റോയുടെയും എൻ.എസ്സ്.ജിയുടേയും സ്ഥാപകനായ ഒരു സൂപ്പർ ഹീറോയുടെ ചരിത്രം..

ഇന്ത്യകണ്ട ഏറ്റവും പ്രഗത്‌ഭനായ രഹസ്യാന്വേഷണ സംഘത്തലവനായിരുന്ന റോയുടെയും(Reserch and Analysis Wing) എൻ.എസ്സ്.ജിയുടേയും(National Security Guards) സ്ഥാപകനായ രാമേശ്വർ നാഥ് കാവോയെ (R.N.Kao) പറ്റിയൊരു ചരിത്രാന്വേഷണം.

എഴുതിയത്- പ്രിൻസ് പവിത്രൻ‌, കടപ്പാട്- ദി കാവോ ബോയ്സ് ഓഫ് ആർ& എ.ഡബ്ലിയൂ.

‘രാമേശ്വർ നാഥ് കാവോ’ അഥവാ ‘ആർ.എൻ.കാവോ’ ഇന്ത്യൻ രഹസ്യാന്വേഷണ ചരിത്രത്തിന്റെ ശില്പിയായ ഒരു ഇതിഹാസമായിരുന്നു. അല്പംകൂടി ഊന്നിപ്പറഞ്ഞാൽ തനി ‘ചാണക്യൻ’. അധികമാർക്കും ഇന്നും ഇദ്ദേഹത്തിന്റെ ഐതിഹാസിക ജീവിതത്തെപ്പറ്റി അറിയില്ല. ഇന്ന് ലോകത്തിലെ ഏറ്റവും കഴിവുള്ള രാജ്യാന്തരരഹസ്യാന്വേഷണ ശൃംഖലകളിലൊന്നായ ഇന്ത്യയുടെ റിസർച്ച്‌ ആൻഡ് അനാലിസിസ് വിങ്ങും (R&AW,Reserch and Analysis Wing) ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ സേനയായ എൻ.എസ്സ്‌ .ജി യും (NSG, National Security Guards) സ്ഥാപിച്ചത് ആർ .എൻ.കാവോയുടെ നേതൃത്വത്തിലായിരുന്നു.

അമേരിക്കൻ പ്രസിഡന്റായിരുന്ന ‘ജോർജ് ബുഷ് സീനിയർ’ 1976ൽ അമേരിക്കൽ ചാരസംഘടനയുടെ നേതാവായിരുന്നപ്പോൾ പറഞ്ഞത് ‘ശ്രീ ആർ .എൻ.കാവോ’ ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ രഹസ്യാന്വേഷണ നേതാക്കളിൽ ഒരാളായിരുന്നു എന്നാണ്. അന്ന് ഇന്ത്യയുടെ ശത്രുരാജ്യമായിരുന്ന അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തലവൻ അങ്ങിനെ പറയണമെങ്കിൽ ‘ശ്രീ ആർ .എൻ.കാവോ’ യുടെ ബുദ്ധിസാമർഥ്യം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒരു എല്ലാം തികഞ്ഞ ചാരസംഘടനാതലവൻ തന്നെയായിരുന്നു കാവോ. നൂറു കണക്കിന് കോടി രൂപ തന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നിട്ടും ഒരു ചില്ലി കാശുപോലും അഴിമതിക്കാണിക്കാത്ത കറതീർന്ന ഭാരതീയൻ.

സർവീസിൽ ഇരുന്ന സമയത്ത് രാവിലെ എട്ടുമണിക്ക് തുടങ്ങിയിരുന്ന ജോലി അവസാനിച്ചിരുന്നത് മിക്കവാറും രാത്രി പത്തരമണി കഴിയുമ്പോൾ!! അതും ഏഴ് ദിവസവും 365 ദിവസവും. സുന്ദരനും പക്വതയുള്ളവനും സ്വകാര്യത ഇഷ്ടപ്പെടുകയും ചെയ്തിരുന്ന അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ച ശേഷവും ഒരു ചാരനായി തന്നെ ജീവിച്ചു,മരിച്ചു! തന്റെ ജീവിതത്തിലുടനീളം രാജ്യത്തിനായി പ്രവർത്തിച്ച അദ്ദേഹം ധാരാളം വിവാദങ്ങളിലും മനസ്സറിഞ്ഞോ അറിയാതെയോ പെട്ടു.രാഷ്ട്രീയക്കാരും ഇന്ത്യൻ ഉദ്യോഗസ്ഥമേധാവിത്വവും അദ്ദേഹത്തെ പിൽക്കാലത്ത് മൃഗീയമായി വേട്ടയാടിയെന്നതും ചരിത്രം.

1918 മെയ് 10 നു ഉത്തർപ്രദേശിലെ വാരണാസിയിൽ ഒരു കാശ്മീരിപണ്ഡിറ്റ് കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. പഠനം തുടങ്ങിയത് അന്നത്തെ ‘ബോംബെ പ്രെസിഡെൻസിയുടെ’ കീഴിലുണ്ടായിരുന്ന ‘ബറോഡയിൽ’ ആയിരുന്നു. പിന്നീട് ലക്നൗ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും 1940ൽ അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കി.ആദ്യം ഒരു സിഗരറ്റ് കമ്പനിയിൽ ജോലിചെയ്ത അദ്ദേഹം പിന്നീട് ഉത്തർ പ്രദേശിൽ നിന്നുള്ള ‘ഐ.പി.എസ്സ്‌ കേഡറിൽ’ ഗവണ്മെന്റ് ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.ആദ്യത്തെ പോസ്റ്റിങ്ങ് ലഭിച്ചത് കാൺപൂരിൽ അസിസ്റ്റന്റ് സൂപ്രണ്ടന്റ് (ASP) ആയിട്ടായിരുന്നു.

