വിവരണം – സമദ് അബ്ദുൽ.
ചില യാത്രകൾ വ്യത്യസ്തമാകുന്നത് നമ്മുടെ ലക്ഷ്യ സ്ഥാനങ്ങളല്ല, അവിടേക്കെത്താൻ തിരഞ്ഞെടുക്കുന്ന വഴികളാണ് ! മൾട്ടിപ്പിൾ ഷെങ്കൻ വിസ എന്ന ആനുകൂല്യം പിൻപറ്റിയാണ് #HitjetInternational ന്റെ ഭാഗമായി ചുളുവിൽ ഒരു റൊമാനിയ ട്രിപ്പ് വന്നുപെട്ടത്. അതും ദുബായ് ലൈഫിൽ എഫ് എം റേഡിയോ വിപ്ലവത്തിന് തുടക്കം കുറിച്ച Hit 96.7 FM, Dubai എന്ന മഹാ റേഡിയോ പ്രസ്ഥാനത്തിൻറെ കൂടെ, സന്തോഷം അതിൻറെ പാരമ്യത്തിൽ എത്തിയിരിക്കുന്നു. 2019 ജനുവരി 24ആം തീയതി ആ വലിയ യാത്രക്ക് ഞങ്ങൾ 96 പേർ തുടക്കംകുറിച്ചു.
ദുബായ് എയർപോർട്ട് ടെർമിനൽ നിന്നും രാവിലെ പുറപ്പെടുന്ന ഫ്ലൈ ദുബായ് വിമാനത്തിലാണ് യാത്ര പുറപ്പെട്ടത്. എയർപോർട്ടിലെ ലോഞ്ചിൽ നിന്നു തന്നെ ഞങ്ങൾ ആഘോഷങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ഫ്ലൈറ്റിൽ കയറാനായി ഗേറ്റിലേക്ക് എല്ലാവരും മന്ദംമന്ദം നീങ്ങിത്തുടങ്ങിയപ്പോഴാണ് മാനത്തുനിന്നും താഴെയിറങ്ങിയ താരങ്ങളെപ്പോലെ RJ Jean Markose, RJ Nyla Usha, RJ Arfaaz & RJ Nimmy എന്നീ റേഡിയോ ജോക്കികൾ കൺമുമ്പിൽ കാണാനായത്. ദുബായ് പ്രവാസിയുടെ ഓരോ പ്രഭാതവും ഈ കൺമുമ്പിൽ കാണുന്നവരുടെ ശബ്ദം കേട്ടു കൊണ്ടായിരിക്കും മിക്കദിവസവും തുടങ്ങുന്നതു തന്നെ. അവരുടെ കൂടെയുള്ള സെൽഫി എടുപ്പും കുശലം പറച്ചിലും കൂടെയുള്ളവരെ പരിചയപ്പെട്ടു കൊണ്ടും വിമാനം ഞങ്ങളെയും കൊണ്ട് രാവിലെ 10 മണിക്കുതന്നെ സ്വപ്ന യാത്രക്കുള്ള തുടക്കം കുറിച്ചു.
ടേക്ക്ഓഫ്നുള്ള അവസാന അറിയിപ്പ് വന്നപ്പോൾ തന്നെ മലയാളിയുടെ സ്വഭാവഗുണങ്ങൾ ഞങ്ങൾ പ്രകടമാക്കി. വിസില് അടിച്ചും കൂക്കിവിളിച്ചും കൊണ്ടാണ് ടേക്ക് ഓഫിനെ ഞങ്ങൾ വരവേറ്റത്. പിന്നെ അങ്ങോട്ട് എന്താണ് സംഭവിച്ചതെന്ന് പറയുന്നത് വിവരണതീതമാണ്. അഞ്ചര മണിക്കൂർ യാത്ര എത്ര പെട്ടെന്ന് അവസാനിച്ചതെന്ന് ആലോചിച്ചിട്ട് ഉത്തരം കിട്ടിയില്ല. റൊമാനിയൻ സമയം ഉച്ചക്ക് 1:47 ന് ബുക്കാറെസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞങ്ങൾ ലാൻഡ് ചെയ്തു. എമിഗ്രേഷൻ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കി ലഗേജുമെടുത്ത് പുറത്തിറങ്ങിയപ്പോൾ ഞങ്ങളെ സ്വീകരിക്കാനായി കുറച്ചു പേർ കാത്തിരിക്കുന്നുണ്ടായിരുന്നു. അതിലൊരാളായി RJ Maya കൂടി ഉണ്ടായതിനാലാണ് സ്വീകരണ സംഘത്തിന് കൂടുതൽ പൊലിമ തോന്നിപ്പിച്ചത്.
