വിവരണം – Krishna Kumari.
ഇപ്പോൾ ട്രാവൽസ് രംഗത്ത് നടക്കുന്ന ഗുണ്ടായിസ വാർത്തകൾ കണ്ടപ്പോൾ ബാംഗ്ലൂർ നിന്ന് കേരളത്തിലേക്കും തിരിച്ചും ഒരു സ്ഥിരം യാത്രക്കാരി എന്ന നിലയിൽ എനിക്ക് ഒട്ടും അത്ഭുതമോ ആശ്ചര്യമോ തോന്നുന്നില്ല. ആശങ്ക വർധിച്ചു എന്ന് മാത്രം. കല്ലടയോ ഗ്രീൻലൈനോ സാം ട്രാവെൽസ് എന്നോ വ്യതാസമില്ലാതെ ഞങ്ങളെ പോലെ ഉള്ള അന്യസംസ്ഥാന വാസികൾ ഇത്തരം ദീർഘ ദൂര യാത്രകളിൽ ഇത് ഇപ്പോഴും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
ഈ കഴിഞ്ഞ വിഷുക്കാലത്തു നാട്ടിലേക്കുള്ള യാത്രക്കിടയിൽ ഞാനും കുടുംബവും ബസ് ജീവനക്കാരുടെ നേരിട്ടുള്ള മർദ്ദനം കിട്ടിയില്ലെങ്കിലും ഏറെക്കുറെ സമാനമായ ദുരിതം ഒരു രാത്രി മുഴുവൻ അനുഭവിച്ചു. വേനലവധിയും ഈസ്റ്റര് ഉം ഒക്കെ വരുന്ന സമയം ആണ് – ടിക്കറ്റ് നിരക്ക് മൂന്നും നാലും ഇരട്ടി ആകും എന്നറിയുന്ന നമ്മൾ, ഒരു മാസം മുൻപ് തന്നെ (മാർച്ച് 13 ) പയ്യന്നുർക്കു റെഡ്ബസ് വഴി ടിക്കറ്റ് ഒന്നിന് 800 രൂപ വച്ച് രണ്ടു സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അതിനനുസരിച്ചുള്ള യാത്ര തയ്യാറെടുപ്പുകളും നടത്തി. നാട്ടിൽ ഉത്സവങ്ങളും തെയ്യങ്ങളും, രണ്ടു മാസം സ്കൂൾ ഇല്ല – എല്ലാം മുന്നിൽ കണ്ടു ഞാനും കുട്ടികളും രണ്ടു മാസം നാട്ടിൽ കഴിയാം എന്നാണ് ലക്‌ഷ്യം.
ഏപ്രിൽ 11 രാത്രി മടിവാളയിൽ നിന്ന് പുറപ്പെടുന്ന സാം ട്രാവെൽസ് ബസ് നു ആയിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ചെറിയ രണ്ടു കുട്ടികളും കാര്യമായ നടുവേദനയും ഒക്കെ ഉള്ളതിനാൽ ബസിന്റെ മധ്യഭാഗത്തു താഴത്തെ ബെർത്തിൽ തന്നെ ഞങൾ സീറ്റ് ഉറപ്പാക്കിയിരുന്നു. വൈകുന്നേരങ്ങളിൽ മിക്കവാറും മഴയും ഞങ്ങൾ താമസിക്കുന്ന സിംഗസാന്ദ്രയിൽ നിന്ന് മടിവാള ഏതാണ് എട്ടൊമ്പത് കിലോമീറ്റര് ദൂരവും ഉള്ളത് കൊണ്ട് രാജീവ് ഓഫീസിൽ നിന്ന് വരുമ്പോഴേക്ക് ഞാനും കുട്ടികളും ബാഗ് ഒക്കെ എടുത്തു തയ്യാറായി നിന്നിരുന്നു. ഇതിനിടയ്ക്ക്, വൈകുന്നേരം 6 മണിയോടെ ബസ് നമ്പർ, ബോര്ഡിങ് പോയിന്റ്, ബസ് നെ കോൺടാക്ട് ചെയ്യാൻ ഫോൺ നമ്പർ ഒക്കെ ഉള്ള SMS വന്നു. സമയത്തു തന്നെ എത്തണമെന്നും ഉണ്ട് !! യാത്ര കൺഫേം തന്നെ!!
