പാലക്കാട് ധോണിയിലെ ലീഡ് കോളേജിലെ താമസത്തിനു ശേഷം അടുത്ത ദിവസം ഞങ്ങൾ മലമ്പുഴയ്ക്ക് അടുത്തുള്ള കവ എന്ന സ്ഥലത്തേക്കും പിന്നീട് അവിടെ നിന്നും പ്രശസ്തമായ രാമശ്ശേരി ഇഡ്ഡലി കഴിക്കുവാനുമായിരുന്നു പോയത്. ഞങ്ങളോടൊപ്പം ലീഡ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും ഇന്ന് അവിടത്തെ സ്റ്റാഫുമായി മാറിയ സിജിനും സൂര്യയും കൂടി. അവരാണ് ഞങ്ങൾക്ക് വഴികാട്ടിയായത്.
ഒട്ടേറെ സിനിമകളുടെ ലൊക്കേഷനായ കവയിൽ വെള്ളം കയറിക്കിടന്നിരുന്നതിനാൽ അവിടെ അധികമൊന്നും ഞങ്ങൾക്ക് കാണുവാൻ സാധിച്ചില്ല. അവിടെയുള്ള ഒരു ജൈവ പച്ചക്കറിത്തോട്ടത്തിൽ നിന്നും പയറും, പാവയ്ക്കയും ഒക്കെ ഞാൻ വാങ്ങിച്ചു. കൃഷിക്കാരൻ ചേട്ടൻ നമ്മുടെ ഒരു ഫോളോവർ കൂടിയായിരുന്നു എന്നത് ഇരട്ടിമധുരമായി മാറി. കവയിൽ നിന്നും പിന്നീട് ഞങ്ങൾ രാമശ്ശേരി എന്ന ഗ്രാമം ലക്ഷ്യമാക്കി നീങ്ങി.
പാലക്കാടൻ ഫുഡ് വ്‌ളോഗറായ ഫിറോസ് ചുട്ടിപ്പാറയെ ഞാൻ പാലക്കാട് വന്നപ്പോൾത്തന്നെ വിളിച്ചിരുന്നു. ഒന്നിച്ച് രാമശ്ശേരി ഇഡ്ഡലി കഴിക്കുവാൻ പോകാം എന്ന് ഫിറോസ് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങൾ രാമശ്ശേരിയിൽ എത്തിച്ചേർന്നു. വികസനത്തിന്റെ പൊങ്ങച്ചം അധികമൊന്നും എത്താത്ത ഒരു തനിനാടൻ പാലക്കാടൻ ഗ്രാമമാണ് രാമശ്ശേരി. പാലക്കാട് ജില്ലയിൽ എലപ്പുള്ളി പഞ്ചായത്തിലാണ് രാമശ്ശേരി സ്ഥിതി ചെയ്യുന്നത്.
വളഞ്ഞും തിരിഞ്ഞുമുള്ള ചെറിയ ഇടവഴികളിലൂടെ യാത്ര ചെയ്തു അവസാനം ഞങ്ങൾ രാമശ്ശേരിയിൽ എത്തിച്ചേർന്നു. അവിടെ ഞങ്ങളെക്കാത്ത് ഫിറോസും സുഹൃത്തുക്കളും നിൽക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം കുറച്ചു സമയം കുശലാന്വേഷണം നടത്തിയതിനു ശേഷം ഞങ്ങൾ രാമശ്ശേരി ഇഡ്ഡലി കഴിക്കുവാനായി നീങ്ങി. രാമശ്ശേരിയിൽ ഒന്നിലധികം ഇഢലിക്കടകളുണ്ട്. അതിൽ ഏറ്റവും പേരുകേട്ടത് ഭാഗ്യലക്ഷ്മി അമ്മയുടെ ഇഡ്ഡലി കടയായിരുന്നു. ഞങ്ങൾ അവിടേക്ക് നടന്നു.
കടയുടെ മുന്നിൽ കുറച്ചു വയസ്സായ ആളുകൾ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. മൊബൈൽഫോണും ഇന്റർനെറ്റും എന്തെന്നറിയാത്ത നിഷ്കളങ്കമായ ആ ആളുകൾ, അവരുടെ സൗഹൃദങ്ങൾ, വെറ്റിലമുറുക്കിയ പല്ലുകൾ കാട്ടിയുള്ള മനോഹരമായ ചിരികൾ… എല്ലാം സിറ്റിയിൽ നിന്നും വന്ന ഞങ്ങൾക്ക് ഒരത്ഭുതമായിരുന്നു. ഞങ്ങൾ ചെന്നപാടെ ഭാഗ്യലക്ഷ്മി അമ്മയെ ആയിരുന്നു അന്വേഷിച്ചത്. കടയിലുണ്ടായിരുന്ന ചേട്ടൻ സന്തോഷപൂർവ്വം ഞങ്ങളെ അടുക്കളഭാഗത്തേക്ക് വിളിച്ചു കൊണ്ട് പോകുകയും ഭാഗ്യലക്ഷ്മി അമ്മയെ പരിചയപ്പെടുത്തി തരികയും ചെയ്തു.