പുതിയ സംസ്കാരം തേടിയുള്ള എന്റെ യാത്ര റൊമാനിയ എന്ന നൂറ്റാണ്ടുകൾ ചരിത്രമുള്ള പഴയ കമ്യൂണിസ്റ്റ് രാജ്യത്താണ് എത്തിപെട്ടിരിക്കുന്നത്. 1980കളിൽ ജനാധിപത്യത്തിലേക്ക് കാലെടുത്ത വെച്ച ഒരു ചെറിയ രാജ്യം. വികസനത്തിന്റെ പാതയിലേക്ക് നടന്നെടുക്കുന്ന യൂറോപ്പ്യൻ യൂണിയനിൽ അംഗമായ ക്ര്യസ്ത്യൻ ഭൂരിപക്ഷരാജ്യം!.ല്യയോ(ഏകദേശം17.22 ഇന്ത്യൻ രൂപ)ആണ് വിനിമയ കറൻസി. യൂറോ അത്ര പ്രചാരത്തിലില്ല. റൊമാനിയൻ വംശജരായ രണ്ടു പേരായിരുന്നു ഞങ്ങൾക്ക് ഇനിയങ്ങോട്ടുള്ള മാർഗദർശികൾ. അവർ തെളിച്ച വഴിയിലൂടെ ഞങ്ങൾ മുന്നോട്ട് നടന്നു പുറത്തിറങ്ങിയതും തണുപ്പ് കാൽവിരലിൽ നിന്ന് മേലോട്ട് ശരീരത്തിലേക്ക് കയറുന്നുണ്ടായിരുന്നു. ദുബായിലെ ചെറിയ തണുപ്പിൽ നിന്നും അതികഠിനമായ തണുപ്പിലേക്ക് ഞങ്ങൾ കാലെടുത്തുവെച്ചു.
എത്രയും പെട്ടെന്ന് ഞങ്ങൾക്കുവേണ്ടി ഒരുക്കിയ ബസ്സിൽ കയറിപ്പറ്റുക എന്നതായിരുന്നു അടുത്ത ജോലി. ഇത്രയും പേർക്ക് കയറാൻ രണ്ടു 2 ബസ് ആയിരുന്നു ഒരുക്കിയിരുന്നത് ഞങ്ങൾ തന്നെ പേരിട്ടു വിളിച്ച നമ്പർ 2 ബസിലായിരുന്നു ഞാനടക്കം 44 പേര് കയറിയത്. ആദ്യമായിത്തന്നെ ഗൈഡ്നെ പരിചയപ്പെടാം പേര് ‘റ്റുഡോർ’ അദ്ദേഹം തന്നെ പറഞ്ഞു എന്നെ ഒരിക്കലും രണ്ട് വാതിലുകൾ അർത്ഥം വരുന്ന ‘റ്റു ഡോർ’ എന്ന വാക്ക് വിളിക്കരുതെന്ന് പ്രത്യേകിച്ചും ഞങ്ങളെ ഓർമ്മപ്പെടുത്തി. പുള്ളി ഇന്ത്യയിലോട്ടക്കെ സഞ്ചരിച്ചിടതിനാലാവാം അതിൻറെതായ ആദിത്ഥ്യ മര്യാദ അദ്ദേഹം ശരിക്ക് കാണിക്കുന്നുണ്ടായിരുന്നു. ബസ്സ് ഞങ്ങളെയുംകൊണ്ട് സിറ്റി ലക്ഷ്യമാക്കി മുന്നോട്ട് നീങ്ങി.