ആർ.എൻ.കാവോയുടെ ജോലിയിലുള്ള ആത്മാർത്ഥതയും അർപ്പണബോധവും ബുദ്ധിസാമർത്യവും മനസ്സിലാക്കിയ അന്നത്തെ ഇന്റലിജൻസ് ബ്യൂറോ തലവൻ ശ്രീ.ബി.എൻ.മുള്ളിക്ക് അദ്ദേഹത്തെ ഇന്ത്യൻരഹസ്യാന്വേഷണ വിഭാഗമായ ‘ഇന്റലിജൻസ് ബ്യൂറോയിലേക്ക്’ മാറ്റി നിയോഗിച്ചു. അതൊരു ഐതിഹാസിക ജീവിതത്തിന്റെ തുടക്കമായിരുന്നു. അന്ന് പ്രധാനമന്ത്രി ‘ശ്രീ ജവഹർലാൽ നെഹ്രു’ അടക്കമുള്ള സുപ്രധാന രാഷ്ട്രീയനേതാക്കളുടെ സുരക്ഷാചുമതലയായിരുന്നു ‘കാവോയുടെ’ സംഘത്തിനുണ്ടായിരുന്നത്.

തുടർന്ന് 1950 ആയപ്പൊളേക്കും അദ്ദേഹത്തെ ഘാനയിലേക്ക് ഒരു പ്രത്യേക ചുമതല നല്കിയയച്ചു. ഘാന പ്രധാനമന്ത്രി ‘ക്വമെ നഗറുമാ’ ആവശ്യപ്പെട്ടതുപ്രകാരം ഘാനക്കായി ഒരു അന്താരാഷ്ട്ര രഹസ്യാന്വേഷണ സംഘടന രൂപീകരിക്കുക എന്നതായിരുന്നു ദൗത്യം. ‘കാവോ’ അത് ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തു.അങ്ങിനെ ‘പ്രധാനമന്ത്രി നെഹ്രു’ അടക്കമുള്ള എല്ലാ പ്രമുഖർക്കും കാവോയുടെ കഴിവിൽ കഴിവിൽ അടിയുറച്ച വിശ്വാസമായി.

1962 ലെ ഇന്ത്യ-ചൈനയുദ്ധം ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ ‘ഇന്റലിജൻസ് ബ്യൂറോയുടെ’ പ്രവർത്തനക്ഷമതയില്ലായ്മ പുറത്തു കൊണ്ടുവരുന്നതിനുള്ള ഒരു ചൂണ്ടുപലകയായിരുന്നു. തുടർച്ചയായ ‘ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോയുടെ’ പിഴവുകൾ ‘ഇന്ത്യയുടെ’ തോൽവിക്കു കാരണമാകുകയും ലോകത്തിനുമുന്നിൽ ഇന്ത്യയെ നാണം കെടുത്തുകയും ചെയ്തു. അന്നത്തെ തോൽവി പിന്നീട് ഇന്ത്യയുടെ രഹസ്യാന്വേഷണ ചരിത്രം തന്നെ മാറ്റി മറിച്ചെന്നതും ചരിത്രം.

നെഹ്‌റുവിന്റെ മരണശേഷം പ്രധാനമന്ത്രി പദത്തിലെത്തിയ ശ്രീമതി ‘ഇന്ദിരാ ഗാന്ധി’ അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ ഇന്ത്യയുടെ വിദേശനയവും നയതന്ത്ര നീക്കങ്ങളുമടക്കം മാറ്റുവാൻ തീരുമാനിച്ചു. അമേരിക്കയുടെയടക്കം നയങ്ങളെ വെല്ലുവിളിച്ചുകൊണ്ട് രാജ്യം ഭരിച്ച ശ്രീമതി ‘ഇന്ദിരാ ഗാന്ധി’ ഇന്ത്യൻ ഇന്റലിജൻസ് പിഴവുകളുടെയും അതിന്റെ കാരണങ്ങളെയുംപറ്റി പഠിക്കാൻ നിയോഗിച്ചത് ‘ഇന്റലിജൻസ് ബ്യൂറോയിലെ’ ഏറ്റവും കഴിവുള്ള ഉദ്യോഗസ്ഥനായിരുന്ന ‘കാവോയെ’ തന്നെയായിരുന്നു.

1962 യുദ്ധത്തിലും 1965 ‘ഓപ്പറേഷൻ ജിബ്രാൾട്ടർ’ അടക്കമുള്ള ഇന്റലിജൻസ് പിഴവുകൾ മനസ്സിലാക്കിയ ‘കാവോ’ ‘ഇന്ദിരാ ഗാന്ധിക്ക്’ ഇന്റലിജൻസ് ബ്യൂറോ ആഭ്യന്തര രഹസ്യാന്വേഷണസംഘടനയാക്കാനും അന്താരാഷ്ട്ര രഹസ്യാന്വേഷണപ്രവർത്തനങ്ങൾക്കായി പുതിയ ഒരു ചാരസംഘടന രൂപീകരിക്കാനും ആവശ്യപ്പെട്ടുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചു.അങ്ങിനെ പ്രധാനമന്ത്രിയുടെ അനുമതിയോടെ ഇന്ത്യയുടെ അന്താരാഷ്ട്ര ചാരസംഘടനയായ ‘റിസർച്ച്‌ ആൻഡ് അനാലിസിസ് വിങ്’ (Reserch & Analysis Wing)1968 സെപ്റ്റംബർ 21ന് രൂപീകൃതമായി. ‘ആർ.എൻ.കാവോയെ’ ക്യാബിനറ്റ് സെക്രെട്ടറിയേറ്റിലെ റിസർച്ച് തലവനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ചുറ്റും ശത്രുക്കളാൽ ചുറ്റപ്പെട്ട ഇന്ത്യാമഹാരാജ്യത്തിനു ഒരു ചാരസംഘടന ഉണ്ടാക്കുക എന്നത് ഒരു ചില്ലറകാര്യമായിരുന്നില്ല. വെല്ലുവിളികൾ ധാരാളം,ആവശ്യമായ പണവും പ്രവൃത്തിപരിചയവുമുള്ളവർ നന്നേ കുറവും! പക്ഷെ അതൊന്നും നമ്മുടെ കാവോയെ പിന്തിരിപ്പിച്ചില്ലെന്നു മാത്രമല്ല വെറും 2 വർഷംകൊണ്ട് ലോകത്തിലെ ഏറ്റവും വൈദഗ്ധ്യമുള്ള ഒരു രഹസ്യാന്വേഷണ വിഭാഗമാറ്റി ‘റിസർച്ച്‌ ആൻഡ് അനാലിസിസ് വിങ്ങിനെ’ മാറ്റുവാനും അദ്ദേഹത്തിന് സാധിച്ചു. അതിന്അദ്ദേഹത്തെ ഏറ്റവും അധികം സഹായിച്ചതാകട്ടെ ഒരു മലയാളിയും! ‘കെ.ശങ്കരൻനായർ’ എന്ന നമ്മൾ മലയാളികൾക്ക് എന്നെന്നും അഭിമാനിക്കാവുന്ന ആ മഹത് വ്യക്തിയായിരുന്നു ‘കാവോയുടെ’ നയങ്ങളെ പ്രാവർത്തികമാക്കിയിരുന്ന ചാലക ശക്തി.

