വിവരണം – ശാരി സനൽ.
ഏതൊരു യാത്ര പ്രേമിയുടെയും സ്വപ്നമാണ് ലക്ഷദ്വീപ്. ആ ലക്ഷ്യത്തിലേക്ക് എത്താൻ പറ്റും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അതും കുറച്ച് ആളുകളുമായി. ആദ്യം ഞാൻ എന്നെ പരിചയപ്പെടുത്താം. എന്റെ പേര് ശാരി. തൃശ്ശൂർ നിവാസിയാണ്. എഫ് എം റേഡിയോ ജോക്കിയായി 9 വർഷം ജോലി ചെയ്തു. ജോലി അവസാനിച്ചപ്പോൾ ഏറ്റവും കൂടുതൽ വിഷമം ഞാനെങ്ങനെ ഇനി യാത്ര ചെയ്യും എന്നതായിരുന്നു. ജോലി ചെയ്യുമ്പോൾ ശമ്പളമുണ്ട്. കൂടെ യാത്രയ്ക്ക് കൂട്ടുകാരുണ്ട്. ഇതെല്ലാം ഇല്ലാതെ ഇനി ഇങ്ങനെ യാത്ര പോകും?
ആ ചിന്ത മറ്റൊരു തീരുമാനത്തിൽ അവസാനിച്ചു. എനിക്ക് എന്തുകൊണ്ട് ഒരു ടൂർ ഓപ്പറേറ്റർ ആയിക്കൂടാ? എങ്കിൽ മാത്രമേ വലിയ കാശ് ചെലവില്ലാതെ യാത്ര പോകാൻ സാധിക്കൂ. യാത്ര എന്ന ആവേശവും ആഗ്രഹവും മാത്രം കൈമുതലാക്കി രംഗത്തേക്ക് ഇറങ്ങി. കൂടെയുള്ള കൂട്ടുകാർ തന്നെ അവരുടെ പരിചയത്തിൽ വന്ന ആളുകൾ. അങ്ങനെ ആദ്യത്തെ യാത്ര സംഘടിപ്പിച്ചു. വലിയ വിജയം ആയിരുന്നു. യാത്ര കഴിഞ്ഞു മടങ്ങുന്നവർ അടുത്ത യാത്ര എങ്ങോട്ടാ എന്ന് ചോദിച്ചപ്പോൾ അത് മനസ്സിനെ വലിയൊരു ഊർജ്ജമായി. പിന്നീട് ചെറിയ ചെറിയ യാത്രകൾ സംഘടിപ്പിച്ചു. ഓഫീസ് ഒന്നുമില്ല. അറിയുന്നവരോട് അറിയാത്തവരോട് എല്ലാം പുതിയ യാത്രകൾ സംഘടിപ്പിക്കുമ്പോൾ പറയും.
അങ്ങനെ ഇരിക്കുന്ന ഒരു സന്ദർഭത്തിലാണ് എന്റെ ഒരു സുഹൃത്ത് ലക്ഷദ്വീപിലേക്ക് ഒരു ട്രിപ്പ് ഇടാൻ പറയുന്നത്. അത് ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട് അതുകൊണ്ടുതന്നെ ആദ്യമൊന്നും ചെവികൊടുത്തില്ല. പിന്നീട് ഈ ആവശ്യം വീണ്ടും വീണ്ടും പറഞ്ഞപ്പോൾ എന്റെയും ഒരു സ്വപ്നഭൂമിയാണ്. എന്തുകൊണ്ട് പ്ലാൻ ചെയ്യുന്നില്ല എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. അങ്ങനെ പിന്നെ ഒരു സ്പോൺസറെ കണ്ടെത്താനുള്ള ശ്രമം ആയി.
