ലോഫ്‌ളോർ ബസ്സിൽ കുഴഞ്ഞുവീണ യുവതിയ്ക്ക് സഹായിയായി ഒരു അദ്ധ്യാപിക….

ആനവണ്ടിയും ജീവനക്കാരുമാണ് സാധാരണ ഈയിടെയായി വാർത്തകളിൽ ഹീറോ ആകുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി യാത്രക്കിടയില്‍ കുഴഞ്ഞ വീണ സഹയാത്രികയെ കണ്ടക്ടറോടൊപ്പം കട്ട സപ്പോര്‍ട്ട് നല്‍കി അടുത്തുളള ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ച് ആവശ്യമായ ചികിത്സ നല്‍കി മണിക്കൂറോളം ആശുപത്രിയില്‍ സഹായമായി നിന്ന മാലാഖയാണ് ഇന്നത്തെ നന്മമരം.

സിസ്റ്റര്‍ പൗളി, കാവാലം ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ നാലാം ക്ളാസ്സില്‍ പഠിപ്പിക്കുന്ന അധ്യാപികയാണ്. ആ കുഞ്ഞുങ്ങളുടെ പുണ്യമാണ് സിസ്റ്ററെ പോലെ ഒരു അധ്യാപികയെ ലഭിച്ചത്. എല്ലാവരും തിരക്കിലാണ്.. നാം പലപ്പോഴും സമൂഹത്തിനോടുളള നമ്മളുടെ ഉത്തരവാദിത്വങ്ങള്‍ മറന്നുപോകുമ്പോള്‍ വ്യത്യസ്തയായി ഈ ടീച്ചര്‍. ബിഗ് സല്യുട്ട്…

തകഴിയില്‍ നിന്ന് ആലപ്പുഴയിലെ ഒരു സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തിലേക്ക് പോകുന്ന വഴിയാണ് യാത്രികയായ മാളവിക എന്ന ഇരുപത്തിനാലുകാരിയ്ക്ക് ആലപ്പുഴ പിച്ചുഅയ്യര്‍ ജംഗ്ഷനില്‍ വെച്ച് തലക്കറക്കം അനുഭവപ്പെട്ടത്. ഇതോടെ സഹയാത്രികരില്‍ നിന്നും വെളളം വാങ്ങി യാത്രികരുടെ സഹായത്താല്‍ തന്നെ കുടിക്കുവാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് കുഴഞ്ഞു വീഴുകയും, ബോധം നഷ്ടപ്പെടുകയും ആയിരുന്നു.

സംഭവം നടന്നത് JN 653 എന്ന നോൺ എസി ലോഫ്‌ളോർ ബസ്സിൽ വെച്ചായിരുന്നു. ലോഫ്‌ളോർ ബസ്സ് സാധാരണ ബസ്സുകളെക്കാൾ നീളമുള്ളതായതിനാൽ പെട്ടെന്ന് തിരിച്ച് ആശുപത്രിയില്‍ എത്തിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഈ സമയം പെട്ടെന്ന് തന്നെ ഒരു ഓട്ടോറിക്ഷ ക്രമീകരിച്ച് അധ്യാപികയായ പൗളി സിസ്റ്ററും ബസിലുണ്ടായിരുന്ന കെഎസ്ആർടിസി ജീവനക്കാരൻ കൂടിയായ അമ്പലപ്പുഴ സ്വദേശി ഷെഫീഖും ചേർന്ന് ബോധരഹിതയായ യാത്രക്കാരിയുമായി ജനറല്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

രാവിലെ 08.30 നാണ് യാത്രക്കാരിയായ മാളവികയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിച്ച ശേഷം ബ്ലഡ് ടെസ്റ്റുകൾ നടത്തുവാനും, ഇസിജി എടുക്കുവാനുമൊക്കെ പൗളി സിസ്റ്ററുടെ സഹായം രോഗിയ്ക്ക് ലഭിച്ചു. ഒടുവിൽ 9.40 മണിയോടെ മാളവികയുടെ ബന്ധുക്കള്‍ എത്തിയതിനു ശേഷമാണ് അധ്യാപികയായ പൗളി സിസ്റ്റർ സ്കൂളിലേക്ക് പോയത്.

ജീവിതമാകുന്ന യാത്രയിൽ നമ്മളിൽ ആർക്കും ഇതുപോലുള്ള സംഭവങ്ങളെ നേരിടേണ്ടി വന്നേക്കാം. ഒരിക്കലും മുഖം തിരിക്കാതെ തന്നാൽ കഴിയുന്ന സഹായസഹകരണങ്ങൾ ചെയ്യുവാൻ എല്ലാവരും മുന്നിട്ടിറങ്ങുക. ചിലപ്പോൾ ആ രോഗിയുടെ സ്ഥാനത്ത് നാളെ നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ആകാം. നന്മയുടെ കണികകൾ എല്ലായിടത്തും പരക്കട്ടെ…