അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രമാണ് സൗദി അറേബ്യ. മദ്ധ്യപൗരസ്ത്യദേശത്തെ ഒരു സമ്പന്നരാഷ്ട്രമായ സൗദി അറേബ്യയുടെ തലസ്ഥാനം റിയാദ് ആണ്. സമ്പൂർണ രാജഭരണമാണ് ഇവിടത്തെ ഭരണക്രമം. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നുമാണിത്. അമീർ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി. രണ്ട് വിശുദ്ധ പള്ളികളുടെ നാട് എന്ന പേരിലും സൗദി അറേബ്യ അറിയപ്പെടാറുണ്ട്. ഇസ്ലാമികരാഷ്ട്രമായ സൗദി അറേബ്യയിലെ 99 ശതമാനം ജനങ്ങളും മുസ്ലിമുകളാണ്. മുസ്ലിമുകളുടെ വിശുദ്ധനഗരങ്ങളായ മക്കയും മദീനയും ഇവിടെ സ്ഥിതിചെയ്യുന്നു. പൊതുവെ സൗദി അറേബ്യയുടേതു ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ്. ഇരുപതാം നൂറ്റാണ്ടിൽ ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ കിംങ്ഡം ഓഫ് സൗദി അറേബ്യ എന്ന ഔദ്യോഗിക നാമത്തിൽ ഈ രാജ്യം അറിയപ്പെടുന്നു.
പെട്രോളിയം ഉല്പന്നങ്ങളുടെ പര്യവേഷണത്തോടെ മധ്യ പൗരസ്ത്യദേശത്തെ ഒരു സമ്പന്ന രാഷ്ട്രമായി സൗദി അറേബ്യ മാറി. പടിഞ്ഞാറ് ചെങ്കടലും തെക്ക് യമൻ, ഒമാൻ എന്നീ രാജ്യങ്ങളും കിഴക്ക് അറബിക്കടൽ, യു.എ.ഇ. എന്നിവയും വടക്ക് ജോർദാൻ, ഇറാഖ്, കുവൈത്ത് എന്നിവയുമാണ് ആധുനിക സൗദി അറേബ്യയുടെ അതിർത്തികൾ. പ്രധാന വരുമാനസ്രോതസ്സ് പെട്രോളിയം ഉൽപന്നങ്ങളാണ്. ലോകത്തിൽ ഏറ്റവുമധികം എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. ദേശീയ ഉൽപാദനത്തിന്റെ 95% എണ്ണയും കയറ്റുമതി ചെയ്യുകയാണ്. ദേശീയ വരുമാനത്തിന്റെ 70% എണ്ണ വിൽപനയിലൂടെയാണ് ഖജനാവിലേക്കു എത്തുന്നത്. സൗദി അറേബ്യയിൽ എണ്ണ ഏറ്റവും കൂടുതലായി ഖനനം ചെയ്യപ്പെടുന്നത് കിഴക്കൻ പ്രദേശങ്ങളിലാണ്. ഇവിടെയാണ് രാജ്യത്തിന്റെ ഈ അമൂല്യസമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്.
ആദ്യകാലത്ത് അറേബ്യൻ ഉപദ്വീപിന്റെ പടിഞ്ഞാറുള്ള ഹിജാസ് മേഖലയിൽ സ്ഥിതിചെയ്യുന്ന മക്കയും, മദീനയും പോലുള്ള വ്യാപാരനഗരങ്ങളൊഴികെയുള്ള ഇന്നത്തെ സൗദി അറേബ്യൻ മരുഭൂമികളിൽ അപരിഷ്കൃതഗോത്രവർഗ്ഗക്കാരുടെ സമൂഹങ്ങളായിരുന്നു വസിച്ചിരുന്നത്. ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇസ്ലാമികപ്രവാചകനായിരുന്ന മുഹമ്മദ് (സ.അ.), ഉപദ്വീപിലെ ഗോത്രവർഗ്ഗക്കാരെയെല്ലാം ഒരുമിപ്പിക്കുകയും ഏകീകൃതഭരണം സ്ഥാപിക്കുകയും ചെയ്തു. 632-ആമാണ്ടിൽ മുഹമ്മദ് നബി(സ.അ) അവിടത്തെ വഫാതിനു ശേഷം അവിടത്തെ അനുഗാമികൾ അറേബ്യക്ക് പുറത്തേക്കും ഇസ്ലാമികഭരണം ത്വരിതഗതിയിൽ വ്യാപിപ്പിക്കുകയും പടിഞ്ഞാറ് ഐബീരിയൻ ഉപദ്വീപ് മുതൽ കിഴക്ക് ഇന്നത്തെ പാകിസ്താൻ വരെയുള്ള വിശാലമായ ഭൂഭാഗം അധീനതയിലാക്കുകയും ചെയ്തു. ഇതുമൂലം ഇസ്ലാമികലോകത്തിന്റെ കേന്ദ്രം കൂടുതൽ വികസിതമായ പിടിച്ചെടുക്കപ്പെട്ട മേഖലകളിലേക്ക് മാറുകയും, അറേബ്യ അതിന്റെ പ്രാന്തപ്രദേശത്തേക്ക് മാറുകയും ചെയ്തു.
പത്താം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംവരെ മക്കയും മദീനയും, മക്കയിലെ ശരീഫ് എന്നറിയപ്പെട്ടിരുന്ന തദ്ദേശീയഭരണാധികാരിയുടെ ഭരണത്തിൻ കീഴിലായിരുന്നു. ഈ ഭരണാധികാരികളാവട്ടെ, മിക്കപ്പോഴും ബാഗ്ദാദിലെയോ കെയ്റോയിലെയോ ഇസ്താംബൂളിലെയോ ഇസ്ലാമിക സാമ്രാജ്യങ്ങളുടെ ആശ്രിതത്വത്തിലായിരുന്നു. ഇന്നത്തെ സൗദി അറേബ്യയുടെ മറ്റുഭാഗങ്ങളെല്ലാം പരമ്പരാഗതമായ ഗോത്രഭരണസമ്പ്രദായത്തിലേക്ക് തിരിച്ചുപോയി. പതിനാറാം നൂറ്റാണ്ടിൽ ഒട്ടോമൻമാർ, ചെങ്കടലിന്റെയും പേർഷ്യൻ ഉൾക്കടലിന്റെയും തീരപ്രദേശങ്ങൾ (അസീർ, അൽഹസ എന്നിവ) തങ്ങളുടെ സാമ്രാജ്യത്തിന്റ ഭാഗമാക്കുകയും അറേബ്യയുടെ ഉൾഭാഗങ്ങളിൽ അധീശത്വം അവകാശപ്പെടുകയും ചെയ്തു. സാമ്രാജ്യത്തിന്റെ കേന്ദ്രീകൃതാധിപത്യത്തിലുണ്ടായ ഏറ്റക്കുറച്ചിലുകളനുസരിച്ച് ഇവിടങ്ങളിലെ നിയന്ത്രണത്തിന്റെ തോതും ഏറിയും കുറഞ്ഞുമിരുന്നു.
