കേരളത്തിലെ ഏറ്റവും പ്രശസ്തവും കുപ്രസിദ്ധി നേടിയതുമായ ബസ് സർവ്വീസ് ഏതായിരിക്കും? ഒരേയൊരു ഉത്തരമേ കാണൂ ശരണ്യ മോട്ടോഴ്സ്. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ശക്തമായ സ്വകാര്യ ബസ് സർവീസാണ് മുൻ ഗതാഗതമന്ത്രി ആർ ബാലകൃഷ്ണ പിള്ളയുടെ ബന്ധുവായ മനോജിന്റെ ഉടമസ്ഥതയിലുള്ള ശരണ്യ മോട്ടോഴ്സ്.
1985 ലാണ് മനോജിന്റെ അച്ഛൻ ചന്ദ്രശേഖരൻ ശരണ്യയുടെ ബസ് സർവീസുകൾ ആരംഭിക്കുന്നത്. അദ്ദേഹത്തിൻ്റെ സ്കൂളിൽ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയാണ് പുതിയ ബസ് സർവിസിനു ലക്ഷ്മിദേവിയുടേ പര്യായമായ “ശരണ്യ ” എന്ന പേര് നിർദ്ദേശിക്കുന്നത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും പുനലൂർ ആയിരുന്നു ശരണ്യയുടെ ആദ്യ സർവീസ്. പിന്നീട് ശരണ്യ മോട്ടോഴ്സ് നിരവധി ബസുകൾ കൊട്ടാരക്കരയെ ചുറ്റുവട്ടതുള്ള ചെറിയ പ്രദേശങ്ങളുമായി ബന്ധിപ്പിച്ചു ആരംഭിച്ചു. കൊട്ടാരക്കരയുടെ റാണി എന്നു പറഞ്ഞാൽ ഏതു ബസ് ഫാനും ഒന്നു ചിന്തിക്കുക പോലും ചെയ്യാതെ പറയുന്ന ഒരു പേരുണ്ട് ” ശരണ്യ.”
ശരണ്യയ്ക്കു എന്താണ് ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ ഒറ്റ ഉത്തരം – “യാത്രക്കാരന്റ സമയത്തിന്റെ വില കൃത്യമായി അറിയാവുന്ന ഓപ്പറേറ്റർ.” പക്ഷേ ഈ കൃത്യത ചിലപ്പോൾ വൻ അപകടങ്ങൾക്ക് വഴി വെക്കുകയും പല ജീവനുകൾ ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ശരണ്യയുടെ കുപ്രിസിദ്ധിയ്ക്കു കാരണം. മുമ്പ് പലതവണ നിയമവിരുദ്ധ പെർമിറ്റിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ബസ്സുകൾ സർവീസ് നടത്തുകയും ഇത് നിരവധി അപകടങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു. ഒത്തിരി പരാതികൾ ഇതു സംബന്ധിച്ച് ഉയർന്നിരുന്നു. എന്നാൽ ശരണ്യയുടെ ജനപ്രീതിയ്ക്ക് കോട്ടം വരുത്തുവാൻ ഈ സംഭവങ്ങളൊന്നും കാരണമായില്ല.
1993 ലാണ് ശരണ്യ മോട്ടോഴ്സ് അവരുടെ ആദ്യ ദീർഘ ദൂര സർവീസ് ആരംഭിക്കുന്നത്. പുനലൂരിൽ നിന്നും കോട്ടയം വഴി എറണാകുളത്തിനായിരുന്നു ആദ്യ സർവീസ്. പിന്നാലെ കൊട്ടാരക്കരയിൽ നിന്നും നെടുങ്കണ്ടം പോകുന്ന HMS ബീഗിൾ എന്ന പെർമിറ്റ് വാങ്ങി ശരണ്യ തന്റെ ഹൈറേഞ്ച് പ്രയാണം ആരംഭിച്ചു. ചന്ദ്രശേഖരനു പിന്നാലെ മക്കളായ ഹരി, ഗോപൻ, മനോജ് എന്നിവർ ബസ് സർവീസ് രംഗത്ത് വന്നതോടെ ശരണ്യ മോട്ടോഴ്സ് വളർന്നു.
മത്സര രംഗത്തുണ്ടായിരുന്ന മറ്റു ബസ് ഓപ്പറേറ്റർമാരെ നന്നായി ഒതുക്കുവാനും ശരണ്യ മാനേജ്മെന്റിനു കഴിഞ്ഞു. 76 സർവീസുകൾ ഒരേസമയം നടത്തി കേരളത്തിൽ തന്നേ അറിയപ്പെടുന്ന ബസ് ഓപ്പറേറ്റർ ആയി ശരണ്യ മാറിയത് ഇപ്പോൾ ചരിത്രമാണ്. ബസ് സർവീസ് കൂടാതെ ബോഡി ബിൽഡിങ് യൂണിറ്റ്, വർക്ഷോപ് എന്നിവയും ശരണ്യക്ക് ഉണ്ടായിരുന്നു. സ്വന്തം വർക്ക്ഷോപ്പിൽ പണികഴിപ്പിച്ച ശരണ്യ ബസുകൾ തലയെടുപ്പോടെ കേരളത്തിൽ (മധ്യ – തെക്കൻ) പറന്നു നടന്നു.