‘കാവോ’ രഹസ്യാന്വേഷണ/ചാരസംഘങ്ങൾ വഴി ലഭിച്ചിരുന്ന വിവരങ്ങൾ വിശകലനംചെയ്ത് ഭാവിതീരുമാനങ്ങൾ ‘കെ.ശങ്കരൻനായരെ’ ഏല്പിക്കുകയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ കെ.ശങ്കരൻ തീരുമാനങ്ങൾ കൃത്യമായി നിറവേറ്റുകയും ചെയ്തുപൊരുകയും ചെയ്തു. 1968 ൽ പിച്ചവെച്ചുതുടങ്ങിയ ‘റിസർച്ച്‌ ആൻഡ് അനാലിസിസ് വിങ്ങിന്’ ഏറെ വൈകാതെതന്നെ തങ്ങളുടെ കഴിവ്തെളിയിക്കാൻ അവസരം കിട്ടി. ഒരു രഹസ്യാന്വേഷണസംഘടനക്ക് ആവശ്യമായിരുന്നതെല്ലാം ചുരുങ്ങിയകാലംകൊണ്ട് കാവോയും റോയും സ്വായത്തമാക്കി.

വേഷപ്രഛന്നരായി ശത്രുരാജ്യങ്ങളിൽ കടന്ന് വിവരശേഖരണങ്ങൾ നടത്തിയും രാജ്യം നേരിടുന്നവെല്ലുവിളികൾ നേരത്തേ അറിഞ്ഞും അവർ രാജ്യസുരക്ഷയുടെ അദൃശ്യ സംരക്ഷകരായി മാറി. രാജ്യതാത്പര്യങ്ങൾ സംരക്ഷിക്കാനും രാജ്യസുരക്ഷക്ക് വേണ്ട നടപടികളെടുക്കാനും അതിനാവശ്യമായ സാമ്പത്തിക,രാഷ്ട്രീയ,നയതന്ത്ര,സൈനികനീക്കങ്ങൾ നടത്താൻ ഇന്ത്യക്ക് കാവോയുടെ ‘റിസർച്ച്‌ ആൻഡ് അനാലിസിസ് വിങ്ങിന്’ സാധിച്ചു. ഒരു ശത്രുരാജ്യത്തിനും നുഴഞ്ഞുകയറാൻ പറ്റാത്ത ഉരുക്കുകോട്ടയായി ‘റിസർച്ച്‌ ആൻഡ് അനാലിസിസ് വിങ്ങ്’ വളർന്നു പന്തലിച്ചു.

ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ കാശ്മീരിൽ 1989 മുതൽ തീവ്രവാദികൾക്ക് ആയുധവും പണവും പരിശീലനം നല്കുന്നതും മാത്രമേ നമുക്ക് പലർക്കും അറിയൂ, പക്ഷേ പാക്കിസ്ഥാനികൾ ഇത് 1956 ലേ തുടങ്ങിയതാണ്. അന്ന് കിഴക്കൻ പാക്കിസ്ഥാനായിരുന്ന ഇന്നത്തെ ബംഗ്ലാദേശിലെ ‘ചിറ്റഗോങ്ങ് മലനിരകളിലെ’ കാടുകളിൽ നാഗാതീവ്രവാദികൾക്കും മിസോതീവ്രവാദികൾക്കും പരിശീലനം നല്കിക്കൊണ്ടായിരുന്നു അവരത് ചെയ്തത്. തുടർച്ചയായ ആക്രമണങ്ങൾ നോർത്ത്- ഈസ്റ്റ് സംസ്ഥാനങ്ങളിൽ നടന്നപ്പോഴാണ് ‘ഇന്റലിജെൻസ് ബ്യൂറോ’ തലവൻ ബി.എൻ.മുള്ളിക്ക് അന്വേഷിക്കാൻ തയ്യാറായത്. പക്ഷേ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. ബർമ്മയടക്കമുള്ള അയൽരാജ്യങ്ങളിൽ പാക് രഹസ്യാന്വേഷണ സംഘടന ഐ.എസ്സ്.ഐയുടെ നേതൃത്വത്തിൽ നാഗാ/മിസോതീവ്രവാദികൾ അംഗബലം വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. അതിർത്തിക്കപ്പുറം കടന്ന് അവരെ ആക്രമിക്കാൻ കിഴക്കൻ പാക്കിസ്ഥാനൊട്ട് അനുവദിച്ചുമില്ല..