അൽ സൗദ് എന്നറിയപ്പെടുന്ന ഇന്നത്തെ സൗദി രാജകുടുംബത്തിന്റെ ഉയർച്ച, 1744-ൽ നെജ്ദിൽവച്ച് സാമ്രാജ്യസ്ഥാപകനായ മുഹമ്മദ് ബിൻ സൗദ്, മതനേതാവും സുന്നി ഇസ്ലാമികതയുടെ യാഥാസ്ഥിതിക രൂപമായ വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ മുഹമ്മദ് ബിൻ അബ്ദുൽവഹാബിന്റെ സേനയുമായി കൈകോർക്കുന്നതോടെയാണ് ആരംഭിക്കുന്നത്. ഈ കെട്ടുകെട്ട്, സൗദിയുടെ വികാസത്തിന്റെ ആശയാടിത്തറയാകുകയും ഇന്നത്തെ രാജഭരണത്തിന്റെ അടിസ്ഥാനമാകുകയും ചെയ്തു. 1744-ൽ റിയാദിന്റെ ചുറ്റുവട്ടത്തുള്ള മേഖലയിൽ സ്ഥാപിക്കപ്പെട്ട ‘സൗദി രാജ്യം’, ദ്രുതഗതിയിൽ വികസിക്കുകയും ഇന്നത്തെ സൗദി അറേബ്യയുടെ മിക്കവാറും ഭാഗങ്ങളുടെയും നിയന്ത്രണം കൈവരിക്കുകയും ചെയ്തു. പക്ഷേ, 1818-ൽ ഈജിപ്തിലെ ഒട്ടോമൻ പ്രതിനിഭരണാധികാരിയായിരുന്ന മുഹമ്മദ് അലി പാഷ ഇവരെ തോൽപ്പിച്ചു. നെജ്ദ് കേന്ദ്രമാക്കി രണ്ടാമതും ചെറിയൊരു സൗദി രാജ്യം 1824-ൽ സ്ഥാപിക്കപ്പെട്ടു. സൗദി അറേബ്യയുടെ ഉൾഭാഗങ്ങളുടെ നിയന്ത്രണത്തിനായി, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ബാക്കിമുഴുവൻ മറ്റൊരു അറേബ്യൻ രാജകുടുംബമായ അൽ റാഷീദുമായി, അൽ സൗദ് കുടുംബം പോരാട്ടം തുടർന്നു. 1891-ഓടെ അൽ റാഷിദ് കുടുംബം വിജയിക്കുകയും അൽ സൗദുകൾക്ക് കുവൈത്തിലേക്ക് പലായനം ചെയ്യേണ്ടിവരുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഒട്ടോമൻ സാമ്രാജ്യത്തിന് അറേബ്യൻ ഉപദ്വീപിന്റെ ഭൂരീഭാഗം പ്രദേശങ്ങളിലും നിയന്ത്രണമോ കുറഞ്ഞപക്ഷം സ്വാധീനമോ ഉണ്ടായിരുന്നു. ഈ മേൽക്കോയ്മക്കു കീഴിൽ ഉൾഭാഗത്ത് വിവിധ ഗോത്രനേതാക്കളും, ഹിജാസിൽ മക്കയിലെ ശരീഫുമായി അറേബ്യയിലെ ഭരണം നടന്നു. ഇബ്നു സൗദ് എന്ന അബ്ദുൽ അസീസ് രാജാവ് – ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ, രാഷ്ട്രപിതാവ്, ആദ്യത്തെ രാജാവ് 1902-ൽ സൗദ് കുടുംബാംഗമായ ഇബ്നു സൗദ് എന്ന അബ്ദുൽ അസീസ്, നെജ്ദിലെ റിയാദിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും സൗദ് കുടുംബത്തെ നെജ്ദിൽ വീണ്ടും അധികാരത്തിലെത്തിക്കുകയും ചെയ്തു. വഹാബി ആശയങ്ങളിൽ ആകൃഷ്ടരായിരുന്ന ഇഖ്വാൻ എന്ന ഗോത്രസേനയുടെ പിന്തുണയും ഇബ്നു സൗദിന് ലഭിച്ചു. സുൽത്താൻ ഇബ്നു ബിജാദ്, ഫൈസൽ അൽ-ദാവിഷ് എന്നിവരായിരുന്നു ഈ സേനയുടെ നേതാക്കൾ. 1912-ൽ രൂപീകരിക്കപ്പെട്ട ഈ സേന വളരെപ്പെട്ടെന്ന് വളർന്നു. ഇഖ്വാന്റെ സഹായത്തോടെ, 1913-ൽ ഇബ്നു സൗദ്, ഒട്ടോമൻ സാമ്രാജ്യത്തിൽനിന്നും പേർഷ്യൻ ഉൾക്കടൽ തീരത്തുള്ള ഹാസ പിടിച്ചെടുത്തു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഒട്ടോമൻ സാമ്രാജ്യവുമായി പോരാടിക്കൊണ്ടിരുന്ന ബ്രിട്ടന്റെ പിന്തുണയിൽ 1916-ൽ മക്കയിലെ ശരീഫായിരുന്ന ഹുസൈൻ ബിൻ അലി, ഏകീകൃത അറബ് രാജ്യം എന്ന ആവശ്യം മുൻനിർത്തി, ഒട്ടോമൻ സാമ്രാജ്യത്തിനെതിരെ ഒരു സമസ്ത അറബ് പ്രക്ഷോഭം നയിച്ചു. 1916 – 1918 കാലഘട്ടത്തിലെ ഈ പ്രക്ഷോഭം ലക്ഷ്യം കാണാതെ അവസാനിച്ചെങ്കിലും ലോകയുദ്ധത്തിലെ സഖ്യകക്ഷികളുടെ വിജയം, അറേബ്യയിലെ ഒട്ടോമൻ അധീശത്വവും നിയന്ത്രണവും അവസാനിപ്പിച്ചു.
