ഒരു കർഷകന് നൽകിയ സ്‌നേഹനിർഭരമായ റിട്ടയർമെന്റ്

എഴുത്ത് – പ്രകാശ് നായർ മേലില.

അലങ്കരിച്ച കാളവണ്ടികളുടെ അകമ്പടിയോടെ ബന്ധുക്കളും ഗ്രാമവാസികളും അദ്ദേഹത്തെ മുന്നിലിരുത്തി ഗ്രാമമാകെ ചുറ്റി ആഘോഷമായി ആനയിച്ച് വയലിൽ ഒരുക്കിയ റിട്ടയർമെന്റ് ചടങ്ങിൽ ഗ്രാമമുഖ്യൻ ഷാളും ഉപഹാരവും സമ്മാനിച്ച അഭൂതപൂർവ്വമായ ആ ചടങ്ങു് വളരെ ഹൃദ്യമായിരുന്നു.

തന്റെ 25 ഏക്കർ വരുന്ന കൃഷിയിടത്തിൽ കഴിഞ്ഞ 58 വർഷമായി കൃഷിചെയ്ത് 19 അംഗങ്ങളുള്ള കൂട്ടുകുടും ബത്തെ മികച്ചനിലയിൽ പരിപാലിച്ച മഹാരാഷ്ട്രയിലെ ‘ഭണ്ടാര’ ജില്ലയിലുള്ള ‘മൊഹ്‌ഗാവ്’ നിവാസി ‘ഗജാനൻ കാലേ’ എന്ന 80 കാരനായ കർഷകനാണ് ഗ്രാമീണരും ബന്ധുക്കളും ചേർന്ന് കഴിഞ്ഞദിവസം ഈ ആദരം നൽകി വിശ്രമജീവി തത്തിലേക്ക് ആനയിച്ചത്.

ഒരു ചിട്ടയായ ദിനചര്യപോലെ വെളുപ്പിന് 4 മണിക്ക് തുടങ്ങിയിരുന്ന ഗജാനൻ കാലേയുടെ കൃഷിയിട ത്തിലേക്കുള്ള പ്രയാണം അന്തിമയങ്ങുമ്പോഴായിരുന്നു അവസാനിച്ചിരുന്നത്. നെല്ലും ഗോതമ്പും,ചോളവും, ഉള്ളി,പയർ,കിഴങ്ങ് ,പച്ചക്കറി ഇവയെല്ലാം ഗജാനന്റെ കൃഷിയിടത്തിൽ സമൃദ്ധമായി വിളഞ്ഞിരുന്നു. കൃഷി സമ്പന്നമായ ഒരു കാലഘട്ടമാണ് ഗജാനനയിലൂടെ പൂർത്തിയായത്.

കൂട്ടുകുടുംബത്തിലെ മറ്റു രണ്ടുപേർ സഹായികളായി ഒപ്പം കൂടാറുണ്ടായിരുന്നു. ദിനചര്യകളും ആഹാരവും കൃഷിയിടത്തിൽ തന്നെയായിരുന്നു സ്ഥിരം. ആഹാരമെത്തിയിരുന്നത് വീട്ടിൽനിന്നായിരുന്നു എന്ന് മാത്രം.

വയലിൽനടന്ന റിട്ടയർമെന്റ് ചടങ്ങിൽ ഗ്രാമത്തിലെ മറ്റു 10 കർഷകരെയും മികച്ച കർഷകരെന്ന നിലയിൽ ആദരിക്കുകയുണ്ടായി.
ഇനി ഈ കൃഷിയിടങ്ങളുടെ ചുമതല ഇളയസഹോദരൻ യശ്വന്തിനായിരിക്കും. ഗജാനൻ വീട്ടിൽ പൂർണ്ണ വിശ്രമത്തിലും. കൃഷിക്കാർ നഷ്ടത്തിലും ആത്മഹത്യയുടെ വക്കിലും ജീവിക്കുന്ന ഈ കാലത്ത് ഇതുപോലൊരു വാർത്ത ഏവർക്കും ആശ്വാസപൂർണ്ണമാണ്.