള സൗകര്യം. അയാളെ ഒരിയ്ക്കലും വെളിയിൽ കൊണ്ടുവരേണ്ടതില്ലാത്ത സംവിധാനങ്ങൾ..
പരിക്കേറ്റിരുന്ന അയാൾ തനിയ്ക്കു ചികിൽസവേണമെന്ന് കോടതിയോടാവശ്യപ്പെട്ടു. പൊലീസിന്റെ കസ്റ്റഡി ആവശ്യം തള്ളിക്കൊണ്ട് സൈക്കോ ശങ്കറെ കോടതി വിക്ടോറിയ ഹോസ്പിറ്റലിൽ ചികിൽസയ്ക്കായി അയച്ചു. സർക്കാർ 75,000 മുടക്കി അയാളെ അവിടെ ചികിൽസിച്ചു. തുടർന്ന് ജയിലിലേയ്ക്കു കൊണ്ടുവന്നു. വീൽ ചെയറിൽ ആയിരുന്നു അയാൾ. മതിൽ ചാട്ടത്തിൽ നടുവിനേറ്റ പരിക്ക് ഗുരുതരമായിരുന്നു. ജയിലിലെത്തിയ അയാളെ പൊലീസ് ചോദ്യം ചെയ്തു. എങ്ങനെയാണു ജയിൽ ചാടിയതെന്നായിരുന്നു അവർക്കറിയേണ്ടത്.

ദീർഘ നാളത്തെ ആസൂത്രണത്തിനൊടുവിലാണു അയാൾ ജയിൽ ചാടിയത്. ഇക്ഷിയ്ക്കപ്പെട്ടു ജയിലിലായിരുന്ന സമയത്ത്, ചില കേസുകളുമായി ബന്ധപ്പെട്ട് ശങ്കറിനെ മറ്റു കോടതികളിൽ ഹാജരാക്കാൻ കൊണ്ടുപോകുമായിരുന്നു. നേരത്തെ ജയിൽ ചാടിയ ചരിത്രമുള്ളതിനാൽ കർശന സുരക്ഷയിലാണു പോക്കും വരവും. 2013 ഓഗസ്റ്റ് 31 നു ഒരു കേസുമായി ബന്ധപ്പെട്ട് അയാളെ തുംകൂർ കോടതിയിൽ ഹാജരാക്കിയിരുന്നു. തിരികെ ജയിലിലെത്തിയ ശങ്കർ ചില അസ്വസ്ഥതകൾ കാട്ടിത്തുടങ്ങി. തനിയ്ക്കു തീരെ സുഖമില്ലെന്നും ആശുപത്രിയിലാക്കണമെന്നും അയാൾ ആവശ്യപ്പെട്ടു. അവസാനം അയാളെ ജയിൽ വളപ്പിൽ തന്നെയുള്ള ആശുപത്രിയിലെ സെല്ലിൽ ഇട്ടു. അവിടെ ഡോക്ടർ ചില മരുന്നുകൾ കൊടുത്തു.

ജയിൽ ആശുപത്രിയുടെ രണ്ടാം നിലയിലായിരുന്നു ശങ്കറിനെ ഇട്ടിരുന്നത്. ഓരോ മുപ്പതു മിനുട്ടിലും ഗാർഡുകൾ വന്ന് സെല്ലുകൾ പരിശോധിയ്ക്കും. അതായത്, ഗാർഡുകൾ ഇല്ലാതെ 29 മിനുട്ടു സമയം തനിയ്ക്കു ലഭിയ്ക്കും എന്നയാൾ കണക്കുകൂട്ടി. ആശുപത്രിയിലെ സെല്ലിന്റെ ഒരു താക്കോൽ ഉപയോഗിച്ചാൽ ആറു സെല്ലിന്റെ പൂട്ടുകൾ വരെ തുറക്കാനാവുമായിരുന്നു! ഇതിലൊരെണ്ണം എങ്ങനെയോ ശങ്കർ നേരത്തെ കൈവശപ്പെടുത്തിയിരുന്നു. (ഡ്യൂപ്ലിക്കേറ്റ് താക്കോൽ എന്നാണു അയാൾ പൊലീസിനോടു പറഞ്ഞത്.)

