കെഎസ്ആർടിസി ഡ്രൈവർമാർ എന്നു കേട്ടാൽ ആളുകൾ ഭയഭക്തി ബഹുമാനത്തോടെ നിൽക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. പിന്നീട് കാലക്രമേണ ആ പേടി ഇന്ന് സൗഹൃദങ്ങളിലേക്ക് എത്തിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ കെഎസ്ആർടിസിയെ ജനകീയമാക്കിയത് സുജിത് ഭക്തന്റെ കെഎസ്ആർടിസി ബ്ലോഗ് ആണെന്നതിൽ യാതൊരു തർക്കവും ഉണ്ടായിരിക്കില്ല. ബ്ലോഗിലൂടെയാണ് കെഎസ്ആർടിസിയെയും ജീവനക്കാരെയും നാം അടുത്തറിഞ്ഞത്. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയത്. അകലെ നിന്നു കാണുന്നതുപോലെയല്ല, വളരെ നല്ലവരായ ജീവനക്കാർ കെഎസ്ആർടിസിയിൽ ഉണ്ടെന്നു മനസ്സിലാക്കിയതും ഇങ്ങനെയാണ്.
ബ്ലോഗ് വഴി നല്ല ജീവനക്കാർ പ്രശസ്തരായിത്തുടങ്ങി. അത്തരത്തിൽ പ്രശസ്തനായ ഒരു കെഎസ്ആർടിസി ഡ്രൈവറായിരുന്നു തിരുവല്ല ഡിപ്പോയിലെ സന്തോഷ് കുട്ടൻ. നീണ്ട പത്തു വർഷത്തെ സേവനത്തിനു ശേഷം സന്തോഷ് കുട്ടൻ തിരുവല്ല ഡിപ്പോയിൽ നിന്നും വിടപറഞ്ഞുകൊണ്ട് ചങ്ങനാശ്ശേരിയിലേക്ക് ട്രാൻസ്‌ഫർ ആയിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശിയായ സന്തോഷിന്റെ ഹോം ഡിപ്പോ ആയതിനാലാണ് അദ്ദേഹത്തിന് അവിടേക്ക് സ്ഥലം മാറ്റം ലഭിച്ചത്. വികാരനിർഭരമായ രംഗങ്ങൾക്കായിരുന്നു സന്തോഷിന്റെ അവസാന ഡ്യൂട്ടി ദിവസം തിരുവല്ല ഡിപ്പോ സാക്ഷ്യം വഹിച്ചത്. ഡിപ്പോയിലെ സഹപ്രവർത്തകരും സ്ഥിരയാത്രക്കാരും സുഹൃത്തുക്കളായ ബസ് പ്രേമികളും അദ്ദേഹത്തെ നിറകണ്ണീരോടെയായിരുന്നു യാത്രയാക്കിയത്. ഈ ചിത്രങ്ങളെല്ലാം സന്തോഷ് തൻ്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പോസ്റ്റ് ചെയ്യുകയും ഉണ്ടായി.
കെഎസ്ആർടിസിയിൽ ഇത്രയേറെ ജീവനക്കാർ ഉണ്ടായിട്ടും സന്തോഷിനെ ആളുകൾ ഇത്രയ്ക്ക് സ്നേഹിക്കുന്നത് എന്തുകൊണ്ടാണ്? അത് അറിയണമെങ്കിൽ കുറച്ചു വർഷങ്ങൾ പിന്നോട്ട് പോകണം. തിരുവല്ല – ബെംഗളൂരു ഡീലക്സ് ബസ്സിൽ ഡ്യൂട്ടി എടുത്തു കൊണ്ടിരിക്കുമ്പോഴാണ് സന്തോഷ് കുട്ടൻ ബസ് പ്രേമികളുടെയും യാത്രക്കാരുടെയും കണ്ണിലുണ്ണിയായത്. ഡ്രൈവിംഗിലുള്ള അസാമാന്യ കഴിവും യാത്രക്കാരോടുള്ള നല്ല പെരുമാറ്റവുമായിരുന്നു സന്തോഷിനെ ജനപ്രിയനാക്കിയത്. കെഎസ്ആർടിസിയിൽ ഇതുപോലെ പ്രശസ്തനും ജനപ്രിയനുമായ ഒരു ഡ്രൈവർ വേറെയുണ്ടാകില്ല.