എന്നെപ്പോലെ യാത്ര ഒരു പാഷനും വരുമാനവുമായി കാണുന്ന നിരവധി പേരുണ്ട്. പ്രത്യേകിച്ച് ലക്ഷദ്വീപ് പാക്കേജ് ചെയ്യുന്നവർ നിരവധിയാണ്. പലർക്കും വ്യത്യസ്തമായ റേറ്റുകൾ. ആരെ തിരഞ്ഞെടുക്കും എന്ന് കൺഫ്യൂഷൻ. അവിടെ ഒരു സ്പോൺസർ ഇല്ലാതെ ലക്ഷദ്വീപിലേക്ക് പോകാൻ നമുക്ക് സാധിക്കുകയില്ല. എന്നോടൊപ്പം മറ്റ് ഏഴു പേർ കൂടി ഉണ്ടായിരുന്നു. അവസാനം വലിയ കത്തി അല്ലാത്ത ഒരു റേറ്റിൽ കാര്യങ്ങളെല്ലാം പറഞ്ഞുറപ്പിച്ചു.
ആദ്യത്തെ കടമ്പ പിസിസി എടുക്കുക എന്നുള്ളതാണ്. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. എനിക്ക് ഒരാഴ്ച കൊണ്ട് കിട്ടി. കൂടെയുള്ള ചിലരെ ഒരുപാട് നടത്തിച്ചു. അതൊക്കെ ഓരോരുത്തരുടെ ഭാഗ്യം പോലെ ഇരിക്കും. ഇനി നമുക്ക് ലക്ഷദ്വീപിൽ നിന്നുള്ള പെർമിറ്റ് വരണം. അതും 10 ദിവസത്തിനുള്ളിൽ വന്നു. അപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്. പക്ഷേ അധികം സന്തോഷിക്കാൻ പറ്റിയില്ല. അതിന്റെ പുറകെ ഒരു അറിയിപ്പ് വന്നു. ലക്ഷദ്വീപ് കേന്ദ്ര ഭരണ പ്രദേശം ആണല്ലോ. അവിടെ പ്രസിഡന്റ് വിസിറ്റിംഗ് വരുന്നുണ്ട് അതുകൊണ്ട് ടൂറിസ്റ്റുകളെ അനുവദിക്കുകയില്ല. പ്രസിഡന്റിന് വരാൻ കണ്ട നേരം എന്ന് മനസ്സിൽ പിറുപിറുത്തു.
ഇത് ഡിസംബറിൽ ആണ് സംഭവിക്കുന്നത്. യാത്ര മുടങ്ങി. ജനുവരിയിൽ കൂടെയുള്ളവർക്ക് പോകാൻ മറ്റ് ആസൗകര്യങ്ങൾ ഉള്ളതുകൊണ്ട് യാത്ര ഫെബ്രുവരി യിലേക്ക് മാറ്റിവെച്ചു. പി സി സി യും പെർമിറ്റും കയ്യിൽ ഉള്ളതുകൊണ്ട് വലിയ ടെൻഷൻ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ യാത്ര അങ്ങോട്ട് ഫ്ലൈറ്റ്, ഇങ്ങോട്ട് കപ്പലും ആണ്. ഇനി ടിക്കറ്റ് എടുക്കുക എന്നുള്ളതാണ് അടുത്ത കടമ്പ.
ആഴ്ചയിൽ രണ്ടുതവണ മാത്രമേ കപ്പൽ ഉള്ളൂ.. അതും നേരത്തെ ടിക്കറ്റ് കിട്ടുകയില്ല. അഞ്ചു ദിവസം മുന്നേ ആണ് ടിക്കറ്റ് എടുക്കാൻ സാധിക്കുകയുള്ളൂ. ഞങ്ങൾ കുറച്ചുപേർ മാത്രം ആയതുകൊണ്ട് ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല. അങ്ങനെ ആ ദിവസം വന്നെത്തി. അന്ന് കൊറോണ ഇത്രയ്ക്ക് വ്യാപകമായിട്ടില്ല. എന്നാലും അവിടെ അവിടെ ചില പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. എയർപോർട്ടിൽ നല്ല ചെക്കിങ് ആണ് എന്ന് അറിഞ്ഞു. മനസ്സിൽ വീണ്ടും ആധി കയറി. എല്ലാം ശരിയായിട്ട് അവസാനം ഈയൊരു കാരണം കൊണ്ട് യാത്ര മുടങ്ങുമോ? ഈ ടെൻഷനോടുകൂടി വീട്ടിൽ നിന്നിറങ്ങി.