കാവോ ബോയ്സും ബംഗ്ലാദേശ് യുദ്ധവും:- സ്വാതന്ത്ര്യാനന്തരം ഇന്ത്യയും പാക്കിസ്ഥാനും രണ്ടുരാജ്യങ്ങളായി. പഞ്ചാബ് മേഖല പടിഞ്ഞാറൻ പാക്കിസ്ഥാനും ബംഗാളി വംശരുടെ മേഖല കിഴക്കൻ പാക്കിസ്ഥാനും ആയിമാറി. ഇന്ത്യക്കിരുവശവുമായി പാക്കിസ്ഥാൻ രാജ്യം രൂപപ്പെട്ടു.1970 ൽ നടന്ന പാക്കിസ്ഥാനി തിരഞ്ഞെടുപ്പിൽ കിഴക്കൻ പാക്കിസ്ഥാനിലെ ‘അവാമി നാഷണൽ ലീഗ്’ പാർട്ടി നേതാവ് ഷെയ്ഖ് മുജീബുർ റഹ്മാൻ ഭൂരിപക്ഷത്തോടെ ജയിച്ചു. പക്ഷേ പട്ടാള ജനറൽ മുഹമ്മദ് യാഹ്യാ ഖാൻ ആ തിരഞ്ഞെടുപ്പ് റദ്ദാക്കി പകരം ജനങ്ങൾ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ‘മുജീബുൾ റഹ്മാന്റെ’ അവാമി നാഷണൽ ലീഗ് പാർട്ടിക്ക് ഒരൊറ്റനേതാവേയുള്ളെന്ന മുടന്തൻ ന്യായം പറഞ്ഞ് ജനറൽ ‘യഹ്യാ ഖാൻ’ ‘സുൽഫിക്കർ അലി ഭൂട്ടോ’യുടെ പാക്കിസ്ഥാനി പീപ്പിൾസ് പാർട്ടിയെ സർക്കാരുണ്ടാക്കുവാനായി ക്ഷണിച്ചു.

തുടർന്ന് കിഴക്കൻ പാക്കിസ്ഥാനിലാകെ പ്രതിഷേധങ്ങളുയർന്നു. അതെല്ലാം പാക് പട്ടാളം അടിച്ചമർത്തി.1971 മാർച്ച് ആയപ്പോളേക്കും കാര്യങ്ങൾ പാക്കിസ്താനി പട്ടാളത്തിന്റെ കൈവിട്ടുപോയി. ജനങ്ങൾ ജനാധിപത്യത്തിനായി തെരുവിലിറങ്ങി. 1971 മാർച്ച് 1 ന് ‘യാഹ്യാ ഖാൻ’ കിഴക്കൻ പാക്കിസ്താനിലെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയെ പിരിച്ചുവിട്ടു. 1971 ൽ പാക് ജനറൽ ‘ഓപ്പറേഷൻ സേർച്ച് ലൈറ്റ്’ എന്ന ലോകം കണ്ട ഏറ്റവും നിഷ്ടൂരമായ മനുഷ്യക്കുരുതിക്ക് തുടക്കമിട്ടു.1971 മാർച്ച് 25 രാവിലെ 1.15 ആരംഭിച്ച ആ പട്ടാള ഓപ്പറേഷനിൽ കൊല്ലപ്പെട്ടവരുടെ കണക്ക് ഇന്നും വ്യക്തമല്ല. പിൽക്കാലത്ത് ബംഗ്ലാദേശ് അധികൃതർ പുറത്ത് വിട്ട കണക്കനുസരിച്ച് 30 ലക്ഷത്തോളം നിരായുധരായിരുന്ന ജനങ്ങൾ കൊന്നുതള്ളപ്പെട്ടെന്നാണ്.

തുടർച്ചയായ ലക്ഷക്കണക്കിന് അഭയാർത്ഥികളുടെ പ്രവാഹം ഇന്റ്യൻ പ്രധാനമന്ത്രി ‘ശ്രീമതി ഇന്ദിരാ ഗാന്ധിയെ’ അവരുടെ ബംഗ്ലാദേശ് എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച് കൊടുക്കാൻ പ്രേരിപ്പിച്ചു. ഇന്ദിരാ ഗാന്ധി ഇതിനായി രണ്ട് മാർഗ്ഗങ്ങളാണ് നടപ്പാക്കിയത്. അതിലാദ്യത്തേത് രഹസ്യമായി ബംഗാളികളെ അവരുടെ സ്വാതന്ത്ര്യ സമരത്തിനായി തയ്യാറെടുപ്പിക്കുക എന്നതായിരുന്നു. രണ്ടാമത്തേത് അതിർത്തികടന്ന് പാക്കിസ്ഥാനെ ആക്രമിക്കുക എന്നതുമായിരുന്നു. ആദ്യത്തെ രഹസ്യനീക്കത്തിന് ഇന്ദിരാ ഗാന്ധി തന്റെ വിശ്വസ്തനായ ‘കാവോയെ’യും റിസർച്ച്‌ ആൻഡ് അനാലിസിസ് വിങ്ങിനേയും ചുമതലപ്പെടുത്തി. രണ്ടാമത്തെ മിഷനായി ഇന്ത്യനാർമി ചീഫ് മാണിക് ഷായേയും ബി.എസ്സ്.എഫ്. തലവൻ കെ.എഫ്. രസ്തംജീയേയും ചുമതലപ്പെടുത്തി. ഇന്റലിജൻസ് ബ്യൂറോ ഇന്ത്യക്കുള്ളിലെ അഭയാർത്ഥികൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ത്രിപുരയിലും ആസ്സാമിലും വെസ്റ്റ് ബംഗാളിലുമായി ചെയ്തുകൊടുത്തു.

കാവോയുടെ നിർദ്ദേശപ്രകാരം ‘റിസർച്ച്‌ ആൻഡ് അനാലിസിസ് വിങ്ങ്’ കിഴക്കൻ പാക്കിസ്ഥാനി അഭയാർത്ഥികൾക്കായി ‘മുക്തിബാഹിനി’ എന്ന പേരിൽ ഗറില്ലാ ആർമി തുടങ്ങുകയും അവർക്കാവശ്യമായ പരിശീലനവും തോക്കും വെടിക്കോപ്പുകളും വസ്ത്രങ്ങളും ഭക്ഷണവുമടക്കം എല്ലാ സൗകര്യങ്ങളും നല്കി. അതീവ രഹസ്യമായി പരിശീലനം പുരോഗമിച്ചു. ഇന്ത്യ ബംഗാളികളുടെ സ്വാതന്ത്ര്യസമരത്തെ പിന്തുണക്കുന്നതായി അന്നത്തെ അമേരിക്കൻ രഹസ്യാന്വേഷണ സംഘം.കണ്ടെത്തുകയും വിവരം പാക്കിസ്ഥാനെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഒരു.മുഴുനീളയുദ്ധത്തിനുള്ള തയ്യാറെടുപ്പാണ് പാക്കിസ്ഥാൻ.നടത്തിയത്.

