ഒരു മാസം മുൻപ് തമിഴ്നാടുമായുള്ള പുതുക്കിയ അന്തർ സംസ്ഥാന ബസ് സർവ്വീസ് കരാർ പ്രകാരം കെഎസ്ആർടിസി പുതിയ ഇന്റർസ്റ്റേറ്റ് സർവ്വീസുകൾ ആരംഭിക്കുവാൻ പോകുന്ന വാർത്ത വളരെ ആവേശത്തോടെയാണ് കേരളം വായിച്ചത്. കണ്ണൂർ – കോയമ്പത്തൂർ, കോഴിക്കോട് – ഗൂഡല്ലൂർ, സുൽത്താൻ ബത്തേരി – കോയമ്പത്തൂർ, മാനന്തവാടി – കോയമ്പത്തൂർ, തൃശ്ശൂർ – ഊട്ടി, അർത്തുങ്കൽ – വേളാങ്കണ്ണി, കോട്ടയം – പഴനി, എറണാകുളം – പഴനി എന്നിവയായിരുന്നു ഉടൻ തുടങ്ങുമെന്ന് കെഎസ്ആർടിസി അറിയിച്ച റൂട്ടുകൾ. ഇതിനായി വിവിധ ഡിപ്പോകളിലേക്ക് വേണ്ട ബസ്സുകൾ അലോട്ട് ചെയ്യുകയും ചെയ്തു.
സർവീസുകളുടെ സമയവിവരങ്ങൾ ഉൾപ്പെടെയുള്ള പട്ടിക തയ്യാറാക്കി 03-06-2019 നു മുൻപായി ഇഡിഒ യ്ക്ക് നൽകുന്നതിനായി അതാത് യൂണിറ്റുകളിലെ ഓഫീസർമാരെ ചുമതലപ്പെടുത്തിയെങ്കിലും ഇപ്പോൾ മാസം ഒന്നു കഴിഞ്ഞിട്ടും ഒരു സർവ്വീസ് പോലും ആരംഭിച്ചില്ല എന്നതാണ് സത്യം. എന്നാൽ മറുവശത്ത് തമിഴ്നാട് നടത്തിയത് വൻനീക്കമായിരുന്നു. പുതുക്കിയ കരാർ പ്രകാരം കേരളത്തിലേക്ക് പുതിയ 7 സർവീസുകളാണ് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഘടകമായ SETC ആരംഭിച്ചിരിക്കുന്നത്. അതും സ്ലീപ്പർ കോച്ച് ഉൾപ്പെടെയുള്ള പുത്തൻ ഡീലക്സ് ബസ്സുകൾ.
കാരൂർ – ചങ്ങനാശ്ശേരി, ചെന്നൈ – തേനി വഴി – മൂന്നാർ, സേലം – തിരുവനന്തപുരം, വേളാങ്കണ്ണി – കുമളി വഴി – മൂവാറ്റുപുഴ, മയിലാടുംതുറൈ – കുംഭകോണം വഴി – ഗുരുവായൂർ, കന്യാകുമാരി – വടക്കൻ പറവൂർ വഴി – കോഴിക്കോട്, കന്യാകുമാരി – തിരുനെൽവേലി വഴി- മൂന്നാർ എന്നിവയാണ് SETC പുതുതായി ആരംഭിച്ചിരിക്കുന്ന ബസ് സർവ്വീസുകൾ.
ഒരു കാലത്ത് എല്ലാവരും പുച്ഛിച്ചു തള്ളിയിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഡീലക്സ് ബസ്സുകൾ കണ്ടാൽ ഇന്ന് ആരും അതിശയിച്ചു പോകും. നല്ല വെള്ള നിറത്തിൽ പച്ചക്കളർ ഡിസൈനുകളോടു കൂടിയ. ചില്ലു ഗ്ലാസ്സിട്ട മനോഹരമായ ബസ്. ബസ്സിനുള്ളിലെ സൗകര്യങ്ങളും കാഴ്ച്ചയിൽ മികച്ചതു തന്നെയാണ്. ദീർഘദൂര യാത്രകൾക്ക് പറ്റിയ സീറ്റുകളും, പ്രകാശം പരത്തുന്ന ലൈറ്റുകളും കൂടിയാകുമ്പോൾ നല്ല സൂപ്പർ വണ്ടി.
ഒരിക്കലും കെഎസ്ആർടിസിക്ക് സാധിക്കുവാൻ കഴിയാത്ത ഒന്നല്ല ഇതൊന്നും. അതുകൊണ്ടു തന്നെയാണ് സർവ്വീസുകൾ വൈകിപ്പിക്കുന്ന ഈ നടപടിയ്ക്കെതിരെ ആനവണ്ടി പ്രേമികളുടെയും യാത്രക്കാരുടെയും ഭാഗത്തു നിന്നും പ്രതികരണങ്ങൾ ഉയരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള പുതിയ സർവീസുകളെല്ലാം ഡീലക്സ് കാറ്റഗറി ആണെങ്കിലും പുതിയ റൂട്ടുകളിലേക്ക് കെഎസ്ആർടിസി ഓടിക്കുവാൻ തയ്യാറാക്കി നിർത്തിയിരിക്കുന്നത് സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസ്സുകളെയാണ്. സത്യം പറഞ്ഞാൽ സാധാരണക്കാരായ, കണക്ഷൻ യാത്രക്കാരെ കെഎസ്ആർടിസിയ്ക്ക് കിട്ടും എന്നർത്ഥം. പക്ഷേ ഇതൊക്കെ ആദ്യം ഒന്നു തുടങ്ങിക്കിട്ടണ്ടേ…
കെഎസ്ആർടിസി ആരംഭിക്കുവാനിരിക്കുന്ന പുതിയ റൂട്ടുകളിൽ എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് തൃശ്ശൂർ – ഊട്ടി, എറണാകുളം – പഴനി എന്നിവയെയാണ്. കാരണം ഇവ രണ്ടും കടന്നു പോകുന്നത് നല്ല കിടിലൻ റൂട്ടിലൂടെയാണ്. എറണാകുളം – പഴനി സർവ്വീസ് കടന്നു പോകുന്നത് മൂന്നാർ, മറയൂർ, ചിന്നാർ വഴിയാണ്. അതുകൊണ്ട് സഞ്ചാരികൾക്കായിരിക്കും ഈ ബസ് സർവ്വീസ് ഏറ്റവും കൂടുതൽ അനുഗ്രഹമാകുന്നതും. എന്തായാലും തമിഴ്നാടിനെപ്പോലെ തന്നെ നമ്മുടെ കെഎസ്ആർടിസിയും ഉടനെ തന്നെ പുതിയ സർവ്വീസുകൾ ആരംഭിക്കും എന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരും.
Image – SGB Kottarakkara.