പെട്രോളിന് പകരം ഡീസൽ അടിച്ച് പണികിട്ടിയ ഒരു സ്കോട്ലൻഡ് യാത്ര

വിവരണം – Dr Niyas Khalid.

കയ്യിൽ കാശില്ലാത്ത കാരണം ഇവിടെ സ്കോട്ലൻഡിൽ ആരും മരിക്കാൻ പാടില്ല എന്ന് ഞങ്ങൾക്കു നിർബന്ധമുണ്ട്. അങ്ങെനെ ചികിത്സ കിട്ടാതെ ആരെങ്കിലും ഇവിടെ മരിച്ചാൽ.. We consider it as state sponsored murder..! ആ വാക്കുകൾ ഇന്നും എന്റെ കാതിൽ ഇടയ്ക്കിടെ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഒരു പ്രാതൽ കഴിക്കുന്ന സമയം കൊണ്ട് എനിക്ക് പൗരബോധത്തെ കുറിച്ചു ജനാധിപത്യത്തെക്കുറിച്ചു welfare സ്റ്റേറ്റിനെ കുറിച്ചു, അതിജീവനത്തെക്കുറിച്ചു, ഏകാന്തതയെ കുറിച്ചു, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചു, സ്കോട്ടിഷ് സ്വാതന്ത്ര്യത്തെക്കുറിച്ചു. അങ്ങെനെ ഒരുപാടു കാര്യങ്ങളെക്കുറിച്ചു പറയാതെയും അല്ലാതെയും സ്റ്റഡി ക്ലാസ് എടുത്ത ഒരു സ്ത്രീയുടെ വാക്കുകൾ.

ഫോർട്ട് വില്യം കഴിഞ്ഞു ഇൻവെർനിസ്സിലേക്കുള്ള യാത്രയിൽ ആയിരുന്നു ഞങ്ങളുടെ മൂവർ സംഘം. ഇംഗ്ലണ്ടിനെയും സ്കോട്ലൻഡിനെയും അടുത്തറിയാനുള്ള ഒരു റോഡ് ട്രിപ്പിന്റെ നാലാമത്തെ ദിവസം. രാത്രി 8 മണി കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര വിജനമായ വഴികളിലൂടെ ആയതു കൊണ്ടും അടുത്ത ടൌൺ എത്താൻ ഒരുപാടു ദൂരം താണ്ടാൻ ഉള്ളത് കൊണ്ടും ആണ് അടുത്ത് കണ്ട പെട്രോൾ പമ്പിൽ കയറിയത്. ആര് ക്യാഷ് കൊടുക്കണം എന്നുള്ള തർക്കം സ്ഥിരമായി ഉണ്ടാകാറുള്ളത് കൊണ്ടാണ് ഇപ്പ്രാവശ്യം പെട്രോൾ താൻ തന്നെ അടിക്കും എന്ന് പറഞ്ഞു സുഹൃത്ത് ചാടി ഇറങ്ങി പെട്രോൾ അടിക്കാൻ തുടങ്ങിയത്.

ഞാനും ഞങ്ങളിലെ മൂന്നാമനും കൂടി അടുത്തതായി പോകുന്ന റൂട്ട് തീരുമാനിക്കുകയും തങ്ങാനുള്ള ഹോട്ടൽ ബുക്ക് ചെയ്യുന്ന തിരക്കിലും ആയിരുന്നു. പെട്രോൾ പമ്പിൽ നിന്ന് ഇറങ്ങി ഏകദേശം ഒരു 5 കിലോമീറ്റർ ഓടിക്കാണും. അപ്പോഴാണ് വണ്ടിക്കു ഒരു ശബ്ദവും വിറയലുമൊക്കെ. എന്തോ കാര്യമായിട്ടു പ്രശ്‍നം ഉണ്ട് എന്ന് ആ ശബ്ദം കേട്ടപ്പോഴേ തോന്നി. വണ്ടി ഹാർഡ് ഷോൾഡറിലേക്ക് കയറ്റി നിർത്തി ഇറങ്ങി നോക്കി. പുറത്തേക്ക് പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല.