റിസർച്ച്‌ ആൻഡ് അനാലിസിസ് വിങ്ങ്’ ചാരന്മാർ പടിഞ്ഞാറൻ പാക്കിസ്ഥാനികൾ ‘മിലിട്ടറി മാസ്സ് കാരിയർ പ്ലെയിനുകൾ’ വഴി യുദ്ധസാമഗ്രികൾ കിഴക്കൻ പാക്കിസ്ഥാനിലേക്കെത്തിക്കുന്നതായി വിവരം ലഭിച്ചു. തുടർന്ന് ‘റിസർച്ച്‌ ആൻഡ് അനാലിസിസ് വിങ്ങ്’ തലവന്റെ നിർദ്ദേശപ്രകാരം ഇന്ദിരാ ഗാന്ധി ഇന്ത്യക്കുമുകളിലൂടെയുള്ള എല്ലാ പാക് വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി. വേറേ വഴിയില്ലാതെ വന്ന പാക്കിസ്ഥാൻ ‘ശ്രീലങ്ക’ വഴി ചുറ്റി വിമാനങ്ങൾ ആയുധങ്ങളുമായി പറപ്പിക്കാൻ തുടങ്ങി. എന്നാൽ അതും മണിക്കൂറുകൾക്കുള്ളിൽ ‘റോ’ ഏജന്റ്സ് കണ്ടെത്തിയതോടെ ഇന്ദിരാഗാന്ധി ‘ശ്രീലങ്ക’ക്കുമേൽ സമ്മർദ്ദം ചെലുത്തി പാക്കിസ്ഥാനി വിമാനങ്ങൾക്ക് ഏവിയേഷൻ ഫ്യുവൽ നല്കാതായി.

ആ വഴിയുമടഞ്ഞ പാക്കിസ്ഥാൻ നേവിയുടെ സഹായത്തോടെ ആയുധങ്ങൾ കിഴക്കൻ പാക്കിസ്ഥാനിലേക്കെത്തിക്കുവാൻ ശ്രമിച്ചു. ഇതിനായി തയ്യാറായിക്കിടന്ന എണ്ണടാങ്കറുകളടക്കം കറാച്ചിപോർട്ട് മുഴുവൻ കത്തിച്ചാമ്പലാക്കി ഇന്ത്യൻ നേവി കഴിവുതെളിയിച്ചു.’റോ’ ഏജന്റ്സ് നല്കിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ ആക്രമണം. ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ്സ്.നിപത്,ഐ.എൻ.എസ്സ്. നിഗ്രഹ്,ഐ.എൻ.എസ്സ്. വീർ എന്നീ ചെറുമിസൈൽ ബോട്ടുകൾ കറാച്ചിതുറമുഖത്ത് മിസൈലാക്രമണം നടത്തിയപ്പോൾ 500ൽ അധികം പാക് നാവികരാണ് മിനിറ്റുകൾക്കുള്ളിൽ കാലപുരിപുൽകിയത്. തുടർന്ന് ‘റോ’ ഏജന്റ്സ് പാക് എയർ ഫോഴ്സിന്റെ തിരിച്ചടി മിസൈൽ ബോട്ട് ജെട്ടികളിലുണ്ടാകുമെന്ന് കൃത്യമായി വിവരം ഇന്ത്യൻ നേവിക്ക് നല്കി. അതിനാൽ മിസൈൽ ബോട്ടുകളവിടെനിന്ന് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു. അതിനാൽ പാക് എയർ ഫോഴ്സ് ആക്രമണത്തിൽ മിസൈൽ ബോട്ടുകൾക്ക് ഒരു പോറൽ പോലുമേറ്റില്ല.

പ്രശസ്തമായ ലോംകെവാലയിലെ യുദ്ധത്തിൽ വെറും 120 ഇന്റ്യൻ പട്ടാളക്കാർ 2000-ത്തിൽപ്പപരം പാക്കിസ്ഥാനിപട്ടാളക്കാരേയും 50-തിലധികം ടാങ്കുകളേയും 120-തിലധികം കവചിതവാഹനങ്ങളും തകർത്ത ലോംകെവാലായുദ്ധത്തിലും നിർണ്ണായകമായത് ബി.എസ്സ്.എഫ് പോസ്റ്റിൽ രഹസ്യമായി നിയോഗിച്ച പഞ്ചാബ് റെജിമെന്റിന്റെ ‘ആൽഫാ കമ്പനിയെ’ നിയോഗിച്ചതും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നായിരുന്നു. 1968 ൽ രൂപീകൃതമായ വർഷം തന്നെ ‘റോ’ ഏജന്റ്സ് കിഴക്കൻ പാക്കിസ്ഥാനി രാഷ്ട്രീഷയ നേതാക്കളുമായി ഊഷ്മളമായ ബനാധം സ്ഥാപിച്ചിരുന്നു. ഈ ബന്ധങ്ങളാണ് പിന്നീട് ഇന്ത്യയുടെ 1971 യുദ്ധജയത്തിനുള്ള രഹസ്യങ്ങൾ നമ്മുടെ രാഷ്ട്രീയ/പട്ടാള നേതൃത്വങ്ങളിലെത്തിച്ചത്.