തൻ്റെ ഡ്രൈവിംഗ് മൂലം യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് സന്തോഷിന് നിർബന്ധമാണ്. ഒരിക്കൽ ബെംഗളൂരു യാത്രയ്ക്കിടയിൽ ബസ് റോഡിലെ കുഴിയിൽ ഇറങ്ങി ഒന്നു ചാടുകയുണ്ടായി. പതിവായി പോകുന്ന വഴിയാണെങ്കിലും പെട്ടെന്നുണ്ടായ കുഴിയായതിനാൽ സന്തോഷിന് വണ്ടി അതിലിറക്കുക മാത്രമേ അന്ന് നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഈ സംഭവത്തിൽ യാത്രക്കാരോട് ഇറങ്ങുന്നതിനു മുൻപേ അദ്ദേഹം ക്ഷമ ചോദിക്കുകയുണ്ടായി. ഈ സംഭവം അന്ന് യാത്രക്കാരിൽ ആരോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് മറ്റുള്ളവർ അറിഞ്ഞത്.
ഇന്ന് കെഎസ്ആർടിസി ബസ്സുകളിൽ കാണുവാൻ സാധിക്കുന്ന ഒന്നാണ് ‘I LOVE MY KSRTC’ എന്ന വാക്കുകൾ. ഈ വാക്കുകൾ ആദ്യമായി ഉപയോഗിച്ചത് സന്തോഷ് കുട്ടനാണ് എന്ന് എത്രയാളുകൾക്ക് അറിയാം? തിരുവല്ല – ബെംഗളൂരു ഡീലക്സിൽ സന്തോഷ് ഒട്ടിച്ച I Love My KSRTC എന്ന സ്റ്റിക്കറിൽ നിന്നുമാണ് ആളുകൾ ഈ വാക്ക് സ്ഥിരമായി ഉപയോഗിച്ചു തുടങ്ങിയത്. ഈ വാക്കുകളെച്ചൊല്ലി പലയാളുകൾ തമ്മിൽ നിരവധി തർക്കങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം പുഞ്ചിരിയോടെ ഒരിടത്തു മാറിയിരുന്നു നോക്കുകയേ സന്തോഷ് ചെയ്തിരുന്നുള്ളൂ. തിരുവല്ല – ബെംഗളൂരു ഡീലക്സിൽ ഡ്രൈവർ ചെയ്ഞ്ച് സംവിധാനം വന്നപ്പോൾ സന്തോഷ് കുട്ടൻ ആ സർവ്വീസിൽ നിന്നും മാറി ഓർഡിനറി സർവീസിലേക്ക് തിരിഞ്ഞു.
ഒരു ഹർത്താൽ (പണിമുടക്ക്) ദിവസം തൻ്റെ രണ്ടു മക്കളുമായി ഡിപ്പോയിലെത്തിയ സന്തോഷ് കുട്ടൻ താൻ സ്ഥിരമായി ഓടിക്കുന്ന ലോഫ്‌ളോർ ബസ് കഴുകി വൃത്തിയാക്കിയ സംഭവം ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ സംഭവം അറിഞ്ഞ അന്നത്തെ കെഎസ്ആർടിസി എംഡി രാജമാണിക്യം സന്തോഷിനെ ചീഫ് ഓഫീസിലേക്ക് ക്ഷണിക്കുകയും അനുമോദിക്കുകയുമുണ്ടായി. അന്ന് സന്തോഷ് കുടുംബവുമൊത്തായിരുന്നു തിരുവനന്തപുരത്തെ കെഎസ്ആർടിസി ചീഫ് ഓഫീസിൽ എത്തിയത്. എംഡിയെക്കൂടാതെ നിരവധിയാളുകൾ സന്തോഷിനെ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അനുമോദിക്കുകയും ചെയ്തു.
ചങ്ങനാശ്ശേരി ഡിപ്പോയിൽ സ്ഥാനമേറ്റ സന്തോഷ് ഇപ്പോൾ ചങ്ങനാശ്ശേരിയുടെ പേരുകേട്ടതും അഭിമാനവുമായ വേളാങ്കണ്ണി സർവ്വീസിലാണ് ഡ്യൂട്ടി ചെയ്യുന്നത്. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട സന്തോഷിനെ നേരിട്ടു കാണുവാനായി മാത്രം ഈ ബസ്സിൽ കുറച്ചു ദൂരത്തേക്ക് ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവരും ധാരാളമാണ്. മഞ്ജുവാണ് സന്തോഷിന്റെ ഭാര്യ. ഗൗരിനന്ദ, കൈലാസനാഥൻ എന്നിവരാണ് മക്കൾ. മക്കളും ഭാര്യയും സന്തോഷിനു ഏതു കാര്യത്തിലും സപ്പോർട്ടാണ്. “കെഎസ്ആർടിസിയാണ് ഞങ്ങളുടെ കുടുംബത്തിന്റെ വരുമാനമാർഗ്ഗം. ഏത് ഡിപ്പോയിൽ ആണെങ്കിലും നന്നായി ഡ്യൂട്ടി ചെയ്യുക, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ അവരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുക എന്നതാണ് തൻ്റെ ലക്‌ഷ്യം” – സന്തോഷ് പറയുന്നു.