ഒന്നും അറിയില്ലെങ്കിലും ബോണറ്റ് തുറന്നു നോക്കുന്നത് ഒരു സ്റ്റൈൽ ആണല്ലോ എന്ന് വിചാരിച്ചു ബോണറ്റിന്റെ ബട്ടൺ തപ്പുന്നതിനിടക്കാണ്‌ താഴെ അലക്ഷ്യമായി കിടക്കുന്ന പെട്രോൾ അടിച്ച ബില്ല് കണ്ണിൽ പെട്ടത്. തലയിൽ ഒരു കൊള്ളിയാൻ മിന്നി. കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ. കണ്ണ് തുറന്നു ഞാൻ ആ പേപ്പറിലേക്ക് ഒന്ന് കൂടെ നോക്കി. 40 പൗണ്ടിന് ആശാൻ ഡീസൽ അടിച്ചിട്ടുണ്ട്. ഈ പെട്രോൾ കാറിനു..!!! സ്കോട്ലൻഡിലെ ആ തണുപ്പത്തും നെറ്റിയിൽ നിന്ന് വിയർപ്പു പൊടിഞ്ഞു. മുന്നിൽ ഉള്ളത് കാടാണ്. പിറകോട്ടു പോകാൻ മാർഗവും ഇല്ല. സ്കോട്ലൻഡ് കാണാൻ അതിമനോഹരമാണെങ്കിലും പൊതുവെ വിജനമാണ്. വൈകിട്ട് 5 മണി കഴിഞ്ഞാൽ പിന്നെ ഷോപ്പുകൾ എല്ലാം അടഞ്ഞു കിടക്കും. അന്നാണെങ്കിൽ ഈസ്റ്റർ അവധിയും.

കാർ റെന്റിനു തന്ന കമ്പനിയെ തന്നെ വിളിക്കാൻ തീരുമാനിച്ചു. അബദ്ധം പറ്റിയ കാര്യം പറഞ്ഞു. ഭാഗ്യത്തിന് ഫുൾ ഇൻഷുറൻസ് എടുത്തിട്ടുണ്ട്. ലൊക്കേഷൻ കോർഡിനേറ്റ്സ് ഷെയർ ചെയ്തു. വണ്ടി ഇനി സ്റ്റാർട്ട് ചെയ്യരുത് എന്ന് പറഞ്ഞു. സ്കോട്ലൻഡിലെ കൊടും തണുപ്പത്തു ഇരുട്ടിൽ നമ്മൾ മൂന്ന് പേരും മുഖത്തോടു മുഖം നോക്കി ഇരുന്നു. മിനുട്ടുകൾ.. മണിക്കൂറുകൾ ആയി. കുറച്ചു കഴിഞ്ഞു അവർ തിരിച്ചു വിളിച്ചു. റിക്കവറി വണ്ടി അറേഞ്ച് ചെയ്തിട്ടുണ്ട്. 2 മണിക്കൂർ എടുക്കും വരാൻ. ഈസ്റ്റർ ഹോളിഡേ ആയതു കൊണ്ട് എല്ലാ ഹോട്ടലുകളും ഫുൾ ആണ്. അത് കൊണ്ട് തന്നെ റിക്കവറി ഡ്രൈവറുടെ പരിചയത്തിൽ അടുത്ത ഗ്രാമത്തിൽ ഒരു B & B ഉണ്ട്. ഇന്ന് രാത്രി അവിടെ തങ്ങാം. രാവിലെ റിക്കവറി ട്രക്കിൽ ഇൻവെർനെസിൽ എത്തിയാൽ പുതിയ വണ്ടി അവിടെ നിന്ന് കിട്ടും. ഇതാണ് മൂപ്പരുടെ പ്ലാൻ. ഇതെല്ലാം അറേഞ്ച് ചെയ്യാൻ ആണ്‌ അങ്ങേര് ഇത്രേം സമയം എടുത്തത്. വളരെ നല്ല മനുഷ്യൻ.