കൊട്ടാരക്കരയ്ക്കും എറണാകുളത്തിനും ഇടയിലാണ് ശരണ്യയുടെ മിക്ക ബസുകളും ഓടുന്നത്. പത്തനംതിട്ട, കൊല്ലം, കോട്ടയം ഇടുക്കി ജില്ലകളിലൂടെയാണ് പ്രധാനമായും ശരണ്യ കടന്നു പോകുന്നത്. ഈ പ്രദേശങ്ങളിൽ എല്ലായിടത്തും ശരണ്യ ബസ്സുകളോട് എല്ലാവർക്കും ഒരു ഭയഭക്തി ബഹുമാനമായിരുന്നു. ശരണ്യ വന്നാൽ വഴി മാറി കൊടുത്തേ മതിയാകൂ എന്നൊരു പാഠം എല്ലാവരും മുടങ്ങാതെ ശീലിച്ചിരുന്നു. വേറൊന്നും കൊണ്ടല്ല ജീവനിൽ ഭയമുണ്ടായിട്ടു തന്നെയാണ്. ഒരു കാലത്ത് സർക്കാർ സർവ്വീസുകളായ കെഎസ്ആർടിസി പോലും ശരണ്യയുടെ മുന്നിൽ തല കുനിച്ചു നിന്നിരുന്നതും ചരിത്രമാണ്.
1993 മുതൽ 2005 വരേ സ്വകാര്യബസുകളുടെ സുവർണ്ണ കാലഘട്ടത്തിൽ തെക്കൻ കേരളം അടക്കിവാണ കൊട്ടാരക്കരയുടെ റാണി പിന്നീട് പല കാരണങ്ങൾ കൊണ്ട് സർവീസുകളുടെ എണ്ണം കുറച്ചു. 2012 ലാണ് ശരണ്യ മോട്ടോഴ്സിലേക്ക് ആദ്യ “സൂപ്പർ ഫാസ്റ്റ്” പെർമിറ്റ് കടന്നു വരുന്നത്. അതും അവരുടെ ആദ്യ സർവീസ് ആയ “പുനലൂർ – എറണാകുളം” റൂട്ടിൽ. പിന്നീട് കേരളത്തിൽ ഏറ്റവുമധികം സൂപ്പർ ക്ലാസ് പെർമിറ്റുകൾ ഉള്ള ഓപ്പറേറ്റർ എന്ന പേരും ശരണ്യ മോട്ടോഴ്സിനെ തേടിയെത്തി. നാളുകൾക്ക് മുൻപ് ‘വിന്റർ ഗ്രീൻ’ എന്ന എഡിഷനിൽ ശരണ്യയുടെ കോൺട്രാക്ട് കാര്യേജ് ബസ് ഇറക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ ഏറെ വിവാദങ്ങൾക്കും ഇത് വഴിവെച്ചു.
ശരണ്യ മോട്ടോഴ്സ് എന്ന പേരിന്റെ വളർച്ച പോലെ തന്നെ ശത്രുക്കളുടെ എണ്ണവും കൂടി. എന്നാൽ 2014 – 15 ൽ വന്ന കോടതിവിധികൾ പ്രൈവറ്റ് ബസുകളേ ഒരുപോലെ പിടിച്ചു കുലുക്കിയപ്പോൾ അതു ശരണ്യയേയും ബാധിച്ചു. സൂപ്പർ ക്ലാസ് പെർമിറ്റ് പോയി ടേക്ക് ഓവർ വന്നപ്പോൾ പല സർവീസും നിർത്തി. ഉള്ളതിൽ ചിലത് മാത്രം എപ്പോഴും സർവീസ് നടത്തുന്നു പേരു നിലനിർത്താനായി മാത്രം.
ഇന്ന് കെഎസ്ആർടിസിയിൽ തന്റേടമുള്ള ജീവനക്കാർ ഒത്തൊരുമിച്ചതോടെ പലപ്പോഴും പഴയതുപോലെ ശരണ്യയ്ക്ക് തൻ്റെ ഗർവ്വ് പുറത്തെടുക്കുവാൻ സാധിക്കാറില്ല. കാര്യം എന്തൊക്കെയാണെങ്കിലും യാത്രക്കാർക്ക് വളരെ പ്രിയപ്പെട്ട സർവ്വീസുകളാണ് ശരണ്യയുടേത്. സ്ഥിരയാത്രക്കാരോട് ജീവനക്കാരുടെ സൗഹൃദപരമായ പെരുമാറ്റവും ഇതിനൊരു കാരണമാണ്. എന്തൊക്കെ ബ്ലോക്ക് വന്നാലും പല ഷോർട്ട് കട്ട് റൂട്ടിലൂടെയും സമയത്ത് സ്ഥലത്തെത്തിക്കുമെന്നുള്ള ഉറപ്പാണ് ഇന്നും ശരണ്യയെ ആളുകൾക്കിടയിൽ നിലനിർത്തുന്നത്.