തുരുമ്പു പിടിച്ച ഇരുമ്പു കഷ്ണങ്ങളിൽ നിന്നും പുതുപുത്തൻ ജാവ ബൈക്കിലേക്ക്…

എഴുത്ത് – Ajit Raman.

ഒരു ദിവസം ഒരു ഫോൺകോൾ. “അജിത്തേട്ടാ, ഒരു ജാവ ഒത്തുവന്നിട്ടുണ്ട്. 1966 മോഡൽ ഒറിജിനൽ ചെക്കോസ്ലോവാക്ക്യ. എങ്ങിന്യാ? ഡീൽ ആക്കട്ടെ?” വിളിച്ചത് എന്റെ അനുജൻ Kiran P Menon. “ഓക്കേടാ.. നീ വണ്ടീടെ ഫോട്ടോ അയക്ക്‌” എന്ന് പറഞ്ഞു. അവൻ പറഞ്ഞു, “ചേട്ടാ വണ്ടി സ്റ്റാൻഡിങ് പോലും അല്ല. ഫോട്ടോ കാണുമ്പോ എന്നെ തെറിവിളിക്കരുത്” എന്ന്. പക്ഷെ അവനിൽ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു. എനിക്ക് നല്ലതല്ലാത്ത ഒന്നും അവൻ ചെയ്യില്ല എന്ന്. അങ്ങനെ ഫോട്ടോസ് വന്നു. ഞെട്ടിപ്പോയി.. കുറേ തുരുമ്പു പിടിച്ച പാർട്സ്. ജാവ ആണത്രെ ജാവ. ഫോട്ടോ കണ്ടിട്ട് അവനെ തിരിച്ചു വിളിച്ചു ചോദിച്ചു. “ആർ യൂ സീരിയസ്‌? ഇതോ ജാവ?” പിന്നെ അവന്റെ വക ഒരു മുപ്പത് മിനിട്ട്‌ ക്ലാസ്.

ചേട്ടാ ഈ ജാവ എന്നു പറഞ്ഞാൽ അത്, ഇത്, ലത്‌ എന്ന് പറഞ്ഞു അവൻ എന്നെ ആ ആക്രി വാങ്ങിയില്ലെങ്കിൽ ജീവിതത്തിൽ ഒരു തീരാ നഷ്ടം എന്നൊക്കെ പറഞ്ഞു എന്നെ ഇമോഷണലി ബ്ലാക്‌ മെയിൽ ചെയ്തു. ദുഷ്ടൻ. അങ്ങനെ അവനു ഞാൻ ഗോ എഹെഡ് സിഗ്‌നൽ കൊടുത്ത് ആ ആക്രി വാങ്ങി. അതും ഒരു യൂസ്ഡ് നീ ജെൻ ഡീസന്റ് വണ്ടിയുടെ വിലക്ക്. അതിന്റെ അടുത്ത ആഴ്ച അവൻ അതെല്ലാം പെറുക്കി ഒരു ചാക്കിൽ ആക്കി എന്റെ സ്വിഫ്റ്റിൽ മൈസൂരിലേക്ക് വിട്ടു. ഐഡിയൽ ജാവ പുലി Shamsheer Ahamed ന്റെ പുലിമടയിലേക്ക്‌. പിന്നെ അവിടുന്ന് ഒരു മൂന്നു മാസത്തേക്ക് ഒരു വിവരവും ഇല്ലായിരുന്നു.

ഈ ആക്രി ഒരു ബൈക്ക് ആക്കാൻ മിനിമം ആറു മാസം ആയിരുന്നു എന്റെ മനസ്സിൽ. പക്ഷേ മൂന്നു മാസം തികയാൻ ഒരാഴ്ചക്ക് മുന്നേ കിരൺ എന്നെ വിളിച്ചു. ചേട്ടാ ജാവാ റെഡി. ബില്ല് കൊടുത്താൽ വണ്ടി കല്ലടയിൽ കേറ്റി തൃശൂരെത്തും. ഞാൻ ഏതാണ്ട് ദിങ്ങനെ ആയി. നീ ഫോട്ടോ കാണിക്ക് എന്ന് പറഞ്ഞു. ഫോട്ടോ ചറുപറാന്നു പറന്നു വന്നു. ഞാൻ ആകെ ബ്ലിങ്കസ്സ്യ. ആ ആക്രി ഇങ്ങനെ ആയോ? അതിന്റെ മൂന്നാം ദിവസം വണ്ടി തൃശ്ശൂർ വന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോ ഞാൻ നാട്ടിലും എത്തി. “കിരാ… വേഗം വായോ” ഞാൻ വിളിച്ചു. അവൻ വണ്ടിയും ആയി വന്നു.

എന്റെ പൊന്നോ… ഒരു വണ്ടി ഭ്രാന്തൻ ആയതിൽ ഏറ്റവും ആഹ്ലാദിച്ച അഭിമാനിച്ച നിമിഷം ആയിരുന്നു അത്. ഇനി നിങ്ങളും ആ വണ്ടി കണ്ട് നോക്ക്. നിങ്ങളിൽ പലരും ആക്രി എന്ന് പറഞ്ഞു അവജ്ഞയോടെ നോക്കുന്ന പലതും ഇന്നലെയുടെ മണിമുത്തുകൾ ആണ്. ഇന്നും അവർ റോഡിൽ ഇറങ്ങിയാൽ നിങ്ങളുടെ വാ താനെ തുറക്കും. കാരണം അവരെ വെല്ലാൻ എളുപ്പമല്ല. പെർഫോമൻസ് മാത്രമല്ല ഇവിടെ മാനദണ്ഡം. അത് ഒരു സംസ്കാരം ആണ്. ഒരു കാലഘട്ടം ആണ്. അതിൽ ജീവനും ആത്മാവും ഉണ്ട്. ഇതിന് ചിലവായ തുക ആരും ചോദിക്കണ്ട. ഇതൊരു പ്രൈസ്‌ലെസ്സ്‌ അനുഭവം ആണ്, വസ്തു അല്ല. നമ്മുടെ വിന്റേജിനെ ബഹുമാനിക്കു, സംരക്ഷിക്കു..