റൊമാനിയ തലസ്ഥാനനഗരം ബുക്കാറെസ്റ്റ് ഞങ്ങൾ ആസ്വദിക്കുകയാണ്. എങ്ങും മഞ്ഞുമൂടിക്കിടക്കുന്നു. ആകെ മൂടിക്കെട്ടിയ അന്തരീക്ഷം. കൂടുതൽ പഴയ കെട്ടിടങ്ങളാണ് കാണാൻ കഴിയുന്നത്, എങ്കിലും ഒരു പുതിയ നഗരത്തിലെത്തിയ ആകാംക്ഷയും സംതൃപ്തിയും ഞങ്ങളുടെ മുഖത്ത് നിഴലിച്ചു. എല്ലാവരും പുറമേയുള്ള കാഴ്ചകളിലേക്ക് നോക്കിക്കൊണ്ടേയി രിക്കുന്നു. അതിനിടയിൽ നമ്മൾ റെവല്യൂഷൻ സ്ക്വയറിലൂടെയാണ് സഞ്ചരിക്കുന്നതെന്നും പാർലമെൻറ് പാലസാണ് എതിർപക്ഷത്ത് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ പാർലമെൻറ് പാലസ് ലോകത്തിലെ തന്നെ ഏറ്റവും വിലമതിപ്പുള്ള ബിൽഡിംഗ് ആണെന്നും പറയുന്നുണ്ടായിരുന്നു. ഒരു ഹിസ്റ്ററി അധ്യാപകൻ ക്ലാസ്സെടുക്കുന്ന ക്രമേണ ആദ്യമാദ്യമൊക്കെ എല്ലാവരും കേട്ടിരുന്നു.
അവസാനം ‘വിന്റർ മ്യൂസിയം’ എന്ന് പേരുള്ള ഒരു ബിൽഡിങ്ങിന് മുമ്പിൽ ഞങ്ങളെ കൊണ്ടുപോയി ഇറക്കി. വലത് കാൽ വെച്ച് തന്നെ അതിനകത്തേക്ക് പ്രവേശിച്ചു. ഒരു ‘ലംബോധരൻ’ആണ് ഞങ്ങളെ സ്വീകരിച്ചത്. അങ്ങനെ പറഞ്ഞാൽ ഒരു ഉയരമുള്ള മനുഷ്യൻ വന്നിട്ട് ഞങ്ങളെ സ്വയം പരിചയപ്പെടുത്തി ഇതിനകത്തുള്ള ടൂറിസ്റ്റ് ഗൈഡ് ഞാനാണെന്നും എന്നെ ഫോളോ ചെയ്യാനും പറഞ്ഞു അദ്ദേഹത്തിൻറെ പുറകിൽ ഞങ്ങൾ കൊച്ചുകുട്ടികളെ പോലെ നടന്നു നീങ്ങി പഴയ ഒരു കമ്മ്യൂണിസ്റ്റ് രാജാധിപതി ജീവിച്ചിരുന്ന ഒരു വീടാണത്. ഒരുപാട് അമൂല്യമായ വസ്തുക്കൾ അവിടവിടെ കാണാമായിരുന്നു. ഗോൾഡ് പ്ലേറ്റ് കുളിമുറിയും ശൗചാലയങ്ങളും സിമ്മിങ് പൂള് ഒക്കെ ഉൾപ്പെട്ട ഒരു വലിയ സൗധം എന്ന് വേണമെങ്കിൽ പറയാം. എന്തോ എല്ലാവർക്കും മുഖത്ത് അത്ര സംതൃപ്തി കാണുന്നില്ല! എന്തായാലും പെട്ടെന്ന് പുറത്തിറങ്ങി.
നേരം ഇരുട്ടിത്തുടങ്ങിയിരിക്കുന്നു. ഇനി ഞങ്ങൾക്ക് വേണ്ടി മുൻകൂട്ടി ബുക്ക് ചെയ്ത ഹോട്ടലിലേക്കാണ് അടുത്ത യാത്ര. ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്ന വിളക്കുകളും കമാനങ്ങളും തെളിഞ്ഞതോടെ റോഡുകൾ കൂടുതൽ മനോഹാരിതമായി തോന്നി. കുറച്ചു ദൂരം സഞ്ചരിച്ചു, ഞങ്ങൾക്കു അന്തിയുറങ്ങാനുള്ള ഹോട്ടലിനു മുൻപിൽ ഞങ്ങളെയും വഹിച്ചുകൊണ്ട് വന്ന ബസ് ബ്രേക്കിട്ടു. പെട്ടിയും പ്രമാണങ്ങളുമായി ഞങ്ങൾ പുറത്തിറങ്ങി റിസപ്ഷനിലെത്തി ഓരോ റൂമിലും രണ്ടും രണ്ടുപേർ പ്രകാരം തിട്ടപ്പെടുത്തി. എട്ട് മണിക്ക് തിരിച്ച് റിസപ്ഷനിൽ എത്തണമെന്ന് ഓർമ്മപ്പെടുത്തി എല്ലാവരും അവരുടെ റൂമിലേക്ക് പോയി.
