സിനിമയിലും ടെലിവിഷനിലും ഒപ്പം മോരു കടയിലും താരമായി ഒരു പെൺകുട്ടി…

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തായി ഒരു ചെറിയ കടയുണ്ട്. സർബ്ബത്ത്, സംഭാരം, ഉപ്പിലിട്ട ഐറ്റങ്ങൾ തുടങ്ങിയവ ലഭിക്കുന്ന ഒരു കട. ഈ കടയ്ക്ക് ഒരു പ്രത്യേകതയുണ്ട്, വേറൊന്നുമല്ല ഈ കടയുടെ സാരഥി ഒരു പെൺകുട്ടിയാണ്. എം.എ. പഠനം കഴിഞ്ഞു നിൽക്കുന്ന സ്നേഹയാണ് ഈ കടയുടെ പ്രധാന ആകർഷണം.

പള്ളിപ്പാട് സ്വദേശിയായ സ്നേഹയും അമ്മ വിജയമ്മയും ഹരിപ്പാട് ക്ഷേത്രത്തിനു സമീപത്ത് ഈ കട ആരംഭിച്ചിട്ട് ഇപ്പോൾ ആറു വർഷത്തോളമായി. അതിനു മുൻപ് ഹരിപ്പാട് കോടതി വളപ്പിൽ മൂന്നു വർഷത്തോളം കച്ചവടം നടത്തിയിരുന്നു. സ്നേഹ കോളേജിൽ പോകുന്ന സമയത്തെല്ലാം അമ്മയായിരുന്നു കടയുടെ മേൽനോട്ടം വഹിച്ചിരുന്നത്. ഹരിപ്പാട് നിന്നും സ്നേഹ പഠനത്തിനായി ദിവസേന എറണാകുളത്ത് പോകുമായിരുന്നു. ട്രെയിൻ മാർഗ്ഗമായിരുന്നു യാത്രകൾ. കോളേജ് കഴിഞ്ഞു നേരെ റെയിൽവേ സ്റ്റേഷനിലേക്ക് ഓടുകയും ട്രെയിൻ പിടിച്ചു ഹരിപ്പാട് എത്തി അമ്മയുമായി കടയടച്ച ശേഷം വീട്ടിലേക്ക് പോകുകയുമായിരുന്നു. ക്ലാസ്സ് ഇല്ലാത്ത സമയങ്ങളിൽ ഫുൾ ടൈം സ്നേഹ കടയിൽത്തന്നെയുണ്ടാകും.

അമ്മ വിജയമ്മയാണ് കടയിൽ വിൽക്കുന്ന വിഭവങ്ങൾ തയ്യാറാക്കുന്നത്. സ്നേഹയുടെ കടയിൽ നിന്നും ഒരു തവണ ഏതെങ്കിലും വാങ്ങിയിട്ടുള്ളവർ തീർച്ചയായും വീണ്ടും വീണ്ടും അത് വാങ്ങുവാനായി ആഗ്രഹിക്കും. പ്രത്യേകിച്ച് മോര് സോഡാ, സംഭാരം, സർബത്ത്, ഉപ്പിലിട്ട ഐറ്റങ്ങൾ തുടങ്ങിയവ. കാര്യങ്ങൾ ഇങ്ങനൊക്കെയാണെങ്കിലും സ്നേഹ പ്രശസ്തയായിരിക്കുന്നത് മറ്റു ചില കാര്യങ്ങൾ കൊണ്ടുകൂടിയുമാണ്.

