നമ്മുടെ ചെറുപ്പകാലത്തെ ഹീറോകളിൽ ഒരാൾ ബസ് ഡ്രൈവറും, കണ്ടക്ടറും, കിളിയുമൊക്കെ ആയിരിക്കും. എന്നാൽ നമ്മൾ വളരുന്തോറും ചിലർക്കൊഴികെ ഇവരെല്ലാം ഹീറോ സ്ഥാനത്തു നിന്നും മാറി അവിടെ മറ്റു ചില ഹീറോസ് പ്രതിഷ്ഠിക്കപ്പെടാറുണ്ട്. പൊതുവെ ഇങ്ങനെയാണ്. ഇനി അഥവാ പ്രായമേറിയിട്ടും ബസ് ജീവനക്കാരെ ഹീറോസ് ആയി മനസ്സിൽ കൊണ്ട് നടക്കുന്നവർ ബസ് പ്രേമികൾ (Bus Fans) ആയിരിക്കും, അല്ലെങ്കിൽ അവരുടെ വീട്ടിൽ ആരോ ഒരാൾ ബസ് ജീവനക്കാരൻ ആയിരുന്നിരിക്കാം. ഇത്തരത്തിൽ ബസ് ജീവനക്കാരനായിരുന്ന സ്വന്തം അച്ഛനെ ഹീറോയായി ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്ന, ശ്രുതി മോഹനൻ എന്ന ഒരു പെൺകുട്ടിയുടെ കുറിപ്പ് താഴെ കൊടുക്കുന്നു. ഒന്ന് വായിക്കാം.
“ഓർമ്മ വെച്ച നാൾ മുതലേ അച്ഛനെ ഞാൻ കൂടുതലായും കാണുന്നത് ബസ്സിൽ വെച്ചായിരുന്നു. എൻ്റെ അച്ഛൻ ഒരു ബസ് കണ്ടക്ടർ ആയിരുന്നു എന്നതു തന്നെ കാരണം. ഞങ്ങൾ (ഞാനും അനിയത്തിയും) രാവിലെ ഉറക്കമുണരും മുൻപേ തന്നെ അച്ഛൻ ജോലിയ്ക്കായി പോയിട്ടുണ്ടാകും. രാത്രി വൈകി അച്ഛൻ ജോലി കഴിഞ്ഞു തിരികെ വീട്ടിലെത്തുമ്പോഴേക്കും ഞങ്ങൾ കുട്ടികൾ ഉറങ്ങിയിട്ടുണ്ടാകും. കൂട്ടുകാരുടെ അച്ഛന്മാരെല്ലാം എല്ലാ ഞായറാഴ്ചകളിലും അവരോടൊപ്പം നിൽക്കുമ്പോൾ ഞങ്ങൾക്ക് അച്ഛനെ ആകെ അടുത്തു കിട്ടുന്നത് ചില ഞായറാഴ്ചകളിൽ മാത്രമാണ്. അതും എന്തെങ്കിലും കാരണം ഉണ്ടെങ്കിൽ മാത്രം.
ഒട്ടും മുടങ്ങാതെ ദിവസവും അച്ഛൻ ജോലിക്കു പോകുന്നതിനു പിന്നിൽ ഒരു കാര്യമുണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ ബാധ്യതകൾ. അച്ഛന്റെ ഇളയ പെങ്ങളെ കല്യാണം കഴിച്ചു വിട്ടതിന്റെ കടങ്ങൾ ഒക്കെ വീട്ടിത്തീർക്കേണ്ടതായുണ്ട്. ഞങ്ങൾ കിടക്കുന്ന ഓട് മേഞ്ഞ വീടിന്റെയും സ്ഥലത്തിന്റെയും ആധാരം ഏതോ ബാങ്കിൽ പണയത്തിലാണെന്നു അന്ന് അമ്മ പറഞ്ഞു ഞങ്ങൾക്ക് അറിയാം. അതെല്ലാം വീട്ടിയിട്ട് ഞങ്ങൾ താമസിക്കുന്ന തറവാട് വീട് ഒന്ന് പുതുക്കിപ്പണിയണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഞങ്ങൾ രണ്ടു മക്കളുടെ പഠിപ്പും, ഇടയ്ക്ക് ഞങ്ങൾക്ക് അസുഖം വന്നാൽ ഉണ്ടാകുന്ന അപ്രതീക്ഷിത ചെലവുകളുമെല്ലാം ഒരു സമ്പാദ്യം സ്വരുക്കൂട്ടി വെക്കുന്നതിനു അച്ഛനു തടസ്സമായിരുന്നു. എല്ലാ ദിവസവും പണംകൊണ്ട് അമ്മാനമാടുന്ന കണ്ടക്ടറായ അച്ഛന് സ്വന്തമായി ഒന്നും ചെലവഴിക്കുവാൻ മിച്ചം ഇല്ലായിരുന്നു എന്നതായിരുന്നു ക്രൂരമായ യാഥാർഥ്യം.
അന്നൊക്കെ സ്‌കൂളിൽ എനിക്ക് നല്ല പേരായിരുന്നു. ‘കണ്ടക്ടർ മോഹനേട്ടന്റെ മോൾ’ എന്നായിരുന്നു ഞാൻ അറിയപ്പെട്ടിരുന്നതും. കൂടെ പഠിച്ചിരുന്ന ആൺകുട്ടികളൊക്കെ ബസ് ടിക്കറ്റ് കളിക്കുവാനായി കിട്ടുവാൻ എന്നെ സമീപിക്കുമായിരുന്നു. അങ്ങനെ ഇടയ്‌ക്കൊക്കെ പഴയ ടിക്കറ്റ് കുറ്റികൾ അച്ഛൻ എനിക്ക് കൊണ്ടുതരികയും അവ ഞാൻ കൂട്ടുകാർക്ക് കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. അക്കാലത്ത് ഞങ്ങളുടെ റൂട്ടിലെ ബസുകളിൽ എല്ലാവരും അച്ഛന്റെ പരിചയക്കാർ ആയിരുന്നതിനാൽ ഞങ്ങൾക്കൊക്കെ ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ലായിരുന്നു.
