ബേക്കറി വിഭവങ്ങളുടെ പറുദീസയായിരുന്ന വഴുതക്കാട്ടെ ശാന്താ ബേക്കറി

വിവരണം – ‎Vishnu A S Pragati‎.

കേക്ക്… ഇന്ന് നമ്മൾ പലരുടെയും ജീവിതത്തിലെ എന്നുമെന്നും പ്രധാനപ്പെട്ട ഒരു വിഭവം. കല്യാണമോ , ജന്മദിനമോ എന്തു വിശേഷ ചടങ്ങുകൾ വന്നാലും സന്തോഷത്തോടൊപ്പം ഒത്തുചേരാൻ ആദ്യം മനസ്സിലും ഓർമയിലും ഓടിയെത്തുന്നത് പല ഭാവത്തിലും രൂപത്തിലും നാവിൽ കപ്പലോടിക്കുന്ന കേക്ക് എന്ന വിഭവമാണ്.

ലഭ്യമായ വിവരങ്ങളിൽ നിന്നും കേക്കിന്റെ ഉത്ഭവം ഈജിപ്റ്റിൽ നിന്നാണെങ്കിലും ‘കേക്ക്’ എന്ന വാക്കിന്റെ ഉത്ഭവം തന്നെ ഉത്തര ജർമൻ ഭാഷയുടെ വക്താക്കളായ സ്‌കാൻഡിനേവിയൻ രാജ്യക്കാരുടെ ‘കകേ’ എന്ന പദത്തിൽ നിന്നാണ്. പിന്നീട് ഗ്രീക്കുകാർ നിരപ്പായത് എന്നർത്ഥം വരുന്ന ‘പ്ലക്കോയിസ്’ എന്ന വാക്കിന്റെ രൂപഭേദമായ ‘പ്ലാകോസ് ‘ എന്ന പദം ഉപയോഗിക്കാൻ തുടങ്ങി. പിന്നീട് റോമൻ രാജ്യങ്ങളിലേക്ക് കടന്നപ്പോൾ പ്ലാസെന്റ , ലിബിയം എന്ന വാക്കുകളും ഉപയോഗിക്കാൻ തുടങ്ങി.

കേക്കുകളുടെ നാട് എന്നറിയപ്പെടുന്നത് സ്കോട്ലാന്റാണെങ്കിലും നമ്മുടെ കൊച്ചു കേരളത്തിലെ അല്ലെങ്കിൽ നമ്മുടെ ഭാരതത്തിൽ കേക്ക് നിർമാണം തുടങ്ങിയത് ഒരു മലയാളിയാണെന്ന വസ്തുത എത്ര പേർക്കറിയാം ?? അതിന്റെ ഒരു കൈയ്യൊപ്പ് തിരുവനന്തപുരത്ത് ഇന്നും നിലനിൽക്കുന്നുണ്ടെന്നു എത്രപേർക്കറിയാം?മുഷിവാണെങ്കിലും വെറുതെ ആ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കാം.

വർഷം 1880. ജന്മം കൊണ്ട് വടകര സ്വദേശിയാണെങ്കിലും കർമം കൊണ്ട് തലശ്ശേരിക്കാരനായ മമ്പള്ളി ബാപ്പു എന്ന മലയാളി താൻ ബർമ്മയിൽ (ഇന്നത്തെ മ്യാൻമാർ) നിന്നും സ്വായാത്തമാക്കിയ ബിസ്ക്കറ്റ് നിർമാണ വൈദഗ്ദ്യം കൈമുതലാക്കി ‘റോയൽ ബിസ്ക്കറ്റ് ഫാക്ടറി’ എന്ന പേരിൽ ഒരു സ്ഥാപനം തലശ്ശേരിയിൽ ആരംഭിച്ചു.

മദ്രാസ് പ്രസിഡൻസിയുടെ കീഴിൽ വെള്ളക്കാർ നേരിട്ട് ഭരിച്ചിരുന്ന ഒരു പ്രദേശമായിരുന്നു തലശ്ശേരി അഥവാ സായ്‌പ്പിന്റെ ‘തെലിച്ചേരി’. അതിനാൽ തന്നെ വെള്ളക്കാർ തന്നെയായിരുന്നു മുഖ്യ സന്ദർശകരും വിരുന്നുകാരും. ഇതിനു മുൻപേ ഇന്നത്തെ കൊൽക്കത്ത അഥവാ അന്നത്തെ കൽക്കട്ടയിൽ ഒരു ബേക്കറി തുടങ്ങിയെങ്കിലും ഒരു ഭാരതീയന്റെ ഉടമസ്ഥതയിലുള്ള ആദ്യ ബേക്കറി റോയൽ ബിസ്ക്കറ്റ് ഫാക്ടറിയാണെന്നതാണ് ചരിത്ര ഭാഷ്യം.