രാമശ്ശേരി ഇഡ്ഡലിയുടെ ചരിത്രം ഭാഗ്യലക്ഷ്മി അമ്മയുടെ നാവിൽ നിന്നും ഞങ്ങൾ കേട്ടു മനസ്സിലാക്കി. തമിഴ്നാട്ടില്‍ നിന്നും കുടിയേറിയ മുതലിയാര്‍ സമുദായത്തില്‍പ്പെട്ടവരാണ് രാമശ്ശേരിയിൽ വന്ന് ഈ സ്പെഷ്യൽ ഇഡ്ഡലിയുണ്ടാക്കിത്തുടങ്ങിയത്. ആദ്യം പാടത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്കായി തുടങ്ങിയ ഇഡ്ഡലിക്കച്ചവടം പിന്നീട് ആവശ്യാനുസരണം വീടിനു മുന്നിലായി ഒരു ചെറിയ കട തയ്യാറാക്കി അവിടേക്ക് മാറ്റുകയായിരുന്നു. മാമ്പുള്ളി മുതലിയാർ എന്നൊരാളായിരുന്നു ഇവിടെ ആദ്യമായി ഇഡ്ഡലിക്കച്ചവടം ആരംഭിച്ചത്. പിന്നീട് ചിത്തിര മുതലിയാരും, ലോകനാഥൻ മുതലിയാരും കട നടത്തിപ്പോന്നു. ലോകനാഥൻ മുതലിയാരുടെ പത്നിയാണ് ഭാഗ്യലക്ഷ്മി അമ്മ. അദ്ദേഹത്തിൻ്റെ കാലശേഷം മുതൽ ഇന്നു വരെ കട നോക്കിനടത്തുന്നത് ആ അമ്മയാണ്.
രാമശ്ശേരി ഇഡ്ഡലിയുടെ പെരുമ നാടെങ്ങും അറിഞ്ഞു തുടങ്ങിയതോടെ ദൂരദേശങ്ങളിൽ നിന്നു പോലും ഇവിടേക്ക് ആളുകൾ എത്തുവാൻ തുടങ്ങി. ഈ ഇഡ്ഡലിക്കച്ചവടത്തിൽ നിന്നുള്ള വരുമാനം കൊണ്ടു മാത്രമായിരുന്നു ഭാഗ്യലക്ഷ്മി അമ്മ തൻ്റെ കുടുംബം പോറ്റിയത്. പെണ്മക്കളെ നല്ലരീതിയിൽ വിവാഹം കഴിച്ചയയ്ക്കുവാനും അമ്മയ്ക്ക് കഴിഞ്ഞു. അതിനിടയിൽ കട ഒന്നു ചെറുതായി മോടിപിടിപ്പിക്കുകയും സരസ്വതി ടീ സ്റ്റാൾ എന്ന് കടയ്ക്ക് പേര് നൽകുകയും ചെയ്തു.
പുലർച്ചെ അഞ്ചു മണിയോടെ തുടങ്ങുന്ന ഇഡ്ഡലിയുണ്ടാക്കൽ മിക്കവാറും ഉച്ച വരെ നീളാറുണ്ട്. പുറമെ നിന്നുള്ള ഓർഡറുകളായിരിക്കും ഇവർക്ക് അധികവും ഉണ്ടാകുക. സാധാരണ ദിവസങ്ങളിൽ ഏകദേശം അഞ്ഞൂറോളം ഇഡ്ഡലികൾ ഉണ്ടാക്കുന്നുണ്ട് ഇവിടെ. ശനി, ഞായർ ദിവസങ്ങളിൽ ആണെങ്കിൽ അത് രണ്ടായിരം വരെയൊക്കെ നീളാറുണ്ട്. ഒരു ഇഡ്ഡലി വേവാൻ മൂന്നു മിനിറ്റോളം എടുക്കും. ഇങ്ങനെ മണിക്കൂറിൽ 100 ഇഡ്ഡലി ഉണ്ടാക്കുവാൻ കഴിയും. ഭാഗ്യലക്ഷ്മിയമ്മയ്ക്ക് സഹായത്തിനായി സമീപവാസികളായ രണ്ടു ചേച്ചിമാരും രണ്ടു ചേട്ടന്മാരും ഉണ്ട്. ചേട്ടന്മാർ കടയിലെ കാര്യങ്ങൾ നോക്കുമ്പോൾ അടുക്കളയിലെ കാര്യങ്ങളിൽ സഹായിക്കുന്നത് ഈ ചേച്ചിമാർ ആയിരിക്കും.