അന്ന് സ്‌കൂൾ ഇല്ലാത്ത ദിവസങ്ങളിലൊക്കെ അച്ഛന് ഉച്ചയൂണ് കൊടുക്കുവാൻ പോകുന്നത് ഞാൻ ആയിരുന്നു. അനിയത്തി ചെറുതായിരുന്നതിനാൽ അവളെ അതിനായി അമ്മ വിടില്ലായിരുന്നു. എനിക്കാണെങ്കിൽ ഇത് വളരെ ഇഷ്ടമുണ്ടായിരുന്ന പണിയുമായിരുന്നു. ഞങ്ങളുടെ വീടിനടുത്തുള്ള പാടം കടന്നാൽ അപ്പുറം റോഡായി. അവിടെ ചെന്നു അച്ഛന്റെ ബസ് വരുന്നതും കാത്തു നിൽക്കും. ബസ് അകലെ നിന്നു കാണുമ്പോൾത്തന്നെ അച്ഛൻ ബസ്സിലെ ജനലിലൂടെ എന്നെ നോക്കി നിൽക്കുന്നുണ്ടാകും. ബസ് എന്റെയടുത്ത് നിർത്തി ജനാലയിലൂടെ തന്നെ ആ പൊതിച്ചോറ് വാങ്ങിയിട്ട് “വേഗം വീട്ടിൽ പോക്കോട്ടാ..” എന്നും പറഞ്ഞു അച്ഛൻ ഡബിൾ ബെല്ലടിച്ചു വണ്ടിവിടും. ചിലപ്പോഴൊക്കെ ഊണ് കൊടുക്കാൻ പോകുമ്പോൾ വീട്ടിലേക്കായി വാങ്ങിയ പച്ചക്കറികൾ അടങ്ങിയ കിറ്റ് അച്ഛൻ എൻ്റെ കയ്യിൽ തന്നു വിടുമായിരുന്നു. അതോടൊപ്പം ഞങ്ങൾ കുട്ടികൾക്ക് ‘എക്ലയർ’ മിട്ടായിയും.
അങ്ങനെ കാലങ്ങൾ കടന്നുപോയി. ഞാനും അനിയത്തിയും വലുതായി. ഏതുസമയവും നിന്നുകൊണ്ടുള്ള ജോലിയായതിനാൽ അച്ഛന് ഇടയ്ക്കിടെ നല്ല കാലുവേദന വരുമായിരുന്നു. എങ്കിലും അതൊന്നും വകവെയ്ക്കാതെ അച്ഛൻ ഞങ്ങൾക്കു വേണ്ടി എല്ലാം സഹിച്ചു കഷ്ടപ്പെടുകയായിരുന്നു. ഒടുക്കം ബി.കോം. പാസ്സായി എനിക്ക് നല്ലൊരു ജോലി കിട്ടുന്നതു വരെ അച്ഛൻ ബസ് കണ്ടക്ടറായി തുടർന്നു. അപ്പോഴേക്കും നിലവിലുണ്ടായിരുന്ന കടങ്ങളൊക്കെ അച്ഛൻ വീട്ടുകയും, ഞങ്ങളുടെ വീട് പുതുക്കിപ്പണിയുകയും ചെയ്തിരുന്നു. എനിക്ക് ജോലി കിട്ടി ആറു മാസം തികയുന്നതിനു മുൻപേ, അമ്മയെയും അനിയത്തിയേയും എന്നെ ഏൽപ്പിച്ചുകൊണ്ട് അച്ഛൻ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടുപോയി.
ഇന്നും ബസ് ജീവനക്കാരെ കാണുമ്പോൾ ഞാൻ ഓർക്കുന്നത് എൻറെ അച്ഛനെയാണ്. ചെറുപ്പത്തിൽ ഊണ് കൊണ്ടുകൊടുക്കുവാൻ കാത്തു നിൽക്കുന്ന ഞാനും, ബസ്സിൽ നിന്നും തല പുറത്തേക്കിട്ടു എന്നെ നോക്കി ചിരിച്ചുകൊണ്ട് വരുന്ന അച്ഛനും.. അച്ഛൻ തൻ്റെ ജീവിതം ഞങ്ങൾക്കു വേണ്ടിയായിരുന്നു ജീവിച്ചത്. അവസാനത്തെ ആറേഴു മാസം മാത്രമാണ് അച്ഛൻ വീട്ടിൽ സ്വസ്ഥമായി ഒന്നു വിശ്രമിച്ചത്. എല്ലാവർക്കും ഓരോരോ ഹീറോസ് ഉണ്ടാകും ജീവിതത്തിൽ. പക്ഷേ എൻ്റെ ഹീറോ എന്റച്ഛൻ തന്നെയാണ്, കാക്കി ഷർട്ടും, വെള്ള മുണ്ടും ധരിച്ച ബസ് കണ്ടക്ടറായ എൻ്റെ അച്ഛൻ..”
വര കടപ്പാട് – സുനിൽ പൂക്കോട്.