അങ്ങനെയിരിക്കെ 1883ലെ തണുപ്പുറഞ്ഞ ഒരു ഡിസംബർ മാസം അഞ്ചരക്കണ്ടിയിലെ രണ്ടു തറ എന്ന പ്രദേശത്തെ കറുകാപ്പട്ട തോട്ടത്തിന്റെ നടത്തിപ്പുകാരനായ മർഡോക്‌ ബ്രൗൺ എന്ന സായിപ്പ് തന്റെ കുതിര കെട്ടിയ ജഡ്‌ക വണ്ടിയിൽ ബാപ്പുവിന്റെ കടയുടെ മുന്നിലിറങ്ങി. കോട്ടും സൂട്ടും ബൂട്ടും പിന്നെ മുഖത്ത് അളന്നു തൂക്കിയ പുച്ഛവും പേറി റോയൽ ബിസ്ക്കറ്റ് ഫാക്ടറിയിലേക്ക് നടന്നുകയറിയ അദ്ദേഹത്തിന്റെ കൈയ്യിൽ ബാപ്പു അതുവരെ കാണാത്ത ഒരു വിഭവം കൂടി ഒളിപ്പിച്ചിരുന്നു. തന്റെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം കൈയ്യിൽ കരുതിയ ഒരു പ്ലം കേക്ക്. ആ കേക്ക് ബാപ്പുവിന്റെ കൈയ്യിൽ കൊടുത്തിട്ട് “ഇതുപോലൊരെണ്ണം ഉണ്ടാക്കാൻ കഴിയുമോ?” എന്നായി സായിപ്പ്.

ഉണ്ടാക്കാൻ കഴിയില്ല എന്ന മുൻധാരണയോടെ കഴിയില്ല എന്ന് പറയുമ്പോൾ തന്റെ ഗസ്റ്റ്ഹൗസിൽ തണുപ്പിന്റെയും വീഞ്ഞിന്റെയും സേവാമൃതിക്കിടയിൽ വെടിവട്ടവും ഗീർവാണവും വിടുമ്പോൾ മലയാളികളെയും കൂട്ടത്തിൽ ഭാരതീയരെയും ഒന്ന് കൊച്ചാക്കണം. അതായിരിക്കാം തൊലിയിലെ വെളുപ്പ് ഹൃദയത്തിൽ കറുപ്പായി മാറിയ സായിപ്പിന്റെ ചേതോവികാരം.

ചോദ്യം കാര്യമായിട്ടാണെങ്കിലും പരിഹാസരൂപത്തിലാണെങ്കിലും പെറ്റ നാടിനെ ഊഞ്ഞാലാട്ടാൻ വന്നോന്റെ മുന്നിൽ കണ്ണൂരിന്റെ മണ്ണിൽ നിലയുറപ്പിച്ച ബാപ്പു അതേ ചോരത്തിളപ്പിന്റെ ആവേശത്തിൽ പത്തു ദിവസത്തെ അവധി സായിപ്പിനോട് ചോദിച്ചു. വെല്ലുവിളി ഏറ്റെടുത്ത് കണ്ട ബ്രൗണ് സായിപ്പ് അത്ഭുതത്തോടെ അതിന്റെ ചേരുവകളും കൂട്ടുകളും ഉണ്ടാക്കുന്ന വിധവും ബാപ്പുവിന് പറഞ്ഞു കൊടുത്തു.അതല്ല രുചിച്ചും മണത്തും ചേരുവകൾ കണ്ടുപിടിച്ചതാണെന്ന അതിശയോക്തി കലർന്ന ശ്രുതിയുമുണ്ട്.

പിന്നെ താമസിച്ചില്ല ധർമ്മടത്തെ ഒരു കൊല്ലന്റെ ആലയിൽ രൂപം കൊണ്ട അച്ചും , പ്രാദേശിക കൂട്ടുകളും , സായിപ്പ് നിർദേശിച്ച മാഹിയിലെ ഫ്രഞ്ച് ബ്രാണ്ടിക്ക് പകരം കദളിപ്പഴവും കശുമാങ്ങയും ചേർന്ന നല്ല ഒന്നാം ക്ലാസ് വാറ്റും ചേർത്ത നല്ല സ്വയമ്പൻ കേക്ക് റോയൽ ബിസ്ക്കറ്റ് ഫാക്ടറിയുടെ ബോർമയിൽ തയ്യാറായി.