കൃത്യം 8 മണിക്കു തന്നെ എല്ലാവരും തിരിച്ചെത്തി നേരെ റൊമാനിയൻ ഭക്ഷണത്തിന്റെ രുചി അറിയാനായി അടുത്തുള്ള ഹോട്ടലിലേക്ക് നടന്നു. പുറത്ത് ഇറങ്ങിയപ്പോഴാണ് മനസ്സിലായത് ചാറ്റൽ മഴയുടെ കാര്യം. അതൊന്നും വകവെക്കാതെ റസ്റ്റോറൻറ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു നീങ്ങി. റൊമാനിയൻ ശൈലിയിൽ ഒരുക്കിയിരുന്ന റസ്റ്റോറന്റാണ് അകത്ത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്. അവരവർക്കുവേണ്ട സീറ്റുകളിൽ തപ്പിപ്പിടിച്ച് ഭക്ഷണത്തിനായി കാത്തിരിപ്പ് തുടങ്ങി. ആദ്യമായിട്ട് സൂപ്പാണ് എത്തിയത് ഒരൊന്നൊന്നര സൂപ്പ് ആയിരുന്നു. കുടിച്ച് വയറുനിറഞ്ഞു എന്നൊക്കെ പറയാമെങ്കിലും അടുത്ത വിഭവത്തിനായി അക്ഷമയോടെ കാത്തിരുന്നു. കുറച്ചു സമയങ്ങൾക്ക് ശേഷം പുലാന്തോ എന്നറിയപ്പെടുന്ന കടൽ മത്സ്യവും ഉരുളക്കിഴങ്ങും റവയും ചേർന്നുണ്ടാക്കിയ ഒരു വിഭവമാണ് എന്റെ തീൻമേശയിൽ എത്തിയത്. ഫിഷ് അത്ര രുചിച്ചില്ലെങ്കിലും കൂടെയുള്ള റവ സേമ്യ ഇഷ്ടപ്പെട്ടതിനാൽ വയറിനകത്തേക്ക് തട്ടിവിട്ടു. അവസാനം മധുരമുള്ള ഡിസേർട്ടും കൂടി കഴിച്ചാണ് ഞങ്ങൾ അവിടെ നിന്നിറങ്ങിയത്.ഇന്നത്തെ യാത്രകൾ ഇതോടുകൂടി അവസാനിക്കുകയാണ്.
യാത്രയിൽ രണ്ടാമത്തെ ദിവസം. ബുക്കാറെസ്റ്റ് എന്ന തലസ്ഥാന നഗരം വിട്ട് യാത്രയുടെ ഹൈലൈറ്റായ ഡ്രാക്കുള കോട്ട കാണാനായി ഞങ്ങൾ ബ്രാസോവ് എന്ന നഗരത്തിലേക്ക് പ്രയാണം തുടങ്ങുകയാണ്. ഇന്നത്തെ ദിവസം ഇന്നലത്തെക്കാളും വ്യത്യസ്തമായി എനിക്ക് തോന്നി. കാരണം, ബസ്സിൽ ആവശ്യത്തിലധികം ആഘോഷങ്ങൾ നിറഞ്ഞിരുന്നു. പാട്ടും ബഹളവുമായി നേരം പോയതറിഞ്ഞില്ല. ഗായകൻമാരുടെയും കലാകാരന്മാരുടെയും നീണ്ട നിര തന്നെയുണ്ട്. അതിൽ പ്രധാനി Sumod Mohanan അണ്ണൻ തന്നെയാണ്. പാട്ടുപാടുന്ന എല്ലാവരെയും ഈ വേളയിൽ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. അതിനിടയിൽ പുറത്തുള്ള കാഴ്ചകളും ഞങ്ങളെല്ലാവരും ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു.
രണ്ടു മണിക്കൂർ എടുത്താണ് സിനയ എന്ന ഗ്രാമത്തിൽ എത്തിച്ചേർന്നത്. ഇതാണ് ട്രാൻസിൽവാനിയ ഭാഗത്തേയ്ക്കുള്ള ആരംഭം. ടുഡോർ ട്രാൻസിൽവാനിയയുടെ ചരിത്രവും എല്ലാം വിശദമാക്കുന്നുണ്ട്. ചരിത്രക്ലാസ്സിൽ അത്ര താല്പര്യമില്ലാത്തതുകൊണ്ട് മിക്കവരും അവരവരുടെ വിനോദ പരിപാടികളിൽ മുഴുകിയിരിക്കുകയാണ്. അവസാനം ഒരു വഴിയരികിൽ കൊണ്ട് നിർത്തി ഇനി വിടുന്ന 200 മീറ്റർ നടന്നാൽ നാം കാണാൻ പോകുന്ന കോട്ട കാണാൻ പറ്റും എന്നും ഗൈഡ് പറഞ്ഞു. പുറത്തിറങ്ങി എല്ലാരും മഞ്ഞുപാളികളുടെ ഓടുകയാണ്. ചാടി നടന്നു 1893ൽ നിർമ്മിച്ച പെലെസ് കാസിൽ എന്ന പഴയ റൊമാനിയൻ രാജാക്കന്മാർ ജീവിച്ചിരുന്ന ഒരു കോട്ടയിലെത്തി.