ഇബ്ൻ സൗദ് അറബ് പ്രക്ഷോഭത്തിൽ പങ്കുചേർന്നിരുന്നില്ല, പകരം അൽ റാഷിദുകളുമായുള്ള തങ്ങളുടെ പോര് തുടർന്നു കൊണ്ടിരുന്നു. റാഷീദുകളുടെ അന്തിമപരാജയത്തിനുശേഷം 1921-ൽ നെജ്ദിലെ സുൽത്താൻ എന്ന പദവിയിൽ അദ്ദേഹം സ്വയം അവരോധിച്ചു. 1924-25 കാലഘട്ടത്തിൽ ഇഖ്വാന്റെ സഹായത്തോടെ ഹിജാസ് പിടിച്ചടക്കുകയും 1926 ജനുവരി 10-ന് ഹിജാസിലെ രാജാവായും പ്രഖ്യാപിച്ചു. ഒരു വർഷത്തിനുശേഷം നെജ്ദിലെ രാജാവ് എന്ന പട്ടവും അദ്ദേഹം സ്വന്തം പേരിൽച്ചേർത്തു.വഹാബി ഭരണത്തെ ജോർദാൻ നദിക്കു പടിഞ്ഞാറുള്ള ബ്രിട്ടീഷ് ആശ്രിതമേഖലയിലേക്കും ഇറാഖിലേക്കും കുവൈത്തിലേക്കും വ്യാപിപ്പിക്കുക എന്നതായിരുന്നു ഹിജാസ് കീഴടക്കിയതിനുശേഷം ഇഖ്വാൻ നേതൃത്വത്തിന്റെ ലക്ഷ്യം. ഇതിനായുള്ള ശ്രമങ്ങൾ അവർ ആരംഭിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുമായി നേരിട്ടുള്ള യുദ്ധത്തിന് ഇത് വഴിയൊരുക്കുമെന്ന് ഭയന്ന ഇബ്നു സൗദ് ഈ നീക്കങ്ങളെ എതിർത്തു. അതേസമയം ഇബ്നു സൗദിന്റെ ഭരണനയങ്ങളിൽ ഇഖ്വാനും അതൃപ്തരായിരുന്നു. ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിന്റെ കാരണം. ഈ എതിർപ്പ് രണ്ടുവർഷം നീളുന്ന ഒരു സംഘർഷത്തിലേക്ക് നയിക്കുകയും, 1930-ലെ സബില്ല യുദ്ധത്തിൽ ഇഖ്വാൻ സേന പരാജയപ്പെടുകയും അവരുടെ നേതാക്കളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. 1932-ൽ ഹിജാസിലെയും നെജ്ദിലേയും രാജ്യങ്ങൾ ഒന്നുചേർന്ന് സൗദി അറേബ്യൻ സാമ്രാജ്യം അഥവാ കിങ്ഡം ഓഫ് സൗദി അറേബ്യ ആയി മാറി.
1938 ൽ എണ്ണ സ്രോതസ്സ് കണ്ടുപിടിക്കുന്നതുവരെ സൗദി അറേബ്യ ലോകത്തിലെ ദരിദ്രമായ രാജ്യങ്ങളിലൊന്നായിരുന്നു. പരിമിതമായ കാർഷികവൃത്തിയും, തീർത്ഥാടകരിൽനിന്നുള്ള വരുമാനവുമായിരുന്നു പ്രധാന സാമ്പത്തികസ്രോതസ്സ്. എണ്ണപ്പാടങ്ങൾ കണ്ടെത്തപ്പെട്ടതോടെ, ആടുകളെ മേച്ചും ഒട്ടകങ്ങളെ വളർത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത സമ്പത്തിന്റെ പര്യായമായി. അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു. പെട്രോളിയത്തിന്റെ കണ്ടെത്തൽ മണൽരാജ്യത്തെ വൻ സാമ്പത്തികമുന്നേറ്റത്തിലേക്ക് നയിച്ചു. അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനി (അരാംകോ)യുടെ കാർമ്മികത്വത്തിൽ എണ്ണ ഉൽപാദനം പുരോഗമിച്ചു. ഇവിടങ്ങളിൽ ജോലിക്കായി ആയിരക്കണക്കിന് വിദേശികൾ, പ്രത്യേകിച്ച് അമേരിക്കക്കാർ സൗദിയിലേക്ക് വരാൻ തുടങ്ങി. എണ്ണ മേഖലയിൽ അമേരിക്കയുമായുള്ള അടുത്ത ബന്ധം, 1980 മുതൽ 1988 വരെ നീണ്ടുനിന്ന ഇറാൻ-ഇറാഖ് യുദ്ധത്തിൽ സൗദി അറേബ്യയിൽ അമേരിക്കൻ സേനക്ക് സൈനിക ക്യാമ്പ് അനുവദിക്കുന്നതിലേക്കു വരെ കാര്യങ്ങളെത്തിച്ചു. ലോകം സാമ്പത്തിക മാന്ദ്യത്തിലമർന്നപ്പോഴും എണ്ണയുടെ പിന്തുണയിലുള്ള കരുത്തുറ്റ സാമ്പത്തിക അടിത്തറ സൗദി അറേബ്യക്ക് തുണയായിനിന്നു.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉള്ള മുസ്ലിംകൾ ഹജ്ജ്, ഉംറ കർമങ്ങൾ ചെയ്യാൻ വേണ്ടി സൗദി അറേബ്യയിലെ മക്കയിലേക്കാണ് വരുന്നത്. ഇത് രാജ്യത്തെ ടൂറിസം, വ്യോമയാന രംഗങ്ങളിലെ പ്രധാന വരുമാന മാർഗ്ഗം കൂടിയാണ്. എണ്ണ വരുമാനം ഉണ്ടാകുന്നത് വരെ മക്കാ തീർത്ഥാടകരുടെ വരവ് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വലിയ സഹായം ചെയ്തിട്ടുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന തീർത്ഥാടനങ്ങളിൽ ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയതാണ് ഹജ് തീർത്ഥാടനം.
തൊഴിൽ രംഗം : പെട്രോളിയം ഉല്പന്നങ്ങളുടെ കണ്ടു പിടുത്തത്തോടെ തൊഴിൽ രംഗത്ത് വൻ മുന്നേറ്റമാണ് സൗദി അറേബ്യ നടത്തിയത്. നിലവിൽ 80 ലക്ഷം വിദേശ തൊഴിലാളികളുള്ള രാജ്യമാണ് സൗദി അറേബ്യ. രാജ്യത്ത് 84 ശതമാനവും കുറഞ്ഞ വിദ്യാഭ്യാസം മാത്രമുളള വിദേശികളാണ് തൊഴിൽ മേഖലയിലുളളത്. വൻകിട പദ്ധതികളുടെ പിറകിലെല്ലാം വിദേശ തൊഴിലാളികളുടെ കരങ്ങളാണ്. സൗദിയിൽ സ്വകാര്യ മേഖലയിൽ 10 ശതമാനം മാത്രമാണ് സ്വദേശികളുളളത്. വിദേശികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. പുതിയ കണക്കുകൾ പ്രകാരം പുരുഷൻമാരെക്കാൾ ഉയർന്ന വിദ്യാഭ്യാസം നേടിയവരാണ് രാജ്യത്തെ സ്ത്രീകൾ. തൊഴിൽ രഹിതരായ വനിതകളിൽ നാലിൽ മൂന്നും ബിരുദമോ ബിരുദാനന്ത ബിരുദമോ നേടിയവരാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സാമ്പത്തിക മാന്ദ്യം പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോഴും രാജ്യത്ത് കൂടുതൽ പ്രകടമായിട്ടില്ല. പശ്ചിമേഷ്യയിൽ തൊഴിലവസരങ്ങളിൽ സൗദിയുടെ തലസ്ഥാനമായ റിയാദ് മുന്നിൽ നിൽക്കുന്നു.
