നീലക്കുറിഞ്ഞി കാണാൻ രാജമലയിൽ പോകണമെന്ന മോഹവുമായി ചെന്ന് കയറിയത്…

നീലക്കുറിഞ്ഞി കാണാൻ രാജമലയിൽ പോകണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു KSRTC ബസ്സിൽ… ഉസ്താദ്‌ കണ്ടക്ടർ ഖാൻ… ആഗ്രഹം അറിയിച്ചപ്പോൾ ദക്ഷിണയായി ടിക്കറ്റെടുക്കാൻ പറഞ്ഞു… ഊരുതെണ്ടിയുടെ ഓട്ടകീശയിൽ എന്തുണ്ടാകാൻ…. സഞ്ചാരത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച സുജിത് ഭക്തനെ മനസ്സിൽ ധ്യാനിച്ച് കിലുകിലു രാഗത്തിൽ ചില്ലറപ്പൈസയുടെ ഒരു കിഴിയങ്ങോട്ടു നീട്ടി. ഉസ്താദ്‌ ഫ്ളാറ്റ്… എണ്ണി മുഴുമിപ്പിക്കും മുൻപ് വിറയാർന്ന കൈകൾ കൊണ്ട് ചില്ലറപ്പൈസ വാരി പുണർന്ന് ടിക്കറ്റ് തന്നു…

പിന്നെ മൊബൈൽ ഫോണിൽ സഞ്ചാരത്തിന്റെ ഭാഗമായ ഫോട്ടോയെടുപ്പുമായി ദൂരമൊരുപാട്. ഒടുവിൽ ഒരുപാട് ദൂരം പിന്നിട്ട് രാജമല സ്റ്റോപ്പിലിറങ്ങി ബസ്സിന്റെ ഡോർ വലിച്ചടച്ച് ഇരവികുളം ദേശീയോദ്യാനത്തിലേക്ക് യാത്ര തുടർന്നു… ഒരിക്കലും തീരാത്ത യാത്ര. “സഫറോംകി സിന്ദകി ജോ കഭി നഹി ഘദം ഹൊ ജാത്തെ ഹൈ…” ആ_കഥയാണ്‌_ഇവിടെ_പറയുന്നത്.

അടിമാലിയിൽ നിന്ന് കാലത്ത് 6:30 നുള്ള KSRTC ബസ്സിൽ മൂന്നാറിലേക്ക് യാത്ര തിരിച്ചു, സൈഡ് സീറ്റിലിരുന്ന് വഴിനീളെ ഫോട്ടോ പിടുത്തമായിരുന്നു പരിപാടി. തൊട്ടടുത്ത സീറ്റിലിരുന്ന മൂന്നാർ KSRTC ഡിപ്പോയിലെ ഒരു ജീവനക്കാരൻ ഏതാടാ ഈ അപ്പാവി എന്ന രൂപത്തിൽ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു, നമ്മളിതെത്ര കണ്ടതാ എന്ന ഭാവത്തിൽ ഞാനും. അയാൾ ഡിപ്പോ സ്റ്റോപ്പിലിറങ്ങി, ഞാൻ മൂന്നാർ ബസ്റ്റാന്റിലിറങ്ങി നേരെ തമിഴന്റെ ടീ സ്റ്റാളിൽ പോയി പതിവ് (ഉഴുന്നുവടയും ചായയും) കഴിച്ചപ്പോഴേക്കും നമ്മുടെ ഉദുമൽപേട്ട KSRTC പോകാൻ റെഡിയായി നിൽക്കുന്നു ചാടിക്കേറി നോക്കുമ്പോൾ ഞാൻ മുകളിൽ പറഞ്ഞയാളാണ് ഈ ബസ്സിന്റെ സാരധി. 15 മിനിറ്റ് കൊണ്ട് വണ്ടി രാജമല സ്റ്റോപ്പിലെത്തി ഞാനവിടെ ഇറങ്ങി.

സമയം 8:15 #ഇരവികുളം_നാഷണൽ_പാർക്ക്* രാജമല, ടിക്കറ്റ് കൗണ്ടറിൽ തിരക്കൊന്നുമില്ല, പാസ്സെടുത്തു 120 രൂപ, കഴിഞ്ഞ തവണ വന്നപ്പോൾ 95 രൂപയായിരുന്നു ചാർജ്ജ്, ഇപ്പോൾ 25 കൂടി 120 രൂപയായി, അൽപ സമയത്തിനുള്ളിൽ കുറിഞ്ഞി ഉദ്യാനത്തിലേക്ക് പോകാനുള്ള വാഹനം വന്നു അതിൽ കയറി സൈഡ് സീറ്റ് പിടിച്ചു, വെസ്റ്റേൺ ഘാട്ട്സിലെ ഹൈയസ്റ്റ് പീക്ക് ആയ #ആനമുടി* തലയുയർത്തി നിൽക്കുന്ന മനോഹരമായ കാഴ്ച വാഹനത്തിലിരുന്ന് കാണാം.