പഠനത്തിനിടയിലും കച്ചവടം നോക്കുന്നതിനിടയിലും സ്നേഹ തൻ്റെ കലാപരമായ കഴിവുകൾക്ക് നിറം പകരുവാനും ശ്രദ്ധിച്ചിരുന്നു. അതിന്റെ ഫലമായി മഹാരാജാസ് കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ സ്നേഹ ഒരു ഫിലിം ഒഡിഷനു പോകുകയും സെലക്ഷൻ ലഭിക്കുകയും ചെയ്തു. അങ്ങനെ സ്നേഹ ആദ്യമായി മമ്മൂട്ടിയുടെ കൂടെ ‘ബാല്യകാലസഖി’ എന്ന ചിത്രത്തിൽ അഭിനയിക്കുകയുണ്ടായി. അതിനുശേഷം ചില ടിവി സീരിയലുകളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി സൂപ്പർ നൈറ്റ് പ്രോഗ്രാമിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും സ്നേഹ തനി നാട്ടിൻപുറത്തുകാരി തന്നെയാണ്. ഇത്രയും കാലം തന്നെയും കുടുംബത്തെയും പോറ്റിയ കടയെ ജീവിതത്തിൽ നിന്നും മാറ്റിനിർത്തുവാൻ സ്നേഹ തയ്യാറായില്ല. സൗമ്യമായി പെരുമാറുകയും വിശേഷങ്ങൾ തിരക്കുകയുമൊക്കെ ചെയ്തുകൊണ്ട് കടയിൽ വരുന്നവരുടെ മനസ്സു കീഴടക്കാറുണ്ട് ഈ മിടുക്കി. വനിതാ ദിനത്തിലും മറ്റുമൊക്കെ സ്‌നേഹയെക്കുറിച്ചുള്ള വാർത്തകൾ വിവിധ മാധ്യമങ്ങളിൽ വന്നിരുന്നു.

പൊതുപ്രവർത്തനം ഏറെയിഷ്ടപ്പെടുന്ന സ്നേഹയ്ക്ക് കോളേജിൽ അത്യാവശ്യം വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങളുമൊക്കെ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം പ്രളയം വന്നപ്പോൾ എല്ലാവർക്കും സഹായമെത്തിക്കുവാനും മറ്റുമൊക്കെ പരിശ്രമിച്ചവരിൽ സ്നേഹയും ഉണ്ടായിരുന്നു. സ്നേഹയുടെ ജീവിതത്തിൽ ഏറ്റവും വഴിത്തിരിവായ ഒരു സംഭവമായിരുന്നു പ്രളയം. കാരണം പ്രളയത്തോടൊപ്പം സ്നേഹയ്ക്ക് ലഭിച്ചത് ഒരു പ്രണയം കൂടിയായിരുന്നു. പ്രളയദുരിത ബാധിതർക്ക് സഹായമെത്തിക്കുവാൻ രാപകലില്ലാതെ ഓടിനടന്ന പെൺകുട്ടിയോട് ഒരു യുവഡോക്ടർക്ക് തോന്നിയ ആദരവ് പിന്നീട് പരിശുദ്ധ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. കൊല്ലം ജില്ലയിലെ ചവറ സ്വദേശിയായ ഡോ. സുജയ് യുമായുള്ള സ്നേഹയുടെ വിവാഹനിശ്ചയം കഴിഞ്ഞയിടയ്ക്ക് നടന്നേയുള്ളൂ. അടുത്ത ചിങ്ങത്തിലാണ് ഇവരുടെ വിവാഹം. വിവാഹശേഷം സ്നേഹയ്ക്ക് ഹരിപ്പാട് നിന്നും വിട്ടു നിൽക്കേണ്ടി വരുമെങ്കിലും ഇപ്പോഴുള്ള ഈ കട നടത്തിക്കൊണ്ടു പോകുവാനാണ് സ്നേഹയുടെ അമ്മയുടെ പ്ലാൻ. സമയം കിട്ടുമ്പോഴൊക്കെ സ്നേഹയ്ക്കും തൻ്റെ പഴയ തട്ടകത്തിലേക്ക് വരികയും ചെയ്യാം.

സിനിമയിലും സീരിയലിലും ഒക്കെ അഭിനയിക്കുന്ന ഈ MA പൊളിറ്റിക്സ് ബിരുദാനന്തര ബിരുദധാരിക്ക് ജീവിതത്തോടുള്ള ആറ്റിറ്റിയൂഡ് എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്. പുതിയ തലമുറയിലെ കുട്ടികൾക്ക് സ്നേഹ ഒരു ഉത്തമ മാതൃകയാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാനായി മാന്യമായ എന്തു ജോലിയും ചെയ്യാൻ തയ്യാറാകണം നമ്മൾ. ഒരിക്കൽ ജീവിത വിജയം തനിയെ നമ്മളെ തേടിയെത്തും. സ്നേഹയ്ക്ക് എല്ലാവിധ മംഗളാശംസകളും നേരുന്നു…