പുറത്തു മഞ്ഞു കുന്നുകൂടി കിടക്കുകയാണ് അതിനിടയിലുള്ള നടത്തവും ഓട്ടവും ചാട്ടവും ആയി ഞങ്ങൾ അർമാദിക്കുകയാണ്. അവസാനം കോട്ട കടന്ന് അകത്തേക്ക് കയറി ഇതും ഒരു പഴയ ഒരു സൗധം തന്നെ. വർഷങ്ങൾ പഴക്കമുള്ള ഒരു കെട്ടിടം അതിൻറെ അകവശം വളരെയേറെ അതിശയിപ്പിക്കുന്നതാണ്. അവിടെയും കാര്യങ്ങളൊക്കെ പറഞ്ഞു തരാൻ ഒരാളെ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു. പഴയ വസ്തുക്കൾ തന്നെയാണ് എങ്ങും. ഒരു നല്ല നിർമ്മിതിയായി അനുഭവപെട്ടു. പ്രഭുക്കളും സേനഭടന്മാരും ഉപയോഗിച്ചിരുന്ന ആയുധങ്ങളും വസ്ത്രങ്ങളും എല്ലാം അവിടെ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയിൽ നിന്നുള്ള വാളും പരിചയും കാണിച്ചു തരാൻ ഗൈഡ് പ്രേത്യക ഉത്‌സാഹം കാണിച്ചു. എല്ലാം കൊണ്ടും നല്ലൊരു അനുഭവം ആയിരുന്നു ആ കോട്ട സന്ദർശനം!
ഇപ്പോൾ സമയം മൂന്നുമണി കഴിഞ്ഞു. ഉച്ചഭക്ഷണത്തിനു പോയാൽ ഈ ട്രിപ്പിന്റെ ഹൈലൈറ്റായ ട്രാക്കുള കോട്ട മിസ്സ് ആകുമെന്ന് ഗൈഡ് പറഞ്ഞിതിനാൽ നേരെ ആ കോട്ട ലക്ഷ്യമാക്കി നീങ്ങി. ഇതാണ് ‘ഡ്രാക്കുള കോട്ട’ എന്നറിയപ്പെടുന്ന ബ്രാൻകാസിൽ. ബസ്സിറങ്ങി കുറച്ച് നടക്കാനുണ്ട് കോട്ടക്കകത്തേക്ക്. ഒരു കുന്നിൻ മുകളിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. വഴിയരികിൽ തന്നെ ഡ്രാക്കുള ഭീതി ഉണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ കാണാനിടയായി. ഒരുപാട് ഭയപ്പെടുത്തുന്ന ഓർമകളുമായിട്ടാണ് ഞങ്ങള് കോട്ടയ്ക്കകത്തേക്ക് കയറിയത്. ആദ്യം തന്നെ വലിയ ഗോവണി കയറി മൂന്നാം നിലയിലെത്തി. അങ്ങിങ്ങായി പല പഴയ വസ്തങ്ങളും ആയുധങ്ങളും ക്രമപ്പെടുത്തി വെച്ചതാണ് കണ്ടത്. നടുമുറ്റത്തായി ഒരു ചെറിയ കിണർ കാണാമായിരുന്നു. ഡ്രാക്കുളയിൽ രക്ഷ നേടാനായി കാണിക്കയായോ അതോ കൈക്കൂലിയായോ പൈസ കിണറ്റിലേക്കെറിയുന്നത് കണ്ടു. എന്തൊക്ക ആചാരങ്ങളെ…..
