കാശ്മീർ വിഷയം ; അതിൻ്റെ യഥാർത്ഥ കാരണങ്ങളിലേക്ക് !

ലേഖകൻ – പ്രകാശ് നായർ മേലില.

കാശ്മീർ വിഷയം നാൾക്കു നാൾ വഷളാകുകയാണ്. കഴിഞ്ഞ 70 വർഷമായി നടക്കുന്ന സംഘർഷങ്ങൾക്ക് ഇനിയും അൽപ്പം പോലും അയവുവന്നിട്ടില്ല. വിഘടനവാദ പ്രവർത്തനങ്ങളും , തീവ്രവാദി ആക്രമണങ്ങളും സൈന്യത്തിനുനേരെയുള്ള ഏറ്റുമുട്ടലുകളും ഇപ്പോഴും തുടരുന്നു. പാക്ക് പട്ടാളത്തിന്റെ വെടിവെപ്പുകൾക്കും അതിർത്തി ലംഘനങ്ങൾക്കും തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനും ഇനിയും ശമനമുണ്ടായിട്ടില്ല.

കാശ്മീർ വിഷയം ഒരു അന്താരാഷ്ട്ര പ്രശ്നമാക്കാനുള്ള ശ്രമത്തിലാണ് പാക്കിസ്ഥാൻ. അതിനവർ ലഭ്യമായ വേദികളെല്ലാം പരമാവധി ഉപയോഗിക്കാറുണ്ട്. എന്നാൽ ഫലപ്രദമായ നമ്മുടെ വിദേശനയതന്ത്ര ഇടപെടലുകളും ഭാരതത്തിന്റെ മതേതര സാമൂഹ്യഘടനയുമാണ് അവയൊക്കെ പരാജയപ്പെടുത്താൻ നമുക്ക് സഹായകമാകുന്ന പ്രധാന ഘടകങ്ങൾ.

കാശ്മീർ ജനതക്ക്‌ മറ്റു സംസ്ഥാനങ്ങൾക്കുള്ളതിനേക്കാൾ ഭരണഘടനാപരമായ പ്രത്യേക പദവിയും അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളും ,സ്വാതന്ത്ര്യങ്ങളും പ്രത്യേക അവകാശങ്ങളും നൽകിയിട്ടും എന്തുകൊണ്ടവർ അവിശ്വാസത്തിന്റെ പാത പിന്തുടരുന്നു ? എന്താണവരുടെ നിഷേധാത്മകമായ നിലപാടിനുള്ള കാരണങ്ങൾ ?

കാശ്മീർ പ്രശ്‍നം ഉടലെടുക്കാനുള്ള മുഖ്യകാരണക്കാരൻ മറ്റാരുമല്ല , കാശ്മീരിലെ മഹാരാജാവായിരുന്ന ഹരി സിംഗ് ആയിരുന്നു എന്നതാണ് യാഥാർഥ്യം.തക്കതായ സമയത്ത് ഉചിതമായ നിർണ്ണയമെടുക്കുന്നതിനുള്ള അദ്ദേഹത്തിൻറെ അലംഭാവവും , ദീര്ഘവീക്ഷണമില്ലായ്മയുമാണ് ഇന്നത്തെ കാശ്മീരിന്റെ ഈ അവസ്ഥക്കുള്ള മുഖ്യ കാരണം തന്നെ. ഇന്ത്യ – പാക്ക് വിഭജനസമയത്തെടുത്ത തീരുമാനപ്രകാരം ഭാരതത്തിനുള്ളിലെ നാട്ടുരാജ്യങ്ങൾക്കു ഭാരതത്തിൽ ലയിക്കാനും ഭാരതവും പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്കു ഏതു രാജ്യത്തു ചേരണമെന്ന് സ്വയം തീരുമാനമെടുക്കുന്നതിനും ഉള്ള അധികാരം നൽകിയിരുന്നു. അതിൻപ്രകാരം കാശ്മീർ ഏതു രാജ്യവുമായി ചേരണമെന്ന നിർണ്ണയം രാജാവായിരുന്ന ഹരി സിംഗിൽ നിക്ഷിപ്തമായിരുന്നു.

