എഴുത്ത് – അശ്വിൻ കെ.എസ്.
120 ൽ പരം രാജ്യങ്ങൾ തനിച്ചു സഞ്ചരിച്ച ലോക സഞ്ചാരിയും സഫാരി ടീ വീ ചാനൽ എം ഡിയും ഗിന്നസ് റെക്കോഡ് ജേതാവുമായ സന്തോഷ് ജോർജ്ജ് കുളങ്ങര ഈയിടെ ഒരു എക്സിബിഷൻ ഇവന്റിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ജീവിതം ഒന്നുമില്ലാതിരുന്ന കാലത്ത്, തോറ്റുപോകും എന്ന് ഉറപ്പായ ഘട്ടത്തിൽ രണ്ടും കല്പിച്ചു 1997ൽ ഒരു നേപ്പാൾ യാത്ര അദ്ദേഹം നടത്തുകയുണ്ടായി. ഇന്ത്യയിലെ പ്രമുഖ ടൂർ ഓപ്പറേറ്ററായ വിവേകാനന്ദ ട്രാവൽസിന്റെ പാക്കേജിൽ സീറ്റ് ബുക്ക് ചെയ്തായിരുന്നു യാത്ര. ഗോരഖ്പൂർ എന്ന സ്ഥലം വരെ ട്രെയിനിലും അവിടെ നിന്ന് റോഡുമാർഗം നേപ്പാളിലേക്കും എന്നായിരുന്നു യാത്രാപഥം.
വലിയ ഭാരം ഉള്ള ക്യാമറയും അത് സൂക്ഷിക്കുന്ന വലിയ ഭാണ്ഡവും ഒക്കെയായിട്ടു യാത്രക്കെത്തിയ അദ്ദേഹം പാക്കേജ് ടൂറിനു ഒപ്പം ഉണ്ടായിരുന്ന സഹയാത്രികർക്ക് തുടക്കത്തിൽത്തന്നെ ഒരു പരിഹാസപാത്രമായി മാറി. അവർ അദ്ദേഹം ചെയ്യുന്ന ഷൂട്ടിങ് രീതിയെ കളിയാക്കുകയും പരിഹാസരൂപേണ അതേക്കുറിച്ചു തമ്മിൽ തമ്മിൽ പറയുകയും ചെയ്തു. തുടക്കത്തിൽ തന്നെ അഭിമുഖീകരിക്കേണ്ടി വന്ന ഈ അസൗകര്യം വിവേകാനന്ദ ട്രാവല്സിലെ നരേന്ദ്രൻ എന്ന വ്യക്തിയെ അദ്ദേഹം അറിയിക്കുകയുണ്ടായി.
നേപ്പാളിലെ പൊഖ്റ വരെ അദ്ദേഹം ഇതെല്ലാം സഹിച്ചുകൊണ്ട് തന്റെ ജോലി തുടർന്നു വന്നു . മറ്റു വഴികൾ ഒന്നും ഇല്ലാതിരുന്ന സമയത്ത് അല്പം ശ്രമപ്പെട്ട് നരേന്ദ്രൻ എന്ന വ്യക്തി പൊഖ്റയിലെ അന്നത്തെ ചെറിയ എയർസ്ട്രിപ്പിൽ നിന്ന് ഒരു ചെറുവിമാനത്തിൽ കാത്മണ്ഡുവിലേക്ക് പറക്കാൻ അദ്ദേഹത്തിന് അവസരം ഒരുക്കിക്കൊടുത്തു
വിമാനത്തിൽ വെച്ച് വിൻഡോ സീറ്റിൽ ഇരിക്കാമെന്നും തുടർന്ന് വിൻഡോയിലൂടെ നേപ്പാളിന്റെ ആകാശദൃശ്യങ്ങൾ പകർത്താമെന്നുമുള്ള സന്തോഷത്തിൽ അദ്ദേഹം ആ ചെറുവിമാനത്തിൽ കയറി. കയറിയപ്പോഴായിരുന്നു അദ്ദേഹം അത് മനസിലാക്കിയത്, വിമാനത്തിൽ അദ്ദേഹത്തിന് ലഭിച്ച സീറ്റ് മധ്യഭാഗത്തേതായിരുന്നു. വിമാനം പറന്നുയരും മുൻപ് തന്നെ അന്നുണ്ടായിരുന്ന എയർഹോസ്റ്റസിനോട് “വിൻഡോ സീറ്റ് തരപ്പെടുത്താൻ കഴിയുമോ, ചിത്രീകരണത്തിന് വേണ്ടിയാണ്” എന്നദ്ദേഹം ചോദിക്കുകയുണ്ടായി. അവർ അതിനു മറുപടിയായി ഒന്ന് തുറിച്ചുനോക്കിയ ശേഷം നടന്നു നീങ്ങി.