‘ഇന്ത്യ ബംഗ്ലാദേശി മുക്തിബാഹിനിയെ’ സമ്പൂർണ്ണമായും യുദ്ധസന്നദ്ധമാക്കി. അമേരിക്കയും ചൈനയും കിഴക്കൻപാക്കിസ്ഥാനിൽ ഒരു ഇന്ത്യൻ വിജയം ഒട്ടും ആഗ്രഹിച്ചിരുന്നില്ല. അമേരിക്ക തനിസ്വരൂപം പുറത്തെടുത്തു. ‘ബഡക്കാക്കി തനിക്കാക്കുന്ന’ രീതി!!തങ്ങൾക്ക് അനുകൂലമല്ലാതെ നില്ക്കുന്ന രാജ്യങ്ങളിൽ തീവ്രവാദം ഉണ്ടാക്കി ആക്രമണം അഴിച്ചുവിടുകയും തുടർന്ന് രാജ്യം ഭരിക്കുന്ന ശക്തരായ നേതൃത്വത്തെ അട്ടിമറിച്ച് ‘പാവസർക്കാരിനെ’ അവരോധിക്കുക എന്ന തന്ത്രം ഇന്ത്യയിലും പ്രയോഗിക്കപ്പെട്ടു. ഒരുകാലത്ത് ഇന്ത്യ അടിച്ചമർത്തിയ ‘പഞ്ചാബിലെ’ സിഖ് തീവ്രവാദികളായ ‘ബബ്ബർ ഖൽസ’ക്ക് പാക്/അമേരിക്കൻ ചാര സംഘടനകൾ എല്ലാപിന്തുണയും നല്കി. ( 1985ൽ ഇതേ ‘ബബ്ബർ ഖൽസ’ തീവ്രവാദിനേതാവ് ഇന്ദ്രജിത് സിങ്ങ് റെയാത്തിന്റെ നേതൃത്വത്തിൽ നടന്ന ബോംബാക്രമണത്തിൽ ‘കനിഷ്ക വിമാനം’ തകർന്ന് 22 ജീവനക്കാരടക്കം 351 പേർ മരിക്കുകയും ചെയ്തു.ചൈന മാത്രമല്ല,അമേരിക്കയും അങ്ങിനെ നമ്മുടെ ഭായ്-ഭായ് ആണെന്ന് തെളിയിച്ചു).

‌ കാവോയുടെ റിസർച്ച് & അനാലിസിസ് വിങ്ങ് (‘റോ’) യെ ഡൽഹിയിലെ അധികാരകേന്ദ്രങ്ങൾ ‘കാവോ ബോയ്സ്’ എന്ന ഓമനപ്പേരിട്ടു വിളിച്ചു. ആസന്നമായ യുദ്ധം മുന്നിൽക്കണ്ട ‘ഇന്ദിരാഗാന്ധി’ ഒരു ലോകയാത്രതന്നെ നടത്തി. പലരാജ്യങ്ങളേയും നിജസ്ഥിതി നേരിട്ടുപറഞ്ഞുമനസ്സിലാക്കി. ഒരുവശത്ത് ‘കാവോ ബോയ്സ്’ ‘മുക്തി ബാഹിനിക്കുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തപ്പോൾ മറുഭാഗത്ത് ഇന്ത്യൻ വാർത്താവിനിമയ മന്ത്രാലയത്തിന്റെ സഹായത്തോടെ കിഴക്കൻപാക്കിസ്ഥാനിലെ വിവരങ്ങൾ ഇന്ത്യയുടേയും ആഗോള പത്ര/റേഡിയോ മാധ്യമങ്ങളിലൂടെയും ലോകത്തെ അറിയിച്ചുകൊണ്ടേയിരുന്നു. അങ്ങിനെ കിഴക്കൻപാക്കിസ്ഥാനിൽ നടന്നുവന്ന കൂട്ടക്കൊലകളും മനുഷ്യാവകാശലംഘനങ്ങളും ലോകമറിഞ്ഞുതുടങ്ങി.

പടിഞ്ഞാറൻ പാക്കിസ്ഥാനെതിരെയുള്ള വികാരം ലോകത്താകെ പടർന്നുപന്തലിച്ചു. അത് ചൈനയേയും അമേരിക്കയേയും നേരിട്ടുള്ളൊരു പട്ടാള ഇടപെടലിൽനിന്ന് പിന്തിരിപ്പിച്ചു.പകരം അവർ പഞ്ചാബ് തീവ്രവാദികൾക്കെതിരെ നടത്തിയ ഇന്ത്യൻ ഇടപെടലുകൾ ലോകത്തിന് മുന്നിൽ എത്തിക്കാൻ ശ്രമിച്ചു, ദയനീയമായി പരാജയപ്പെട്ടു. ചൈന പാക്കധീനകാശ്മീർ വഴി യുദ്ധസാമഗ്രികൾ പടിഞ്ഞാറൻ പാക്കിസ്ഥാനിലെത്തിച്ചു. പക്ഷേ യുദ്ധം നടക്കാൻ പോകുന്ന കിഴക്കൻപാക്കിസ്ഥാനിലേക്ക് അതെത്തിക്കാനായില്ല. പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഭാഗത്തുനിന്നുണ്ടായ പലവീഴ്ചകളും ‘റോ കാവോ ബോയ്സ്’ ഇന്ത്യയുടെ നേട്ടങ്ങളാക്കിമാറ്റി. പാക്കിസ്ഥാൻ ഉന്നത ഉദ്യോഗസ്ഥരുടെ ‘ടെലഫോൺ’ സംഭാഷണങ്ങൾ ‘റോ കാവോ ബോയ്സ്’ അതിവിദഗ്ധമായി ചോർത്തിക്കൊണ്ടിരുന്നു. അന്നന്നുള്ള വിവരങ്ങൾ അങ്ങിനെ പാക്കിസ്ഥാനികൾ തന്നെ കൃത്യമായി നമ്മുടെ ‘റോ ആസ്ഥാനത്ത്’ എത്തിച്ചുക്കൊണ്ടിരുന്നു.

ഇതേ വിവരങ്ങളുടെയടിസ്ഥാനത്തിൽ കാവോയുടേയും മാണിക് ഷായുടേയും നിർദ്ദേശപ്രകാരം മുക്തിബാഹിനിയും ഇന്ത്യൻ ആർമിയും 1971 മെയ് പതിനഞ്ചോടെ ‘ഓപ്പറേഷൻ ജാക്ക് പോട്ട്’ എന്ന പേരിൽ കിഴക്കൻ പാക്കിസ്ഥാനിൽ ഒരു തുറന്ന പോരാട്ടത്തിലേക്ക് കടന്നു. 1971 ഡിസംബർ 3 ന് ഇന്റ്യൻ എയർഫോഴ്സ് കിഴക്കൻ പാക്കിസ്ഥാന്റെ പട്ടാളക്യാമ്പുകളിലെ ഓയിൽ ഡിപ്പോട്ടുകൾ ബോംബിട്ട് തകർത്തു. ഇന്ത്യൻ ആർമിയും എയർഫോഴ്സും മുക്തിബാഹിനിയും പാക് പട്ടാളത്തിന്റെ പ്രതിരോധനിരതകർത്ത് തലസ്ഥാനമായ ‘ധാക്ക’യിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. പക്ഷേ കാവോയും റൊ ഏജന്റ്സും 1958 മുതൽ ബാക്കിവെച്ചിരുന്ന ഒരു കടംവീട്ടാനുള്ള തയ്യാറെടുപ്പിലായിരുന്നു.

