ലേഖകൻ – ഋഷിദാസ്. എസ് — സ്വദേശം തിരുവനന്തപുരം . പഠനം ഗവണ്മെന്റ് ആർട്സ് കോളേജ് ,തിരുവനന്തപുരം,കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം, നാഷണൽ ഇന്സ്ടിട്യൂട് ഓഫ് ടെക്നോളജി കോഴിക്കോട് എന്നിവിടങ്ങളിൽ .കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അധ്യാപകനായി പ്രവർത്തിക്കുന്നു.
ആധുനിക പോർവിമാനങ്ങളുടെ ഏറ്റവും പ്രാധാന്യമേറിയ ഒരു ഘടകമാണ് അവയിലെ റഡാറുകൾ . റഡാറുകളുടെ പ്രാപ്തിയാണ് പലപ്പോഴും ആകാശയുദ്ധങ്ങളിൽ വിജയം ആർക്കെന്നു നിർണയിക്കുന്നത് . ഇലക്ട്രോണിക്സിന്റെയും , സെമികണ്ടക്റ്റർ ഫിസിക്സിന്റെയും സിഗ്നൽ പ്രോസസ്സിങ്ങിന്റെയും ഏറ്റവും നൂതനവും ആധുനികവുമായ ഉദാഹരണങ്ങളാണ് ഇക്കാലത്തെ പോർവിമാന റഡാറുകൾ .
അൻപതുകളിലെ പോർവിമാനങ്ങളിൽ മിക്കവയിലും ഒരു തരം റഡാറും ഉണ്ടായിരുന്നില്ല. വൈമാനികന്റെ കണ്ണ് തന്നെയായിരുന്നു റഡാർ . ഇത്തരം പോർവിമാനങ്ങളെയാണ് ഒന്നാം തലമുറ പോർവിമാനങ്ങളെന്നു വിളിക്കുന്നത് . പതിയെ ഭൗമ റഡാറുകൾ ചെറുതാക്കി പോർവിമാനങ്ങളിൽ ഘടിപ്പിക്കാൻ തുടങ്ങി . ആദ്യകാല കണ്ടിനുവസ് വേവ് റഡാറുകളുടെ ചെറുപതിപ്പുകളാണ് പോർവിമാനങ്ങളിൽ ആദ്യം ഘടിപ്പിക്കപ്പെട്ടത് . കണ്ടിനുവസ് വേവ് റഡാറുകൾക്ക് പല പരിമിതികളുമുണ്ട് . അവക്ക് ഒരു വസ്തുവിലേക്കുള്ള ദൂരം കണക്കാക്കണേ കഴിയൂ . ആ വസ്തുവിനെ വേഗതയും ദിശയും മനസ്സിലാക്കാൻ അവകാക്കില്ല . കണ്ടിനുവസ് വേവ് റഡാറുകളും എയർ ടു എയർ മിസൈലുകളും ഘടിപ്പിക്കപ്പെട്ടപ്പോൾ പോർവിമാനങ്ങൾ രണ്ടാം തലമുറയായി .
കണ്ടിനുവസ് വേവ് റഡാറുകൾക്ക് ( Continuos Wave Radar) പല പരിമിതികളുമുണ്ടായിരുന്നെങ്കിലും അവ പല യുദ്ധങ്ങളിലും നിർണായകമായ സ്വാധീനം ചെലുത്തി . അതോടെ റഡാറുകളുടെ പരിഷ്കരണം യുദ്ധവിമാന സാങ്കേതിക വിദ്യയുടെ സുപ്രധാന മേഖലയായി . പൾസ് റഡാറുകളാണ് ( Pulse radar) കണ്ടിനുവസ് വേവ് റഡാറുകൾക്ക് പിന്ഗാമികളായത്. പൾസ് റഡാറുകൾ വളരെയധികം ശക്തിയുളള ഉന്നത ആവൃത്തിയുള്ള വിദ്യുത് കാന്തിക തരംഗങ്ങൾ വളരെ കുറഞ്ഞ സമയത്തേക്ക് പ്രസരിപ്പിക്കുകയാണ് ചെയ്യുക. ഇതിലൂടെ വ്യോമ റഡാറുകളുടെ റേൻജ് പലമടങ്ങായി വർധിച്ചു .
