ഒരു മിസൈലോ, ബഹിരാകാശവാഹനമോ, വിമാനമോ അല്ലെങ്കിൽ മറ്റു വാഹനങ്ങളോ അതിന്റെ സഞ്ചാരത്തിനാവശ്യമായ ശക്തി ഒരു റോക്കറ്റ് എഞ്ചിനിൽ നിന്നും സ്വീകരിച്ചാണ് സഞ്ചരിക്കുന്നതെങ്കിൽ അതിനെ ഒരു റോക്കറ്റ് എന്നു വിളിക്കും. എന്നാൽ കെഎസ്ആർടിസിയിൽ റോക്കറ്റ് എന്നു വിളിക്കുന്നത് ഓട്ടത്തിൽ വേഗതയുള്ള, കൃത്യസമയത്ത് എല്ലായിടത്തും എത്തുന്ന (ചിലപ്പോൾ സമയത്തിനും മുൻപേ) ബസ്സുകളെയാണ്.
ഇത്തരത്തിൽ വിളിപ്പേരുകൾ ബസ്സുകൾക്ക് നൽകുന്നത് കെഎസ്ആർടിസി ബസ് പ്രേമികളാണ്. കൊട്ടാരക്കര – കോയമ്പത്തൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസ്സുകളായിരുന്നു ആദ്യമായി റോക്കറ്റ് എന്ന വിളിപ്പേര് കരസ്ഥമാക്കിയത്. പേരു പോലെ തന്നെ വേഗതയിൽ (സ്പീഡ് ഗവർണർ ഉണ്ട്) ഒരു റോക്കറ്റ് തന്നെയായിരുന്നു ഈ ബസ്സുകൾ.
അപകടങ്ങൾ കൂടാതെ വേഗത്തിൽ സഞ്ചരിക്കുകയും, ഓരോ സ്റ്റോപ്പുകളിലും ശരിക്കുള്ള സമയത്തിനും മുന്നേ എത്തിക്കുകയും ചെയ്യുന്നതിനാലാണ് ഈ സർവീസുകൾ ജനപ്രിയമായതും, റോക്കറ്റ് എന്ന വിളിപ്പേര് വീണതും. കൊട്ടാരക്കരയിൽ നിന്നും 7.45 am, 3.15 pm, 5.15 pm, 9.30 pm എന്നീ സമയങ്ങളിലാണ് കോയമ്പത്തൂരിലേക്ക് സൂപ്പർഫാസ്റ്റ് ബസ്സുകൾ പുറപ്പെടുന്നത്. ഇവ യഥാക്രമത്തിൽ 4.40 pm, 11.45 pm, 1.45 am, 6.00 am എന്നീ സമയങ്ങളിൽ കോയമ്പത്തൂരിൽ എത്തിച്ചേരുകയും ചെയ്യും.
കൊട്ടാരക്കര റോക്കറ്റുകൾ സോഷ്യൽ മീഡിയ അടക്കി വാഴുന്നതിനിടെയാണ് അടുത്ത റോക്കറ്റിന്റെ വരവ്. ഇത്തവണ റോക്കറ്റ് എന്ന വിളിപ്പേര് ലഭിച്ചത് മാവേലിക്കര ഡിപ്പോയുടെ സീതാമൗണ്ട് സൂപ്പർഫാസ്റ്റിന് ആയിരുന്നു. വേഗതയിലും, കൃത്യനിഷ്ഠയിലും മുമ്പൻ തന്നെയായിരുന്നു മാവേലിക്കര – സീതാമൗണ്ട് സൂപ്പർഫാസ്റ്റും. രാവിലെ 7.15 നു മാവേലിക്കരയിൽ നിന്നും പുറപ്പെടുന്ന ബസ് വൈകീട്ട് 7.35 നു സീതാമൗണ്ട് എന്ന സ്ഥലത്ത് എത്തിച്ചേരും.