7 മണിയോടെ ഞങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി. ചിലപ്പോ വൈകുന്നേരങ്ങളിൽ അതിഭീകര ട്രാഫിക് ആകും . ഒരു ടാക്സിയും കിട്ടി. ടാക്സി കുറച്ചു നീങ്ങിയപ്പോഴാണ് വേറെ ഒരു മെസ്സേജ് വരുന്നത്. “Dear Customer, due to vehicle breakdown, your journey is canceled!!!”മെസ്സേജ് വായിച്ചു തകർന്നു തരിപ്പണമായി. ബസ് ക്യാൻസൽ ആക്കി എന്ന്. ബസ് നമ്പർ മാറി എന്നല്ല, ബസ് തന്നെ ക്യാൻസൽ ചെയ്തു എന്നാണ് മെസ്സേജ്. രണ്ടു ചെറിയ കുട്ടികൾ ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു, കയ്യിൽ നാല് വലിയ ബാഗ്. എങ്ങനെ എങ്കിലും ഒന്ന് ബസിൽ കയറി കുട്ടികളെ കിടത്താം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ മെസ്സേജ്.
കുറച്ചു നേരത്തെ കിട്ടിയ മെസ്സേജിൽ മൂന്ന് ഫോൺ നമ്പർ ഉണ്ടായിരുന്നു. അതിൽ വിളിച്ചു കാര്യം അന്വേഷിക്കാൻ ശ്രമിച്ചു. ഒന്നും എടുക്കുന്നില്ല. എല്ലാം റിങ് ചെയ്യുന്നുണ്ട്. ഒടുവിൽ ഒരാൾ ഫോൺ എടുത്തു. നമ്മൾ പറഞ്ഞു , നമ്മൾ എത്താറായി, എവിടെയാ ബോര്ഡിങ് എന്ന് ചോദിച്ചു. “ഇന്നത്തെ ബസിനാണോ?
അത് ക്യാൻസൽ ആക്കിയാലോ, നിങ്ങളുടെ പൈസ റീഫണ്ട് വരും!!” ഫോൺ എടുത്തു അവർ പറഞ്ഞ മറുപടി ആണിത്. ഒരു മാസം മുൻപ് 1800 രൂപ കൊടുത്തു ടിക്കറ്റ് ബുക്ക് ചെയ്തു, ചെറിയ രണ്ടു കുട്ടികളെയും കൊണ്ട് രാത്രി സമയത്തു ഏതോ സ്ഥലത്തു എത്തിയ നമ്മളോട് പറഞ്ഞ ഡയലോഗ് ആണിത്.
നമ്മൾക്ക് പോയെ പറ്റൂ എന്ന് തീർത്തു പറഞ്ഞു. “ബസ് ഇല്ല ക്യാൻസൽ ആയി, നിങ്ങൾ വേറെ വഴി നോക്കിക്കോ” എന്നായി അവർ. നിങ്ങൾക്കു പൈസ കിട്ടും എന്നും പറഞ്ഞു ഫോൺ വച്ചു, നമ്മൾ നിർത്താതെ മാറി മാറി വിളിച്ചു,. ഒന്നും എടുക്കുന്നില്ല. വേറെ ഒരു വഴിയും മുന്നിൽ ഇല്ല. എന്ത് ചെയ്യും. രാവിലെ നാട്ടിൽ എത്തിയെ പറ്റൂ. കുട്ടികളെ എടുത്തു ഇങ്ങനെ രാത്രി റോഡിലൂടെ നടക്കാനും പറ്റുന്നില്ല. വലിയ കുറച്ചു ബാഗും. വീണ്ടും ഫോൺ എടുത്തു. വേറെ ബസ് അറേഞ്ച് ചെയ്യാൻ പറഞ്ഞു. “നിങ്ങളോടല്ലേ ഇപ്പൊ പറഞ്ഞത് ബസ് ക്യാൻസൽ ആയെന്നു, നിങ്ങൾ വേറെ ബസ് നോക്കിക്കോ.” അതൊന്നും പറ്റില്ല എന്ന് പറഞ്ഞപ്പോ ഭാഷ മാറാൻ തുടങി. തെറി വിളിയിലേക്കു കാര്യങ്ങൾ മാറുന്നു. സാം ട്രാവെൽസ് ന്റെ ഒരു ഓഫ്‌സ് വിളിച്ചാൽ പറയും നമ്മൾ അല്ല, മറ്റേ ഓഫീസിൽ ആണ് വിളിക്കേണ്ടത് എന്ന്. മാറി മാറി വിളിച്ചു. ഫോൺ എടുക്കുന്നെ ഇല്ലാ. എടുത്താൽ തന്നെ ഒരു വഴിയും അവർക്കു പറയാനും ഇല്ല.