പൾസ് റഡാറുകൾ പൾസ് ടോപ്പ്ലെർ റഡാറുകളാക്കി (Pulse Doppler Radar ) മാറ്റിയപ്പോൾ റഡാറുകൾ ശരിക്കും ഒരു ശക്തമായ ആയുധമായി മാറി . പൾസ് ടോപ്പ്ലെർ റഡാറുകൾക്ക് ലക്ഷ്യങ്ങളിലേക്കുള്ള റേഞ്ചും , അവയുടെ വേഗതയും ദിശയുമെല്ലാം വളരെ കൃത്യമായി കണക്കുകൂട്ടാൻ ആകും . അതുമാത്രമല്ല ഒരു പൾസ് ടോപ്പ്ലെർ റഡാറിനു ഒരേ സമയം അനേകം ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും കഴിയും . മിക്ക നാലാം തലമുറ പോര്‍വിമാനങ്ങളും പൾസ് ടോപ്പ്ലെർ റഡാർ ഘടിപ്പിക്കപ്പെട്ടാണ് ആദ്യമായി വിന്യസിക്കപ്പെട്ടത് . പൾസ് ടോപ്പ്ലെർ റഡാറുകൾ നിലവില്‍വന്നപ്പോൾ തന്നെ ആധുനിക സിഗ്നൽ പ്രോസസിങ് വളരെയധികം പുരോഗമിച്ചിരുന്നു . ആധുനിക സിഗ്നൽ പ്രോസസ്സിങ്ങും ,നൂതന മൈക്രോവേവ് ഓസിലിലേറ്ററുകളും കോർത്തിണക്കിയതായിരുന്നു പോര്‍വിമാന റഡാറുകൾ അടുത്ത തലമുറ . അവയാണ് ഇപ്പോൾ നിലവിലുള്ള ആധുനിക പോർവിമാനങ്ങളുടെ കണ്ണും കാതുമായി പ്രവർത്തിക്കുന്നത്.
പാസ്സീവ് ഇലക്രോണിക്കലി സ്റ്റീയേർഡ് അറേ റഡാർ (PESA റഡാർ ) ആയിരുന്നു പൾസ് ടോപ്പ്ലെർ റഡാറുകൾ ശേഷം രംഗ പ്രവേശനം ചെയ്തത് .PESA റഡാറിൽ ഒരു മൈക്രോവേവ് പ്രഭവ കേന്ദ്രത്തിൽ (MICROWAVE SOURCE)നിന്ന് വരുന്ന റേഡിയോ തരംഗങ്ങളെ ഫേസ്(PHASE) വ്യത്യാസം വരുത്തി അനേകം ആന്റീന കളിലൂടെ പ്രസരിപ്പിക്കുന്നു . ഫേസ് വ്യത്യാസം ക്രമീകരിച്ച ആന്റീനയെ ചലിപ്പിക്കാതെ തന്നെ റഡാറിനു പല കോണുകളിൽ നിരീക്ഷ്യ്ക്കാൻ കഴിയുന്നു .PESA റഡാറിനു ഒരേ സമയം അനേകം ലക്ഷ്യങ്ങളെ കണ്ടെത്താനും പിന്തുടരാനും ,അവയിലേക്ക് മിസൈലുകൾ ഗൈഡുചെയ്യാനും സാധിക്കും .ആദ്യമായി PESA റഡാറുകൾ ഉപയോഗിച്ചത് റഷ്യയുടെ മിഗ് -31 പോർ വിമാനമായിരുന്നു.