സർദാർ വല്ലഭ് ഭായ് പട്ടേലായിരുന്നു ഭാരതത്തിലെ നാട്ടുരാജ്യങ്ങളെ മുഴുവൻ ഭാരതത്തിൽ ലയിപ്പിക്കുന്നത്തിനുള്ള മുഖ്യ കടമ നിർവഹിച്ചത്. എന്നാൽ കാശ്മീർ വിഷയത്തിൽ ജവഹർലാൽ നെഹ്രുവിന്റെ ഇടപെടലുണ്ടായി. ഇത് അദ്ദേഹം സ്വയം ഏറ്റെടുക്കുകയായിരുന്നു. അതിനുള്ള കാരണം രാജാവ് ഹരിസിംഗും അദ്ദേഹത്തിൻറെ എതിരാളി ഷെയ്ഖ് അബ്ദുള്ളയും നെഹ്രുവിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു എന്നതാണ്. ഇവർ രണ്ടുപേരെയും സമന്വയിപ്പിച്ചു കാശ്മീർ ഭാരതത്തിൽ ലയിപ്പിക്കാമെന്ന ആത്മവിശ്വാസമായിരുന്നു നെഹ്‌റുവിനുണ്ടായിരുന്നത്.

രണ്ടു മിത്രങ്ങളുമായി സംസാരിച്ചു കാശ്മീർ ഭാരതത്തിന്റെ അവിഭാജ്യഘടകമാക്കാമെന്ന നെഹ്രുവിന്റെ പ്രതീക്ഷ അൽപ്പം നീണ്ടുപോയി. അതിനുള്ള കാരണം രാജാവ് ഹരിസിംഗ് ഈ വിഷയത്തിൽ ഒട്ടും സീരിയസ് ആയിരുന്നില്ല എന്നതായിരുന്നു. അതീവ പ്രാധാന്യമുള്ള ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് പകരം അദ്ദേഹം ബോംബെയിൽ റേസ്‌കോഴ്‌സിൽ ഗോൾഫ് കളിക്കാനും കാശ്മീരിലെ വിദൂര വനമേഖലകളിൽ നായാട്ടിനുമാണ് സമയം കണ്ടെത്തിയത്. അന്ന് കാശ്മീർ ഭാരതത്തിൽ ലയിക്കാനുള്ള തീരുമാനം സമയത്തുതന്നെ അദ്ദേഹം എടുത്തിരുന്നെങ്കിൽ കാശ്മീരിൽ വിഘടനവാദം എന്ന പ്രശ്നമേ ഉദിക്കുമായിരുന്നില്ല. ഇക്കാര്യത്തിൽ തന്റെ രണ്ടു നല്ല സുഹൃത്തുക്കളോട് കാർക്കശ്യം കാട്ടാൻ നെഹ്‌റുവിനുമായില്ല.

കാശ്മീർ രാജാവിന്റെ അന്നത്തെ സ്ഥിരതയില്ലാത്ത ചാഞ്ചാട്ടമാണ് കാശ്മീർ പ്രശ്നത്തിന് തുടക്കമിട്ടത്. വ്യക്തമായ ഒരു തീരുമാനത്തിലെത്താൻ ത്രാണിയില്ലാത്ത അദ്ദേഹം ചില വ്യാമോഹത്തിനടിപ്പെട്ടു എന്നും സംശയിക്കാം. ഭാരതത്തിനും പാക്കിസ്ഥാനുമിടയിൽ ഒരു സ്വതന്ത്ര രാഷ്ട്രമായി തുടരാം എന്ന മനസ്സിലിരുപ്പ്. ഇത് പാക്കിസ്ഥാൻ മുൻകൂട്ടിയറിഞ്ഞു. അവർ അവിടുത്തെ പരന്പരാഗത ഗോത്രവർഗ്ഗങ്ങളെയും കൂട്ടി കാശ്മീർ പിടിച്ചെടുക്കാനുള്ള ഏകപക്ഷീയമായ യുദ്ധം തുടങ്ങി. മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യത്തോട് ചേർന്നുകിടക്കുന്ന പ്രദേശം തങ്ങൾക്കവകാശപ്പെട്ടതെന്നായിരുന്നു പാക്കിസ്ഥാന്റെ നിലപാട്. രാജാവ് ഹരിസിംഗിനെ സംബന്ധിച്ചിടത്തോളം ഇത് അപ്രതീക്ഷിതമായിരുന്നു. അപ്പോഴാണ് രാജാവിനും ഷേക്ക് അബ്ദുല്ലക്കും ഒപ്പം നെഹ്രുവിനും തങ്ങൾക്കു സംഭവിച്ച പിഴവിന്റെ ആഴം പൂർണ്ണമായും ബോദ്ധ്യമാകുന്നത്.