സാമ്പത്തികം, തൊഴിൽ ലഭ്യത, തൊഴിൽ അവകാശങ്ങൾ, കാലാവസ്ഥ, ദൈനംദിന ജീവിത നിലവാരം, സാമൂഹിക- സാംസ്കാരിക നിലവാരം എന്നീ ഘടകങ്ങളാണ് പഠനത്തിൽ മാനദണ്ഡമാക്കി ബൈത്ത് ഡോട്ട് കോം എന്ന വെബ് പോർട്ടൽ യുഗോഫ് ഇന്റർനാഷനൽ എന്ന സ്ഥാപനവുമായി സഹകരിച്ച് 2012-ൽ നടത്തിയ പഠനത്തിൽ പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള നഗരം സൗദി തലസ്ഥാന നഗരമായ റിയാദും ദോഹയുമാണെന്ന് പഠനം. തൊട്ടടുത്ത സ്ഥാനം ജിദ്ദക്കാണ്. എങ്കിലും സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായി വിദേശികൾ ചെയ്യുന്ന ജോലികളിൽ നിയന്ത്രണങ്ങൾ വന്നു കൊണ്ടിരിക്കുന്നുണ്ട്.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി)യിൽ അംഗത്വം എടുക്കേണ്ടതുണ്ട്. സാമൂഹിക സുരക്ഷാ പദ്ധതി എന്ന നിലയിലാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തൊഴിലുടമയുടെ സർക്കാരുമായുളള മുഴുവൻ ക്രയവിക്രയങ്ങൾക്കും ഗോസി സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്. ഇൻഷുറൻസ് പോളിസികൾക്ക് ആവശ്യമായ തുക തൊഴിലുടമകൾ അടക്കണമെന്നാണ് നിയമം. വർക്ക് പെർമിറ്റ് നേടുന്നതിനും ഇഖാമ പുതുക്കുന്നതിനുമെല്ലാം ഇത് ബാധകമാണ്. ലേബർ ഓഫീസുകളിൽ നിന്നും വിതരണം ചെയ്യുന്ന ലേബർ കാർഡ് (വർക് പെർമിറ്റ്) കാലാവധി ഒരു വർഷമാണ്.
നിലവിൽ വെള്ളിയാഴ്ചയും, ശനിയാഴ്ചയും ആണ് സൗദി അറേബ്യയിലെ വാരാന്ത്യ അവധി ദിനങ്ങൾ. മുൻപ് ഇത് വ്യാഴം വെള്ളി ദിവസങ്ങളായിരുന്നു. ശനി, ഞായർ ദിവസങ്ങൾ വാരാന്ത ഒഴിവു ദിനങ്ങളായി കണക്കാക്കുന്ന വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകൾ കാര്യക്ഷമമാക്കാനായി വെള്ളി, ശനി ദിവസങ്ങൾ വാരാന്ത ഒഴിനു ദിനങ്ങളായി പ്രഖ്യാപിക്കുന്നതിന് 2013 ഏപ്രിൽ മാസം ശൂറ കൗൺസിലും പിന്നീട് സൗദി മന്ത്രിസഭയും അംഗീകാരം നൽകിയിരുന്നു.
വിദേശ തൊഴിലാളികൾക്കുള്ള നിയമങ്ങൾ : രാജ്യത്ത് തൊഴിൽ തേടിയെത്തുന്നവർ ഏതെങ്കിലും ഒരു സ്പോൺസറുടെ കീഴിലാണ് ജോലി ചെയ്യുന്നത്. സ്പോൺസറുടെ കീഴിലല്ലാത്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്. രാജ്യത്തെ നിലവിലുള്ള വിസ നിയമ പ്രകാരം സൗദി സ്പോൺസർക്ക് ആണ് ജോലിക്കാരുടെ മേൽ നിയന്ത്രണങ്ങൾ ഉള്ളത്. സ്പോൺസർക്കോ അല്ലെങ്കിൽ അദ്ദേഹം കോടതി വഴി ചുമതലപ്പെടുത്തിയ ആൾക്കോ (വക്കീൽ) ആണ് തൊഴിലാളികളുടെ പാസ്പോർട്ട് സൂക്ഷിക്കുന്നതിനും താമസ രേഖ പുതുക്കുന്നതിനും തൊഴിലാളിക്ക് സ്വന്തം രാജ്യത്തേക്ക് അവധിക്കായി പോകാനുള്ള അനുമതി പത്രം നൽകുന്നതിനും അധികാരമുള്ളത്. സ്പോൺസറുടെ സഹകരണമില്ലാതെ വിദേശ തൊഴിലാളിക്ക് സ്വന്തം രാജ്യത്തേക്ക് നിയമ പരമായി പോകണമെങ്കിൽ സൗദി തൊഴിൽ കോടതി മുഖേന മാത്രമാണ് സാധിക്കുക.
2003 വരെ സൗദി അറേബ്യയിൽ ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് പോകാൻ പ്രവാസികൾക്ക് ജവാസാത് സാക്ഷ്യപ്പെടുത്തിയ സ്പോൺസറുടെ അനുമതി പത്രം ആവശ്യമായിരുന്നു. വിദേശ പൗരന്മാർക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഇപ്പോൾ ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. തന്റെ കീഴിലുള്ള വിദേശ തൊഴിലാളി ഒളിച്ചോടി പോയതായും ആ തൊഴിലാളിയുടെ പേരിൽ തനിക്ക് മേലിൽ ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ലെന്നും ജവാസാത്ത് അധികൃതരെ രേഖാമൂലം അറിയിക്കാൻ സ്വദേശി പൗരന്മാർക്ക് സൗദി സർക്കാർ നൽകിയ പ്രത്യേക അവകാശമാണ് ഹുറൂബ് (escape). ഹുറൂബ് ആക്കപ്പെട്ടവർക്ക് രാജ്യത്തെ തർഹീൽ (നാടുകടത്തൽ കേന്ദ്രം) വഴി മാത്രമേ സ്വദേശത്തേക്കു പോകാൻ കഴിയുകയുള്ളൂ. നിയമലംഘകരും കുറ്റവാളികളുമായ വിദേശ തൊഴിലാളികളിൽനിന്ന് സ്വദേശി പൗരന്മാർക്ക് സംരക്ഷണം നൽകാനുള്ള ഹുറൂബ് നിയമം നിരപരാധികൾക്കെതിരെ അന്യായമായി പ്രയോഗിക്കപ്പെടുന്നുണ്ട്. അന്യായമായി ഹുറൂബിന്റെ കെണിയിൽപെട്ട് രാജ്യം വിടാനാകാതെ മലയാളികളടക്കം നിരവധി പേർ സൗദിയിൽ ദുരിതം നേരിടുന്നുണ്ട്.