കാറിൽ തണുപ്പത്തു കിടന്നു നേരം വെളുപ്പിക്കേണ്ടി വരുമെന്ന് കരുതിയിരുന്ന നമ്മുടെ മനസ്സിൽ ലഡ്ഡു പൊട്ടിച്ചു കൊണ്ട് ഒരു സുന്ദരൻ റിക്കവറി വാൻ എത്തിച്ചേർന്നു. ബാക്കിൽ ഞങ്ങളുടെ suv യും മുന്നിൽ ഡ്രൈവറുടെ അടുത്ത് ഞങ്ങൾ മൂന്ന് പേരും യാത്ര തിരിച്ചു. ഏകദേശം 45 മിനിറ്റ് യാത്രക്ക് ശേഷം ആണ് ഞങ്ങൾ ആ മനോഹരമായ ഗ്രാമത്തിലെ ഒരു ചെറിയ വീട്ടിൽ എത്തുന്നത്.

പാതി രാത്രി കഴിഞ്ഞു എത്തുന്ന വിരുന്നുകാരെ കാത്തു ഇരിക്കുന്ന, വെള്ളി നാരുകൾ പോലെ നരച്ച മുടിയുള്ള, മുഖത്ത് ചുളിവുകൾ വീണ, കുഴിഞ്ഞ കണ്ണുകൾ ഉള്ള , മെലിഞ്ഞു സുന്ദരിയായ, ഒരുപാട് പ്രായമുള്ള അവരെ ഞാൻ കണ്ടത്. ടൈറ്റാനിക്കിലെ റോസിന്റെ വാർധക്യം അവതരിപ്പിച്ച ക്യാരക്ടർ നെ ആണ് എനിക്ക് ആദ്യം ഓർമ്മ വന്നത്. സാദാരണ ഞാൻ വീക്കെന്റുകളിൽ അതിഥികളെ എടുക്കാറില്ല. പിന്നെ നിങ്ങൾ സ്കോട്ലൻഡ് കാണാൻ വന്നു വഴിയിൽ കുടുങ്ങി കിടക്കുയാണെന്നു പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ സമ്മതിച്ചത്. 3 പേർക്ക് കിടക്കാനുള്ള റൂമിലേക്കു ഞങ്ങളെ ആനയിക്കുന്നതിനിടക്ക് അവർ പറഞ്ഞു കൊണ്ടിരുന്നു. വളരെ മനോഹരമായി അലങ്കരിച്ച എല്ലാ സൗകര്യങ്ങളും ഉള്ള ഒരു മുറിയായിരുന്നു അവർ ഞങ്ങൾക്കായി തന്നത്. ഉറക്കം നഷ്ടപ്പെട്ടാൽ തന്റെ ദിനചര്യകൾ തെറ്റും അതുകൊണ്ടു രാവിലെ കാണാം എന്ന് പറഞ്ഞു അവർ പോയി.

പിറ്റേന്ന് അവർ ഉണ്ടാക്കിത്തന്ന പോറിഡ്ജ്ഉം മുട്ടയും അവരുടെ അടുക്കും ചിട്ടയോടും കൂടി ക്രമീകരിച്ച ഭക്ഷണ മുറിയിൽ ഇരുന്നു കഴിക്കുന്നതിടക്കാണ് അവർ സംസാരിച്ചു തുടങ്ങിയത്. പ്രായം 82. 30 വര്ഷം മുമ്പ് Crohn’s disease ബാധിച്ചു കുടൽ മുറിച്ചു മാറ്റേണ്ടി വന്നു. Colostomy ബാഗും കൊണ്ടാണ് നടത്തം. റിട്ടയേർഡ് ടീച്ചർ ആണ്. ഭർത്താവ് മരിച്ചു പോയി. മകൾ ഒരാൾ ടീച്ചർ ആണ്. മാസത്തിൽ ഒരിക്കൽ വരും. ഏകാന്തത ഒഴിവാക്കാനും ഒരു അധിക വരുമാനത്തിനും വേണ്ടി ഒരു B & B നടത്തുന്നു. വീട്ടിൽ തന്നെ. മുമ്പ് സ്കോട്ടിഷ് പ്രധാനമന്ത്രിയുടെ സ്റ്റാഫ് ആയി വർക്ക് ചെയ്തിട്ടുണ്ട്. പോരാത്തതിന് ഇപ്പോഴും differently abled ആയ കുട്ടികൾക്കു വേണ്ടി ചാരിറ്റി ചെയ്യുന്നുണ്ട്.

