വിവരണം – നീതു അലക്‌സാണ്ടർ.
കുടുംബമായി ഒരു യാത്ര പോകണമെന്ന് എപ്പോൾ പറഞ്ഞാലും എന്തെങ്കിലും ഒക്കെ തടസ്സങ്ങൾ കൊണ്ട് മാറ്റിവെച്ചു പോകുന്നത് പതിവായിരുന്നു. കശ്മീർ തൊട്ട് പ്ലാൻ ചെയ്ത് അവസാനം കൊച്ചി വരെ എത്തി. ഇനിയും അടുത്ത് ആയാൽ വീട്ടിൽ തന്നെ ഇരിക്കുന്നതാ നല്ലത് എന്ന് കരുതി അവസാനം കൊച്ചിയിലെ സാഗരറാണി ക്രൂയിസ് യാത്ര എന്നതിൽ മൂന്നു തരം വിളിച്ചുറപ്പിച്ചു. അങ്ങനെ ഞാനും പപ്പയും മമ്മിയും അനിയനും അനിയത്തീം കൂടി നേരെ കൊച്ചിക്ക് തിരിച്ചു.
സാഗരറാണി ക്രൂയിസ് യാത്രയെപറ്റി പറയുകയാണെങ്കിൽ കൊച്ചിയുടെ അടിസ്ഥാന ചരിത്രം ചുരുങ്ങിയ നേരം കൊണ്ട് കണ്ടും കേട്ടും ആസ്വദിച്ചും മനസ്സിലാക്കാൻ നല്ല അടിപൊളി യാത്ര തന്നെയാണിത്. 350 രൂപ മുടക്കിയാൽ ‘മീമീ’ കൂട്ടിയുള്ള ഭക്ഷണത്തോടുകൂടി 2 മണിക്കൂർ ദൈർഘ്യമുള്ള ഈ യാത്ര നമുക്ക് ആസ്വദിക്കാം. ഇപ്പോളാണെങ്കിൽ മഴയുടെയോ മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളോ ഇല്ലാത്തതിനാൽ സാഗരറാണി ക്രൂയിസ് യാത്ര നടത്താൻ നല്ല സമയം തന്നെയാണ്. ഈ യാത്രയുടെ മറ്റൊരു പ്രത്യേകത ഏകദേശം 10 നോട്ടിക്കൽ മൈൽ ദൂരം കടലിൽ കൂടി വിനോദസഞ്ചാരത്തിനു മാത്രമായി യാത്ര നടത്തുന്ന കേരളത്തിലെ ഒരേയൊരു ക്രൂയിസ് ആണിത് എന്നതാണ്.
മൂന്ന് നിലകളായാണ് ഈ ക്രൂയിസ് നിർമിച്ചിരിക്കുന്നത്. ഏറ്റവും അടിയിലെ നിലയിൽ എഞ്ചിനും മുകളിലത്തെ മറ്റു രണ്ട് നിലകൾ യാത്രികർക്കുമായി ആണ് സജ്ജീകരിച്ചിരിക്കുന്നത്. എറണാകുളം മറൈൻ ഡ്രൈവിൽ നിന്നാണ് സാഗരറാണിയുടെ ടിക്കറ്റ് എടുക്കുന്നതും യാത്ര തുടങ്ങുന്നതും. അങ്ങനെ എറണാകുളം മറൈൻ ഡ്രൈവിൽ നിന്നും ഉച്ചക്ക് 1:30നു സാഗരറാണിയുടെ ടിക്കറ്റ് എടുക്കുകയും പിന്നീട് ഞങ്ങൾ യാത്ര തുടങ്ങുകയും ചെയ്തു. യാത്ര തുടങ്ങിയപ്പോൾ പഴയ പാട്ടുകൾ ഒക്കെ വെച്ചിരുന്നു. പിന്നീട് രണ്ട് ഗായകന്മാരും അതൊനൊത്ത സംഗീതോപകരണങ്ങളും വന്നു. കൂട്ടത്തിലെ ഒരാൾ ക്രൂയിസ് കടന്നു പോകുന്ന ഇരുവശങ്ങളിലെയും കാഴ്ചകളും ചരിത്രവും വിശദീകരിച്ചു കൊണ്ടിരുന്നു. ശരിക്കും പറഞ്ഞാൽ നേരിട്ട് കാണുകയും അത് കേൾക്കുകയും ചെയ്യുന്നത് വല്ലാത്തൊരു സുഖമാണ്.
വില്ലിങ്ടൻ ഐലൻഡും ഫോർട്ട് കൊച്ചിയും, വൈപ്പിൻ ദ്വീപ്, മുളവുകാട് ദ്വീപ്, വല്ലാർപാടം ദീപ്, ബോൾഗാട്ടി പാലസ്, കൂറ്റൻ കപ്പലുകൾ, ചീനവലകൾ പിന്നെ സീഗേളിനെയും ഡോൾഫിനുകളെയും കാണാം എന്നതാണ് ഈ രണ്ടു മണിക്കൂർ യാത്രയുടെ പ്രത്യേകത. ഡോൾഫിനെ കാണാം എന്നു പറയുമ്പോൾ ആകാശനീല നിറമുള്ള ഡോൾഫിനെ ആരും പ്രതീക്ഷിക്കരുത്. തിരമാലയോട് മത്സരിച്ചു നീന്തുന്ന നല്ല കറുമ്പൻ ഡോൾഫിൻമാരെ ആണ് നമുക്ക് കാണാൻ കഴിയുക. എന്നിരുന്നാലും രണ്ടു മണിക്കൂർ ഏത് വഴി പോയെന്നു ചോയ്ച്ചാൽ നമുക്ക് ഓർമ കിട്ടൂല. മണിച്ചേട്ടന്റെ നാടൻപാട്ടുകളും യാത്രക്കാരുടെ നൃത്തവും ഉൾപ്പെടുത്തിയുള്ള ഗാനമേള നമ്മളെ ആനന്ദലഹരിയിൽ എത്തിക്കും എന്നതിൽ സംശയം വേണ്ട. 3:30 ആയപ്പോൾ തിരിച്ചു മറൈൻ ഡ്രൈവിൽ ആണ് സാഗരറാണി ക്രൂയിസ് യാത്ര അവസാനിപ്പിച്ചത്.