സീതാമൗണ്ട് സൂപ്പർഫാസ്റ്റ് കൂടി ഇത്തരത്തിൽ പ്രശസ്തമായതോടെ കൊട്ടാരക്കര ഫാൻസും മാവേലിക്കര ഫാൻസും ഇടയ്ക്ക് അങ്ങോട്ടുമിങ്ങോട്ടും ട്രോളുകൾ ഇറക്കി തങ്ങളുടെ ആധിപത്യം സ്ഥാപിക്കുവാൻ ശ്രമിച്ചിരുന്നു. പക്ഷേ യാത്രക്കാരും, പൊതുവായുള്ള കെഎസ്ആർടിസി ഫാൻസും രണ്ടു ഡിപ്പോകളിലെയും സർവീസുകളെ ഒരേപോലെ പ്രൊമോഷൻ കൊടുക്കുവാനാണ് ശ്രമിച്ചത്. ഇതോടെ ആ മത്സരം അങ്ങ് വഴിമാറി. രണ്ടു കൂട്ടരും തങ്ങളുടെ ബസ്സുകൾ നന്നായി സ്റ്റിക്കർ വർക്കുകൾ ചെയ്തും അലങ്കരിച്ചുമെല്ലാം മാക്സിമം പ്രൊമോഷൻ നൽകിപ്പോന്നു.
അങ്ങനെയിരിക്കെയാണ് അടുത്ത റോക്കറ്റ് താരോദയം ഉണ്ടാകുന്നത്. നെടുങ്കണ്ടം ഡിപ്പോയുടെ വാണിയപ്പാറ സൂപ്പർഫാസ്റ്റ്! അധികമാരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന നെടുങ്കണ്ടം ഡിപ്പോയുടെ ഇപ്പോഴത്തെ അഭിമാന സർവ്വീസ് ആണ് വാണിയപ്പാറ സൂപ്പർഫാസ്റ്റ്. ഈ സർവ്വീസിന്റെ കൃത്യതയും, വേഗതയുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെയാണ് റോക്കറ്റ് ശ്രേണിയിലേക്ക് കടന്നുചെല്ലാൻ ഇതിനു വഴിയൊരുങ്ങിയതും.
നെടുങ്കണ്ടം കേന്ദ്രീകരിച്ചുള്ള കെഎസ്ആർടിസി പ്രേമികളും, ഒപ്പംതന്നെ ബസ് ജീവനക്കാരുമെല്ലാം സഹകരിച്ചുകൊണ്ട് നല്ലൊരു കൂട്ടായ്മ വളർത്തിയെടുക്കുവാൻ സാധിച്ചു. ഇവരുടെ പരിശ്രമത്താൽ വാണിയപ്പാറ സൂപ്പർഫാസ്റ്റ് നല്ല രീതിയിൽ സ്റ്റിക്കർ വർക്കുകൾ നൽകി അലങ്കരിക്കുവാനും, സർവ്വീസിന് ഫേസ്‌ബുക്ക് വഴി പരമാവധി പ്രൊമോഷനുകൾ നൽകുവാനും സാധിച്ചു. നെടുങ്കണ്ടത്തു നിന്നും വൈകുന്നേരം 3.30 നു പുറപ്പെടുന്ന ഈ സൂപ്പർഫാസ്റ്റ് ബസ് പൂപ്പാറ, അടിമാലി, കോതമംഗലം, ആലുവ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, ഇരിട്ടി വഴി പിറ്റേന്നു വെളുപ്പിന് 5.50 നു വാണിയപ്പാറയിൽ എത്തിച്ചേരും.
എന്തായാലും കെഎസ്ആർടിസിയിൽ നല്ല രീതിയിൽ സർവ്വീസ് നടത്തുന്ന ബസ്സുകളെ ജനങ്ങൾ കൈനീട്ടി സ്വീകരിക്കും എന്നതിനു തെളിവാണ് റോക്കറ്റ് ശ്രേണിയിൽ ഉൾപ്പെട്ട ഈ മൂന്നു സർവ്വീസുകൾ. ഇനിയും ഭാവിയിൽ മറ്റു സർവ്വീസുകൾ റോക്കറ്റ് ശ്രേണിയിലേക്ക് കടന്നു വന്നേക്കാം.