എയർപോർട്ട് എത്തി, ബാക്കി എല്ലാ കാര്യങ്ങളും ഒക്കെയായി. ചെക്കിങ് ഒന്നുമുണ്ടായില്ല. അങ്ങനെ ഫ്ലൈറ്റിൽ കയറി. ഒന്ന് ശ്വാസം നേരെ വീണു. പറന്നു തുടങ്ങി. ആദ്യത്തെ ആകാശ യാത്ര. അതും എന്നെ വിശ്വസിച്ച് എന്നോടൊപ്പം യാത്ര തിരിച്ച മറ്റ് ആളുകൾക്കൊപ്പം. ഏകദേശം ഒന്നര മണിക്കൂർ എടുത്തു അഗത്തി ഐലൻഡ് എത്താൻ. ഇറങ്ങാൻ നേരം മുകളിൽ നിന്ന് തന്നെ ആ വിസ്മയം നമുക്ക് കാണാം. എങ്ങനെയാണ് ആ ജലാശയത്തെ ആ നിറത്തെ വർണ്ണിക്കേണ്ടത്, എനിക്കറിയില്ല. മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടിയിരുന്നു.
അങ്ങനെ ഫ്ലൈറ്റ് ഇറങ്ങി. പിന്നെയും ടെൻഷൻ. ഞങ്ങളെ കൊണ്ടുപോകാനുള്ള സ്പോൺസർ എത്തിയിട്ട് ഉണ്ടാവില്ലേ? താമസം പറഞ്ഞതുപോലെ സേഫ് ആയിരിക്കില്ലേ?? അങ്ങനെ അങ്ങനെ. നേരെ സ്പോൺസറെ വിളിച്ചു. ആള് അവിടെ തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ സമാധാനമായി. നേരെ റൂമിലേക്ക്. കുറച്ചു സമയം വിശ്രമിച്ചു അതിനുശേഷം നേരെ പോലീസ് സ്റ്റേഷനിലേക്ക്. ആരു വന്നാലും അവിടെ പോയി റിപ്പോർട്ട് ചെയ്യണം. അതൊരു ചടങ്ങാണ്. അത് പെട്ടെന്ന് കഴിഞ്ഞു.
പിന്നീടാണ് ഓരോ കാഴ്ചകളിലേക്ക് ഞങ്ങളുടെ യാത്ര. സിനിമയിലും ഫോട്ടോയിലും എല്ലാം കണ്ട പരിചയം മാത്രമേ ഉള്ളൂ. ആ വിസ്മയ ലോകമാണ് കൺമുമ്പിൽ. കടൽ കാഴ്ചകൾ, ദ്വീപ് നിവാസികൾ, എല്ലാം ഒരു അത്ഭുതമായിരുന്നു. ജനവാസം ഉള്ളതും ഇല്ലാത്തതുമായ ദ്വീപ് ഉണ്ട് അവിടെ. റിസോർട്ടുകൾ മാത്രമുള്ളതും ഉണ്ട്. സാധാരണക്കാരുടെ ഏറ്റവും ലളിതമായ ജീവിതം പരിമിതമായ സൗകര്യങ്ങൾ അവർ എത്ര സന്തോഷം നിറഞ്ഞവർ ആണെന്നോ. ബിഎസ്എൻഎൽ മാത്രമേ അവിടെ റെയിഞ്ച് ഉള്ളൂ. നെറ്റ് ടു ജി ആണ്. ത്രീജി ഉള്ള സ്ഥലങ്ങളും ഉണ്ട് എന്ന് പറയുന്നുണ്ട്. ആവേശം കൊണ്ട് കൂട്ടുകാർക്ക് ഒക്കെ ഫോട്ടോ അയച്ചു കൊടുക്കാം എന്ന് വ്യാമോഹം നടന്നില്ല. പെട്ടെന്നുതന്നെ അവസ്ഥയുമായി ഞങ്ങൾ പൊരുത്തപ്പെട്ടു.
