പിൻകോഡുകളെക്കുറിച്ച് നമ്മളെല്ലാം കേട്ടിട്ടുണ്ടാകും. സാധാരണയായി ഒരു പ്രദേശത്തിനു മൊത്തമായി ഒരു പിൻകോഡ് ആയിരിക്കും ഉണ്ടാകുക. എന്നാൽ ഒരു വ്യക്തിയ്ക്ക് മാത്രം സ്വന്തമായി പിൻകോഡ് ഉണ്ടാകുമോ? അധികം ആലോചിക്കേണ്ട, അങ്ങനെ രണ്ടു വ്യക്തികൾക്കു മാത്രമായി പിൻകോഡ് സംവിധാനം നമ്മുടെ രാജ്യത്തുണ്ട്.
ഇന്ത്യയിൽ സ്വന്തമായി തപാൽ പിൻകോഡുള്ള രണ്ട് പേർ ശബരിമല അയ്യപ്പനും ഇന്ത്യൻ പ്രസിഡന്റുമാണ്. രാജ്യത്താകമാനം 1,54,500 പിൻകോഡുകൾ നിലവിലുണ്ട്. രാഷ്ട്രപതിയുടെ പിൻകോഡ് 110004. രാഷ്ട്രപതി ഭവൻ തപാൽ സബ് ഓഫീസാണിത്. ശബരിമല സന്നിധാനം തപാൽ ഓഫീസിന്റെ പിൻകോഡ് 689713.
വർഷത്തിൽ ഏകദേശം രണ്ടര മാസമാണ് അയ്യപ്പന്റെ തപാൽ ഓഫീസും പിൻകോഡും സജീവമായിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ മണ്ഡല – മകരവിളക്ക് സീസണിൽ 66 ദിവസവും വിഷുവിന് 10 ദിവസവും ചേർത്ത് 76 ദിവസം. ഉൽസവ സീസൺ മാറുന്നതിനൊപ്പം പിൻകോഡ് നിർജീവമാകും. ഇത് ഇന്ത്യയിലെ ആദ്യത്തെ സംഭവമാണ്.
ഇനിയും ഏറെ പ്രത്യേകതകൾ ഈ തപാലാഫീസിനുണ്ട്. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ആലേഖനം ചെയ്ത തപാൽ മുദ്രയാണിവിടെ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ വേറൊരിടത്തും തപാൽ വകുപ്പ് ഇത്തരം വേറിട്ട തപാൽ മുദ്രകൾ ഉപയോഗിക്കുന്നില്ല. ഉൽസവകാലം കഴിഞ്ഞാൽ ഈ മുദ്ര പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിൽ സൂക്ഷിക്കും. അടുത്ത മണ്ഡല – മകരവിളക്ക് സീസണിലാണ് ഈ മുദ്ര പുറത്തെടുക്കുന്നതും വെളിച്ചം കാണുന്നതും.
ഒട്ടനവധി കത്തുകളും മണിയോർഡറുകളും ഇവിടെ ലഭിക്കുന്നു. കത്തുകൾ പലതും കൗതുകമുള്ളതാണ്. അയ്യപ്പൻ നിത്യബ്രഹ്മചാരിയാണെങ്കിലും പ്രണയസാഫല്യം, ഉത്തീഷ്ടകാര്യലാഭം, മറ്റ് ആകുലതകൾ, പരാതികൾ തുടങ്ങിയ സ്വകാര്യങ്ങൾ പലരും കത്തിലൂടെ അയ്യപ്പനെ അറിയിക്കാറുണ്ട്. നിരവധി നിവേദനങ്ങൾ ഭക്തർ അയ്യപ്പന് സമർപ്പിക്കുന്നു.