1883 ഡിസംബർ 20 താനുണ്ടാക്കിയ കേക്ക് ബ്രൗൺ സായ്‌പ്പിന് മുന്നിൽ നെഞ്ചു വിരിച്ചു കൊണ്ട് ബാപ്പു പറഞ്ഞു “കേക്ക് റെഡി സായിപ്പേ !!” രുചിച്ചു നോക്കിയ സായ്‌പ്പിന് തന്റെ നാവിലെ രസമുകുളങ്ങളെ വിശ്വസിക്കാൻ പറ്റിയില്ല. രുചിയുടെ പുതിയ മേച്ചിൽപ്പുറങ്ങളിൽ ആറാടിയ സായിപ്പ് ഇക്കണ്ട കാലമത്രയും കഴിച്ച കേക്കുകളൊന്നും ബാപ്പുവിന്റെ കേക്കിന്റെ ഏഴയലത്ത് വരില്ലെന്ന സത്യം മനസ്സിലാക്കി.

എത്രയൊക്കെ അമർത്തി വച്ചിട്ടും അദ്ദേഹത്തിന്റെ വായിൽ നിന്നും അഭിനന്ദനപ്രവാഹത്തെ തടയിടാൻ കഴിഞ്ഞില്ല “എക്സലന്റ് ബാപ്പു, എക്സലന്റ് “” എന്നഭിനന്ദിച്ചു. തോളിലിട്ട തോർത്ത് കുടഞ്ഞ് തിരികെയിട്ട് ഒരർത്ഥഗർഭ ചിരിയോടെ ബാപ്പു തിരിച്ചു പോകുമ്പോൾ വരുന്ന ക്രിസ്തുമസ്സിലേക്കായി ഒരു ഡസനോളം കേക്കിന്‌ ഓർഡർ കൊടുത്തിട്ടാണ് ബ്രൗണ് സായിപ്പ് മടങ്ങിയത്. അതൊരു ചരിത്രത്തിന്റെ തുടക്കമായിരുന്നു. ഭാരതത്തിൽ ആദ്യമായി നിർമിച്ച കേക്ക് എന്ന പദവി മമ്പള്ളി ബാപ്പു ആ ദിനം തന്റെ പേരിലാക്കി കുറിച്ചിരുന്നു.

കീലേരി കുഞ്ഞിക്കണ്ണന്റെ സർക്കസ്സും ആർതർ വെല്ലസ്സിയുടെ ക്രിക്കറ്റും മമ്പള്ളി ബാപ്പുവിന്റെ കേക്കും കൂടെ ചേർന്നപ്പോൾ തലശ്ശേരി ‘3 C’ കളുടെ നാടായി. Circus, Cricket, Cake.

തുടർന്നു വന്ന തലമുറയിലെ ബാപ്പുവിന്റെ അനന്തിരവനായിരുന്ന ശ്രീ.മമ്പള്ളി ഗോപാലൻ തങ്ങളുടെ പെരുമ തലശ്ശേരിയിൽ മാത്രം തളച്ചിടാൻ ഒരുക്കമല്ലായിരുന്നു. അങ്ങനെയാണ് കോഴിക്കോട് മിഠായി തെരുവിലെ ‘മോഡേൺ ബേക്കറിയും’, 1939ൽ എറണാകുളത്തെ കാനൻ ഷെഡ് റോഡിലെ ‘കൊച്ചിൻ ബേക്കറി’, 1940ൽ തിരുവനന്തപുരത്തെ പുളിമൂട്ടിൽ ശാന്താ ബേക്കറി , നാഗർകോവിലിൽ ‘ടോപ്‌സ് ബേക്കറി’, കോട്ടയത്തെ ‘ബെസ്റ്റ് ബേക്കറി’ എന്നിവ നമ്മളിലേക്ക് എത്തിച്ചേർന്നത്.

