വിമാനങ്ങളുടെ എണ്ണത്തിലും, അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിലും, അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തിലും ഓസ്ട്രേലിയിലെ ഏറ്റവും വലിയ എയർലൈൻ ആണ് ക്വാണ്ടാസ് എയർവേസ് ലിമിറ്റഡ്. കെഎൽഎം-നും അവിയങ്കക്കും ശേഷം ലോകത്തിലേ ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ എയർലൈനാണിത്.
1920 നവംബർ 16 നാണു ക്വാണ്ടാസ് സ്ഥാപിക്കപ്പെട്ടത്. അവ്രോ 504 കെ ആയിരുന്നു ക്വൻഡാസിൻ്റെ ആദ്യത്തെ വിമാനം. പ്രവർത്തനമാരംഭിച്ച് 10 വർഷങ്ങൾക്കു ശേഷം 1935ലാണ് അന്താരാഷ്ട്ര സർവീസുകൾ Qantas ആരംഭിച്ചത്. ആദ്യ അന്താരാഷ്ട്ര വിമാനം നോർത്തേൺ ടെറിട്ടറിയിലെ ഡാർവിനിൽ നിന്നും സിങ്കപ്പൂരിലേക്കായിരുന്നു.
എയർലൈനിൻറെ യഥാർത്ഥ പേരായ “ക്വീൻസ്ലാൻഡ് ആൻഡ് നോർത്തേൺ ടെറിട്ടറി ഏരിയൽ സർവീസസ്” എന്നതിൻറെ ചുരുക്ക രൂപമാണ് “ക്യു.എ.എൻ.ടി.എ.എസ്.” എന്ന ക്വാണ്ടാസ്. “പറക്കും കങ്കാരു” എന്നതാണ് ഇതിൻറെ വിളിപ്പേര്.
ക്വാണ്ടാസിൻറെ പ്രധാന ആഭ്യന്തര പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ ആരംഭിച്ചത് 1940-ൽ ട്രാൻസ് ഓസ്ട്രേലിയൻ എയർലൈൻസ് മുഖാന്തരമാണ്. ട്രാൻസ് ഓസ്ട്രേലിയൻ എയർലൈൻസ് 1986-ൽ ഓസ്ട്രേലിയൻ എയർലൈൻസ് ആയി മാറുകയും 1992 സെപ്റ്റംബർ 14-നു ഓസ്ട്രേലിയൻ എയർലൈൻസിനെ ക്വാണ്ടാസ് സ്വന്തമാക്കുകയും ചെയ്തു.
1959 ൽ ക്വാണ്ടാസ് ബോയിങ് 707 ജെറ്റ് എയർലൈനർ വിമാനം സ്വന്തമാക്കുകയും 1967 ൽ ബോയിങ് 747 ജംബോ ജെറ്റ് വിമാനത്തിന് ഓർഡർ കൊടുക്കുകയും ചെയ്തു. സിംഗപ്പൂർ എയർലൈൻസ്, എമിറേറ്റ്സ് എന്നിവർക്കു ശേഷം ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എയർബസ് A380 സ്വന്തമാക്കിയ മൂന്നാമത്തെ എയർലൈനാണ് ക്വാണ്ടാസ്.
ക്വാണ്ടാസ് എയർലൈനിൻറെ ആസ്ഥാനം സിഡ്നിയാണ്, പ്രധാന ഹബ് സിഡ്നി എയർപോർട്ടും. ഓസ്ട്രേലിയയിൽനിന്നു പുറത്തേക്കു പോവുന്ന യാത്രക്കാരിലും ഓസ്ട്രേലിയലേക്കു വരുന്ന യാത്രക്കാരിലും 14.9% ആളുകൾ ക്വാണ്ടാസ് എയർവേസ് മുഖേനയാണ് യാത്ര ചെയ്യുന്നത്. ഇതിൻറെ സഹസ്ഥാപനമായ ക്വാണ്ടാസ് ലിങ്ക് ഓസ്ട്രേലിയയിലും മറ്റൊരു സഹസ്ഥാപനമായ ജെറ്റ്കണക്ട് ന്യൂസിലാണ്ടിലും പ്രവർത്തിക്കുന്നു. മാത്രമല്ല, ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകൾ നടത്തുന്ന ചെലവ് കുറഞ്ഞ എയർലൈനായ ജെറ്റ്സ്റ്റാറും ക്വാൻട്ടസിൻറെ ഉടമസ്ഥതയിലുള്ളതാണ്.