പാക്കിസ്ഥാൻ സേന മുന്നേറ്റം തുടങ്ങി. നല്ലൊരു ഭൂപ്രദേശം സൈനിക ശക്തിയിൽ ദുർബലനായ രാജാവിൽ നിന്നവർ പിടിച്ചടക്കി. വളരെ താമസിച്ചുപോയെങ്കിലും ഹരിസിംഗ് ഭാരതത്തിൽ ലയിക്കാനുള്ള തീരുമാനത്തിൽ ഒപ്പിട്ടു. അങ്ങനെയാണ് ഇന്ത്യൻ സൈന്യം കാശ്മീരിലെത്തിയതും പാക്ക് സൈന്യവുമായി കാശ്മീരിനുവേണ്ടി പൊരുതിയതും. ഒടുവിൽ ഐക്യരാഷ്ട്ര സഭ ഇടപെട്ടു യുദ്ധം അവസാനിപ്പിക്കുകയും ഇരു സൈന്യങ്ങളും അപ്പോൾ നിന്നിരുന്ന സ്ഥലം ലൈൻ ഓഫ് കൺട്രോൾ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

ശക്തമായ ഒരു തീരുമാനത്തിലെത്താൻ ശ്രമിക്കാതിരുന്ന കാശ്മീർ രാജാവ് ഹരി സിംഗിന്റെ നിരുത്തരവാദപരമായ നിലപാട് മൂലം മുതലെടുപ്പിന് തുനിഞ്ഞ പാക്കിസ്ഥാൻ ഈ യുദ്ധത്തിൽ വിജയിച്ചില്ലെങ്കിലും കാശ്മീരിന്റെ നല്ലൊരു ഭൂപ്രദേശം കയ്യിലാക്കുകയും അവരതു തങ്ങളുടെ ഒരു സ്റ്റേറ്റ് ആയി പ്രഖ്യാപിച്ച ശേഷം ആസാദ് കാശ്മീർ (സ്വതന്ത്ര കാശ്മീർ എന്നർത്ഥം.നമ്മൾ പാക്കിസ്ഥാൻ അധികൃത കാശ്മീർ എന്ന് പറയുന്നു) എന്ന പേരുനൽകുകയും ചെയ്തു. പല വിഷയങ്ങളിലും അവർ ആസാദ് കാശ്മീരിന് സ്വതന്ത്ര പദവി നൽകിയിട്ടുണ്ട്.

കാശ്മീർ മുഴുവൻ പിടിച്ചെടുക്കാൻ കഴിയാത്തതിന്റെ പ്രതികാരമെന്നോണമാണ് പാക്കിസ്ഥാൻ അന്നുമുതൽ പാക്ക് അധീന കാശ്മീർ കേന്ദ്രീകരിച്ചു വിഘടവാദം പ്രോത്സാഹിപ്പിച്ചതും ഇപ്പോൾ തീവ്രവാദികൾക്ക് പരിശീലനവും സഹായവും നൽകി നിയന്ത്രണരേഖ കടത്തിവിടുന്നതും. കശ്മീരിലെ വിഘടനവാദി നേതാക്കളിൽ പലരും കാശ്മീർ, പാക്കിസ്ഥാനുമായി ചേരാതെ ഒരു സ്വതന്ത്രരാഷ്ട്രമാകണമെന്ന വാദഗതിക്കാരാണ്. ഇതിൽ പാക്കിസ്ഥാന് ഒട്ടും താൽപ്പര്യമില്ല. അതുകൊണ്ടുതന്നെയാണ് അവർ വിഘടനവാദി നേതാക്കളെ ഒഴിവാക്കി തീവ്രവാദികൾക്ക് പ്രോത്സാഹനം നൽകുന്നത്.

അങ്ങനെ ഒരു ഭാഷയും ഒരു സംസ്കാരവും ഒരേ പാരന്പര്യവും ഉണ്ടായിരുന്ന കാശ്മീർ ജനത രണ്ടു രാജ്യങ്ങളിലായി വിഭജിക്കപ്പെട്ടു. ഇന്ന് നാം നമ്മുടെ ഭൂപടത്തിൽ കാണുന്ന കാശ്മീരിന്റെ പകുതി മാത്രമേ നമ്മുടെ കൈവശമുള്ളു. ബാക്കി സ്ഥലമാണ് പാക്ക് അധിനിവേശ കാശ്മീർ അഥവാ പാക്ക് അധീന കാശ്മീർ. അന്ന് തക്കതായ സമയത്തു ഭാരതത്തിൽ ലയിക്കാനുള്ള തീരുമാനമെടുക്കാൻ രാജാവിവിനു കഴിഞ്ഞിരുന്നെങ്കിൽ ഇന്ന് കാശ്മീരിന്റെ സ്ഥിതി ഇതാകുമായിരുന്നില്ല.കാശ്മീർ ഭൂമിയിലെ സ്വർഗ്ഗമാകുമായിരുന്നു. സംശയമില്ല. അക്കാലത്ത് ഉടക്കിനിന്ന ഹൈദരാബാദ് നിസാമിനെ വിരട്ടിത്തന്നെയാണ് വരുതിയിലാക്കിയത് എന്ന കാര്യം ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്.