ഗൃഹപ്രവേശനം, വിവാഹം തുടങ്ങി വീട്ടിലെ വിശേഷങ്ങളുടെ ആദ്യ ക്ഷണക്കത്തുകൾ ഭക്തർ അയ്യപ്പന് അയയ്ക്കാറുണ്ട്. ഒരു മണ്ഡലകാലം കഴിഞ്ഞാൽ അടുത്ത മണ്ഡലകാലം വരേയും വായിച്ചാൽ തീരാത്തത്ര കത്തുകൾ. കൂടുതലും തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയയിടങ്ങളിൽ നിന്നുമാണ് ഇവിടേക്ക് കത്തുകളും മണിയോർഡറുകളും എത്തുന്നത്.
അയ്യപ്പന് ലഭിക്കുന്ന കത്തുകൾ നടയ്ക്ക് വച്ചശേഷം ക്ഷേത്രം എക്സി: ഓഫീസർ കൈപ്പറ്റും. മണിയോർഡറുകൾ കൈപ്പറ്റുന്നതും ഈ രീതിയിൽ തന്നെ. ഉത്സവം കഴിഞ്ഞാലും സ്വാമി അയ്യപ്പന് കത്തുകളും മണിയോർഡറുകളും ലഭിക്കാറുണ്ട്. എന്നാലിത് വടശ്ശേരിക്കര തപാലാഫീസിലാണ് എത്തുന്നത്. അവിടെനിന്നും പമ്പയിൽ എത്തിച്ചശേഷം സന്നിധാനത്ത് എത്തിക്കും.
1984 ൽ ആണ് സന്നിധാനം തപാൽ ഓഫീസ് ആരംഭിച്ചത്. ഇന്ത്യയിൽ വർഷം മുഴുവൻ പ്രവർത്തിക്കാത്ത ഏക തപാൽ ഓഫീസാണ് സന്നിധാനത്തേത്. വ്യത്യസ്തതയും സവിശേഷതയുമാർന്ന ഒട്ടനവധി സൗകര്യങ്ങൾ സന്നിധാനം തപാൽ ഓഫീസിൽ ലഭ്യമാണ്. അതിൽ ഒന്നാണ് “My Stamp.”
സന്നിധാനം പശ്ചാത്തലമാക്കിയുള്ള സ്വന്തം ഫോട്ടോ പതിച്ച തപാൽ സ്റ്റാംമ്പ് ആർക്കും ഇവിടെ നിന്നും സ്വന്തമാക്കാം. ഇതിനായി പ്രത്യേക അപേക്ഷ നൽകണമെന്നുമാത്രം. 300 രൂപ ചാർജ് ഈടാക്കി സ്റ്റാമ്പുകളുടെ ഒരു ഷീറ്റ് ലഭിക്കും. ഇതുപയോഗിച്ച് കത്തുകളയയ്ക്കാം. ചിലർ സ്റ്റാമ്പ് ശേഖരത്തിനും മറ്റ് ചിലർ പ്രിയപ്പെട്ടവർക്ക് സമ്മാനമായും ഇത് ഉപയോഗിക്കാറുണ്ട്.
ഞായറാഴ്ച ഉൾപ്പടെ എല്ലാ അവധിദിവസങ്ങളിലും സന്നിധാനം തപാൽ ഓഫീസ് പ്രവർത്തിക്കുന്നു. പോസ്റ്റ് മാസ്റ്റർക്ക് പുറമേ രണ്ട് പോസ്റ്റ്മാൻമാരും രണ്ട് പോസ്റ്റൽ അസിസ്റ്റന്റ്മാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. മൊബൈൽ കമ്പനികളുടെ റീച്ചാർജ് സൗകര്യവും ഇവിടെ ലഭ്യമാണ്.
നിരവധി ഭക്തർ ഇവിടെ നിന്നും കത്തുകളയയ്ക്കും. ചിലർ സ്വന്തം പേരിലും അയയ്ക്കും. വീട്ടിലെത്തുമ്പോൾ അയ്യപ്പ മുദ്ര പതിച്ച കത്തുകിട്ടുന്നത് പുണ്യമായി കരുതുന്നവർ. ഈ സീസണിലെ (2019) പോസ്റ്റ്മാസ്റ്ററുടെ പേരിലും ഒരു കൗതുകമുണ്ട്. “എം.അയ്യപ്പൻ.”
കടപ്പാട് പോസ്റ്റ്.