രണ്ടരയും അഞ്ചും വയസുള്ള രണ്ട് കുട്ടികളെയും എടുത്തു നാല് ബാഗും തൂക്കി മടിവാള തലങ്ങും വിലങ്ങും നമ്മൾ നടന്നു. വേറെ ഏതു ബസ് നോക്കാൻ. അതും ഈ അവസാന മിനിറ്റ് ! അപ്പോഴാണ് അവർ തന്നെ പറയുന്നത് – കല്ലടക്കു രണ്ടു സീറ്റ് ബെർത്ത് ഉണ്ട് – ബുക്ക് ചെയ്തോ എന്ന്!!!! അപ്പൊ തന്നെ ഓൺലൈനിൽ നോക്കി. അതെ കറക്റ്റ് രണ്ടു ബെർത്ത് ബാക്കി. ഏറ്റവും പിറകിൽ മുകളിലെ ബെർത്ത്. ഒന്നിന് 1900 രൂപ. രണ്ടു സീറ്റ് ബുക്ക് ചെയ്യാൻ 3800 രൂപ. തിരക്കാണ്… വേറെ ഒരു രക്ഷയില്ല. ചെറിയ കുട്ടികൾ ഉള്ളത് കൊണ്ട് മുകളിലെ ബെർത്തിൽ നമ്മൾ ടിക്കറ്റ് ഒരിക്കലും ബുക്ക് ചെയ്യാറില്ല. കുട്ടികൾ താഴെ വീഴാൻ ചാൻസ് ഉണ്ട്. ബാക് സീറ്റ് ഉം പരമാവധി ഒഴിവാക്കും. അതിനാണ് ഒരു മാസം ഒക്കെ മുൻപ് ബുക്ക് ചെയ്യുന്നത്.
ഇനി ഇന്ന് മറ്റു മാർഗം ഇല്ല. ഇതെങ്കിലും എടുത്തേ പറ്റൂ. നോക്കി നിന്നാൽ അതും പോകും. ഉടനെ 3810 രൂപ കൊടുത്തു ഏറ്റവും പിറകിലെ മുകളിലെ ബെർത്ത് ബുക്ക് ചെയ്തു. എങ്ങനെ ഒക്കെയോ മുകളിലേക്ക് വലിഞ്ഞു കയറി. കുട്ടികളെ ഒരു വശത്തു കിടത്തി. ഏറ്റവും പിറകിൽ ആയതു കൊണ്ട് വല്ലാതെ ചരിഞ്ഞു പോകുന്നത് കൊണ്ട് രാവിലെ പയ്യന്നുർ എത്തുന്നത് വരെ നമുക്കൊന്ന് കണ്ണടക്കാൻ പറ്റിയില്ല. ഇരുന്നു നേരം വെളുപ്പിച്ചു.
കല്ലട യിൽ രണ്ടു സീറ്റ് ഒഴിവുണ്ടെന്നു സാം ട്രാവെൽസ് എങ്ങനെയാണു കൃത്യമായി അറിയുന്നത്! സംഭവം നടന്നു ഇന്നേക്ക് 14 ദിവസം ആയി. ഇതുവരെ ക്യാൻസൽ ആയതിന്റെ പൈസ കിട്ടിയിട്ടില്ല. രണ്ടാമത് ബുക്ക് ചെയ്ത 3800 വേറെ. അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ച ടാക്സിക്കാരന് കൊടുത്ത പൈസ വേറെ. റെഡ്ബസ് നും സാം ട്രാവെൽസ് നും എല്ലാ ഇമെയിൽ ഐഡിയിലേക്കും മെയിൽ അയച്ചിരുന്നു. ഒന്നിന് പോലും ഒരു മറുപടി പോലും ഇതുവരെ വന്നിട്ടില്ല. കോൺസുമെർ കോടതിയിൽ ഓൺലൈൻ ആയി പരാതിയും കൊടുത്തിട്ടുണ്ട്.
