കെഎസ്ആർടിസി കണ്ടക്ടറുടെ ‘സേവ് ദി ഡേറ്റ്’ കെഎസ്ആർടിസി ടിക്കറ്റ് മോഡലിൽ

ഒരുകാലത്ത് വിവാഹക്ഷണക്കത്തുകളിൽ വ്യത്യസ്തതകൾ പരീക്ഷിക്കുന്നതായിരുന്നു ട്രെൻഡ്. എന്നാൽ ഇപ്പോൾ അതിലും ഒരുപടി കൂടി മുന്നോട്ടു കടന്നുകൊണ്ട് ‘സേവ് ദി ഡേറ്റ്’ എന്ന പേരിൽ വിവാഹത്തീയതി എല്ലാവരെയും അറിയിക്കുന്ന ചടങ്ങ് സോഷ്യൽ മീഡിയയിൽ അരങ്ങു തകർക്കുകയാണ്.

സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനായി വ്യത്യസ്തമായ ലൊക്കേഷനുകൾ, കോസ്റ്റ്യുമുകൾ, തീമുകൾ തുടങ്ങിയവ ഫോട്ടോഗ്രാഫർമാരും ദമ്പതികളും ആണ് തീരുമാനിക്കുന്നത്. ചിലർ അവരവരുടെ പ്രൊഫഷനോട് ബന്ധപ്പെട്ട രീതിയിലായിരിക്കും ഫോട്ടോഷൂട്ട് നടത്തുക. എന്നാൽ കഴിഞ്ഞയിടെ മുതൽ സിനിമാറ്റിക് രംഗങ്ങളുമായാണ് സേവ് ദി ഡേറ്റ് ചിത്രങ്ങൾ ഫേസ്ബുക്കിലും യൂട്യൂബിലും ഹിറ്റുകൾ തീർക്കുന്നത്.

പലരും വ്യത്യസ്തത കൈവരിക്കുന്നതിനിടയിൽ തൻ്റെ ജോലിയുമായി ബന്ധപ്പെട്ട സേവ് ദി ഡേറ്റ് ഫോട്ടോകൾ തയ്യാറാക്കി ജനശ്രദ്ധ നേടുകയാണ് കരുനാഗപ്പള്ളി സ്വദേശിയായ ആനൂപ്പ്. കെഎസ്ആർടിസിയിൽ കണ്ടക്ടർ ആയി ജോലി നോക്കുന്ന അനൂപിന്റെ സേവ് ദി ഡേറ്റ് ഒരു കെഎസ്ആർടിസി ടിക്കറ്റിന്റെ രൂപത്തിലുള്ളതാണ്.

കേരള സ്റ്റേറ്റ് വെഡ്ഡിംഗ് എന്ജോയ്മെന്റ് കമ്പനീസ് (KSWEC) എന്ന് തലക്കെട്ട് നൽകിയിരിക്കുന്ന ടിക്കറ്റിൽ വധൂവരന്മാരുടെ പേര്, വിവാഹത്തിന്റെ തീയതി, മുഹൂർത്തം, എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അനൂപ് ജീവിതസഖിയായി തിരഞ്ഞെടുത്തിരിക്കുന്നത് കൊല്ലം സ്വദേശിനി തന്നെയായ മൈഥിലിയെ ആണ്. ഡിസംബർ പതിനഞ്ചാം തീയതിയാണ് ഇരുവരുടെയും വിവാഹം.

വ്യത്യസ്തമായ ഈ ‘സേവ് ദി ഡേറ്റ്’ ആനവണ്ടി ബ്ലോഗിൽ അനൂപ് ഷെയർ ചെയ്തതോടെയാണ് വൈറലായി മാറിയത്. 2017 ൽ എറണാകുളം സ്വദേശിയും അഡ്മിനുകളിൽ ഒരാളുമായ പ്രശാന്ത് തൻ്റെ വിവാഹ ക്ഷണക്കത്ത് കെഎസ്ആർടിസി ടിക്കറ്റിന്റെ രൂപത്തിൽ തയ്യാറാക്കിയതും മാധ്യമശ്രദ്ധ നേടിയിരുന്നു. എന്തായാലും അനൂപ് – മൈഥിലി ദമ്പതിമാർക്ക് വിവാഹ മംഗളാശംസകൾ നേരുന്നു.