വിമാനം പുറപ്പെട്ട് ടേക്ക് ഓഫ് കഴിഞ്ഞപ്പോൾ അവർ തിരികെ വന്നു. അദ്ദേഹത്തെ വിമാനത്തിന്റെ മുൻഭാഗത്തേക്ക് കൂട്ടികൊണ്ടുപോയി. അവർ പൈലറ്റിന്റെ ക്യാബിനിലേക്കുള്ള വാതിൽ തുറക്കുന്നത് കണ്ടു അമ്പരന്നു. അദ്ദേഹത്തെ അന്നുണ്ടായിരുന്ന വൈമാനികരുടെ ക്യാബിനിലേക്ക് അദ്ദേഹത്തെ അവർ പറഞ്ഞയച്ചു. രണ്ടു ചെറുപ്പക്കാർ ആയിരുന്നു അന്നത്തെ വൈമാനികർ. അദ്ദേഹത്തെ അവർ ആനയിച്ചു ക്യാബിൻ ഡോറിനു പിന്നിലായി ഉണ്ടായിരുന്ന സീറ്റിൽ ഇരുത്തി. അദ്ദേഹത്തിന്റെ പരിപാടിയെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും ചോദിച്ചു. അദ്ദേഹത്തിന് അവിടെയിരുന്നു സൗകര്യമായി ചിത്രീകരിക്കാൻ അവസരം കൊടുത്തു.
വിമാനം പറക്കുന്ന സ്ഥലം എവിടെയാണെന്നും അത് കൃത്യമായി കാണുവാൻ കഴിയുന്നുണ്ടോ എന്നും അതിലെ വൈമാനികനായ നേപ്പാൾ സ്വദേശി രത്തൻ ലാമ പലപ്പോഴായി ചോദിച്ചു. അദ്ദേഹത്തിന്റെ സുഗമമായ ചിത്രീകരണത്തിന് സഹായകമാകുന്ന രീതിയിൽ വിമാനം ചെറുതായി ചരിക്കുക വരെ ചെയ്തു. അങ്ങനെ അന്നത്തെ യാത്ര അവസാനഘട്ടത്തിൽ എത്തി. വിമാനം കാഠ്മണ്ഡു എയർപോർട്ടിലെ റൺവേയിൽ ഇറങ്ങി. എല്ലാവരും ഇറങ്ങിയിട്ടും അദ്ദേഹം ഇറങ്ങാൻ പൈലറ്റ് ക്യാമ്പിന്റെ ഡോർ തുറന്നിരുന്നില്ല. വിമാനത്തിൽ നിന്നിറങ്ങി താഴെ കാത്തിരിക്കാൻ പറഞ്ഞു രത്തൻലാമ അദ്ദേഹത്തിന് വാതിൽ തുറന്നു കൊടുത്തു.
അദ്ദേഹം വിമാനത്തു പുറത്തു അതിന്റെ ചുവട്ടിൽ രത്തൻ ലാമയ്ക്കും സഹ വൈമാനികനും വേണ്ടി കാത്തുനിന്നു. അവർ ഇറങ്ങിവന്നു അവരെക്കുറിച്ചുള്ള വിവരങ്ങളൊക്കെ പറഞ്ഞു സൗഹൃദം സ്ഥാപിച്ചു, ഒടുവിൽ പോകാൻ നേരം രത്തൻ ലാമ എന്ന വൈമാനിക്കാൻ സഹ വൈമാനികനോട് പറഞ്ഞു “നമുക്ക് ഇയാളുടെ കൂടെയൊരു ഫോട്ടോ എടുത്തേക്കാം, ചിലപ്പോ ഇയാൾ നാളെ വലിയ നിലയിൽ എത്താൻ സാധ്യതയുണ്ട്.” അങ്ങനെ പറഞ്ഞു അദ്ദേഹത്തിന്റെയൊപ്പം ഒരു ഫോട്ടോയും എടുത്തു.
വലിയ നിലയിലെത്തും എന്നും താൻ ചെയ്യുന്ന പരിപാടി നന്നാകുമെന്നും അദ്ദേഹത്തോട് ആദ്യമായി പറഞ്ഞ വ്യക്തി നേപ്പാൾ വംശജനായ ആ പൈലറ്റ് രത്തൻ ലാമ ആയിരുന്നു. അന്ന് രത്തൻലാമയോടൊപ്പം എടുത്ത ഫോട്ടോ ഇന്നും അദ്ദേഹം ഒരു നിധിപോലെ സൂക്ഷിക്കുന്നു. ആ കൂടിക്കാഴ്ച നടന്നിട്ട് 22 വർഷമായിട്ടും പിന്നീട് രത്തൻലാമ എന്ന വ്യക്തിയെ അദ്ദേഹം നാളിതുവരെ കണ്ടെത്തിയിട്ടില്ല. രത്തൻലാമയെ കണ്ടെത്തി വീട്ടിലേക്ക് ക്ഷണിക്കണം എന്നും, അയാൾ അന്ന് നല്ലവാക്ക് പറഞ്ഞു സഹായിച്ച വ്യക്തി ഇന്ന് സ്വന്തമായി ചാനൽ നടത്തുന്ന ഘട്ടം വരെ എത്തിയെന്നു അറിയിക്കണം എന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.