എന്തോ, അത്രയ്ക്ക് ഫീൽ ഞമ്മക്ക് അനുഭവപ്പെട്ടില്ല. ഒരുപക്ഷേ, സിനിമകളിലും കഥാ പുസ്തകങ്ങളിലും കാണിക്കുന്നതെല്ലാം സത്യമാകണമെന്നില്ലല്ലോ. AD 1400കളിൽ ജീവിച്ചിരുന്ന ‘വ്ലാഡ് ഡ്രാക്കുൾ’ എന്ന പേരുള്ള ഒരു വ്യക്തിയും അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു അവിടെ വസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ക്രൂര വിനോദങ്ങളും നാമവും ഡ്രാക്കുള കഥാപാത്രത്തോട് സാമ്യത പുലർത്തുന്നത് കൊണ്ടാവാം ഡ്രാക്കുള കോട്ടയെന്നും അത് എഴുതിചേർത്ത ബ്രാം സ്റ്റോക്കർ എന്ന എഴുത്തുകാരന്റെ പേരും കൂടിചേർത്താണ് ബ്രാൻകാസിൽ എന്ന പേര് അതിനു വന്നത്. എല്ലായിടത്തും പഴയ ജംഗമവസ്തുക്കൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടായിരുന്നു. പെട്ടെന്നുതന്നെ കണ്ടുതീർത്ത് പുറത്തിറങ്ങി.
അകത്തേക്കാളും ഞങ്ങൾ കൂടുതൽ ചെലവഴിച്ചത് പുറത്താണ്. നിരനിരായി സുവനീർ ഷോപ്പുകളും കാണാമായിരുന്നു. ഒരു ഡ്രാക്കുള എന്ന കഥാപാത്രത്തെ എത്രമാത്രം കച്ചവട തന്ത്രത്തിലൂടെ ഉപയോഗപ്പെടുത്താമെന്ന് റൊമാനിയൻനേതൃത്വം നമുക്ക് കാണിച്ചുതരുന്നു. ഡ്രാക്കുള എന്ന കഥാപാത്രം അവിടെ ജീവിച്ചിരുന്നില്ല എന്നും അതൊരു ഐറിഷ് കലാകാരന്റെ ഭാവനയിൽ വിരിഞ്ഞ കഥാപാത്രമാണെന്നും തിരിച്ചുള്ള മടക്ക യാത്രയിൽ ടുഡോർ പറഞ്ഞപ്പോഴാണ് എല്ലാവരും അന്തം വിട്ട് വാ പൊളിച്ചത്! ഏത് സ്ഥലവും കാണാൻ പോകുന്നതിനു മുമ്പ് തന്നെ ടുഡോർ പോകുന്ന സ്ഥലത്തെ പറ്റി ഒരു ചെറിയ ചരിത്ര വിവരണം തരാറുണ്ട്. പക്ഷെ ഈ കോട്ട കണ്ടതിനു ശേഷമാണ് വിവരണം നൽകിയതിലുള്ള ഗുട്ടൻസ് അപ്പോഴാണ് പിടികിട്ടിയത്.
വിശപ്പ് അതിൻറെ പാരമ്യത്തിൽ എത്തിയിരിക്കുന്നു. മുൻകൂട്ടി ഉച്ചഭക്ഷണം ബുക്ക് ചെയ്തു വെച്ചിരുന്ന ഹോട്ടലിലേക്കാണ് അടുത്ത യാത്ര. ഉച്ചഭക്ഷണം എന്നു പറഞ്ഞാൽ ഇപ്പോൾ സമയം ഏഴു മണിയായി. ഹോട്ടൽ നിലകൊള്ളുന്നത് ഒരു മനോഹരമായ ഒരു കുന്നിൻ മുകളിൽ ആയിരുന്നു. വിശപ്പിൻറെ കാഠിന്യം കാരണം അതൊന്നും ആസ്വദിക്കാൻ ഞങ്ങൾക്ക് തോന്നിയില്ല. എത്രയും പെട്ടെന്ന് എന്തെങ്കിലും വിശപ്പടക്കാനുള്ള ഉദ്ദേശത്തോടെ ഹോട്ടലിനകത്തേക്ക് കയറി പെട്ടെന്ന് അവനവൻറെ ഇരിപ്പിടങ്ങളിൽ ഇരിപ്പുറപ്പിച്ചു. ഭക്ഷണം വൈകുമെന്ന് കണ്ടപ്പോൾ ഞങ്ങൾ ഞങ്ങളുടെ കലാപരിപാടികൾ തുടങ്ങി. പാട്ടുപാടൽ! ഇത് കേട്ട താഴെ നിലയിലുള്ള കുറെ റൊമാനിയ വംശജർ അവിടെ ക്യാമറകളുമായി മേലോട്ട് കയറി വന്നു.