ഗതാഗത സൗകര്യങ്ങൾക്കായി വൻ തോതിൽ മുതൽ മുടക്കുന്ന സൗദി അറേബ്യയിൽ വളരെ വിപുലമായ ഗതാഗത സംവിധാനമാനുള്ളത്. റോഡ് ഗതാഗതം, റെയിൽ ഗതാഗതം, വ്യോമ ഗതാഗതം, ജല ഗതാഗതം എന്നിവയെല്ലാം അത്യന്താധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വർഷത്തിലുടനീളം തീർത്ഥാടകരെത്തി കൊണ്ടിരിക്കുന്ന മക്കയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ പദ്ധതികളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. മക്കയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് 182 കിലോമീറ്റർ നീളത്തിൽ 88 സ്റ്റേഷനുകളോട് കൂടി നിർമ്മിക്കുന്ന പദ്ധതിയാണ് മക്ക മെട്രോ. മക്കയിലെ ഗതാഗതക്കുരുക്കൊഴിവാക്കുന്നതിന് 60 കിലോമീറ്റർ നീളത്തിൽ 60 സ്റ്റേഷനുകളോട് കൂടി എക്സ്പ്രസ് ബസുകൾക്കായുള്ള പാത, 65 കിലോ മീറ്റർ നീളത്തിൽ 87 സ്റ്റേഷനുകളോട് കൂടിയ ടൗൺ സർവീസ് ബസ് പാത എന്നിവയും പുതിയ പദ്ധതികളാണ്.
ഡ്രൈവിങ് ലൈസൻസ് രണ്ട് മുതൽ 10 വർഷം വരെ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് ആണ് സൗദി അറേബ്യയിൽ നൽകുന്നത്. ഇതിൽ ലൈസൻസ് ഉടമക്ക് രണ്ട്, അഞ്ച്, പത്ത് എന്നിവയിൽ ഏതെങ്കിലുമൊരു കാലാവധി തെരഞ്ഞെടുക്കാം. ഒരു വർഷത്തിന് 40 റിയാൽ എന്ന നിരക്കിലാണ് ഫീസ്. എന്നാൽ അഞ്ച് വർഷത്തേക്ക് 75 റിയാൽ മാത്രമാണ് ഫീസ് ഈടാക്കുന്നത്. സൗദി ദേശീയ ചിഹ്നത്തിനും ട്രാഫിക് വിഭാഗം ലോഗോക്കും പുറമെ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി ) ലോഗോ കൂടി ഉൾപ്പെടുന്ന തരത്തിലാണ് രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് രൂപം. 18 വയസ് തികഞ്ഞാൽ സ്വകാര്യ വാഹനങ്ങളും മോട്ടോർ സൈക്കിളും ഓടിക്കാനുള്ള ലൈസൻസ് എടുക്കാം. ഇരുപതു വയസ് ആയാൽ പൊതു വാഹനങ്ങൾ ഓടിക്കുന്നതിന്നുതിനുള്ള ലൈസൻസും എടുക്കാം. പതിനേഴു വയസ് ആയവർക്ക് ഒരു വർഷത്തേക്ക് മാത്രമായി സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള താൽക്കാലിക ലൈസൻസ് വ്യവസ്ഥയും രാജ്യത്ത് നിലവിലുണ്ട്.
സൗദി ലൈസൻസ് ലഭിക്കുന്നതു വരെ വിദേശികൾക്ക് അതതു രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാം. മൂന്നു മാസം വരെ ഈ ആനുകൂല്യം ലഭിക്കും. എന്നാൽ മൂന്നു മാസത്തിനുള്ളിൽ സൗദി ലൈസൻസ് എടുക്കണം. കൂടാതെ വിദേശ ലൈസൻസ് ഉപയോഗിച്ചു വാഹനമോടിക്കുന്ന വിവരം ഇൻഷൂറൻസ് കമ്പനിയെ അറിയിക്കുകയും വേണം . പ്രായത്തിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ നാല് തരം ലൈസൻസ് ആണ് രാജ്യത്ത് നൽകുന്നത്. 3.5 ടണ്ണിനു മുകളിൽ ഭാരം കൂടാത്ത വാഹനങ്ങൾ ഓടിക്കുന്നതിനു വേണ്ടി ലഭിക്കുന്ന സ്വകാര്യ ഡ്രൈവിംഗ് ലൈസൻസ് ഡ്രൈവിംഗ് ലൈസൻസിൽ പരാമർശിച്ചിട്ടുള്ള തരത്തിലും വിധത്തിലും പെട്ട വാഹങ്ങൾ ഓടിക്കുന്നതിനുള്ള ജനറൽ ഡ്രൈവിംഗ് ലൈസൻസ്. പൊതു വാഹനങ്ങൾ ഓടിക്കുന്നതിനു വേണ്ടി നൽകപ്പെടുന്ന ഡ്രൈവിംഗ് ലൈസൻസ്. മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നതിനു വേണ്ടിയുള്ള ഡ്രൈവിംഗ് ലൈസൻസ്.
ആഘോഷങ്ങൾ : മുസ്ലിം മത വിശ്വാസികളുടെ രണ്ട് പ്രധാന ആഘോഷങ്ങളായ ഈദുൽ ഫിത്റും ഈദുൽ അഹ്ദയും സൗദി അറേബ്യയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. പ്രധാന റോഡുകളിലെ ഇലക്ട്രിക് പോസ്റ്റുകളിലും ഈന്തപനകളിലുമെല്ലാം വ്യത്യസ്ത വർണങ്ങളോട് കൂടിയ വൈദ്യുത വിളക്കുകൾ ഘടിപ്പിക്കുന്നു. പ്രത്യേക സ്ഥലങ്ങളിൽ പരമ്പരാഗത നൃത്തങ്ങൾ, ഗാനമേള, നാടകം തുടങ്ങിയവയും വിനോദ മൽസര പരിപാടികളും നടത്തുന്നു. പെരുന്നാളിനോടനുബന്ധിച്ച് വിവിധ നഗരസഭകൾ കരിമരുന്നു പ്രയോഗങ്ങളും സർക്കസും വിവിധ കലാകായിക, സാംസ്കാരിക, വിനോദ പരിപാടികളുമടക്കം ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷപരിപാടികൾ നടത്താറുണ്ട്. രാജ്യത്തെ നൂറുകണക്കിന് ഈദ്ഗാഹുകളിലും പ്രധാന പള്ളികളിലും പെരുന്നാൾ നമസ്കാരം നടക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ തീർഥാടകരും മക്ക നിവാസികളുമടക്കം അടക്കം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ചു വിശുദ്ധ ഹറമിലെ പെരുന്നാൾ നമസ്കാരത്തിന് പങ്കെടുക്കുന്നു. മദീനയിലെ മസ്ജിദുന്ന ബവിയിലെ പെരുന്നാൾ നമസ്കാരത്തിന് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി ആളുകൾ പങ്കെടുക്കുന്നു.