അവധിക്കാലങ്ങളിൽ കൊള്ളക്കാശു ഈടാക്കാൻ ഇവർ നടത്തിയ തട്ടിപ്പു നാടകം ആണോ ഇതെന്ന് അപ്പൊ തന്നെ നമുക്ക് സംശയം ഉണ്ടായിരുന്നു. ഒരു മാസം മുൻപ് 800 ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് അവധി അടുത്തതോടെ 2000 -2400 ഒക്കെ ആയി. ഞങ്ങൾ ബുക്ക് ചെയ്ത ടിക്കറ്റ് ഇവർ കൊള്ള നിരക്കിൽ ഇവർ മറിച്ചു വിറ്റിരിക്കാനും ചാൻസ് ഉണ്ട്. ബസ് മറ്റൊരു പോയിന്റിൽ നിന്ന് പുറപ്പെടും കാണും. ഇതൊന്നും ഈ മഹാ നഗരത്തിൽ കണ്ടു പിടിക്കുക സാധ്യമായ കാര്യമല്ലല്ലോ.. ഇതും ഇവിടം കൊണ്ട് നിർത്താൻ നമ്മൾ ഉദ്ദേശിക്കുന്നില്ല.
ഏകദേശം ഒരു വര്ഷം മുൻപ് നടന്ന മറ്റൊരു കാര്യം ഇനി – പയ്യന്നുർ നിന്ന് ബാംഗ്ലൂർക്കു ഗ്രീൻലൈൻ ബസ് നു രാത്രി 8 .50 നു പുറപ്പെട്ടു. എ സി സ്ലീപ്പർ ബസ്. ബാംഗ്ലൂർ എത്തിയപ്പോ സമയം പുലർച്ചെ 3 .40. ഏഴു മണിക്കൂർ പോലും എടുത്തില്ല ഇത്ര ദൂരം എത്താൻ. ആ യാത്രയെ കുറിച്ച് ഓർക്കാൻ കൂടി ഇപ്പൊ ഭയമാണ്. ബസ് പുറപ്പെട്ടു നിമിഷങ്ങൾക്കുള്ളിൽ തന്നെ അമ്പതു വയസ്സോളം പ്രായമുള്ള ഒരു അമ്മ ബെർത്തിൽ നിന്നും താഴെ വീണു. അത് പോലെ നിലം തൊടാതെ ആയിരുന്നു അതിന്റെ പാച്ചിൽ. ആര് കാണാൻ, ആര് ശ്രദ്ധിക്കാൻ. കണ്ണൂർ എത്തുന്നതിനു മുൻപ് തന്നെ എന്റെ കൺ മുന്നിൽ രണ്ടു മൂന്ന് പേർ ആ ബസിനുള്ളിൽ തെറിച്ചു വീണു. അസഹനീയമായ ശബ്ദത്തിൽ പാട്ടും വച്ചിരുന്നു.
പിടിച്ചിരിക്കാൻ പോലും പറ്റാത്ത സ്പീഡ്. യാത്രക്കാരും ബസ് ഡ്രൈവർ ഉൾപ്പടെയുള്ള ജീവനക്കാരും തമ്മിൽ ഉള്ള ക്യാബിൻ ലോക്ക് ചെയ്തിരുന്നു. തട്ടി വിളിച്ചാൽ പോലും അവർ തുറന്നിരുന്നില്ല. ജീവൻ കയ്യിൽ പിടിച്ചു എങ്ങനെയോ ബാംഗ്ലൂർ എത്തി. ഒരു വയസു മാത്രം പ്രായം ഉള്ള കുഞ്ഞു മോനുൾപ്പടെ രണ്ടു കുട്ടികളെയും ചേർത്ത് പിടിച്ചു ഒരു പോലെ കണ്ണടക്കാതെ മിനുട്ടുകൾ എണ്ണി. എത്തിയല്ലോ എന്ന ആശ്വാസത്തിൽ സീറ്റിൽ നിന്ന് എഴുന്നേറ്റത് എനിക്ക് ഓർമയുണ്ട്. തെറിച്ചു പോയി വീണത് മുന്നിലെ ക്യാബിൻ ന്റെ അടുത്ത്. ഒരു വകതിരിവും ഇല്ലാതെ നിർത്തിയും മുന്നോട്ടു എടുത്തും അവർ ചെയ്ത ദ്രോഹം. ഏകദേശം ആര് മാസം എടുത്തു ആ വീഴ്ചയുടെ വേദന ഒന്ന് മാറികിട്ടാൻ. വീട്ടിലെത്തി ആ ബസ് ന്റെ റിവ്യൂ നോക്കി – എല്ലാവര്ക്കും ഒരേ അനുഭവങ്ങൾ! പിന്നീട് ആ ബസ് ന്റെ സ്റ്റെപ് കയറാൻ നമ്മൾ പോയിട്ടില്ല.!