കഴിഞ്ഞ യാത്രയിൽ കണ്ട കിടിലൻ വെള്ളച്ചാട്ടം മെലിഞ്ഞുണങ്ങി നൂലുപോലെയായിട്ടുണ്ട്, വഴിയരികിൽ അവിടവിടെയായി #നീലക്കുറിഞ്ഞി* പൂത്തു നിൽക്കുന്ന കാഴ്ചകൾ കാണാം, വാഹനത്തിൽ നിന്നിറങ്ങി ചെക്കിംഗ് കഴിഞ്ഞ് ഉദ്യാനത്തിലേക്ക് കടന്നു, വഴിയരികിൽ സുന്ദരമായ നീലക്കുറിഞ്ഞി പൂക്കൾ, കാലവർഷം സംഹാര താണ്ഡവമാടിയതു കാരണം വളരെ കുറച്ച് ചെടികളേ ഉള്ളൂ, എന്നിരുന്നാലും കാണേണ്ട കാഴച തന്നെയാണ്. ധാരാളം വരയാടുകളേയും അവിടെ കാണാൻ സാധിച്ചു, ടൂറിസ്റ്റുകളെ തട്ടിയുരുമ്മി റോഡിലൂടെ മേഞ്ഞു നടക്കുന്ന #വരയാടുകൾ* നയന മനോഹര കാഴ്ച തന്നെ ഒരുക്കിത്തന്നു.

കാഴചകൾ കണ്ടും ഫോട്ടോകളെടുത്തും സമയം പോയതറിഞ്ഞില്ല, വൈറ്റമിൻ D യുടെ വിതരണം ശക്തമായതോടെ മടങ്ങാൻ തീരുമാനിച്ചു പതിനൊന്നര മണിയോടെ തിരികെ എൻട്രൻസിലെത്തി, അപ്പോഴേക്കും ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റം ടിക്കറ്റ് കൗണ്ടറിനെയും പരിസരങ്ങളെയും പ്രകമ്പനം കൊള്ളിച്ചു കൊണ്ടിരിക്കുകയായിരുന്നു.

മെയിൻ റോഡിൽ വന്ന് താമസിയാതെ ഒരു തമിഴൻ ബസ്സ് കിട്ടിയെങ്കിലും, മുടിഞ്ഞ ബ്ലോക്ക് കാരണം ഒന്നര മണിക്കൂറെടുത്ത് ഒരു മണിയോടെയാണ് മൂന്നാറിലെത്തിയത് (വന്നപ്പോൾ 15 മിനിറ്റ്, തിരികെ പോകാൻ 1:30 മണിക്കൂർ). രണ്ട് മണിയോടെ അടിമാലിയിൽ തിരികെയെത്തി.

ഇരവികുളം_നാഷണൽ_പാർക്ക്: മൂന്നാറിൽ നിന്ന് 11 കിലോമീറ്റർ അകലെയായി വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവിൽ വന്ന ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം. പശ്ചിമഘട്ടത്തിന്റെ ചെരുവിൽ 2000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്‌.

ആനമുടി: തെക്കേ ഇന്ത്യയിലെതന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ആനമുടി. പശ്ചിമഘട്ടത്തിലെ ഏലമലകളിൽ ഉയരം കൂടിയ കൊടുമുടി ആണ് ഇത്. ഇരവികുളം ദേശീയോദ്യാനത്തിന് തെക്കായി ആണ് ആനമുടി സ്ഥിതിചെയ്യുന്നത്.2,695 മീറ്റർ (8,842 അടി) ഉയരമുണ്ട്. ഇടുക്കി ജില്ലയിലെ മൂന്നാർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

നീലക്കുറിഞ്ഞി: പശ്ചിമഘട്ടത്തിലെ മലകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി (Strobilanthes kunthiana). 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

വരയാട്: നീലഗിരി ജൈവമണ്ഡലത്തിൽ മാത്രം കാണുന്ന തദ്ദേശീയ ജൈവവംശമാണ് വരയാടുകൾ (ശാസ്ത്രീയനാമം: Nilgiritragus hylocrius). തമിഴ്നാടിന്റെ സംസ്ഥാന മൃഗമാണ് നീലഗിരി താർ (വരയാട്).

സഞ്ചാരികളുടെ_ശ്രദ്ധക്ക്: #1 – മൂന്നാറിൽ നിന്ന് മറയൂർ – ഉദുമൽപേട്ട റൂട്ടിൽ 15 മിനിറ്റ് (ട്രാഫിക് ബ്ലോക്കിൽ പെടാതിരുന്നാൽ) യാത്ര ചെയ്താൽ രാജമലയെത്താം.
#2 -മൂന്നാറിൽ നിന്ന്‌ ഏകദേശം ഒരു മണിക്കൂർ ഇടവിട്ടേ ബസ് സർവ്വീസ് ഉള്ളൂ എന്നാണ് തോന്നുന്നത്, ട്രിപ്പ് ഓട്ടോ ലഭിക്കും, 20 രൂപയാണ് ചാർജ്ജ്. #3 – അവധി ദിനങ്ങളിൽ വരുന്നവർ കഴിയുന്നതും രാവിലെ 8 or 9 മണിയോടെ എത്തിയാൽ റിലാക്സ്ഡ് ആയി കാഴചകൾ കണ്ട് മടങ്ങാം. #4 – യാത്രക്ക് വലിയ വാഹനങ്ങൾ പരമാവധി ഒഴിവാക്കുക ( ട്രാഫിക് ബ്ലോക്ക് കുറക്കാം – വഴി പൊതുവെ വീതി കുറഞ്ഞതാണ്. #5 – പെരിയവരൈ ഫാക്ടറിക്കടുത്തുള്ള തകർന്ന പാലത്തിന് പകരം പാരലൽ വഴി ഒരുക്കിയിട്ടുണ്ട് ശ്രദ്ധിച്ചു പോകുക.

യാത്രാമംഗളങ്ങൾ നേർന്നുകൊണ്ട് – ഷഹീർ_അരീക്കോട്.