രാവിലെ അവിടെ ചുമ്മാ നടക്കാനിറങ്ങും. ശരിയായ ജീവിത കാഴ്ചകൾ കാണാൻ.. സൈക്കിൾ ആണ് കൂടുതൽ പേർക്കും. ടൂവീലർ ഉണ്ട്. ഒരു പരിചയം ഇല്ലെങ്കിൽ പോലും അവരുടെ ചോദ്യങ്ങൾ, ചായ കുടിച്ചു പോകാമെന്ന് വീട്ടിലേക്കുള്ള ക്ഷണം എല്ലാം ഒരു അത്ഭുതമായി തോന്നി. നന്നായി മലയാളം പറയും. പക്ഷേ അവർ തമ്മിൽ തമ്മിൽ അവരുടെ ഭാഷയാണ് സംസാരിക്കുക. ഇങ്ങനെ നടക്കാൻ ഇറങ്ങിയപ്പോഴാണ് ഒരു നോട്ടീസ് ബോർഡ് ശ്രദ്ധയിൽപ്പെട്ടത്. അതിൽ ഒരു ബൈക്ക് മോഷണം പോയിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ എടുത്തിട്ടുള്ളവർ അത് തിരിച്ച് ഉടമയെ ഏൽപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം പരാതിയുമായി മുന്നോട്ടു പോകേണ്ടിവരും. എന്നാണ് എഴുതി കണ്ടത്.
എന്തൊരു നിഷ്കളങ്കരാണ് മനുഷ്യർ. അവരുടെ മനസ്സിന്റെ നന്മ തിരിച്ചറിഞ്ഞു.. പൊതുവേ അവിടെ കേസുകൾ ഒന്നുംതന്നെയില്ല. അവിടുത്തെ പോലീസുകാർക്ക് ഒരു ജോലി ഇല്ല എന്ന് തന്നെ പറയാം. തേങ്ങയാണ് പ്രധാന വരുമാനം. മീൻപിടുത്തവും, സ്വന്തമായ കടകൾ ഇതൊക്കെയാണ് മറ്റൊരു വരുമാനമാർഗങ്ങൾ. സ്വന്തം സ്ഥലത്തെ എത്രത്തോളം അവർ സ്നേഹിക്കുന്നു എന്നുള്ളത് അവരുടെ ഓരോ വാക്കിൽ നിന്നും നമുക്ക് ബോധ്യപ്പെടും. പവിഴപ്പുറ്റുകളും ചിപ്പികളും ഒന്നും നമുക്ക് അവിടുന്ന് എടുക്കാൻ സാധിക്കുകയില്ല. നിയമം അനുവദിക്കില്ല. അങ്ങനെ ഒരു നിയമം വെച്ചത് നന്നായി എന്ന് പിന്നീട് തോന്നി. അല്ലെങ്കിൽ അവിടെ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ഉണ്ടാവുമായിരുന്നില്ല. എല്ലാം നമ്മൾ അവിടുന്ന് പൊക്കി എടുക്കും.
ദ്വീപിൽ ഉള്ളവർ തന്നെയാണ് പരസ്പരം വിവാഹം കഴിക്കുക. നമ്മൾ അങ്ങോട്ട് ടൂർ പോകുമ്പോൾ അവിടെയുള്ളവർ കേരളത്തിലേക്ക് വരുന്നു. അവിടുത്തെ പെൺകുട്ടികൾ തുടർ വിദ്യാഭ്യാസത്തിന് മാത്രമാണ് പുറത്തു പോകുന്നത്. അല്ലാത്തവർ പോകാറുമില്ല. കല്യാണം കഴിഞ്ഞ് ആദ്യമായി കോഴിക്കോട് വന്നപ്പോഴാണ് എന്റെ ഭാര്യ ജീവനോടെ ബസും ട്രെയിനും ഒക്കെ കണ്ടത് എന്ന് ഞങ്ങളെ ദ്വീപ് കാണിക്കാൻ കൊണ്ടുപോയ നൗഷാദ് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. അങ്ങനെ എത്രയെത്ര അനുഭവങ്ങൾ..
