2018 ലെ പ്രളയത്തെ അതിജീവിച്ച് ഒരു വിധം എല്ലാവരും സാധാരണ ജീവിതങ്ങളിലേക്ക് മാറിക്കഴിഞ്ഞതോടെ വീണ്ടും അത്തരമൊരു അവസ്ഥയിലേക്കും പരിഭ്രാന്തിയിലേക്കും എത്തിച്ചാണ് കഴിഞ്ഞ മൂന്നാലു ദിവസങ്ങൾ കടന്നുപോയത്. നിലവിൽ പലയിടങ്ങളിലും സ്ഥിതിഗതികൾ ശാന്തമായിക്കൊണ്ടിരിക്കുന്നുവെന്ന വാർത്തകളാണ് കേൾക്കുന്നതെങ്കിലും വയനാട്, മലപ്പുറം ജില്ലക്കാർ ഇപ്പോഴും ഭീതിയിലാണ്. കാരണം ഇത്തവണ ഏറ്റവും കൂടുതൽ ദുരന്തമുണ്ടായിരിക്കുന്നത് വയനാട്ടിലും മലപ്പുറത്തുമാണ് എന്നതു തന്നെ.
വയനാട്ടിലെ മേപ്പാടിയ്ക്ക് അടുത്തുള്ള പുത്തുമലയിലും, മലപ്പുറത്തെ കവളപ്പാറയിലും പരിസരപ്രദേശങ്ങളിലുമാണ് നാടിനെ നടുക്കിയ, മനുഷ്യ ജീവിതങ്ങൾ മണ്ണിനടിയിലാക്കിയ വലിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ സംഭവിച്ചത്. മേപ്പാടി പഞ്ചായത്തിലെ തോട്ടം മേഖലയായ പുത്തുമലയിന്ന് കുത്തിയൊഴുകുന്നൊരു നദിയാണ്. ഉരുൾപ്പൊട്ടി ഈ ഗ്രാമമൊന്നാകെ ഒലിച്ചുപോയി. എവിടെയും ഭീമാകാരമായ പാറകളും ഒലിച്ചെത്തിയ കൂറ്റൻ മരങ്ങളും തകർന്ന വീടുകളുടെ അവശിഷ്ടങ്ങളുമാണ്. നിരവധി ജീവിതങ്ങളാണ് ഇവിടെ പ്രകൃതിക്ഷോഭത്താൽ ഹോമിക്കപ്പെട്ടത്.
അതേപോലെ തന്നെ ഉരുൾപൊട്ടൽ ശക്തമായി ഉണ്ടായ ഒരു സ്ഥലമാണ് മലപ്പുറം ജില്ലയിലെ കവളപ്പാറ. കൃത്യസമയത്ത് ആളുകളെ ഒഴിപ്പിക്കാൻ കഴിയാതിരുന്നതാണ് കവളപ്പാറയിലെ സ്ഥിതി ഗുരുതരമാക്കിയത്. ദുരന്തമുണ്ടായി മൂന്നാം ദിവസം മാത്രമാണ് സൈന്യം രക്ഷാപ്രവർത്തനത്തിനായി കവളപ്പാറയിലെത്തിയത്.
ഉരുള്പ്പൊട്ടിയ കവളപ്പാറയിലും പുത്തുമലയിലും ചെല്ലുന്നവർക്ക് ഹൃദയം നുറുങ്ങുന്ന കാഴ്ചകളാണ് കാണാനാകുന്നത്. അവിടെ ന്യൂസ് റിപ്പോർട്ടിംഗിനായി എത്തിയ മാധ്യമപ്രവർത്തകരിൽ പലരും ക്യാമറയ്ക്ക് മുന്നിൽ വിങ്ങിപ്പൊട്ടിയായിരുന്നു കാര്യങ്ങൾ വിവരിച്ചിരുന്നത്. ഈ ദൃശ്യങ്ങൾ കണ്ടവരെയെല്ലാം കണ്ണീരണിയിക്കുകയും ചെയ്തു. അത്രയ്ക്ക് നിസ്സഹായാവസ്ഥയായിരുന്നു അവിടങ്ങളിൽ.
10 മുതൽ 15 അടി വരെ ഉയത്തിലാണ് പുത്തുമലയിൽ മണ്ണ് കുന്നുകൂടി നിൽക്കുന്നത്. ആളുകൾ ഇപ്പോഴും അതിനടിയിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. ഫയർഫോഴ്സ്, ഹാരിസൺ പ്ലാന്റേഷനിലെ തൊഴിലാളികൾ, പൊലീസ്, സൈന്യം എന്നിവർ സംയുക്തമായാണ് പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. സമാനമായ അവസ്ഥ തന്നെയാണ് മലപ്പുറം ജില്ലയിലെ കവളപ്പാറയിലേതും. വ്യാഴാഴ്ച രാത്രിയാണ് ഭൂദാനം കവളപ്പാറയിലെ മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയും വൈദ്യുത, മൊബൈൽ തകരാറും കാരണം വിവരം പുറത്തറിയാൻ വൈകി. വെള്ളിയാഴ്ച രാവിലെയോടെയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. കാൽവച്ചാൽ ആഴ്ന്നുപോകുന്ന ചതുപ്പുപോലെയായ പ്രദേശത്ത് രക്ഷാപ്രവർത്തകർക്കു നേരിട്ടിറങ്ങാൻ കഴിയുന്നില്ല.
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചിരിക്കുന്നത്. ജില്ലയിൽ 19 പേരുടെ ജീവനാണ് മഴക്കെടുതിയിൽ പൊലിഞ്ഞത്. കോഴിക്കോട് 14, വയനാട് 10, കണ്ണൂർ അഞ്ച്, ഇടുക്കി നാല്, തൃശ്ശൂർ മൂന്ന്, ആലപ്പുഴ രണ്ട് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണസംഖ്യ.
സംസ്ഥാനത്തടക്കം 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,400 കുടുംബങ്ങളിലെ ഒന്നരലക്ഷത്തിലധികം പേരാണ് കഴിയുന്നത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ കഴിയുന്നത്. ശക്തമായ മഴയിലും കാറ്റിലും മലവെള്ളപ്പാച്ചിലിലും വെള്ളക്കെട്ടിലും പെട്ട് സംസ്ഥാനത്താകെ 200 ഓളം വീടുകൾ പൂർണമായും രണ്ടായിരത്തിലധികം വീടുകൾ ഭാഗികമായും തകർന്നതായി അധികൃതർ വ്യക്തമാക്കുന്നു.
വിവരങ്ങൾക്ക് കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.