ശാന്താ ബേക്കറിയിലേക്ക്. 1940ൽ മമ്പള്ളി ഗോപാലന്റെ മേൽനോട്ടത്തിൽ അളിയനായ ‘കനാരി’ തുടങ്ങിയെങ്കിലും പിന്നീട് ശ്രീ.ഗോപാലന്റെ മകനായ മമ്പള്ളി കൃഷ്ണനിലേക്ക് ബേക്കറി നടത്തിപ്പ് എത്തപ്പെട്ടു. ‘കിട്ടു സാഹിബ്’ എന്ന വട്ടപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെയും സഹോദരനായ ശ്രീ.എം.പി.അനന്തന്റേയും നിസീമമായ പരിശ്രമത്താലും കൈപ്പുണ്യത്താലും ശാന്താ ബേക്കറി നാൾക്കുനാൾ അഭിവൃദ്ധപ്പെട്ടു.

അങ്ങ് തലശ്ശേരിയിലും തൃപ്പൂണിത്തറയിലും മാത്രമായി വ്യാപിച്ചിരുന്ന ‘മാന്യന്മാരുടെ കളിയായ’ ക്രിക്കറ്റിനെ തിരുവനന്തപുരത്തുകാർക്കിടയിൽ പരിചയപ്പെടുത്താൻ ഇതേ കൃഷ്ണൻ, അനന്തൻ സഹോദരങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. അങ്ങനെ തേടിയെത്തുന്ന അതിഥികളുടെ എണ്ണം ക്രമാതീതമായപ്പോൾ 1982ൽ വഴുതക്കാട് ശാന്താ ബേക്കറിയുടെ ഒരു ശാഖ കൂടി തുറന്നു.

ഒരു സമയത്ത് ബേക്കറി വിഭവങ്ങളുടെ പറുദീസയായിരുന്നു ശാന്താ ബേക്കറി. ജാപ്പനീസ് കേക്കും, ബട്ടർ ബീന്സും, ആപ്പിൾ കേക്കും, ചോക്ലേറ്റ് ബോൾസും അരങ്ങു വാണിരുന്ന കാലം. കല്യാണ തലേന്ന് സിഗരറ്റിന്റെയും മുറുക്കാന്റെയും കൂടെ ശാന്തയിലെ പൊതി കേക്കും കൂടെയില്ലെങ്കിൽ ഒരു ഗുമ്മില്ലാതിരുന്ന കാലം.

ഒരു പനി വന്നാൽ ശാന്തയിലെ റൊട്ടി വാങ്ങാൻ വൈദ്യരുടെ കർശന നിർദേശപ്രകാരം ക്യൂ നിന്ന് തിരക്ക് കൂട്ടിയിരുന്ന കാലം. 1970 കളിൽ ആദ്യമായി ‘ഡൊണട്ട്’ തിരുവനന്തപുരത്ത് അവതരിപ്പിച്ചപ്പോൾ ‘ഇനിപ്പ് വട’യെന്ന് വട്ടപ്പേര്‌ വീണ കാലം. കേക്കുകളുടെയും റൊട്ടിയുടെയും പഫ്‌സ് സംഭവങ്ങളുടെയും അവസാന വാക്കായിരുന്നു തിരുവനന്തപുരത്തെ ശാന്താ ബേക്കറി.

കാലചക്രം വൃത്തങ്ങൾ വരച്ചു മുന്നേറിയപ്പോൾ പഴമയെ പിടിച്ചു നിർത്താനുള്ള പാഴ് ശ്രമങ്ങളും, മുക്കിന് – മുക്കിന്‌ മുളച്ചു പൊന്തിയ ചെറുതും വലുതുമായ മറ്റു ബേക്കറികളുടെ പ്രഭാവവും ശാന്താ ബേക്കറിക്ക് തിരിച്ചടിയായി മാറി. ഇന്നും നഷ്ടപ്രതാപത്തിന്റെ നിഴലിൽ പുളിമൂട്ടിലും വഴുതക്കാടും തലയുയർത്തി നിൽപ്പുണ്ട് ആ ശാന്താ ബേക്കറി.

പത്മനാഭന്റെ മണ്ണിൽ ഇത്രയും ചരിത്രം പേറുന്ന ഒരു ബേക്കറിയുണ്ടെന്ന അറിവിൽ ഞാനും പോയി പുളിമൂടിലെ ശാന്തയിലേക്ക്. വായിച്ചും ചോദിച്ചുമറിഞ്ഞ ചരിത്രം മനസ്സിൽ ഉണ്ടായത് കൊണ്ടാകാം കയറിയപ്പോൾ ഒരു അങ്കലാപ്പ്. ആ പഴയ കാല ചില്ലു കൂടുകളും, തടി അലമാരകളും വർഷങ്ങൾക്ക് പിന്നെ പിടിച്ചു വലിച്ചത് പോലെ. ഇന്ന് മമ്പള്ളി കൃഷ്ണന്റെ മകനായ ശ്രീ.പൊന്നമ്പത് മമ്പള്ളി കൃഷ്ണൻ പ്രേംനാഥാണ് (PMK പ്രേംനാഥ്) നടത്തിപ്പുകാരൻ.

