കേരളത്തിൻറെ സ്വന്തം സേനയ്ക്ക് പത്തനംതിട്ടയുടെ സ്നേഹാദരങ്ങൾ

ഓരോ പ്രളയത്തിലും ഓടിയെത്തുന്ന കേരളത്തിൻറെ സ്വന്തം സേനയ്ക്ക് പത്തനംതിട്ട ജില്ലയുടെ സ്നേഹാദരങ്ങളും നന്ദിയും അറിയിച്ചുകൊണ്ട് കളക്ടർ പി.ബി. നൂഹ് IAS ഷെയർ ചെയ്ത ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.

മഴ ശക്തമായതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ആഗസ്റ്റ് ഒമ്പതാം തീയതി മത്സ്യ തൊഴിലാളികളെ ജില്ലയില്‍ എത്തിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങേണ്ട സാഹചര്യം വന്നില്ല. വെള്ളപ്പൊക്ക ഭീഷണി പൂര്‍ണമായും മാറിയതിനു ശേഷമാണ് മത്സ്യതൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നത്.ഏതു സമയത്തും എന്ത് ആവശ്യത്തിനും ഓടിയെത്താന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ വെള്ളപ്പൊക്കം പോലെയുള്ള ദുരിതങ്ങള്‍ ഇനി ഉണ്ടാകാതിരിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയ മത്സ്യ തൊഴിലാളികള്‍ പറഞ്ഞു. തങ്ങള്‍ക്ക് എല്ലാ വിധ സൗകര്യങ്ങളും ഒരിക്കിയ അധികൃതര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അവര്‍ നാട്ടിലേക്ക് മടങ്ങിയത്. മുന്‍കരുതലെന്ന നിലയില്‍ എത്തിയ മത്സ്യതൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം ലഭ്യമാക്കിയത് റവന്യൂ അധികൃതരാണ്.

വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവല്ലയിലെത്തിയ മത്സ്യത്തൊഴിലാളികളില്‍ ഏഴുവള്ളങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി.
രക്ഷാപ്രവര്‍ത്തനത്തിനായി 11 വള്ളങ്ങളാണ് തിരുവല്ല താലൂക്കില്‍ എത്തിച്ചിരുന്നത്. ഇതില്‍ ഏഴു വള്ളങ്ങളിലെ മത്സ്യ തൊഴിലാളികളും അവ എത്തിച്ച ലോറി ജീവനക്കാരുമാണു നാട്ടിലേക്കു തിരിച്ചു യാത്രയായത്. ആലപ്പാട് അഴീക്കല്‍, കൊല്ലം നീണ്ടകര എന്നിവിടങ്ങളില്‍ നിന്നെത്തിയ ഏഴു വള്ളങ്ങളിലെ 42 പേരും കരുനാഗപ്പള്ളിയിലെ ലോറി ജീവനക്കാരായ 14 പേരും യാത്ര തിരിച്ച സംഘത്തില്‍ ഉള്‍പ്പെടുന്നു. ഇനി നാലു വള്ളങ്ങളാണ് തിരുവല്ലയില്‍ അവശേഷിക്കുന്നത്. 2018, 19 വെള്ളപ്പൊക്കങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇവര്‍ ജില്ലയില്‍ എത്തിയിരുന്നു.

മഴ ശക്തമായി റാന്നിയില്‍ വെള്ളപ്പൊക്ക ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് അഞ്ച് ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തിനായി ഇവര്‍ എത്തിയത്. ആറന്മുള മണ്ഡലത്തില്‍ അഞ്ചു വള്ളങ്ങളിലായി 12 മത്സ്യത്തൊഴിലാളികളാണു രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്.