രാമശ്ശേരി ഇഡ്ഡലിയുടെ ചരിത്രം ഇപ്പോൾ മനസിലായില്ലേ? അപ്പോൾ രുചി എങ്ങനെയുണ്ടാകും? നല്ല സ്വാദുള്ള രാമശ്ശേരി ഇഡ്ഡലി അതിനൊപ്പം വിളമ്പുന്ന ചമ്മന്തിപ്പൊടിയിലും, മറ്റു ചമ്മന്തികളിലും മുക്കി നാവിലേക്ക് വെക്കുമ്പോൾ കിട്ടുന്ന ആ ഒരു രുചിപ്പെരുമയുണ്ടല്ലോ, അത് ഒരിക്കൽ അനുഭവിച്ചാൽ പിന്നെ എപ്പോൾ പാലക്കാട് വഴി പോയാലും വണ്ടി രാമശ്ശേരിയിലേക്ക് താനേ തിരിക്കും. കൂടുതലൊന്നും പറയുന്നില്ല, അത് നിങ്ങൾ ഇവിടെ വന്നു കഴിച്ചു നോക്കി, അനുഭവിച്ചറിയുക തന്നെ വേണം.
മൂന്നു ദിവസത്തോളം യാതൊരു കേടുംകൂടാതെ സൂക്ഷിക്കാം എന്നാണു പറയുന്നതെങ്കിലും ഇന്നത്തെ കാലത്തേ അരിയുടെ ഗുണമേന്മയെ മുൻനിർത്തി 24 മണിക്കൂർ ഗ്യാരന്റി മാത്രമേ ഇവർ നല്‍കാറുള്ളൂ. സാധാരണ ഇഡ്ഡലിയുടെ ആകൃതിയല്ല ഇവയ്ക്ക്. പരന്ന ചെറിയ അപ്പത്തിന്റെ ആകൃതിയാണ്. പൊന്നി അരിയും ഉഴുന്നും ചേർത്ത് പ്രത്യേക തരം മൺചട്ടികളിലാണ് ഇവ നിർമ്മിക്കുന്നത്. ഇഡ്ഡലിയുടെ നിർമ്മാണരഹസ്യം ഭാഗ്യലക്ഷ്മിയമ്മ അടക്കമുള്ള രാമശ്ശേരിയിലെ അഞ്ചോളം കുടുംബക്കാർക്ക് മാത്രം സ്വന്തം.
അങ്ങനെ രാമശ്ശേരി ഇഡ്ഡലിയുടെ സ്വാദ് അവിടെച്ചെന്ന് അറിയുക എന്ന വളരെക്കാലമായി മനസ്സിൽ കൊണ്ടുനടന്നിരുന്ന ഒരു ആഗ്രഹം ഞാൻ പൂർത്തിയാക്കി. അതിനു കടപ്പെട്ടിരിക്കുന്നത് സിജിനോടും, സൂര്യയോടും, ഫിറോസിനോടും പിന്നെ ഫിറോസിന്റെ സുഹൃത്തായ ഷിനുവിനോടുമൊക്കെയാണ്. രാമശ്ശേരി ഇഡ്ഡലിയും, അവിടത്തെ സ്പെഷ്യൽ ചമ്മന്തിപ്പൊടിയും ചമ്മന്തികളുമൊക്കെ കഴിച്ചു ഞങ്ങൾ ഭാഗ്യലക്ഷ്മി അമ്മയോട് യാത്രപറഞ്ഞുകൊണ്ട് സന്തോഷത്തോടെ, സംതൃപ്തിയോടെ അവിടെ നിന്നും ഇറങ്ങി.
പിന്നീട് ഞങ്ങൾ പോയത് ഫിറോസിന്റെ നാടായ ചുട്ടിപ്പാറയിലേക്ക് ആയിരുന്നു. രാമശ്ശേരിയേക്കാൾ പ്രകൃതിഭംഗിയുള്ള ഒരു ഗ്രാമപ്രദേശമായിരുന്നു ചുട്ടിപ്പാറ. ഫിറോസും കൂട്ടരും ഒന്നിച്ചു പാടത്തും പറമ്പിലുമൊക്കെ ഭക്ഷണം പാകം ചെയ്യുന്നതൊക്കെ നിങ്ങൾ കണ്ടിരിക്കുമല്ലോ. ആ പ്രദേശങ്ങളൊക്കെ കാണുവാനായിരുന്നു ഞങ്ങൾ ചുട്ടിപ്പാറയിലേക്ക് പോയത്. അവിടെ കുറച്ചു സമയം ചെലവഴിച്ചതിനു ശേഷം ഞങ്ങൾ പിന്നീട് അടുത്ത പാലക്കാടൻ കാഴ്ചകൾ കാണുവാനായി യാത്രയായി.