നാഗാ/മിസോ തീവ്രവാദികളുടെ ആസ്ഥാനമായിരുന്ന ‘ചിറ്റഗോങ്ങ് മലനിരകളായിരുുന്നു’ കാവോ ബോയ്സിന്റെ ലക്ഷ്യം. ഇന്ത്യനാർമി സ്പെഷ്യൽ കമാന്റോസും റോ ഏജന്റ്സും ചിറ്റഗോങ്ങ് മലനിരകൾ ആക്രമിച്ചു. നാഗാതീവ്രവാദികൾ ചിറ്റഗോങ്ങിൽ നിന്നും ബർമയിലേക്ക് ആസ്ഥാനംമാറ്റിയിരുന്നതിനാൽ വിരലിലെണ്ണാവുന്ന നാഗാതീവ്രവാദികൾ മാത്രമേ അവിടെ അവശേഷിച്ചിരുന്നുള്ളൂ. പക്ഷേ മിസോ തീവ്രവാദികളുടെ 90% അംഗബലവും ചിറ്റഗോങ്ങിലുണ്ടായിരുന്നു. അപ്രതീക്ഷിത നീക്കത്തിലൂടെ ആഞ്ഞടിച്ച ഇന്ത്യൻ കമാന്റോസ് കൃത്യതയോടെ ഓപ്പറേഷൻ പൂർത്തിയാക്കി.കാട്ടിലേക്കോടി രക്ഷപ്പെട്ടവരിൽ ചിലരേയും കൂടെ പിന്തുടർന്ന് വധിച്ച് സമ്പൂർണ്ണ വിജയം ‘ചിറ്റഗോങ്ങിൽ’ ആർമി/റോ സംഘം സ്വന്തമാക്കി.

യുദ്ധം തോൽക്കുമെന്നായപ്പോൾ അമേരിക്കൻ പ്രസിഡന്റായിരുന്ന ‘നിക്സൺ’ യു.എസ്സ്.എസ്സ് എന്റർപ്രൈസ് എന്ന പടുകൂറ്റൻ വിമാനവാഹിനിക്കപ്പലടക്കം ഒരു നേവൽ ഗ്രൂപ്പിനെ ഇന്ത്യൻ മഹാസമുദ്രത്തിലേക്കയച്ചു. റോ ഏജന്റ്സ് ഈ വാർത്ത കൃത്യമായി ‘ഇന്ദിരാ ഗാന്ധിയെ’ അറിയിച്ചു. ആക്രമിക്കാൻ വന്ന അമേരിക്കൻ നേവി നങ്കൂരമിട്ട് കിടന്നിരുന്ന സോവിയറ്റ് ന്യൂക്ലിയർ അന്തർവാഹിനികളെകണ്ട്’ വാലും ചുരുട്ടിഓടിയതും മറ്റൊരു ചരിത്രം. അങ്ങിനെ ഇന്ത്യൻ മാണിക് ഷായുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ആർമിയുടേയും കാവോയുടെ നേതൃത്വത്തിലുള്ള രഹസ്യേന്വേഷണസംഘടന റോയുടേയും കഴിവിൽ ഇന്ത്യ 1971 യുദ്ധം ജയിച്ചു. പടിഞ്ഞാറൻ പാക്കിസ്ഥാന്റെ 93,000 ത്തോളം പട്ടാളക്കാർ കീഴടങ്ങി. ഇന്ത്യ അവരെ വെറുതേ വിടുകയും ചെയ്തു. 1974 മെയ് 18ന് ഇന്ത്യ ‘ബുദ്ധൻ ചിരിക്കുന്നു (Smiling Budha) എന്ന ഓപ്പറേഷനിൽ പൊഖ്റാനിൽ ആദ്യത്തെ അണുപരിക്ഷണം നടത്തിയത് ലോകത്തിലെ എല്ലാ രഹസ്യാന്വേഷണ സംഘടനകളുടേയും ചാര ഉപഗ്രഹങ്ങളുടേയും കണ്ണ് വെട്ടിച്ചായിരുന്നു. ‘റോ’യുടെ ശക്തി ഒരിക്കൽക്കൂടി ലോകമറിഞ്ഞദിനമായിരുന്നു അന്ന്..

‌സിക്കിം 22 ഏപ്രിൽ 1975ൽ ഇന്ത്യൻ യൂണിയന്റെ 22ആം സംസ്ഥാനമായി ലയിക്കുന്നതിനും കാരണം ‘റോ’യുടെ സമര്‍ത്ഥമായ ആസൂത്രിത പദ്ധതി തന്നെയായിരുന്നു. സിക്കിം ഭരിച്ചിരുന്ന ബുദ്ധിസ്റ്റ് ‘ച്യോഗ്യാൽ’ രാജാവിനെതിരെ ഭൂരിപക്ഷം വരുന്ന ഹിന്ദുസമൂഹത്തെ രാജവാഴ്ചക്കെതിരെ ജനാധിപത്യത്തിനായി സമരമുഖത്തിറക്കിയതും ‘റോ കാവോ ബോയ്സ് ‘ തന്നെയായിരുന്നു. സിക്കിം നാഷണൽ കോൺഗ്രസ് നേതാവായിരുന്ന ‘കാസി ലെൻഡപ്പ് ഡോർജി’യുടെ നേതൃത്വത്തിൽ നടന്ന ആ പ്രക്ഷോഭത്തിന് ആവശ്യമായ പണവും പിന്തുണയും നല്കിയതും കാവോയും സംഘവുമായിരുന്നു. ഒടുവിൽ ഇന്ത്യൻ ആർമി സിക്കിമിൽ കടക്കുകയും രാജാവിന്റെ സേനയെ നിരായുധീകരിക്കുകയും ചെയ്തു.