NHS ഇലെ ഡോക്ടർ ആണ് എന്ന് പറഞ്ഞപ്പോഴാണ് ഹെൽത്ത് സെർവീസിലെ ബജറ്റ് വെട്ടികുറക്കുന്നതും അത് ജനങ്ങളെ ബാധിക്കുന്നതും, ട്രീട്മെന്റിന് വേണ്ടി മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നതും സ്വകാര്യവത്കരണത്തെക്കുറിച്ചും എല്ലാം സംസാരിച്ചത്. ഇന്ത്യയിലെയും uae യിലെയും ഹെൽത്ത് ഡെലിവറി സിസ്റ്റത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണു അവർ അത് പറഞ്ഞത്. “ഇവിടെ സ്കോട്ലൻഡിൽ ചികിത്സ കിട്ടാതെ ഒരാൾ മരിച്ചാൽ അത് സ്കോട്ലൻഡ് ഗവൺമേന്റിന്റെ പിടിപ്പുകേടാണ്. അത് ഇവിടെ സംഭവിക്കാൻ ഞങ്ങൾ, ജനങ്ങൾ സമ്മതിക്കില്ല. അത് സംഭവിച്ചാൽ അത് ഒരു സ്റ്റേറ്റ് സ്പോന്സർഡ് കൊലപാതകം ആയി കണക്കാക്കും നമ്മൾ.” നികുതി കൊടുക്കുന്ന ഒരു പൗരയുടെ നീതി ബോധവും പൗരബോധവും ഞാൻ അവരുടെ തീക്ഷ്ണമായ കണ്ണുകളിൽ കണ്ടു.

ഇങ്ങു നമ്മുടെ നാട്ടിൽ കൊറോണ കേസുകൾ 35 ലക്ഷം കവിഞ്ഞു. 63000 ത്തിൽ അധികം ആളുകൾ മരിച്ചു കഴിഞ്ഞു. നാട്ടിൽ ഒരാൾക്കു കിഡ്‌നി രോഗമോ കരൾ രോഗമോ ക്യാൻസറോ വന്നാൽ ഇരിക്കുന്ന കൂര വരെ വിറ്റു ചികിൽസിക്കേണ്ട അവസ്ഥ. പണം ചികിത്സ നിർണയിക്കുന്ന, പണം ആയുർദൈർഗ്യം നിശ്ചയിക്കുന്ന ഓരോ രോഗികളും എന്നെ അവരെ കുറിച്ച് ഓർമിപ്പിക്കും.

പൗരബോധം ഇല്ലാതെ ജനാധിപത്യ ബോധമില്ലാതെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്കും പണത്തിനും വേണ്ടി നികുതി കൊടുക്കുന്ന ജനങ്ങളെ ഒറ്റിക്കൊടുത്തു വീർത്തു പൊങ്ങുന്ന രാഷ്ട്രീയക്കാരെയും, വില കൊടുത്തു അവരെ വാങ്ങുന്നവരെയും, അതെല്ലാം കണ്ടിട്ടും പ്രതിഷേധം പോലും പണയം വെക്കുന്ന അണികളെയും, ഇൻഷുറൻസ് കമ്പനികളുടെ തലതിരിഞ്ഞ പോളിസികൾ കാരണം ചികിത്സ നിഷേധിക്കപെടുന്ന രോഗികളെയും അങ്ങെനെ ദിവസത്തിൽ പല തവണ അവരുടെ വാക്കുകൾ ഞാൻ ഓർക്കും. ഒരു സ്കോട്ലൻഡ് യാത്രയും പെട്രോളിന് പകരം ഡീസൽ അടിച്ചതും അത് തന്ന പാഠങ്ങളെക്കുറിച്ചും.