പുനാഖായ്ക്കും തിംഫുവിനും ഇടയിലുള്ള പ്രദേശമായ ലൊബേസയിലായിരുന്നു ഞങ്ങൾ തങ്ങിയിരുന്നത്. അവിടെ നിന്നും ഞങ്ങൾ പുനാഖായിലേക്ക് രാവിലെ തന്നെ യാതയായി. കുറച്ചു ദൂരം ചെന്നപ്പോൾ ഞങ്ങൾ ലൊബേസ നഗരത്തിൽ എത്തിച്ചേർന്നു. രാവിലെ ആയിരുന്നതിനാൽ നഗരം തിരക്കുകളിലേക്ക് ഉണർന്നു വരികയായിരുന്നു. വഴിവക്കിലുള്ള കടകളൊക്കെ ആവശ്യക്കാരെ കാത്ത് പുഞ്ചിരിച്ച മുഖത്തോടെ ഇരിക്കുന്നു…
ലൊബേസ ടൌൺ പിന്നിട്ടു ഞങ്ങൾ പിന്നെ ഗ്രാമാന്തരീക്ഷത്തിലൂടെ യാത്ര തുടങ്ങി. പോകുന്ന വഴിയിൽ ഒരു നദിക്കരയിൽ വെച്ച് അകലെ പുനാഖാ നഗരത്തിന്റെ വിദൂരദൃശ്യം ഞങ്ങൾക്ക് ദൃശ്യമായി. ഞങ്ങൾ ഒരു പാലം കടന്നു നദിയുടെ അക്കരെയെത്തി. വളരെ മനോഹരമായ കാഴ്ചകൾ ആയിരുന്നതിനാൽ ഞങ്ങൾ വണ്ടിയൊതുക്കി നദിക്കരയിലേക്ക് നീങ്ങി. ഒട്ടും മലിനീകരണമില്ലാതെ, ആരുടേയും ശല്യങ്ങളില്ലാതെ വളരെ മനോഹരമായിരുന്നു ആ നദിക്കരയാകെ. കുറച്ചു സമയം ഞങ്ങൾ അവിടെ ചെലവഴിച്ചതിനു ശേഷം ഞങ്ങൾ പുനാഖായിലേക്കുള്ള യാത്ര തുടർന്നു.
അങ്ങനെ ഞങ്ങൾ പുനാഖാ ഏരിയയിൽ എത്തിച്ചേർന്നു. ഞങ്ങളെ അവിടെ ഏറ്റവും കൂടുതൽ ആകർഷിച്ചത് രണ്ട് നദികൾക്ക് നടുവിൽ കോട്ട പോലെ നിൽക്കുന്ന Dzong ആയിരുന്നു. Dzong എന്നു പറഞ്ഞാൽ മൊണാസ്ട്രിയും, ഭരണ സംവിധാന ഓഫീസുകളുമെല്ലാം അടങ്ങിയ ഒരു സമുച്ചയത്തെയാണ്. പോകുന്ന വഴിയ്ക്ക് Dzong ൻ്റെ കാഴ്ച ദൂരെ നിന്നും ഞങ്ങൾ ആസ്വദിച്ചു.
രാവിലെത്തന്നെ പുറപ്പെട്ടിരുന്നതിനാൽ ഞങ്ങളാരും ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നില്ല. ഞങ്ങൾ Dzong ന്റെ വ്യൂ കാണുവാൻ നിൽക്കുന്നതിനടുത്തായി രണ്ടു മൂന്നു ചേച്ചിമാർ കുക്കുമ്പർ വിൽക്കുന്നുണ്ടായിരുന്നു. ആ കാഴ്ച കണ്ടപ്പോൾ ഞങ്ങൾക്ക് ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലായെന്ന ബോധോദയം ഉണ്ടാകുകയും വിശപ്പ് അനുഭവപ്പെടുന്നതുപോലെ തോന്നുകയും ചെയ്തു. പിന്നൊന്നും ആലോചിച്ചില്ല, ഞങ്ങളുടെ അന്നത്തെ ബ്രേക്ക്ഫാസ്റ്റ് കുക്കുമ്പർ ആക്കി.
കുക്കുംബറൊക്കെ കഴിച്ച ശേഷം ഞങ്ങൾ നേരത്തെ കണ്ട Dzong ലേക്കു പോകുവാനായി യാത്ര തുടങ്ങി. അവിടേക്ക് ചെല്ലുമ്പോൾത്തന്നെ മുന്നിൽ ഒരു മാർക്കറ്റ് ആയിരുന്നു ഞങ്ങൾക്ക് കാണുവാൻ സാധിച്ചത്. അവിടെയും ധാരാളമാളുകൾ കുക്കുമ്പർ വിൽക്കുന്നുണ്ടായിരുന്നു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, വൈകുന്നേരം 3 മണി മുതൽ 5 വരെയുമാണ് Dzong ലേക്ക് പ്രവേശനം സാധ്യമാകുന്നത്. 300 രൂപയാണ് ഇവിടേക്കുള്ള പ്രവേശന ഫീസ്, വിദ്യാർഥികൾ അവരുടെ ഐഡി കാർഡ് കാണിക്കുകയാണെങ്കിൽ 150 രൂപ കൊടുത്താൽ മതിയാകും. ടിക്കറ്റെടുത്ത് അതിനകത്ത് കയറുന്നവർക്ക് ഫ്രീയായി ഗൈഡിൻ്റെ സേവനം ലഭ്യമായിരുന്നു.