ചരിത്രങ്ങളും ചോദിക്കാൻ ആഗ്രഹിച്ച സംശയങ്ങളും അറിഞ്ഞു വച്ച തെറ്റുകളും അദ്ദേഹത്തോട് ചോദിച്ചു മനസിലാക്കി. ഒരു പ്ലം കേക്ക് , ആപ്പിൾ കേക്ക് ,ചോക്ലേറ്റ് ബോൾ , ലഡ്ഡു , പൊതി കേക്ക് എന്നിവ വാങ്ങി. എല്ലാത്തിനും എന്റെ കുട്ടിക്കാലത്തു കഴിച്ച പഴയ അതേ രുചി. ഇന്നത്തെ തലമുറയിലെ എത്ര പേർക്ക് ഇഷ്ടപ്പെടുമെന്നറിയില്ല. പ്ലം കേക്ക് രുചിയിൽ ശരാശരിയിൽ മുന്നിട്ട് നിന്നു. എന്തോ വല്ലാത്തൊരു നൊസ്റ്റാൾജിയ.

തിരിച്ചിറങ്ങാൻ നേരത്ത് പ്രേംനാഥ് സാറിനോട് കലുഷിതമായ മമ മനസ്സിൽ നിന്നും രണ്ടു ചോദ്യങ്ങളെറിഞ്ഞു. “സാർ, ഒരു സമയത്തെ ബേക്കറിയുടെ പര്യായമായ നിങ്ങളുടെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം?” ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം പഴയ യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് താരം കൂടിയായ അദ്ദേഹം പറഞ്ഞു. “We were not money minded people. എല്ലാവർക്കും ഒരു വിധം നല്ല ജീവിതമായപ്പോൾ ബേക്കറി നടത്തിപ്പ് ഒരു ചടങ്ങു മാത്രമായി, അതിനാലാകും. അല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ല.”

“സർ, ആ നഷ്ട പ്രതാപത്തിലേക്ക് ഇനിയൊരു തിരിച്ചു വരവ് ??” ഒരു ദീർഘനിശ്വാസത്തിന്റെ അകമ്പടിയോടെ മറുപടി “പഴയ കാലത്തിലെ പ്രതാപത്തിലേക്ക് പോകുമോ എന്നറിയില്ല, അതു നടക്കുമെന്നും തോന്നുന്നില്ല. എന്റെ പ്രായം, അടുത്ത തലമുറ എല്ലാം ഒരു ചോദ്യ ചിഹ്നമാണ്. എന്നാലും ഈ അവസ്ഥയിൽ നിന്നും മുന്നിട് പോണം… നമുക്ക് നോക്കാം…”

പൊതിഞ്ഞെടുത്ത വിഭവങ്ങളുമായി പൊതിയാതെടുത്ത അറിവുകളുടെ ഇനിയും നിലയ്ക്കാത്ത ആർത്തിയോടെ ആ പടിയിറങ്ങുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു “നമുക്ക് നോക്കാം.. ”

ഈ മണ്ണിന് ഇങ്ങനെയും കുറേ പ്രത്യേകതകളുണ്ട്, കുറേ നിധികളുണ്ട് മേൽപ്പറഞ്ഞ പോലെ കുറേ അവശേഷിപ്പുകളുമുണ്ട്. വെറുതെയെങ്കിലും അറിയണം, അറിയാതെ പോയാൽ അത് ചെറുതല്ലാത്തൊരു നഷ്ടമായി മാറിയാലോ?

NB : വളരെ തിരഞ്ഞെടുക്കപ്പെട്ട പഴയ രുചിയൂറുന്ന വിഭവങ്ങളാണ് ഇപ്പോഴും ഇവിടുള്ളത്. ഇന്നത്തെ രുചിയോട് താരതമ്യം ചെയ്യാൻ നോക്കിയാൽ നിരാശയാകും ഫലം. ലൊക്കേഷൻ : Santha Bakery, MG Road, Pulimoodu Junction, Palayam, Thiruvananthapuram.