2022 ലെ ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുന്നത് മിഡിൽ ഈസ്റ്റ് രാജ്യമായ ഖത്തർ ആണ്. ചരിത്രത്തിലാദ്യമായാണ് ഒരു മിഡിൽ ഈസ്റ്റ് രാജ്യം ഫിഫ ലോക കപ്പ് മല്‍സരത്തിന് ആതിഥേയത്വം വഹിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. അതുകൊണ്ടു തന്നെ ഇതൊരു ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തര്‍. 2022 നവംബര്‍ 21നാണ് ഫിഫ ലോകകപ്പിന്റെ കിക്കോഫ് നടക്കുക. ഇനിയുമുണ്ട് 2 വർഷങ്ങൾ. എന്നാൽ ഖത്തർ ഇതിനായുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു.
ഖത്തറില്‍ ലോകകപ്പ് നടക്കുന്ന 2022 വരെയുള്ള ഫിഫയുടെ ചാംപ്യന്‍ഷിപ്പുകളുടെയും പരിപാടികളുടെയും ഔദ്യോഗിക പങ്കാളിയും എയര്‍ലൈനും ഖത്തറിന്റെ ഔദ്യോഗിക എയര്‍ലൈന്‍ ആയ ഖത്തർ എയർവേയ്‌സ് ആണ്. ആയതിനാൽ കൗണ്ട് ഡൗണ്‍ ആഘോഷങ്ങളില്‍ ഖത്തര്‍ എയര്‍വെയ്‌സും പങ്കാളികളായിരിക്കുകയാണ്. ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക എംബ്ലവും നിറവും കൊണ്ട് തയ്യാറാക്കിയ പുതിയ ബോയിംഗ് 777 എയർക്രാഫ്റ്റ് കഴിഞ്ഞ ദിവസമാണ് ഖത്തർ എയർവേയ്‌സ് പുറത്തിറക്കിയത്. 2020 നവംബർ 21 നു ദോഹ – സൂറിച്ച് റൂട്ടിൽ ഈ വിമാനം സർവ്വീസ് നടത്തുകയും ചെയ്തു. ഇതുകൂടാതെ കൂടുതല്‍ ഫിഫ ബ്രാന്റ് ഖത്തർ എയർവേയ്‌സ് വിമാനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവ്വീസ് നടത്തുകയും ചെയ്യും.
ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളിലൊന്നാണ് ഖത്തറിന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സ്. ലോകത്തെ ഏറ്റവും മികച്ച എയര്‍ലൈനിലുള്ള സ്‌കൈട്രാക്‌സ് എയര്‍ലൈന്‍ അവാര്‍ഡിന് അഞ്ചാം തവണയാണ് ഖത്തര്‍ അര്‍ഹയാകുന്നത്. 2019ലെ പ്രസിദ്ധമായ പാരിസ് എയര്‍ഷോയിലും ഖത്തര്‍ എയര്‍വെയ്‌സ് തന്നെയായിരുന്നു മുന്നില്‍. ആറ് ഭൂഖണ്ഡങ്ങളിലേക്കും ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്നുണ്ട്.
ഖത്തര്‍ ഒന്നാകെ ആവേശത്തിമര്‍പ്പിലാണ്; ഖത്തറിനൊപ്പം ലോകത്തെവിടെയുമുള്ള ഫുട്‌ബോള്‍ ആരാധകരും. ടൂര്‍ണമെന്റിനും അഞ്ചുവര്‍ഷങ്ങള്‍ക്കും മുമ്പെയുള്ള ഒരുക്കങ്ങളുടെ ഭാഗമായി എട്ടു സ്റ്റേഡിയങ്ങളില്‍ മൂന്നെണ്ണം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി രാജ്യത്തിനു സമര്‍പ്പിച്ചു. അവശേഷിക്കുന്ന അഞ്ചു സ്റ്റേഡിയങ്ങളുടെ നിര്‍മാണവും അടിസ്ഥാന സൗകര്യങ്ങളും അവസാനഘട്ടത്തിലാണ്. ലോകകപ്പിന് ശേഷം സ്റ്റേഡിയങ്ങളിലെ പകുതി സീറ്റുകള്‍ അവികസിത രാജ്യങ്ങള്‍ക്ക് സംഭാവന നല്‍കും. മിക്ക സ്റ്റേഡിയങ്ങളും സ്‌കൂളുകള്‍, ഷോപ്പിങ് സമുച്ചയങ്ങള്‍, കഫേകള്‍, ഹെല്‍ത്ത് ക്ലിനിക്കുകള്‍, കായിക സൗകര്യങ്ങള്‍ എന്നിവയുള്ള കമ്യൂണിറ്റി ഇടമായി മാറും.
കൊവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ലോകകപ്പ് തയാറെടുപ്പുകളുമായി മുന്നോട്ടു തന്നെയാണ് ഖത്തറും ഫിഫയും.