അങ്ങനെ ഞങ്ങൾ 300 രൂപയുടെ ടിക്കറ്റെടുത്ത് Dzong ലേക്ക് നീങ്ങി. ധാരാളം സ്റ്റെപ്പുകൾ കയറി വേണം Dzong ന്റെ മുകളിൽ എത്തുവാൻ. ഗൈഡിന്റെ പിന്നാലെയായിരുന്നു ഞങ്ങളടക്കമുള്ള ഒരു ഗ്രൂപ്പ് നടന്നിരുന്നത്. അകത്ത് ചെന്നപ്പോൾ ഗൈഡ് ഞങ്ങൾക്ക് Dzong നെക്കുറിച്ചുള്ള ചരിത്രവും വിശേഷങ്ങളുമൊക്കെ വിവരിച്ചു തന്നു. ഭൂട്ടാന്റെ ദേശീയ വൃക്ഷമായ സൈപ്രസ് മരങ്ങൾ ഉപയോഗിച്ചാണ് ഈ കെട്ടിടങ്ങളെല്ലാം കൂടുതലും നിർമ്മിച്ചിരിക്കുന്നത്. അകത്തുള്ള ക്ഷേത്രത്തിനുള്ളിൽ ക്യാമറ അനുവദനീയമല്ല. എന്തായാലും മനോഹരം തന്നെ. ഭൂട്ടാനിൽ വരുന്നവർ തീർച്ചയായും ഇവിടം സന്ദർശിക്കേണ്ടതാണ്.
Dzong നു അകത്തെ കാഴ്ചകളെല്ലാം കണ്ടതിനു ശേഷം ഞങ്ങൾ പരിസരങ്ങളിലുള്ള ദൃശ്യങ്ങൾ ഒപ്പി നടന്നു. വളരെ മനോഹരമായ ദൃശ്യങ്ങളായിരുന്നു പുറത്തു ഞങ്ങൾക്ക് കാണുവാൻ സാധിച്ചത്. പുറത്തുള്ള വൃക്ഷത്തിൽ വലിയൊരു തേനീച്ചക്കൂട് ഞങ്ങൾ കണ്ടു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങൾക്ക് എന്തോ ഒരു ഉന്മേഷക്കുറവ് അനുഭവപ്പെട്ടു. ഒരു ചായ കുടിച്ചേക്കാം എന്നു കരുതി ഞങ്ങൾ ചെറിയൊരു കടയിലേക്ക് കയറി. ലെമൺ ഹണി ടീ ആയിരുന്നു ഞങ്ങൾ ഓർഡർ ചെയ്തത്. ഒപ്പം ഫ്രെയ്‌ഡ് റൈസും ചില്ലി പറഞ്ഞു. ചായക്കപ്പ് വളരെ വലുതായിരുന്നു. അത് ഞങ്ങൾക്ക് നന്നേ പിടിച്ചു. ചില്ലിചിക്കൻ മൊത്തം എല്ലിൻകഷ്ണങ്ങൾ ആയിരുന്നതിനാൽ ഞങ്ങൾക്ക് അത്രയ്ക്ക് പിടിച്ചില്ല. ഫ്രൈഡ് റൈസ് ആണെങ്കിൽ വളരെ Qualtiy കുറവും. എന്തായാലും ഞങ്ങൾ അവയെല്ലാം കഴിച്ചു വയർ നിറച്ചു പുറത്തിറങ്ങി.
Dzong പരിസരത്തുള്ള മാർക്കറ്റിൽ നിന്നും ഞങ്ങൾ പ്ലം, ജപ്പാൻ പീച്ച് എന്നീ പഴങ്ങൾ വാങ്ങിച്ചു. മാർക്കറ്റിൽ പഴങ്ങളും പച്ചക്കറികളുമൊക്കെ ഭൂട്ടാനീസ് സ്ത്രീകൾ ഇരുന്നു വിൽക്കുന്നുണ്ടായിരുന്നു. ചിലരൊക്കെ കുട്ടികളെയും കുടുംബമായുമൊക്കെ മാർക്കറ്റിൽ വന്നു പച്ചക്കറികളെല്ലാം വാങ്ങിക്കൊണ്ടുപോകുന്നു. അവിടെ ലിസിയും മുളക് ബജ്ജി, അച്ചാറുകൾ, മോമോസ്, സമൂസ എന്നിവയൊക്കെ വിൽക്കുന്ന ഒരു സ്റ്റാളും ഉണ്ടായിരുന്നു. ഈ സ്റ്റാൾ കാണാതെ മുൻപ് ഹോട്ടലിൽ കയറി കത്തി ചാർജ്ജ് കൊടുത്ത് സംതൃപ്തമല്ലാത്ത ഭക്ഷണം കഴിച്ചതിൽ നിരാശപ്പെട്ടുകൊണ്ട് ഞങ്ങൾ അവിടെ നിന്നും കാറിനടുത്തേക്ക് നടന്നു.
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.