സൗദി അറേബ്യയുടെ ദേശീയ സാംസ്കാരിക പാരമ്പര്യാഘോഷമാണ് റിയാദിലെ ജനാദിരിയ്യ ഗ്രാമത്തിലെ പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ നടക്കുന്ന വർണശബളമായ ജനാദിരിയ്യ ആഘോഷം. സൗദി നാഷണൽ ഗാർഡ് വർഷാവർഷം സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരികാഘോഷ പരിപാടിയിൽ ഓരോ വർഷവും അതിഥി രാജ്യമായി വരുന്ന രാഷ്ട്രത്തിന്റെ തലവൻ മുഖ്യാതിഥിയാരിക്കും. കലാസാംസ്കാരിക പരിപാടികളും സെമിനാറുകളും നടക്കുന്ന ആഘോഷത്തിൽ സ്ത്രീകൾക്ക് പ്രത്യേക ദിവസങ്ങൾ മാറ്റിവെക്കും. ജനാദിരിയ്യ ചടങ്ങിലെ മുഖ്യ ഇനം സൗദിയിലെ പരമ്പരാഗത ദേശീയ നൃത്തമായ അൽ അർദഃ അസ്സുഊദിയ്യ ആണ്. വിവിധ വിഷയങ്ങളിലെ സെമിനാറുകൾ, കവിയരങ്ങ്, നാടകം, പാരമ്പര്യ ദൃശ്യങ്ങൾ, കരവിരുതുകളുടെ പ്രദർശനം എന്നിവയാണ് ജനാദിരിയ്യ ചടങ്ങിൽ അരങ്ങേറുന്ന മറ്റു മുഖ്യ ഇനങ്ങൾ. രാജ്യത്തിന്റെ പാരമ്പര്യത്തെയും സാംസ്കാരിക തനിമയെയും അടയാളപ്പെടുത്തുന്ന വൈവിധ്യമാർന്ന നാടൻ കലാ രൂപങ്ങളുടെയും പൗരാണിക ചരിത്ര ശേഷിപ്പുകളുടെയും പ്രദർശനം പരിപാടിയോടനുബന്ധിച്ചു ഉണ്ടായിരിക്കും. വിവിധ മേഖലകളെയും സാംസ്കാരിക കേന്ദ്രങ്ങളെയും മന്ത്രാലയങ്ങളെയും പ്രതിനിധീകരിച്ചുള്ള പവലിയനുകളും ജനാദിരിയ്യയിൽ ഒരുക്കുന്നു. മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള കലാ സാംസ്കാരിക സാഹിത്യ നായകന്മാർ അടക്കം നിരവധി പ്രഗൽഭർ പരിപാടിയിൽ പങ്കെടുക്കാറുണ്ട്.
നാഷണൽ ഡേ : അബ്ദുൽ അസീസ് രാജാവ് 1932-ൽ ആധുനിക സൗദി അറേബ്യ രൂപീകരിച്ചതിന്റെ സ്മരണയിൽ സെപ്റ്റംബർ 23 ന് ആണ് രാജ്യത്തെ ദേശീയ ദിനാഘോഷം. ഹിജാസ്, നജദ് എന്നീ പേരുകൾക്കു പകരം സൗദി അറേബ്യ എന്ന ഭദ്രവും ശക്തവും ഏകീകൃതവുമായ ഒരു രാഷ്ട്രത്തിന്റെ പിറവിയുടെ ആഘോഷം രാജ്യത്തുടനീളം നിരവധി പരിപാടികളോടെ ആഘോഷിക്കും. ദേശീയ ദിനം പ്രമാണിച്ച് പൊതു-സ്വകാര്യ മേഖലകൾക്ക് പൊതുഅവധി നൽകുന്നു. റിയാദ് നഗരസഭ തലസ്ഥാനത്ത് നിരവധി പരിപാടികൾ പൊതുജനങ്ങൾക്കായി ഒരുക്കുന്നു. പാരമ്പര്യ കലാ പരിപാടികൾ അവതരിപ്പിക്കുന്നതിനായി റിയാദ് നഗരിയുടെ വിവിധ ഭാഗങ്ങളിൽ വൻ തമ്പുകൾ കെട്ടിയുണ്ടാക്കും. രാജ്യ തലസ്ഥാനമായ റിയാദിലെ മനാഖ് അൽ അബ്ദുൽ അസീസ് പാർക്ക്, ഈസ്റ്റ് റിങ് റോഡിലെ മൈതാനം, കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സിറ്റി, ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കിൻദി മൈതാനം, അരീജാ, ഖാദിസിയ്യ എന്നിവിടങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ നടത്താറുണ്ട്. സൗദിയുടെ ചരിത്രം കുറിച്ചിട്ട ചിത്രങ്ങളുടെ പ്രദർശനവും അറബി സാഹിത്യ ഭാഷയിലുള്ള കവിയരങ്ങുകളും ദേശീയ ദിന പരിപാടികളോടൊന്നിച്ച് ഒരുക്കുന്നു. കൂടാതെ യുവജനങ്ങളെ ആകർഷിക്കുന്ന കല-കായിക പ്രകടനങ്ങൾ, കവിയരങ്ങുകൾ എന്നിവയും ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തുന്നു.
ഇസ്ലാമിക് നിയമപ്രകാരം അനുവദനീയമായ ഭക്ഷണം മാത്രമാണ് രാജ്യത്ത് അനുവദിക്കപ്പെട്ടിട്ടുള്ളത്. പന്നിയിറച്ചി, മദ്യം എന്നിവ രാജ്യത്ത് വിലക്കപ്പെട്ടവയാണ്. ഗോതമ്പ് പൊടിയും ഉപ്പും യീസ്റ്റും ഉപയോഗിച്ച് തയ്യാറാക്കുന്ന കുബ്ബൂസ് (റൊട്ടി) ആണ് സൗദി അറേബ്യയിലെ പ്രധാന ഭക്ഷണം. യെമനിൽ നിന്ന് പിറവിയെടുത്തതെന്ന് കരുതുന്ന അരിയാഹാരമായ കബ്സ രാജ്യത്തെ ജനപ്രിയ ഭക്ഷണമാണ്. ചിലയിടങ്ങളിൽ മജ്ബൂസ് എന്നും കബ്സയ്ക്ക് വിളിപ്പേരുണ്ട്. കൂട്ടമായിരുന്ന് ഒരു പാത്രത്തിൽ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന രീതി ഇവിടെയുണ്ട്. മന്തി, മജ്ലൂസ്, മസ്ലി, കബ്സ അഫ്ഗാനി, ലാഹോർ ബിരിയാണി, ഹരീസ്, സരീദ്, മത്റൂബ, ബഷ്മൽമക്, റോണ, ലഹം മസ്സങ്ക, നാഷ്ഫ്ലഹം, ഖുബ്സ് തുടങ്ങി അറബികളുടെ ഇഷ്ടവിഭവങ്ങളെല്ലാം ഇവിടെ പ്രസിദ്ധമാണ്. ഇസ്ലാമിക സംസ്കാരവും മൂല്യങ്ങളും നില നിർത്തിക്കൊണ്ടുള്ള വസ്ത്രധാരണ രീതിയാണ് രാജ്യത്ത് നിർബന്ധമാക്കിയിട്ടുള്ളത്.
