ബസ് ജീവനക്കാരുടെ നല്ല മനസിലും അവസരോചിതമായ ഇടപെടലിലും ഹൃദയാഘാതം വന്ന യാത്രക്കാരന് പുനർജന്മം. അസുഖ ബാധിതനായ യാത്രക്കാരന് വേണ്ടി തിരക്കുകൾ മാറ്റിവെച്ച് യാത്രക്കാരും ബസ് ജീവനക്കാരുടെ കൂടെ ചേർന്നപ്പോൾ മനുഷ്യത്വത്തിന്റെ ഏറ്റവും മഹനീയമായ കാഴ്ച ദൃശ്യമായി. ദൃക്സാക്ഷിയായ അബ്ദുൽ മജീദ് ചിയ്യാനൂർ സംഭവങ്ങൾ ഫേസ്ബുക്കിൽ എഴുതിയതോടെയാണ് കാര്യങ്ങൾ പുറത്തറിഞ്ഞത്.
അബ്ദുൽ മജീദിന്റെ വാക്കുകൾ. “ആശുപത്രിയിൽ പലകുറി പോകുന്നതും വരുന്നതുമെല്ലാം ജീവിതത്തിന്റെ ഭാഗമായിട്ട് കുറച്ചു വർഷങ്ങളായി. ചുറ്റിലും കാണുന്ന ദൈന്യത നിറഞ്ഞ ഒരുപാടു മുഖങ്ങൾക്കിടയിൽ നമ്മുടേതെല്ലാം ചെറുത് എന്ന മട്ടിൽ അവർക്കിടയിലങ്ങു കൂടും. ഇന്നും അങ്ങനത്തെ ഒരു ദിവസത്തിലായിരുന്നു. പുറത്തെ കോരിച്ചൊരിയുന്ന മഴയും നോക്കി കുന്നംകുളം യൂണിറ്റി ആശുപത്രി വരാന്തയിൽ നിർവികാരനായി അങ്ങനെ ഇരിക്കുമ്പോഴുണ്ട് ലൈറ്റ് തെളിച്ചുകൊണ്ടു തൃശൂർ- കുന്നംകുളം ബോർഡ് വെച്ച ഒരു ബസ് ആശുപത്രി കോമ്പൗണ്ടിലോട്ടു ഓടിച്ചു വരുന്നു. ആശുപത്രിയിലേക്ക് വരുന്ന സ്റ്റാഫ് ബസ്സ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. ആശുപത്രി ബോർഡും എടുത്തുമാറ്റി ബസ് casualty ഭാഗത്തേക്ക് കുതിച്ചപ്പോൾ കാണുന്ന കാഴ്ച്ച കണ്ടക്ട്ടറും യാത്രക്കാരും കൂടി പ്രായമായ ഒരാളെ താങ്ങിയെടുത്തു ബസ്സിൽ നിന്ന് കൊണ്ടുവരുന്നു.. ബോധം നഷ്ടപെട്ടിട്ടുണ്ട്. ഗുരുവായൂർ സ്വദേശിയായ ശിവദാസൻ എന്നാണ് പേര്.. പ്രായമായ മനുഷ്യൻ, മുൻപ് രണ്ടുതവണ ഹൃദയാഘാതം വന്ന ആൾ.
കേച്ചേരി കഴിഞ്ഞപ്പോൾ മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവത്രെ. ഹൃദയാഘാതമാണെന്നു മനസ്സിലാക്കിയ എം.കെ.കെ ബസ്സിലെ ഡ്രൈവർ സുധീറും കണ്ടക്ടറും പിന്നെ ഒന്നും നോക്കിയില്ല. ശക്തമായ മഴയിൽ ആംബുലൻസിനെക്കാൾ വേഗതയിൽ ആ ബസ്സ് ആ വയോധികന്റെ ജീവനുമായി പാഞ്ഞു വന്നു. യൂണിറ്റി ആശുപത്രി ജീവനക്കാർ ആദ്യം ഒന്ന് അന്ധാളിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ കാർഡിയാക് മേധാവി Dr.അഖിൽ ഉൾപ്പെടെയുള്ളവർ പാഞ്ഞെത്തി ഐസിയുവിലേക്ക് മാറ്റി.
ആൾക്ക് കുഴപ്പമൊന്നുമില്ലല്ലൊന്നു നേഴ്സുമാരോടെല്ലാം അന്വേഷിച്ചു നടക്കുന്ന രണ്ടുപേരെ അവിടെ കണ്ടു. ഹൃദയാഘാതമുണ്ടായ ആളുടെ ഫോണെടുത്തു വിളിച്ചു വിവരം പറയുന്നുണ്ടവർ. അയാളുടെ ബന്ധുക്കളാണെന്നു കരുതി അന്വേഷിച്ചപ്പോൾ പരസ്പ്പരം അറിയാത്ത രണ്ടുപേർ. ആമ്പല്ലൂരിൽ ഉള്ള അനിലും, കൈപറമ്പുള്ള ജോയിയും. രണ്ടുപേരും ബസ്സിലെ യാത്രക്കാർ. സ്വന്തം അച്ഛന്റെ പ്രായമുള്ള ഒരാളെ സഹായിക്കാൻ വേണ്ടി പാതി വഴിയിൽ ഇറങ്ങിയ രണ്ടു പേർ…
ഒടുവിൽ ഐസിയുവിലേക്ക് ആളെ മാറ്റി എന്നറിഞ്ഞപ്പോൾ രണ്ടുപേരും സെക്യൂരിറ്റിയോട് യാത്ര പറഞ്ഞു മഴയും കൊണ്ടങ്ങു നടന്നു പോയി. ആ ബസ്സ് ഡ്രൈവർ, കണ്ടക്ടർ, സഹകരിച്ച യാത്രക്കാർ, കൂടെയിറങ്ങിയ രണ്ടുപേർ… എന്ത് മനുഷ്യരാണിവരൊക്കെ. എത്ര വേഗത്തിൽ നടന്നാലാണ് നമുക്കൊക്കെ ഇവർക്കൊപ്പമെത്താൻ പറ്റുക..”
റിപ്പോർട്ട്: ഫഖ്റുദ്ധീൻ പന്താവൂർ.