സഹസ്ഥാപനങ്ങൾ സർവീസ് നടത്താത്ത ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും, ആഫ്രിക്ക, അമേരിക്ക, ഏഷ്യ, യുറോപ്പ്, ഓഷ്യാനിയ എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്കും ക്വാണ്ടാസ് സർവീസ് നടത്തുന്നു.
അമേരിക്കൻ എയർലൈൻസ്, ബ്രിട്ടീഷ് എയർവേസ്, കാതി പസിഫിക്, കനേഡിയൻ എയർലൈൻസ് എന്നിവരുമായി ചേർന്ന് വൺവേൾഡ് എയർലൈൻ അല്ലയാൻസിൻറെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ് ക്വാണ്ടാസ് എയർലൈൻസ്.
അന്റാർട്ടിക്ക പറന്നു കാണാനുള്ള വിനോദസഞ്ചാര ചാർട്ടർ വിമാന സർവീസ് ക്രോയ്ടോൻ ട്രാവെൽസിനുവേണ്ടി ക്വാണ്ടാസ് നടത്തുന്നു. ആദ്യമായ അന്റാർട്ടിക്ക വിനോദ ആകാശയാത്ര നടത്തിയത് 1977-ലാണ്. എന്നാൽ എയർ ന്യൂസിലാണ്ട് ഫ്ലൈറ്റ് 901 മൗണ്ട് ഏറെബസിൽ ഇടിച്ചു തകർന്നതിനെ തുടർന്ൻ ഏതാനും വർഷങ്ങൾ ഈ സർവീസ് നിർത്തലാക്കി. 1994-ൽ ക്വാണ്ടാസ് ഈ സർവീസ് പുനരാരംഭിച്ചു. ഈ വിമാനങ്ങൾ നിലത്ത് ഇറങ്ങുന്നില്ലെങ്കിലും പോളാർ പ്രദേശങ്ങളിൽ വിമാനങ്ങൾ പറത്താനുള്ള പ്രത്യേക പരിശീലനവും സാങ്കേതികതകളും വേണം.
2014 സെപ്റ്റംബർ 29-നു എയർബസ് എ380 വിമാനം, സിഡ്നി മുതൽ ഡാളസ് വരെ പുതിയ നോൺ-സ്റ്റോപ്പ് സർവീസ് തുടങ്ങിയത് വഴി, ലോകത്തിലേ ഏറ്റവും വലിയ വിമാനം ഉപയോഗിച്ചുള്ള ലോകത്തിലേ ഏറ്റവും ദൂരം കൂടിയ ആദ്യ വിമാന സർവീസ് ക്വാൺടാസിൻറെ പേരിലായി.
B787-9 Dreamliner, Airbus A380, Airbus A330, Airbus A320, Boeing 747, Boeing 737, Boeing 717 തുടങ്ങിയ മോഡൽ വിമാനങ്ങളാണ് ക്വാണ്ടാസ് സർവീസുകൾക്ക് ഉപയോഗിക്കുന്നത്. 1920 ൽ ആരംഭിച്ച ക്വാണ്ടാസിനു 2020 എത്തിയപ്പോൾ 100 വയസ്സ് പൂർത്തിയായിരിക്കുകയാണ്. ഇന്ന് ക്വാണ്ടാസ് ലോകത്തിലെ ഏറ്റവും വിശ്വാസയോഗ്യമായ എയർലൈനുകളിൽ പ്രധാനിയാണ്. നൂറാം വയസ്സും പിന്നിട്ട് തൻ്റെ ജൈത്രയാത്ര തുടരുകയാണ് ‘ക്വാണ്ടാസ്’ എന്ന പറക്കും കങ്കാരു.
Photo – © RuthAS, Wikimedia Commons.