വെള്ളത്തിനടിയിലൂടെ കടൽ കാഴ്ചകൾ കണ്ട് ആ വിസ്മയ ലോകത്തെ തൊട്ടറിഞ്ഞത് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിമാറി. തിരിച്ച് പോരേണ്ട ദിവസമായി. വിഷമം ആയിരുന്നു മനസ്സിൽ. മൂന്നുദിവസംകൊണ്ട് അവിടത്തെ ആളുകളും അവിടുത്തെ രീതികളുമായി എന്തോ ഒരു വല്ലാത്ത ബന്ധം. അവനെ അവിടെ ഉള്ളവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ സ്വന്തം വീട്ടിൽ നിന്ന് പോകുന്ന പോലെ ആയിരുന്നു.. തിരിച്ചു പോരുന്നത് കപ്പലിൽ ആണ്. അതും ആദ്യത്തെ അനുഭവം.
ആവേശത്തിൽ അവിടെ നിന്നും ഇറങ്ങി. ഉച്ചയ്ക്ക് കപ്പൽ പുറപ്പെട്ടു. ഫോണിന് റെയിഞ്ച് ഇല്ല. കണ്ണെത്താദൂരത്തോളം നീണ്ടു നിവർന്നു കിടക്കുന്ന കടൽ. കര കാണുന്നില്ല. കടലിൽ സൂര്യൻ അസ്തമിക്കുന്നത് കാണാൻ എന്തു ഭംഗി ആയിരുന്നു. അങ്ങനെ ആ കാഴ്ചകളും ആസ്വദിച്ച് കിടന്നുറങ്ങി. രാവിലെ 10 മണിക്ക് തിരിച്ചു കൊച്ചിയിലെത്തിയത്. കര കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷവും ആത്മനിർവൃതിയുമായിരുന്നു.. ഒരു കുഴപ്പവുമില്ലാതെ ആർക്കും ഒരു പരാതിയും ഇല്ലാതെ മനോഹരമായ മറ്റൊരു യാത്ര അവസാനിച്ചിരിക്കുന്നു. ദൈവത്തോട് നന്ദി പറഞ്ഞു..
നമ്മൾ ജീവിതത്തിൽ ആത്മാർത്ഥമായ ഒരു കാര്യം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ജീവിതത്തിൽ സംഭവിച്ചിരിക്കു. വലിയ യാത്രാ പരിചയമൊന്നും ഇല്ലാത്ത ഞാനിന്ന് ഒരു ടൂറിസ്റ്റ് ഗൈഡ് ആണ്. യാത്രകൾ സംഘടിപ്പിക്കാൻ തുടങ്ങിയപ്പോൾ ഈ ഒരു കോഴ്സും എടുക്കാൻ സാധിച്ചു. ഇതുപോലെ ലക്ഷദ്വീപ് ലക്ഷ്യം വെച്ചിട്ടുള്ള വർക്ക് എന്നെക്കൊണ്ട് പറ്റുന്ന എന്ത് സഹായവും ചെയ്യാം. എനിക്ക് ഒരു യൂട്യൂബ് ചാനലും ഉണ്ട്. ലക്ഷദ്വീപിലെ മനോഹരമായ കാഴ്ചകൾ നിങ്ങൾക്കും ആസ്വദിക്കാം. യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല. ഇനിയും പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്തണം.. ഈ സുന്ദരമായ ഭൂമിയിൽ നമ്മൾ ഉള്ളടത്തോളം കാലം മാത്രമേ നമുക്ക് സഞ്ചരിക്കാൻ അനുവാദമുള്ളൂ.. ആ സമയം നമ്മൾ ഉപയോഗപ്പെടുത്തണം..