1975 മെയ് പതിനാറിന് ‘കാസി ലെൻഡപ്പ് ഡോർജി’ സിക്കിമിന്റെ ആദ്യമുഖ്യമന്ത്രിയായി ചുമതലയേല്ക്കുകയും ചെയ്തു. ഇത്രയൊക്കെ രാജ്യത്തിനായിചെയ്തെങ്കിലും രാജ്യത്തിനകത്ത് അദ്ദേഹത്തിനെതിരെ സ്വരങ്ങളുയർന്നു വന്നു. ഇന്റലിജൻസ് ബ്യൂറോയുണ്ടായിരുന്നിട്ടും ഇന്ത്യക്കുള്ളിലെ ‘റോ’യുടെ അംഗബലം ക്രമാതീതമായികൂടിയത് പലരിലും സംശയമുളവാക്കി. അടിയന്തിരാവസ്ഥ ‘ഇന്ദിരാ ഗാന്ധി’ ഇന്ത്യക്കുമേൽ അടിച്ചേൽപിച്ചത് ‘കാവോ’യുടെ നിർദ്ദേശപ്രകാരമായിരുന്നെന്നായിരുന്നു പ്രധാന ആരോപണം. അടിയന്തിരാവസ്ഥ നടപ്പാക്കുമ്പോൾ ‘ഫ്രാൻസിൽ’ ആയിരുന്ന അദ്ദേഹം ഇന്ദിരാ ഗാന്ധിക്ക് അടിയന്തിരാവസ്ഥ നടപ്പാക്കുമ്പോളുണ്ടാവാൻ പോകുന്ന പ്രതികരണങ്ങളും പ്രശ്നങ്ങളും വിശദമായി ബോധ്യപ്പെടുത്തിയിരുന്നു. അടിയന്തിരാവസ്ഥയെ എതിർക്കുകയും ചെയ്തിരുന്നു.

‌ആടിയന്തിരാവസ്ഥക്കാലത്തെ വിവാദങ്ങളാണ് ‘കാവോക്ക്’ നേരേ എതിരാളിൾ പ്രധാനമായും ഉന്നയിച്ച ആരോപണം. ‘ഇന്ദിരാ ഗാന്ധി’ പക്ഷേ തീരുമാനത്തിലുറച്ചുനിന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അടിയന്തിരാവസ്ഥക്കുശേഷം ജനതാപാർട്ടി തിരഞ്ഞെടുപ്പിൽ ജയിക്കുകയും ചരിത്രത്തിലാദ്യമായി കോൺഗ്രസ് ഇതരഗവൺമെന്റ് ഇന്ത്യയിൽ അധികാരത്തിൽ വരുകയും ചെയ്തു. പ്രധാനമന്ത്രിയായി ചുമതലയേറ്റ ‘ശ്രീ. മൊറാൾജി ദേശായി’ രഹസ്യാന്വേഷണ സംഘടനകളെ സംശയദൃഷ്ടിയോടെയാണ് കണ്ടത്. അതിന്കാരണം 1975 മുതൽ 1977 വരെ നീണ്ട ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടായ ‘അടിയന്തിരാവസ്ഥക്കാലത്തെ’ രഹസ്യാന്വേഷണ സംഘടനകളുടെ പ്രവർത്തനമായിരുന്നു.

ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെല്ലാം റോയും ഐ.ബിയും ഗവൺമെന്റിനായി നിലകൊണ്ടെന്നത് സത്യമായിരുന്നു. പക്ഷേ ആ കാരണത്താൽ പിന്നീട് വന്ന ജനതാ സർക്കാരിന്റെ കണ്ണിൽ കാവോയടക്കം പലരും കരടായി. അദ്ദേഹം സർവീസിൽ നിന്നും മാറി നിന്നു. 1980 ലെ തിരഞ്ഞെടുപ്പിൽ ‘ ഇന്ദിരാഗാന്ധി’ ശക്തമായി തിരിച്ചുവന്നതോടെ കാവോയെ വീണ്ടും റോയുടെ ചുമതലയിലേക്ക് തിരിച്ചു വിളിച്ചു. തുടർന്ന് സിയാച്ചിനടക്കം പിടിച്ചടക്കിയ യുദ്ധത്തിന്റെ ഓപ്പറേഷൻസിനാവശ്യമായ വിവരങ്ങൾ ലണ്ടനിൽ നിന്നും ചോർത്തി ആർമിക്ക് നല്കി.അല്ലായിരുന്നേൽ സിയാച്ചിൻ യുദ്ധത്തിന്റെ ഫലം മറ്റൊന്നായേനെ!!

സിഖ്തീവ്രവാദികൾക്കെതിരെ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ നടത്തിയ ശേഷം സിഖ് തീവ്രവാദികളിൽ നിന്നൊരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ‘കാവോ’ നേരത്തേ ‘ഇന്ദിരാഗാന്ധിയോട്’ പറഞ്ഞിരുന്നു.1984 ഒക്റ്റോബർ 31 ന് ഇന്ദിരാഗാന്ധി സിഖ്-സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് മരിച്ചപ്പോൾ ‘കാവോ’ സർവീസിൽ നിന്നും രാജിവെച്ചു. അതിനുശേഷം വെറും രണ്ടു തവണമാത്രമാണ് അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കാൻ സാധിച്ചത്. ഒടുവിൽ 2002 ജനുവരി ഇരുപതിന് തന്റെ 84-ആം വയസ്സിൽ ആ അഭിനവ ‘ചാണക്യൻ’ മരണത്തിന് കീഴടങ്ങി. ഔദ്യോഗിക ബഹുമതികളോടെ ‘രാഷ്ട്രീയ നേതാക്കളുടെ സാന്നിദ്ധ്യമില്ലാതെ’ അദ്ദേഹത്തിന്റെ മരണാനന്തരചടങ്ങുകൾ നടന്നു.