എഴുത്ത് – പ്രകാശ് നായർ മേലില.
പലർക്കും ഇതൊരു പുതിയ അറിവായിരിക്കും. പ്രത്യേകിച്ചും യുവതലമുറയ്ക്ക്. എന്നാൽ 100 വര്ഷം മുൻപ് ഭാരതത്തിൽ രണ്ടര രൂപയുടെ കറൻസിനോട്ട് പ്രചാരത്തിലുണ്ടായിരുന്നു. 1918 ജനുവരി 22 നായിരുന്നു ഈ നോട്ട് ആദ്യമായി പുറത്തിറക്കിയത്.1926 ജനുവരി ഒന്നുവരെ മാത്രമായിരുന്നു ഇത് പ്രചാരത്തിലുണ്ടായി രുന്നതും.
രണ്ടര രൂപാ നോട്ടിൽ ഒരുവശത്ത് രണ്ടു രൂപാ എട്ടണ ( RUPEES TWO ANNAS EIGHT ) എന്നും മറുപുറത്ത് വലതുവശത്ത് ഒരു വൃത്തത്തിനുള്ളിൽ 2/8 എന്നും ഇടതുവശത്ത് ബ്രിട്ടീഷ് രാജകിരീടവും നടുക്കായി ബംഗാളി, ഗുജറാത്തി, ഒറിയ, ഉർദു , പഞ്ചാബി, കന്നഡ, തെലുങ്ക്, തമിഴ് ഉൾപ്പെടെ 8 ഭാഷകളിൽ രണ്ടര രൂപ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയും മലയാളവും ഇതിലില്ല.
അന്ന് അണക്കണക്കായിരുന്നു നിലനിന്നിരുന്നത്. 16 അണ ഒരു രൂപയായിരുന്നു.8 അണ 50 പൈസയും. അതു കൊണ്ടാണ് ഈ കറൻസിയിൽ 2/8 എന്ന് RUPEES TWO ANNAS EIGHT രേഖപ്പെടുത്തിയിരിക്കുന്നത്. അക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയിൽ ഭരണസിരാകേന്ദ്രങ്ങളായി 7 സർക്കിളുകളാണ് ഉണ്ടായിരുന്നത്. ABCKLMR എന്നിവയായിരുന്ന അവ യഥാക്രമം A.കാൺപൂർ, B.ബോംബെ, C.കൽക്കത്ത, K .കറാച്ചി, L .ലാഹോർ, M ,മദ്രാസ്, R രംഗൂൺ എന്നിങ്ങനെയായിരുന്നു. ഈ സർക്കിളുകൾ വഴിയാണ് നോട്ടുകൾ വിതരണം ചെയ്തിരുന്നത്. റംഗൂൺ എന്ന ഇന്നത്തെ മ്യാൻമാർ അന്ന് ബ്രിട്ടീഷ് അധീനതയിലായിരുന്നു.
രണ്ടര രൂപാ നോട്ടിൽ അന്നത്തെ ബ്രിട്ടീഷ് ധനകാര്യ സെക്രട്ടറി MSS ഗബ്ബിയുടെ ഒപ്പാണുള്ളത്. ഹാൻഡ് മേഡ് പേപ്പറിൽ അച്ചടിക്കപ്പെട്ട ഈ കറൻസി ബ്രിട്ടനിലാണ് പ്രിൻറ് ചെയ്തിരുന്നത്. ഏറ്റവും മുകളിലായി Government Of India എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.ഒപ്പം സീരിയൽ നമ്പരുമുണ്ട് . മുകളിൽത്തന്നെ ഇടതുവശത്തായി അഷ്ടകോണ ചിത്രത്തിൽ ജോർജ് 5 രാജാവിന്റെ ചിത്രവും ചേർത്തിട്ടുണ്ട്.
അന്ന് ഡോളറിനെക്കാൾ ഉയർന്ന മൂല്യമായിരുന്നു ഈ രൂപയ്ക്ക്. ഈ നോട്ടിന്റെ ഇന്നത്തെ മൂല്യം 7 ലക്ഷം രൂപയാണ്. അന്നത്തെ ആ രണ്ടര രൂപയുടെ ഒരു നോട്ട് ഇപ്പോൾ ജാർഖണ്ഡിലെ മുൻ രാജ്യസഭാ മെമ്പറായിരുന്ന അജയ് മാരുവിന്റെ പക്കലുണ്ട്. അദ്ദേഹത്തിന് അദ്ദേഹത്തിൻറെ മുത്തച്ഛൻ സമ്മാനിച്ച ഈ നോട്ട് ഇന്നും അമൂല്യമായ നിധിയായി കരുതി സംരക്ഷിച്ചുവരുന്നു.