17 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച് ആഹാരവുമായി വന്ന സ്നേഹിതാ നന്ദി…

എഴുത്ത് – സന്തോഷ് കെ.കെ. (കെഎസ്ആർടിസി ഡ്രൈവർ).

20.10.2021 തിരുവനന്തപുരം. രാവിലെ വീൽ ഓൺ റെസ്റ്റോറൻ്റിൽ പോയി ദോശയും സാമ്പാറും കഴിച്ചു അവിടുന്ന് ഇറങ്ങി വരുമ്പോൾ മൊബൈൽ ബെല്ലടിച്ചു. ശിവപ്രസാദ് കോളിംഗ്.
“ഹലോ.. സന്തോഷേട്ടാ എവിടെയാണ്? ഞാൻ തമ്പാനൂർ ഉണ്ട്. ഞാൻ ബസിൻ്റെ അരികിലുണ്ട്. സന്തോഷേട്ടൻ എവിടെയാണ്?” “ഞാൻ ദേ കാപ്പി കുടിച്ചിട്ട് വരുന്ന വഴിയാണ്. ഇപ്പൊ എത്തും.” “ഒക്കെ ഞാൻ ബസ്സ് അടുത്ത് തന്നെ കാണും.”

സംസാരിച്ചുകൊണ്ട് നടന്നു വരുന്ന വഴി ഞാൻ കണ്ടിരുന്നു ബസിന്ടെ പിന്നിലായി ഒരു കവറും കയ്യിൽ തൂക്കി പിടിച്ചുകൊണ്ട് ശിവപ്രസാദ് നിൽക്കുന്നു. പക്ഷെ ശിവപ്രസാദ് എന്നെ കണ്ടിരുന്നില്ല. ഞാൻ പറഞ്ഞു ബസ്സിലേക്ക് കയറിക്കോളൂ എന്ന്. ഉള്ളിലേക്ക് കയറിവന്ന ശിവപ്രസാദ് ആ കവർ എൻറെ നേരെ നീട്ടി പറഞ്ഞു “കഴിക്കാനുള്ള ഭക്ഷണമാണ്. രണ്ടാൾക്കും ഉണ്ട്.”

ഞാൻ പറഞ്ഞു “ഭഗവാനേ ഞങ്ങൾ ഇത് ഇപ്പൊ കാപ്പി കുടിച്ചത് ഉള്ളൂ. ഇനി ഇത് എങ്ങനെ കഴിക്കും. എന്നാൽ നേരത്തെ വിളിച്ചപ്പോൾ ഒരു വാക്ക് പറയാമായിരുന്നില്ലേ? കാപ്പി കുടിക്കരുത് ഞാൻ കാപ്പിയുമായി വരുന്നുണ്ട് എന്ന്.” ശിവപ്രസാദ് പറഞ്ഞു “നേരത്തെ വരാം എന്ന് കരുതി ഇരുന്നതാണ്. പക്ഷേ നല്ല ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു. അതാണ് താമസിച്ചത്. രാവിലത്തെ കാപ്പി മാത്രമല്ല ഉച്ചയ്ക്കത്തെ ഊണ് കരുതിയിട്ടുണ്ട്.”

നെടുമങ്ങാട് അടുത്ത് താമസിക്കുന്ന ശിവപ്രസാദിൻ്റെ വീട് തമ്പാനൂരിൽ നിന്നും ഏതാണ്ട് 17 കിലോമീറ്റർ അകലെയാണ്. അവിടെനിന്നും ബൈക്കിലാണ് ഈ ഭക്ഷണവുമായി തമ്പാനൂർ എത്തിയത്. എൻറെ കണ്ടക്ടർ എംഡി സനൽ സാറിനെ ഞാൻ വിളിച്ചു. അദ്ദേഹം വന്നു. അദ്ദേഹത്തോട് ഞാൻ ചോദിച്ചു “നമ്മൾ ഭക്ഷണം എന്ത് ചെയ്യും?” അദ്ദേഹം ചിരിച്ചു. പിന്നെ ഞാൻ തന്നെ പറഞ്ഞു “നമ്മളോടുള്ള ഉള്ള സ്നേഹം കൊണ്ട് രാവിലെ എഴുന്നേറ്റ് ഇത്രയും ഭക്ഷണം തയ്യാറാക്കി 17 കിലോമീറ്റർ ദൂരം താണ്ടി ബൈക്കിൽ എങ്കിൽ ഈ ഭക്ഷണം നമുക്ക് എത്തിച്ചപ്പോൾ നമുക്ക് കളയാൻ പറ്റില്ല കഴിച്ചേ പറ്റൂ.