നിരവധി ചരിത്ര പ്രധാന സ്ഥലങ്ങളും ആധുനിക ടൂറിസ്റ്റ് കേന്ദ്രങ്ങളും അടങ്ങിയ പ്രദേശമാണ് സൗദി അറേബ്യ. റിയാദ് ദേശീയ മ്യൂസിയം, ഖസ്ർ മസ്മക്, സൂക്ക് ദില്ല്, ദിരിയ , വാദി ഹനീഫ എന്നിങ്ങനെ നിരവധി സന്ദർശക കേന്ദ്രങ്ങൾ തലസ്ഥാനമായ റിയാദിൽ ഉണ്ട്. കിങ് അബ്ദുൾ അസീസ് ഹിസ്റ്റോറിക്കൽ സെന്ററിന്റെ ഭാഗമായ മസ്മാക്ക് കോട്ട, സൗദി അറേബ്യയുടെ തനത് വാസ്തു ശിൽപ ചാതുരിയുടെ പ്രൗഢിയിൽ നിൽക്കുന്ന റിയാദ് ശഖ്റയിലെ അൽ സുബൈഇ ഭവനം തുടങ്ങിയവ റിയാദിലെ ചരിത്രപ്രാധാന്യമുള്ള കോട്ടകളാണ്. സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ജിദ്ദയിലെ ഒരു പ്രധാന ആകർഷണം ചെങ്കടൽ തീരത്ത് സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കൃതൃമ ജലധാരയായ കിംഗ് ഫഹദ് ജലധാരയാണ്. ഇസ്ലാമിക വിശ്വാസികളുടെ വിശുദ്ധ ഹറമുകളിലൊന്നായ മസ്ജിദുന്നബവിയും പ്രവാചകൻ മുഹമ്മദ് നബിയുടെ ഖബറിടവും സ്ഥിതിചെയ്യുന്ന പ്രദേശമാണ് മദീന. മുഹമ്മദ് നബിയുടെയും തുടർന്ന് വന്ന ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ തുടങ്ങിയവരുടെയും ഖിലാഫത്തിന്റെ ആസ്ഥാനം തുടങ്ങി നിരവധി സവിശേഷതകൾ നിറഞ്ഞ പ്രദേശമാണ് മദീന.
രാജകീയ പ്രൗഡികളുടെ സൂക്ഷിപ്പുകളും ഇസ്ലാമിക പുരാവസ്തു ശേഖരങ്ങളും അടങ്ങുന്ന ചരിത്ര പ്രദേശമാണ് നജ്റാൻ. ഗ്രാമീണ വിപണികൾ, കരകൗശല വസ്തുക്കൾ, വാദി നദാലിലെ കെട്ടി നിർത്തിയ തടാകം, തുടങ്ങി സൗദി അറേബ്യയിലെ പൗരാണിക സംസ്കാരത്തിന്റെ അടയാളങ്ങൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാകാനുള്ള തയാറെടുപ്പിലാണ് സൗദി അറേബ്യ. വിനോദസഞ്ചാര വികസനം ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായാണ് സൗദി അറേബ്യ കാണുന്നത്. ബൃഹത്തായ നിരവധി വിനോദ സഞ്ചാര വികസനപദ്ധതികൾ നിർമ്മാണഘട്ടത്തിലാണ്. നിലവിൽ ടൂറിസം രാജ്യത്ത് ഏറ്റവും വലിയ രണ്ടാമത്തെ തൊഴിൽജന്യ മേഖലയാണ്. സൗദി അറേബ്യയുടെ ആഭ്യന്തര തൊഴിൽവിപണിയിൽ 26 ശതമാനമാണ് നിലവിൽ വിനോദ സഞ്ചാരമേഖലയുടെ പങ്കാളിത്തം. സൗദി വിനോദ സഞ്ചാരികൾ കൂടുതലായും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. എങ്കിലും വേനൽക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ടൂറിസം ഫെസ്റ്റിവലുകളിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്.
രാജ്യത്ത് ഹജ്ജ് വിസ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. സൗദിയിലെ താമസരേഖകളും സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ അംഗീകാരപത്രവും സഹിതം അപേക്ഷ സമർപിക്കുന്ന അംഗീകൃത ട്രാവൽ ഏജൻസികൾക്കാണ് വിസ ലഭിക്കുന്നത്. ഓരോ വർഷവും ശവ്വാൽ 15 മുതൽ ദുൽഖഅദ് 25 വരെയുള്ള കാലയളവിലാണ് ഹജ്ജ് വിസ വിതരണം ചെയ്യുക. പത്ത് ലക്ഷം പേർക്ക് ആയിരം പേർ എന്ന തോതിലാണ് ഓരോ രാജ്യങ്ങൾക്കും ഹജ്ജ് ക്വാട്ട നൽകുന്നത്. ഇതുപയോഗിച്ച് ജിദ്ദ, മക്ക, മദീന നഗരങ്ങളിൽ മാത്രമേ സന്ദർശിക്കാവൂ. രാജ്യത്ത് സ്ഥിര താമസത്തിനോ ജോലിക്കോ ഈ വിസ ഉപയോഗിക്കാൻ പാടില്ല. രാജ്യത്തിനകത്ത് നിന്നും ഹജ്ജിനു പോകുന്നവർ അതതു പ്രദേശത്തെ പാസ്പോർട്ട് ഓഫീസിലെത്തി ഹജ്ജ് അനുമതിപത്രങ്ങൾ (ഹജ്ജ് തസ്രീഹ്) എടുക്കണം. അഞ്ചു വർഷം കൂടുമ്പോൾ മാത്രമാണ് ഒരു വ്യക്തിക്ക് ഹജ്ജിനു അനുമതി നൽകുക. വ്യാജരേഖകളുമായി ഹജ്ജിനെത്തുന്നവരെ പിടികൂടാൻ പ്രവേശന കവാടങ്ങളിൽ നൂതന സംവിധാനങ്ങൾ ആണ് ഒരുക്കുന്നത്. മതിയായ രേഖകളില്ലാത്തവരെ ഹജ്ജിനെത്തിക്കുന്ന വാഹനം പിടിച്ചെടുക്കും. വാഹനത്തിലുള്ള ഓരോരുത്തർക്കും 10,000 റിയാൽ വീതം പിഴ നൽകണം.