ഭക്ഷണം കഴിച്ചു അവിടെ നിന്നിറങ്ങി ബസ്സിലേക്ക് കയറി ഇനി തിരികെ റമദാ ഹോട്ടൽ എന്ന ഹോട്ടലിലേക്ക്. അവിടെയും ചെക്കിങ് ഒക്കെ കഴിഞ്ഞു ഒമ്പതരമണിക്ക് ഗാല ഡിന്നറിന് രണ്ടാം ഫ്ലോറിലേക്ക് എത്തണമെന്നും ഓർമിപ്പിച്ച് എല്ലാവരും റൂമിലേക്ക് പോയി. തിരിച്ചെത്തിയത് എല്ലാവരും കറുത്ത വസ്ത്രം ധരിച്ചുകൊണ്ട് ആണ്. അത് മുൻകൂട്ടി പ്ലാൻ ചെയ്തതായിരുന്നു എല്ലാവരും കറുത്ത വസ്ത്രത്തിൽ കാണാൻ ഒരു പ്രത്യേക ചന്തം തോന്നി. വീണ്ടുമൊരു ആഘോഷരാവ് ഞങ്ങൾ ആസ്വദിക്കുകയായിരുന്നു. മൈക്കിലൂടെ ഈ യാത്രയ്ക്ക് എത്താനുള്ള സാഹചര്യം എല്ലാവരും വിശദമാക്കുന്നുണ്ടായിരുന്നു. അതുംകഴിഞ്ഞ് എല്ലാവരും ഒരുമിച്ചുള്ള ഡപ്പാൻകുത്ത് നൃത്തത്തോടും കൂടിയാണ് ആഘോഷ രാവിന് തിരശ്ശീല ഇട്ടത്.
ഇന്നാണ് റൊമാനിയയിലെ അവസാനത്തെ ദിവസം. തിയതി 26 ജനുവരി, ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനം ! ഒരു ഓർമ്മ പുതുക്കൽ ആവാമെന്ന ആരുടെയോ മനസ്സിൽ തോന്നിയ ആഗ്രഹം ഞങ്ങൾ മഞ്ഞിൽ നിന്ന് ദേശീയഗാനം ആലപിച്ചു നടപ്പിലാക്കി. ഇത് ടുഡോർന് ഞങ്ങളോട് കൂടുതൽ ബഹുമാനം ഉണ്ടാവാൻ ഇടയാക്കി. ട്രാൻസിൽവേനിയൽ നിന്നും വീണ്ടും ബുക്കാറെസ്റ്റ്ലേക്ക്. പോകുന്ന വഴി അതി പുരാതന വൈൻ നിർമാണശാലയിലിലും കയറി. വൈൻ ഉണ്ടാക്കുന്ന രീതി അവിടെയുള്ള ഒരു വൃദ്ധ വിവരിച്ചു തരുന്നുണ്ടായിരുന്നു. അതും കഴിഞ്ഞ് നിർമ്മാണം കഴിഞ്ഞ് വൈൻ നിർമ്മിച്ച് സംഭരിച്ച ശേഷം വീര്യം കൂടാൻ വെക്കുന്ന ഏരിയയിലേക്ക്. ശേഷം ഷുഗർ ചേർക്കുന്ന പ്രക്രിയ കാണാനായി അടുത്ത റൂമിലേക്ക്. അതും കഴിഞ്ഞ് ആവശ്യമുള്ളവർക്ക് ഇത്തിരി നുണയുകയും ചെയ്യാം, വാങ്ങുകയും ചെയാം…
നിർമാണശാലയ്ക്ക് പുറത്തും മഞ്ഞുമൂടി കിടക്കുകയാണ് മഞ്ഞു കണ്ടാൽ ഞങ്ങളെല്ലാവരും കൊച്ചുകുട്ടികൾ ആകുകയാണ്. ചാടിക്കളിച്ചും ഓടി നടന്നും സമയം പോയതറിഞ്ഞില്ല. ബസ് കയറി വീണ്ടും ബുക്കാറെസ്റ്റ് ലക്ഷ്യമാക്കി ഞങ്ങൾ മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു. അവസാനം ബുക്കാറെസ്റ്റ് നഗരത്തിനോട് അടുത്ത് കൊണ്ടിരുന്നു. രണ്ടുദിവസം മുമ്പ് കണ്ട ബുക്കാറെസ്റ്റ് നഗരം ആയിരുന്നില്ല അന്ന് പൂർണമായി ഐസിൽ കുളിച്ചു കിടക്കുകയാണ്. ഇന്നും ഞങ്ങൾക്ക് സൂര്യനെ കാണാൻ കഴിഞ്ഞില്ല. ഏകദേശം ഇരുട്ടിൽ തന്നെയാണ് പൂർണ്ണ സമയവും. കറങ്ങിത്തിരിഞ്ഞ് ഒരു ഹോട്ടലിനു മുൻപിൽ ഞങ്ങളെ കൊണ്ടെത്തിച്ചു.