അപ്പോൾ നമ്മുടെ പാലായിലെ ഒരു ബസ് അവിടെ വന്നു. പ്രിയപ്പെട്ട സഹോദരൻ അജോഷ് അതിലുണ്ടായിരുന്നു അജോഷിനോട് ഞാൻ പറഞ്ഞു “അജോഷ് രാവിലെ ഭക്ഷണം കഴിച്ചിട്ടില്ല എങ്കിൽ ഭക്ഷണം കഴിക്കാൻ ഉണ്ട്.” പക്ഷേ അജോഷ് അത് കഴിക്കാൻ കൂട്ടാക്കിയില്ല. ഉച്ചയ്ക്ക് മാത്രമേ ഞങ്ങൾ ഭക്ഷണം കഴിക്കൂ എന്ന് പറഞ്ഞു ഒഴിഞ്ഞു. ഞാൻ ആകുന്നത് നിർബന്ധിച്ചു എന്നോടും അജോഷിനെയും കണ്ടക്ടറെയും ഞാൻ നിർബന്ധിക്കുക ഉണ്ടായി. എന്തായാലും ഭക്ഷണം കളയാൻ ഞാൻ തയ്യാറല്ലായിരുന്നു.

ഞങ്ങളിരുവരും ഒരുപാട് നേരം സംസാരിച്ചിരുന്നു. ശിവപ്രസാദ് ഇൻഫോസിസിൽ ആണ് ജോലി ചെയ്യുന്നത്. ഭാര്യയും തിരുവനന്തപുരത്ത് തന്നെ ജോലിയുണ്ട്. ഇവരുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. എനിക്ക് പോകാൻ കഴിഞ്ഞില്ല. ഒരു മാസമേ ആയുള്ളൂ രണ്ടുപേരുടെ വിവാഹം കഴിഞ്ഞിട്ട്. എൻറെ ആശംസകളും നന്മകളും പ്രാർത്ഥനകളും നേരുന്നു. ഒരു സഹോദരൻ ഉണ്ട് അദ്ദേഹം ഡ്രൈവിംഗ് ട്യൂട്ടറാണ്. അങ്ങനെ ഞങ്ങൾ വിശേഷങ്ങളൊക്കെ പങ്കുവെച്ച് എൻറെ വീട്ടിലെ എല്ലാവരെയും അന്വേഷിക്കുകയും, പ്രത്യേകിച്ച് മക്കളെയും എല്ലാവരെയും തിരക്കി അവരോട് അന്വേഷണം പറയണം എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ തിരികെ പോകാനുള്ള സമയമായി. ശിവപ്രസാദിനോട് യാത്ര പറഞ്ഞു ഞങ്ങൾ പോന്നു.

കൊട്ടാരക്കരയിൽ നിന്നാണ് ഞങ്ങൾ ഭക്ഷണം കഴിക്കുക. അപ്പോൾ ശിവപ്രസാദ് തന്ന ചോറ് ഞങ്ങളവിടെ ഓപ്പൺ ചെയ്തു. സ്കൂളിൽ പഠിച്ച ഒരു ഓർമ്മ പെട്ടെന്ന് വന്നു. പണ്ട് അമ്മ ഇലയിൽ പൊതിഞ്ഞ ചോറ് തന്നു വിടുമായിരുന്നു. അതെല്ലാം പെട്ടെന്ന് മനസ്സിലേക്ക് വന്നു. അച്ചാറും പാവയ്ക്കാ മെഴുക്കുപുരട്ടി, തോരൻ, പുളിശ്ശേരി, ഒരു മീൻ വറുത്തത് അങ്ങനെ ശരിക്കും മനസ്സും വയറും നിറഞ്ഞു ഞങ്ങൾ രണ്ടാൾക്കും. ഇനിയുള്ളത് പ്രഭാതഭക്ഷണം ആണ് അത് വൈകുന്നേരം കഴിക്കാൻ തീരുമാനമെടുത്തിരുന്നു.

കൊട്ടാരക്കരയിൽ നിന്ന് ഞങ്ങൾ പുറപ്പെട്ടു, എറണാകുളം എത്തിയപ്പോൾ അഞ്ചുമണി 10 മിനിറ്റ്. പ്രഭാത ഭക്ഷണങ്ങൾ എടുത്തു തുറന്നു. അതിൽ രണ്ടു പൊതി ഉണ്ടായിരുന്നു. ഉച്ചക്കത്തെ ഊണ് രണ്ടു പൊതി തന്നെയായിരുന്നു. ഒരു പൊതിയിൽ അതും ഇലയിൽ പൊതിഞ്ഞ് അഞ്ച് ഇഡ്ഡലി പിന്നെ വെള്ള നിറത്തിലെ തേങ്ങാച്ചമ്മന്തി. അടിപൊളിയായി അതും കഴിച്ചു.

ജീവിതത്തിൽ ഞാൻ ഈ സർവീസിൽ കയറിയതിനു ശേഷം സ്നേഹം നുകരാനായി ഒരു നിമിഷംകൂടെ, ഒരു ദിവസം കൂടെ എനിക്ക് തന്ന ശിവപ്രസാദ്… താങ്കൾക്ക് ഞാൻ നന്ദി അറിയിക്കുന്നു. ഒരു ദിവസം എൻറെ കൂടെ താങ്കൾ വരും എന്ന് പറഞ്ഞു ഞാൻ അത് പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം. നമ്മുടെ കെഎസ്ആർടിസി എനിക്ക് തന്ന എന്ന സൗഹൃദ ദിവസങ്ങളിൽ ഒന്നുകൂടെ. അന്നദാനം മഹാദാനം. ഈശ്വരനെന്നും താങ്കളെ അനുഗ്രഹിക്കട്ടെ.