രാത്രി രണ്ടു മണിയാകുമ്പോൾ ഗാർഡുകൾ ഡ്യൂട്ടി മാറും. ഒന്നര മണിക്കു വന്നു പരിശോധനകഴിഞ്ഞു പോയപാടെ, ശങ്കർ കൈയെത്തിച്ച് സെല്ലിന്റെ പൂട്ടു തുറന്നു. പുറത്തെങ്ങും ആരുമില്ലായിരുന്നു. താഴെ എത്തിയ അയാൾ കാണുന്നത് തുറന്നിട്ട വാതിലുകൾ ആയിരുന്നു. അവിടെ നിന്നും ഗാർഡനിലേയ്ക്കാണു നീങ്ങിയത്. കൈയിൽ ബെഡ്ഷീറ്റും ഒരു ബെൽട്ടുമുണ്ടായിരുന്നു. ഗാർഡനിലെ 20 അടി പൊക്കമുള്ള മതിലിൽ മുളങ്കമ്പിന്റെ സഹായത്തോടെ കയറിപ്പറ്റി എന്നാണയാൾ പറഞ്ഞത്. കുത്തിനിർത്തിയ ചില്ലുകഷണങ്ങൾക്കു മേൽ ബെഡ് ഷീറ്റ് വിരിച്ച് അതിനു മുകളിൽ കൂടിയാണു നടന്നതത്രെ. ആ മതിൽ കടന്ന്, അടുത്ത 15 അടിപ്പൊക്കമുള്ള മതിലും ഇങ്ങനെ കടന്നു.. അതിനു മുകളിൽ കൂടി പത്ത് അടിയോളം നടന്നിട്ടാണ് താഴെ ചാടിയത്..! 30 അടിയുള്ള ചുറ്റുമതിൽ എങ്ങനെ കടന്നു എന്നുള്ള അയാളുടെ വിശദീകരങ്ങൾ പരസ്പരവിരുദ്ധങ്ങളായിരുന്നു.

അയാളുടെ ഭാഗ്യത്തിനു വൈദ്യുത വേലിയിൽ കറന്റുമുണ്ടായിരുന്നില്ല. എന്തായാലും മതിലിൽ നിന്നു തൂങ്ങി, അടുത്തുള്ള ചെളിപ്രദേശത്ത് ചാടാനായിരുന്നു പ്ലാൻ. എന്നാൽ നടുവ് അടിച്ചാണു വീണത്. ആ വീഴ്ചയിൽ കാലിനും നടുവിനും നല്ല പരിക്കു പറ്റി. അവിടെ നിന്നും നിലത്തു നിന്നും ഇഴഞ്ഞാണെത്രെ രക്ഷപെട്ടത്..! കൃത്യനിർവഹണത്തിലെ വീഴ്ചയ്ക്ക് അസിസ്റ്റന്റ് സൂപ്രണ്ടൂൾപ്പെടെ നിരവധി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സൈക്കോ ശങ്കറിന്റെ ജയിൽചാട്ടത്തിനു, ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നോ എന്ന കാര്യത്തിൽ ഇന്നും വ്യക്തതയില്ല.

25 ഫെബ്രുവരി, 2018. പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ. രാത്രി രണ്ടുമണിയോടെ പതിവു സന്ദർശനത്തിനായി വാർഡർമാർ സൈക്കോ ശങ്കറിന്റെ സെല്ലിൽ എത്തി. അയാളുടെ സെല്ലിന്റെ ഭാഗത്തേയ്ക്ക് മറ്റാർക്കും പ്രവേശനമില്ല. ശങ്കർ നിലത്തു വീണുകിടക്കുകയായിരുന്നു. ചുറ്റും രക്തം ഒഴുകിപ്പരന്നിരിയ്ക്കുന്നു. അവർ വേഗം വിസിലടിച്ചു. ജയിൽ ഉണർന്നു. മറ്റു ഓഫീസർമാരും അങ്ങോട്ടെത്തി. വേഗം സെല്ലുതുറന്ന് അവർ അകത്തുകയറി ശങ്കറിനെ പരിശോധിച്ചു. മരിച്ചിട്ടില്ല. കഴുത്തിനു ആഴത്തിലുള്ള ഒരു മുറിവ്.. ഉടൻ അയാളെ വിക്ടോറിയ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. പോകുന്ന വഴിയിൽ സൈക്കോ ശങ്കർ അന്ത്യശ്വാസം വലിച്ചു.

“ആഹാരം കൊടുക്കുന്ന പ്ലേറ്റ് മുറിച്ച് അത് തറയിൽ ഉരസി മൂർച്ചകൂട്ടി, അതുകൊണ്ട് കഴുത്ത് അറുത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു അയാൾ. കടുത്ത ക്രിമിനൽ വാസനയുള്ള അയാൾക്ക് വീൽച്ചെയറിലുള്ള ജീവിതം മടുത്തതിനാൽ ചെയ്തതാവാം.“ ഒരു ജയിൽ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് ഇത്രയും വെളിപ്പെടുത്തി. അതു സത്യമാവാം, എന്തു തന്നെയായാലും രണ്ടു സംസ്ഥാനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ, അതിക്രൂരനായ ആ കൊലയാളിയുടെ അന്ത്യം ഏവരിലും ആശ്വാസം പകരുകയാണുണ്ടായത്.