സമയം രണ്ടു മണി! അവിടെ അവിടെനിന്നും സ്ഥിരം കിട്ടുന്ന പുലാന്തോ വിഭവവും കഴിച്ചു. അതിനടുത്ത് ഒരു ഒരു തടാകം ഉണ്ടായിരുന്നു. തടാകത്തിന് അടുത്തേക്ക് ചെന്നപ്പോൾ ഐസ് പിടിച്ചു മരവിച്ചു കിടക്കുകയാണ് കാണാൻ കഴിഞ്ഞത്. എല്ലാവരും തിരികെ ബസ്സിൽ കയറി ബുക്കാറെസ്റ്റ് ഹൃദയ ഭാഗത്തേക്ക് നീങ്ങി അവസാനം ബുക്കാറെസ്റ്റ് മാൾ എന്ന മഹാ കെട്ടിട സമുച്ചയത്തിനു മുന്നിൽ നിർത്തി. ഇനി നിങ്ങളുടെ ഷോപ്പിങ് സമയമാണെന്ന് ഗൈഡ് ഉണർത്തി. പുറത്തിറങ്ങി എല്ലാവരും ഷോപ്പിംഗ്ൽ ലയിച്ചു. രണ്ടുമണിക്കൂർ ആയിരുന്നു ഷോപ്പിങ്ങിനായി തങ്ങൾക്കനുവദിച്ച തന്നിരുന്നത്. കൃത്യം ആറുമണിക്കുതന്നെ എല്ലാവരും ബസ്സിനടുത്തേക്ക് തിരിച്ചു വന്നു.
ഇനി അത്താഴം ആണ്. ഒരുപക്ഷേ റൊമാനിയയിലെ അവസാന അത്താഴം എന്നുവേണമെങ്കിൽ പറയാം. കുമാർ ആഗ്ര എന്ന ഡൽഹിക്കാരന്റെ ഇന്ത്യൻ റസ്റ്റോറൻറ്ലേക്കാണ് ഞങ്ങൾ ആനയിച്ചത്. നിരവധി ഭക്ഷണങ്ങൾ വടക്കേ ഇന്ത്യ ശൈലിയിൽ ഒരുക്കിയിരുന്നു അവിടെ. മൂന്നു ദിവസത്തെ ഭക്ഷണം ഒരുമിച്ചു കണ്ട മാത്രയിൽ എല്ലാവരും ഭക്ഷണത്തിനായി തിരക്കു കൂട്ടുന്നുണ്ടായിരുന്നു. അതും കഴിച്ച് തിരിച്ച് ബസ്സിൽ കയറി നേരെ ബുക്കാറെസ്റ്റ് നഗരത്തോട് വിട പറയുകയാണ്.
അരമണിക്കൂറോളം സഞ്ചരിച്ച് ഞങ്ങൾക്ക് പോകാനുള്ള എയർപോർട്ടിലേക്ക് ഞങ്ങൾ തിരിച്ചെത്തി. ഇതായിരുന്നു ഞങ്ങളുടെ റൊമാനിയൻ യാത്ര! ഒരുപാട് സന്തോഷങ്ങളും ആനന്ദങ്ങളും നൽകിയ യാത്ര ഇവിടെ അവസാനിക്കുകയാണ്. ഒരു യാത്ര എന്നതിലുപരി ഒരു കുടുംബയാത്ര എന്ന പ്രതീതി ഉണ്ടാക്കിയ വിനോദയാത്ര! ഒരുപാട് പുതിയ ബന്ധങ്ങൾ, പുതിയ കൂട്ടുകാർ, വിസ്മയിപ്പിച്ച വലിയ വ്യക്തിത്വങ്ങളുടെ ഇടപെടലുകൾ… ഇതിനൊക്കെ അപ്പുറത്തായിരുന്നു ആ ട്രിപ്പ് !