സൗദിയിൽ താമസിക്കുന്നവരെല്ലാം രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്. ബലാത്സംഗം, കൊലപാതകം, മയക്കുമരുന്നിനടിമപ്പെടൽ, വിവാഹേതര ലൈംഗിക ബന്ധം, മന്ത്രവാദം തുടങ്ങിയ പലതരം കുറ്റങ്ങൾക്ക് വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദി ശരീഅത്ത് വിധിയനുസരിച്ച് നടപ്പാക്കുന്ന വധശിക്ഷ, കൈവെട്ടൽ തുടങ്ങിയ പ്രതിക്രിയകൾ അന്തിമമായി തീരുമാനിക്കാനുള്ള അധികാരം സുപ്രീംകോടതിക്കാണ്. അപ്പീൽ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക. അനന്തരാവകാശികൾ മാപ്പ് നൽകിയാൽ ചില കുറ്റങ്ങൾക്ക് പ്രതിക്രിയയിൽ ഇളവ് ലഭിക്കും. സൗദിയിൽ മറ്റു രാജ്യങ്ങളിൽ നിന്നും ജോലിക്കു വരുമ്പോൾ തന്നെ അവർക്ക് ലഭിക്കുന്ന തൊഴിൽ കരാറിൽ ഇസ്ലാം വിശ്വാസ പ്രമാണങ്ങൾ പവിത്രതയോടെ സൂക്ഷിക്കണം എന്ന് രേഖപ്പെടുത്താറുണ്ട്. ശരീഅത്ത് നിയമം പ്രാബല്യത്തിലുള്ള സൗദി അറേബ്യയിൽ റമദാൻ നിയമങ്ങൾ തെറ്റിക്കുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നിലവിലുണ്ട്. റമദാൻ നോമ്പു സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുക, വെളളം കുടിക്കുക, പുകവലിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് പിടിക്കപ്പെട്ടാൽ വലിയ കുറ്റമായി പരിഗണിക്കുന്നു. സൗദിയിൽ താമസിക്കുന്ന വിദേശികൾ ശരീഅത്ത് വ്യവസ്ഥക്ക് വിരുദ്ധമായ വിലക്കപ്പെട്ട കാര്യങ്ങൾ ചെയ്ത് പിടിക്കപ്പെട്ടാൽ കഠിന ശിക്ഷയോ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയക്കുകയോ ചെയ്യും.
സൗദി അറേബ്യയിൽ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുളള നിയമങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ട്. വ്യക്തിഹത്യ, ക്രെഡിറ്റ് കാർഡ് കോഡ് ചോർത്തൽ, ബ്ലാക്ക്മെയ്ലിങ് തുടങ്ങിയവ പരിശോധിച്ചു ശിക്ഷാ നടപടികൾ നിശ്ചയിക്കാൻ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. കുറ്റകൃത്യ രീതിയും തോതുമനുസരിച്ചു ശിക്ഷയിലും വ്യത്യാസമുണ്ടാകും. സൈബർ കുറ്റകൃത്യങ്ങളെ ഗൗരവകരമായി കണ്ടു 10 വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ മുതൽ അഞ്ച് ദശലക്ഷം റിയാൽ വരെ പിഴയും നൽകുന്നതാണു പുതിയ സൈബർ നിയമം. വെബ്സൈറ്റുകൾ നിരീക്ഷിക്കാൻ സൗദി സൈബർ സെക്യൂരിറ്റി ആൻഡ് ആന്റി സൈബർ ക്രൈം ഏജൻസി എന്ന പേരിൽ പ്രത്യേക വിഭാഗം രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെ ബോംബുനിർമ്മാണവും ഉപയോഗവും പരിശീലിപ്പിക്കുന്ന സൈറ്റുകളുടെ നിർമ്മാണം, ഭീകരവാദപ്രവർത്തനങ്ങൾക്ക് പ്രേരകമാവുന്ന ഉള്ളടക്കമുള്ളവ തുടങ്ങിയ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സദാചാരബോധത്തിനെതിരും മതവികാരം വ്രണപ്പെടുത്തുന്നതുമായ സൈറ്റുകളും മയക്കുമരുന്ന്, ചൂതാട്ടം പോലുള്ള കുറ്റകൃത്യങ്ങളടങ്ങിയ സൈറ്റുകളും രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. വെബ് സൈറ്റുകൾ തകർക്കുകയും ഇ-മെയിൽ അഡ്രസുകൾ ചോർത്തുകയും ചെയ്യുന്നവർക്കു കർശന ശിക്ഷയാണ് ഉള്ളത്.
വളരെ ശക്തമായ ഉപഭോക്തൃനിയമമാണ് രാജ്യത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം നടപ്പാക്കിയിരിക്കുന്നത്. വാങ്ങിയ വസ്തുക്കൾ തിരിച്ചുകൊടുക്കാൻ ഉപഭോക്താവിന് അവകാശം നൽകുന്ന നിയമം നിലവിലുണ്ട്. ഇതനുസരിച്ച് വാങ്ങിയ വസ്തു ഗുണനിലവാരമില്ലാത്തതോ കേടുപാടുള്ളതോ ഉപയോഗ്യമല്ലാത്തതോ വ്യാജമോ എന്ന് ബോധ്യപ്പെട്ടാൽ അവ തിരിച്ചുകൊടുക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. വിറ്റ വസ്തുക്കൾ തിരിച്ചെടുക്കുകയില്ലെന്ന് വിപണന കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കാനും ഉപഭോക്താക്കൾക്ക് നൽകുന്ന അച്ചടിച്ച പേമെൻറ് ഇൻവോയ്സുകളിൽ എഴുതാനും പാടില്ല. മടക്കിയെടുക്കുന്ന വസ്തുവിന്റെ വിലയും ആവശ്യമെങ്കിൽ നഷ്ടപരിഹാരവും നൽകാൻ വ്യാപാരികൾ ബാധ്യസ്ഥരാണ്. വ്യാപാര കേന്ദ്രങ്ങളിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിരീക്ഷണ സംഘങ്ങൾ പരിശോധന നടത്തുകയും നിയമലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ട വ്യാപാരികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും
സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഇരുപതു ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാരുടെ സാന്നിധ്യമാണ് സൗദി അറേബ്യയിലുള്ളത്. സൗദിയിലെ ഇന്ത്യൻ ജോലിക്കാരുടെ വിശ്വസ്തതയും, ആത്മാർത്ഥതയും, വൈദഗ്ദ്ധ്യവും അധികൃതരുടെ പ്രശംസ പിടിച്ചെടുത്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി സൗഹൃദത്തിൽ തുടങ്ങിയ പരമ്പരാഗത ബന്ധം വികസിച്ച് ഇപ്പോൾ തന്ത്രപ്രധാനം എന്ന പദവിയിലേക്ക് ശക്തിപ്പെട്ടിട്ടുണ്ട്. സൗദിയുടെ നാലാമത്തെ വലിയ വാണിജ്യ പങ്കാളിയാണ് ഇപ്പോൾ ഇന്ത്യ. 2006 -2007 ൽ 15,946.10 ദശലക്ഷം അമേരിക്കൻ ഡോളർ ആയിരുന്ന സൗദിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി. ഇത് 2010 -2011 ൽ 25,612.46 ദശലക്ഷം അമേരിക്കൻ ഡോളർ ആയാണ് ഉയർന്നത്. അതേസമയം, 2006-07 വർഷം 2590.77 ദശലക്ഷം അമേരിക്കൻ ഡോളർ ആയിരുന്ന സൗദിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2010-11 ൽ 5,227.19 ദശലക്ഷം അമേരിക്കൻ ഡോളർ ആയും ഉയർന്നു. രണ്ടു ലക്ഷത്തോളം ഹജ്ജ് തീർത്ഥാടകരാണ് വർഷം തോറും ഇന്ത്യയിൽ നിന്ന് എത്തുന്നത്. കൂടാതെ നിരവധി ഉംറ തീർത്ഥാടകരും എത്തുന്നുണ്ട്.
കടപ്പാട് – വിക്കിപീഡിയ.