ഒരു PESA റഡാറിൽ അനേകം ഫ്രീക്വെൻസികൾ (FREQUENCIES) ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് AESA റഡാർ ( Active Electronically Scanned Array Radar ) ആയി .അഞ്ചാം തലമുറ പോർവിമാനങ്ങളുടെ അവിഭാജ്യ ഘടകമാണ് AESA റഡാറുകൾ . PESA റഡാറിനെ പോലെ റഡാറിനെ ചലിപ്പിക്കാതെ റേഡിയോ സിഗ്നലുകളെ പല കോണുകളിൽ പ്രസരിപ്പിക്കാനും ഒരേ സമയം അനേകം ലക്ഷ്യങ്ങളെ കണ്ടെത്താനും പിന്തുടരാനും ,അവയിലേക്ക് മിസൈലുകൾ ഗൈഡുചെയ്യ്യാനും AESA റഡാറിനും സാധിക്കും.സർവ്വപ്രധാനമായി AESA റഡാറുകൾക് അവയുടെ പ്രസരണ ഫ്രീക്വെൻസികൾ ഇടതടവില്ലാതെ മാറിക്കൊണ്ടിരിക്കും .ചുരുക്കത്തിൽ ഒരു AESA റഡാർ പ്രസരിപ്പിക്കുന്ന തരംഗ ദൈർഖ്യം ആ റഡാറിനു മാത്രമേ അറിവുണ്ടായിരിക്കുകയുളൂ . റഡാറുകളെ സാധാരണ ജാമ്ചെയ്യുന്നത് ചെയ്യുന്നത് അവ പ്രസരിപ്പിക്കുന്ന അതെ തരംഗദൈർഖ്യം ഉള്ള റേഡിയോ തരംഗങ്ങൾ അവയിലേക്ക് പ്രസരിപ്പിച്ചിട്ടാണ് .അങ്ങിനെ ചെയ്യുമ്പോൾ റഡാർ റീസിവറിന് .ശരിക്കുള്ള ലക്ഷ്യങ്ങളെ തിരിച്ചറിയാൻ പറ്റാതെ വരുന്നു .
AESA റഡാറുകൾ പ്രസരിപ്പിക്കുന്ന റേഡിയോ തരംഗങ്ങളുടെ തരംഗദൈർഖ്യം പെട്ടന്ന് മാറുന്നതിനാലും മാറ്റത്തിന്റെ തോത് റഡാറിനു മാത്രം അറിയുന്ന രഹസ്യമായതിനാലും താത്വികമായി AESA റഡാറുകളെ സാധാരണ മാര്‍ഗങ്ങള്‍ കൊണ്ട് വഴിതെറ്റിക്കാൻ പറ്റില്ല ..അതീവ നൂതന മായ ഗാലിയം നൈട്രൈഡ് (GALLIUM NITRIDE)ട്രാന്സിസ്റ്ററുകൾ കൊണ്ട് മാത്രമേ AESA റഡാറുകൾ നിര്‍മിക്കാനാകൂ .അവയുടെ നിയന്ത്രണ സംവിധാനങ്ങളും (CONTROL SYSTEMS)അത്യന്തം വിപുലമാണ് .ഇക്കാരണങ്ങളാൽ തന്നെ അവയുടെ നിർമാണം വളരെ ചുരുക്കംരാജ്യങ്ങളുടെ കുത്തകയാണ് .ഇപ്പോഴത്തെ നിലയിൽ യുദ്ധ വിമാനങ്ങൾക്ക് വഹിക്കാൻ തക്ക ഭാരം കുറഞ്ഞ AESA റഡാറുകൾ യു എസ്,റഷ്യ ,ഫ്രാൻസ് ,ഇസ്രായേൽ എന്നീ രാജ്യങ്ങൾ മാത്രമേ നിര്‍മിക്കുന്നുള്ളൂ.